പ്രയാണം
മേഘങ്ങള്‍ക്കിടയിലൂടെ ഒരു കാറ്റാടിയായി പറന്നു നടക്കുകയായിരുന്നു ഞാന്‍. ഇടയ്ക്കെപ്പൊഴോ ശരീരം നുറുങ്ങുന്ന വേദന....അസഹ്യമായിരുന്നെങ്കിലും അത് താല്‍ക്കാലികമായി തോന്നി...വേദന സഹിക്കാതെ വരുമ്പോള്‍ പെട്ടെന്ന് ശരീരത്തിന്റെ ഭാരം കുറയുന്നപോലെ തോന്നും...പിന്നെ നല്ല സുഖമാണ് , കുറച്ചു സമയത്തേയ്ക്ക്.. അങ്ങനെയിരിക്കെയാണ് പെട്ടെന്ന് മോളുടെ കരച്ചില്‍ കേട്ടത്. ശ്രദ്ധിച്ചു നോക്കി - അതെ , മക്കള്‍ രണ്ടു പേരും കരയുന്നുണ്ടല്ലോ..എന്താവും കാരണം ? പെട്ടെന്ന് എന്റെ കയ്യിലേക്ക് ഒരു മഴത്തുള്ളി വന്നുവീണപോലെ തോന്നി. മഴ പെയ്യുന്നോ ? കണ്ണുകള്‍ മെല്ലെ തുറന്നു നോക്കി - ഇല്ല , മുന്നില്‍ കണ്ടത് വിദൂരതയിലേയ്ക്ക് നോക്കിയിരിക്കുന്ന പ്രിയതമന്റെ മുഖം. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു! അയ്യോ...!! ഡോക്ടര്‍ അന്ന് കണ്ടപ്പോള്‍ പറഞ്ഞിരുന്നു എന്റെ രോഗം മാറാത്തതാണെന്ന് - അതായിരിക്കും അദ്ദേഹത്തിനു സഹിക്കാന്‍ പറ്റാതെ കരയുന്നത്....പാവം! മാസങ്ങള്‍ക്കുമുന്‍പ് വെറുമൊരു ശര്‍ദ്ദിയില്‍ തുടങ്ങിയതല്ലേ എന്റെ രോഗം. ഇന്നിപ്പോള്‍ വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ല. എന്താണാവോ എനിക്കിങ്ങനെ ഒരു അസുഖം വന്നത്. എന്നാലും പാവം എന്റെ മക്കള്‍ - ...