പ്രയാണം
മേഘങ്ങള്‍ക്കിടയിലൂടെ
ഒരു കാറ്റാടിയായി പറന്നു നടക്കുകയായിരുന്നു ഞാന്‍. ഇടയ്ക്കെപ്പൊഴോ ശരീരം നുറുങ്ങുന്ന
വേദന....അസഹ്യമായിരുന്നെങ്കിലും അത് താല്‍ക്കാലികമായി തോന്നി...വേദന സഹിക്കാതെ വരുമ്പോള്‍
പെട്ടെന്ന് ശരീരത്തിന്റെ ഭാരം കുറയുന്നപോലെ തോന്നും...പിന്നെ നല്ല സുഖമാണ്,
കുറച്ചു സമയത്തേയ്ക്ക്..
അങ്ങനെയിരിക്കെയാണ്
പെട്ടെന്ന് മോളുടെ കരച്ചില്‍ കേട്ടത്. ശ്രദ്ധിച്ചു നോക്കി - അതെ, മക്കള്‍ രണ്ടു പേരും കരയുന്നുണ്ടല്ലോ..എന്താവും
കാരണം?പെട്ടെന്ന് എന്റെ കയ്യിലേക്ക്
ഒരു മഴത്തുള്ളി വന്നുവീണപോലെ തോന്നി. മഴ പെയ്യുന്നോ? കണ്ണുകള്‍ മെല്ലെ തുറന്നു നോക്കി - ഇല്ല, മുന്നില്‍ കണ്ടത് വിദൂരതയിലേയ്ക്ക് നോക്കിയിരിക്കുന്ന
പ്രിയതമന്റെ മുഖം. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു!
അയ്യോ...!! ഡോക്ടര്‍
അന്ന് കണ്ടപ്പോള്‍ പറഞ്ഞിരുന്നു എന്റെ രോഗം മാറാത്തതാണെന്ന് - അതായിരിക്കും അദ്ദേഹത്തിനു
സഹിക്കാന്‍ പറ്റാതെ കരയുന്നത്....പാവം!
മാസങ്ങള്‍ക്കുമുന്‍പ്
വെറുമൊരു ശര്‍ദ്ദിയില്‍ തുടങ്ങിയതല്ലേ എന്റെ രോഗം. ഇന്നിപ്പോള്‍ വെള്ളം പോലും കുടിക്കാന്‍
കഴിയുന്നില്ല. എന്താണാവോ എനിക്കിങ്ങനെ ഒരു അസുഖം വന്നത്. എന്നാലും പാവം എന്റെ മക്കള്‍
- എല്ലാം അറിഞ്ഞിട്ടും അവര്‍ എന്നെ ഒന്നും അറിയിക്കാതെ കഴിഞ്ഞു. ഒരു പാട് സന്തോഷം തോന്നി മോളു അമേരിക്കയില്‍നിന്നു വന്നപ്പോള്‍.
കുറെ ദിവസമായി എന്റെ കൂടെയുണ്ട്. പക്ഷെ ഒന്നെണീറ്റ് എന്റെ കുഞ്ഞിനെ മാറോടണയ്ക്കാന്‍
പോലും എനിക്ക് കഴിയുന്നില്ലല്ലോ.
അദ്ദേഹത്തോട് വിഷമിക്കേണ്ട
എന്ന് പറയാന്‍ ശ്രമിച്ചെങ്കിലും നാവു പൊങ്ങുന്നില്ല...ചുണ്ടും തൊണ്ടയുമൊക്കെ വരണ്ട
പോലെ...ശരീരമാകെ തേനീച്ചകള്‍ കുത്തുന്നു. സഹിക്കാന്‍ പറ്റുന്നില്ലല്ലോ..
വീണ്ടും കണ്ണടയ്ക്കാന്‍
ശ്രമിച്ചു...മനം പിരട്ടി വരുന്ന പോലെ. സഹിക്കാന്‍ പറ്റുന്നില്ല...വായിലേക്ക് ചീഞ്ഞ
എന്തോ വെള്ളം വരുന്നു. ഹോ, എന്തൊരു ദുര്‍ഗന്ധമാണ്
ഇതിന്? സഹിക്കാന്‍ പറ്റുന്നില്ല...ശര്‍ദ്ദിക്കാന്‍
തുടങ്ങി.. എന്തൊക്കെയോ ദ്രാവകങ്ങള്‍ വായില്‍ വന്നപോലെ..സഹായത്തിനായുള്ള നേഴ്‌സ് അടുത്തുവന്ന് എന്നെ വൃത്തിയാക്കി.
എവിടെ എന്റെ മക്കള്‍? അവരുടെ ശബ്ദം ഇപ്പോള്‍ കേള്‍ക്കുന്നില്ലല്ലോ -
കരച്ചില്‍ ഒന്നു നിന്നപോലെയുണ്ട്. ശ്രദ്ധിച്ചു
കൊണ്ടിരുന്നപ്പോള്‍ പിന്നെയും ശരീരത്തിന്റെ ഭാരം കുറയുന്നപോലെ തോന്നി. മേഘങ്ങള്‍ക്കിടയിലൂടെ
പിന്നെയും ഒരു യാത്ര. പെട്ടെന്ന് കയ്യില്‍ പരിചിതമായ ഒരു ചൂട് അനുഭവപ്പെട്ടു. മെല്ലെ
കണ്ണ് തുറന്നു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കയ്യാണ്. അദ്ദേഹം എന്റെ കയ്യ്
കൂട്ടിപ്പിടിച്ചിരിക്കുന്നു.
തൊട്ടപ്പുറത്ത് കുട്ടികള്‍ ഇരുന്ന് ഉറക്കെ
കരയുന്നു. എന്റെ പൊന്നുമക്കള്‍...സഹിക്കാന്‍ പറ്റുന്നില്ല അവരുടെ കരച്ചില്‍. ഒരിക്കല്‍പ്പോലും
എന്റെ മക്കള്‍ ഇങ്ങനെ കരയുന്നത് കാണേണ്ടി വരുമെന്ന് കരുതിയില്ല.
എന്തിനാണ് ഇങ്ങനെ
കരയുന്നത് അവര്‍?
ചോദിക്കണമെന്ന് തോന്നിയെങ്കിലും
ശബ്ദം പുറത്തു വരുന്നില്ല. എല്ലുകളെല്ലാം പൊടിഞ്ഞുപോകുന്നപോലെ തോന്നി.
ആഹാ....സഹിക്കാന്‍
പറ്റുന്നില്ലല്ലോ. ശ്വാസം ആരോ പിടിച്ചുനിര്‍ത്തുന്നപോലെ..എന്റെ മൂക്ക് ആരും പൊത്തി
പിടിച്ചിട്ടില്ലല്ലോ? പിന്നെന്താണ് ശ്വാസം
വലിക്കാന്‍ പറ്റാത്തത്?
എന്റെ മനസ്സ് വായിച്ചെടുത്തപോലെ
കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ അടുത്തുണ്ടായിരുന്ന നേഴ്സ് ഡോക്ടറെ ഫോണ്‍ ചെയ്തു ചോദിക്കുന്നത്
കേട്ടു.
"ശ്വാസം ഉച്ചത്തില്‍ വലിക്കുന്നുണ്ട്..രണ്ടു ദിവസമായില്ലേ
...എന്താണാവോ ഡോക്ടര്‍?"
നന്നായി...എന്നെ എത്ര
നന്നായി മനസ്സിലാക്കിയിരിക്കുന്നു അവര്‍. ഞാന്‍ പറയാതെ തന്നെ എന്റെ ബുദ്ധിമുട്ട് ഡോക്ടറെ
വിളിച്ചറിയിച്ചു. ഡോക്ടറുടെ മറുപടി എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല, എത്ര ശ്രമിച്ചിട്ടും.
പക്ഷേ,ഫോണ്‍ വെച്ച് അവര്‍ അദ്ദേഹത്തോടും മക്കളോടും മുറിയില്‍
നിന്ന് പുറത്തിറങ്ങി നിൽക്കാന്‍ പറയുന്നതു
കേട്ടു. അതു കേട്ടപ്പോള്‍ പെട്ടെന്നെനിക്കൊരു
പേടി തോന്നി. ഞാന്‍ ഒറ്റപ്പെടുന്നപോലെ.
എന്തിനാ എന്നെ ഒറ്റപ്പെടുത്തി
എല്ലാവരെയും ഇവര്‍ മാറ്റുന്നത്. അധികം ചിന്തിക്കാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പേ അദ്ദേഹത്തെ
വിളിച്ചു താലിയോടൊപ്പം ഞാന്‍ ധരിച്ചിരിക്കുന്ന ഏലസ്സ് ഊരിമാറ്റാന്‍ അവര്‍ പറയുന്നത്
കേട്ടു.
എന്തിനാ അത്?
പറ്റില്ല...സമ്മതിക്കില്ല ഞാന്‍....
അദ്ദേഹം താലി ഊരാന്‍
കഴുത്തിലേക്കു കൈ കൊണ്ടുവന്നപ്പോള്‍ ആ കൈ കടന്നു പിടിച്ചു....സര്‍വ ശക്തിയും എടുത്തു
ബലമായിത്തന്നെ. പക്ഷേ, കഴിഞ്ഞില്ല പിടിച്ചുനിൽക്കാന്‍....അസഹ്യമായ
വേദനയിലും ഞാനറിഞ്ഞു എന്റെ ജീവന്റെ ജീവനായ
താലിയില്‍ ചേര്‍ന്നുകിടക്കുന്ന ഏലസ്സ് ഊരി മാറ്റുന്നത്.
പതുക്കെ... പതുക്കെ....ഞാന്‍
പറന്നു നടക്കാന്‍ തുടങ്ങുകയാണെന്ന് എനിക്കു തോന്നി . വേണ്ട, എനിക്ക് പറക്കണ്ട....എന്റെ മക്കളെയും അദ്ദേഹത്തെയും ഒന്ന് കൂടി
കാണണം...മോളുട്ടി പണ്ട് കോളേജില്‍ നിന്ന് വരുമ്പോള്‍ ഉരുളയുരുട്ടി ഞാന്‍ കാത്തിരിക്കാറുള്ളതു പെട്ടെന്ന് ഓര്‍ത്തുപോയി. ഒരുരുള ഉരുട്ടി മോള്‍ക്ക്
കൊടുക്കണമെന്നു തോന്നി.
പക്ഷേ, പെട്ടെന്ന് ഞാന്‍ ആകാശത്തിലേക്ക് കുതിച്ചു പോകുന്നപോലെ
തോന്നി. ചുറ്റിലും ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കുന്നു. അദ്ദേഹം ബോധം കേട്ടുവീഴുന്നത്
കണ്ടു...മക്കളുടെ കരച്ചില്‍ അലമുറയായി. പിന്നീടെല്ലാം അലിഞ്ഞലിഞ്ഞില്ലാതായി....ശരീരത്തിലെ
വേദനകള്‍ മാറിയ പോലെ. എന്തൊരു സുഖം..വായിലേയ്ക്ക് സദാ വന്നുകൊണ്ടിരുന്ന ദുര്‍ഗന്ധം
ഇപ്പോള്‍ തോന്നുന്നില്ല. .ശബ്ദങ്ങളൊന്നും കേള്‍ക്കുന്നില്ല.....ഒരു പറവയെപ്പോലെ - ഒരു
കാറ്റാടിയെപ്പോലെ - ഞാന്‍ പറന്നുപറന്നു പോകുന്നത് ഞാനറിഞ്ഞു...വിദൂരതയിലേയ്ക്ക് - ചുറ്റും
വെളുത്ത മേഘങ്ങള്‍ മാത്രം കൂട്ട്..... എന്തൊരു ഭംഗിയാണ് ഈ മേഘങ്ങള്‍ക്ക്....!

വെളുത്ത താളിലെ അക്ഷരക്കൂട്ടങ്ങൾ ഇനിയും പെയ്തിറങ്ങട്ടെ...
ReplyDeleteഒരു നൂറു വർണ്ണപ്പൂക്കൾ വിരിഞ്ഞു വിലസട്ടെ..
ആശംസകൾ!!!
thank you dear
Delete