അയ്യപ്പചിന്തുകൾ



വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും 41 പുണ്യ നാളുകൾ ഇന്ന് തുടങ്ങുന്നു.
എല്ലാവര്ക്കും ഭക്തി നിര്ഭരമായ ഒരു മണ്ഡല കാലം നേരുന്നു.

അയ്യപ്പന്റെ കാതിൽ ഒരു മന്ത്രം പോലെ 'ഹരിവരാസനം' പാടി ഉറക്കത്തിലേക്കു നയിക്കുന്ന ചിലരുണ്ട് സന്നിധാനത്ത്. ക്ഷേത്രത്തിലെ ശാന്തിക്കാരും സോപാനത്തുള്ളവരുമാണ് അയ്യപ്പനായി നിത്യവും ഹരിവരാസനം പാടുന്നത്.  അനവധി വർഷങ്ങളുടെ പഴക്കമുള്ള ഒരു ആചാരം. ശ്രീകോവിലിനുള്ളിലെ ഓരോ വിളക്കും അണച്ച് നട അടക്കുകയാണു പതിവ്. ഈ സമയത്താണ് ഹരിവരാസനം ആലപിക്കുക. ഈ ഹരിവരാസനം കേട്ടത്രേ ഭഗവാന്‍ ഉറങ്ങുന്നത്. യേശുദാസിന്റെ ഹരിവരാസനത്തിനു എത്രയോ കാലങ്ങൾക്കു മുൻപു തന്നെ ഈ രീതിയുണ്ടായിരുന്നു. ഇപ്പോഴും മുറതെറ്റാതെ ഈ ആചാരം തുടർന്നു വരുന്നു.

രാമായണത്തിൽ ശ്രീരാമനെ കണ്ടു നിർവൃതിയണിഞ്ഞ ശബരി  തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചു. ശബരിയെ അനുഗ്രഹിച്ച ഭഗവാൻ, ഇനി സ്ഥലം അവരുടെ പേരിൽ പ്രസിദ്ധമാകും എന്ന് പറഞ്ഞുവെന്നാണ് ഐതിഹ്യം.  ഇതാണ് 'ശബരിമല' എന്ന പേര് വരാൻ കാരണമായി പറയുന്ന കഥ. ശബരി ശരീരമുപേക്ഷിച്ച സ്ഥലത്താണ് ഇന്ന് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നും കഥയുണ്ട്. ഐതിഹ്യപ്രകാരം അത്രയും പുണ്യമായ സ്ഥലമാണ് ഹരിഹരസുതന്റെ വാസസ്ഥലമായ ശബരിമല.

കഴിഞ്ഞ രാത്രിയിൽ ഈ പുണ്യസ്ഥലത്തു നടന്ന അക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന നമുക്ക് കലിയുഗ വരദനെ നമ്മുടെ മനസ്സിൽ ജീവശ്വാസമായി നിറയ്ക്കാം...!

പൂങ്കാവനത്തില്‍ 18 മലകളാണുള്ളത്. ആ പതിനെട്ടു മലകളും ചവിട്ടി മലനടയിലെത്തുന്നുവെന്നാണ് 18 ആം പടി ചവിട്ടുന്നതിലെ വിശ്വാസം. പതിനെട്ടാംപടിയിലെ ഓരോ പടിയും ഓരോ മലയെ പ്രതിനിധാനം ചെയ്യുന്നു. കാളകെട്ടി, ഇഞ്ചിപ്പാറ, പുതുശ്ശേരിമല, കരിമല, നീലിമല, പൊന്നമ്പലമേട്, ചിറ്റമ്പലമേട്, മൈലാടുംമേട്, തലപ്പാറ, നിലയ്ക്കല്‍, ദേവന്‍മല, ശ്രീപാദമല, കല്‍ക്കിമല, മാതംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല എന്നിവയാണ് പതിനെട്ടു മലകള്‍.
ശബരിമലയില്‍ ഏറ്റവും പവിത്രമായ ഒന്നാണല്ലോ പടിപൂജ. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പണ്ടു പടിപൂജ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. ശബരിമലയില്‍ ഏറ്റവും ചെലവേറിയ പൂജയും ഇതുതന്നെ. പടിപൂജയിലൂടെ പവിത്രമായ 18 മലകളെയും പൂജിക്കുന്നുവെന്നാണ് വിശ്വാസം.

ശബരിമലയുടെ മാഹാത്മ്യങ്ങളിൽ ഒന്ന് 41 ദിവസത്തെ കഠിനവ്രതത്തിന്റെ അവസാനം  ഭക്തനും ഈശ്വരനും ഒന്നാകുന്നു എന്നതാണ്...41 ദിവസത്തെ കഠിനവ്രതം എടുക്കാൻ പുരുഷനോ സ്ത്രീയോ ആകട്ടെ, എളുപ്പമല്ല.. മനസ്സും ശരീരവും പരമമായ ആ ചൈതന്യത്തിൽ ലയിപ്പിച്ചു വേണം വ്രതം എടുക്കാൻ... ഈശ്വരൻ നീയാണ് എന്ന ഓർമപ്പെടുത്തൽ - അതാണ് ആ കഠിനവ്രതത്തിന്റെ അവസാനം ഭക്തൻ തിരിച്ചറിയുന്ന പരമമായ സത്യം. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം. അവിടെ ഭക്തനും അയ്യപ്പൻ, ഈശ്വരനും അയ്യപ്പൻ! ശബരീശസന്നിധിയിൽ ഭക്തരെ വരവേൽക്കുന്ന തത്വമസി എന്ന മഹാവാക്യം നമ്മൾ കണ്ടിട്ടുണ്ടാകുമല്ലോ  - നേരിട്ടല്ലെങ്കിൽ ചിത്രങ്ങളിൽ എങ്കിലും...അതൊരോർമ്മപെടുത്താലാണ്. നമ്മളിലേക്ക് തന്നെ ഇറങ്ങി ചെല്ലാനുള്ള ഓർമ്മപ്പെടുത്തൽ....ഈശ്വരൻ അവിടെ കുടികൊള്ളുന്നുവെന്ന്. തത്വമസി അത് നീയാകുന്നു...നീ തന്നെയാകുന്നു, ഈശ്വരനും..

നട അടയ്ക്കുമ്പോൾ മേൽശാന്തിയും ശാന്തിക്കാരും ഭക്തരും ചേർന്നു ഹരിവരാസനം പാടുന്നുവെന്നു പറഞ്ഞല്ലോ കഴിഞ്ഞ ദിവസം. അതേസമയം തന്നെ പുറത്തു മൈക്കിലൂടെ നമ്മുടെ ദാസേട്ടൻ  പാടിയ ഹരിവരാസനവും കേൾപ്പിക്കുന്നു. ശ്രീകോവിലിനുള്ളിൽ വിളക്കുതിരികൾ ഒന്നൊന്നായി അണച്ച്, അയ്യപ്പവിഗ്രഹത്തെ യഥാവിധി ഒരുക്കി മേൽശാന്തിയും അനുയായികളും ഹരിവരാസനം പാടിത്തുടങ്ങുമ്പോഴേക്കും, ഇരുളിലമർന്ന കാനനത്തിന്റെ ആത്മാവിൽനിന്നെന്നപോലെ യേശുദാസിന്റെ സുഭഗസ്വരത്തിൽ ഉച്ചഭാഷിണിയിലൂടെ ഒഴുകിപ്പരക്കും. ദേവനും സാധകനും പ്രകൃതിയും ഒന്നായിത്തീരുന്ന ആത്മീയാനുഭൂതിയാണത്. ഹരിവരാസനം പാടിക്കഴിഞ്ഞ് നടയടച്ചുകഴിഞ്ഞാൽ അയ്യപ്പൻ നിദ്രയിലാണെന്ന സങ്കൽപത്തിൽ സന്നിധാനത്തു പിന്നെ ഉച്ചഭാഷിണി ശബ്ദിക്കുകയില്ല. ഹരിവരാസനത്തിന്റെ രചയിതാവ് ശ്രീ.കുളത്തൂര്‍ അയ്യര്‍ ആണെന്ന് ഒരുപക്ഷം പറയുമ്പോൾ  ശാസ്താംകോട്ട കോന്നകത്ത് ജാനകിയമ്മയാണ് രചയിതാവെന്ന മറുപക്ഷവും നമ്മൾ കേട്ടിരിക്കാം... രചയിതാവ് ആര് തന്നെയായി കൊള്ളട്ടെ  ഏതൊരു ഭക്തനിലും അവാച്യമായ ഒരനുഭൂതി ഉണർത്താനുള്ള ശക്തി ഈ ഉറക്കുപാട്ടിനുണ്ട്.

"വിഷ്ണുവും നീ,  ശിവനും നീ, ശ്രീ മുരുകനും നീ
പരാശക്തിയും നീ,  ബുദ്ധനും നീ അയ്യപ്പ സ്വാമി
കാലവും നീ,  പ്രകൃതിയും നീ, കാരണവും നീ
എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നെ
അയ്യപ്പസ്വാമി അഭയം അയ്യപ്പസ്വാമി"

പഴമക്കാര്‍ ശബരിമല യാത്രക്ക് പോകുമ്പോള്‍ നടത്തിയിരുന്ന ഒരു ചടങ്ങാണ്‌ അയ്യപ്പവിളക്ക് മണ്ഡലമാസാരംഭത്തോടെ വ്രതം ആരംഭിച്ച് വേണം ഇത് നടത്താന്‍.അമ്പലങ്ങള്‍ തീര്‍ത്താണ്‌ വിളക്കു നടത്തുക. സാധാരണയായി അഞ്ചമ്പലങ്ങളാണ്‌ ഇതിനു വേണ്ടിവരിക.പാളയന്‍കോടന്‍ വാഴയുടെ പിണ്ടിയാണ്‌ അമ്പലം തീര്‍ക്കാന്‍ ഉപയോഗിക്കുക. അഞ്ചമ്പലത്തിന്‌ നാല്‌പത്തിയൊന്ന്‌ വാഴപ്പിണ്ടികള്‍ വേണം. കുരുത്തോലയാണ്‌ അലങ്കാരത്തിന്‌ വേണ്ടത്‌. ഇതിന്‌ നാല്‌പത്തിയൊന്ന്‌ കുരുത്തോലവേണം.
ഈ അഞ്ച് അമ്പലങ്ങളില്‍, മധ്യഭാഗത്തായി അയ്യപ്പനേയും, ഇടതുഭാഗത്തായി മാളികപ്പുറത്തമ്മയേയും വലതുഭാഗത്തായി വാവരുസ്വാമിയേയും പ്രതിഷ്‌ഠിക്കും. കരിമല, കൊച്ചു കടുത്ത സ്വാമി എന്നിവരെ മറ്റ് രണ്ട് അമ്പലങ്ങളിലുമായി പ്രതിഷ്ഠിക്കും. അയ്യപ്പന്‍െറ അമ്പലം ക്ഷേത്രമാതൃകയില്‍തന്നെയായിരിക്കും. വിഗ്രഹങ്ങളോ, ഫോട്ടോകളോ ആയിരിക്കും അമ്പലങ്ങളിലെ പ്രതിഷ്‌ഠ. ഇരുപത്തിയൊന്ന്‌ മാലവിളക്കുകളും പതിമൂന്ന്‌ നിലവിളക്കുകളും ആണ്‌ അമ്പലത്തില്‍ വേണ്ടത്. സന്ധ്യ മുതൽ പിറ്റേന്ന്‌ പുലരുംവരെയുള്ള സമയത്താണ്‌ വിളക്ക്‌ നടത്തുക. വിളക്ക്  നടത്തി കെട്ടും നിറച്ചു അയ്യപ്പന്മാർ മോക്ഷം തേടിയുള്ള അവരുടെ യാത്ര തുടങ്ങുന്നു.

ശബരിമല വ്രതം

സങ്കട മോചകനാണ് അയ്യപ്പന്. വ്രതനിഷഠയോടെ വേണം ദര്ശനം നടത്താന്. കന്നി അയ്യപ്പന്മാര് മുതല് ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്ശനം.
വൃശ്ചികം ഒന്നുമുതല് ശബരിമല തീര്ഥാടനകാലം ആരംഭിക്കുകയാണ്. അയ്യപ്പനായി ഭക്തജനങ്ങള് പതിനെട്ടാംപടി ചവിട്ടുന്നു. എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്? മണ്ഡലകാല വ്രതാനുഷ്ഠാനം പലപ്പോഴും ഒരു അനുകരണം ആകുന്നു. എങ്ങിനെയാണ് ശാസ്ത്രീയമായ വ്രതാനുഷ്ഠാനം? തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന് പോകുന്നത്. മാലയിട്ടു 41 ദിവസത്തെ ചിട്ടയായ വ്രതമാണ് അതിനു വേണ്ടത്.
ശബരിമല തീര്ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠയില് പ്രധാനം ബ്രഹ്മച്ചര്യമാണ്.

ശബരിമല പുണ്യഭൂമിയാണ്. പവിത്രമായ പതിനെട്ടാം പടിയില് പാദസ്പര്ശം നടത്താന് ബ്രഹ്മചര്യം നിര്ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര് ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. തത്വമസി എന്ന പദത്തിലേക്ക് എത്തണമെങ്കിൽ 41  ദിവസത്തെ വ്രതം കണിശം.
അയ്യപ്പഭക്തര് എല്ലാറ്റിലും ഈശ്വരചൈതന്യം ദര്ശിക്കുന്നു. ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും ബ്രഹ്മചര്യനിഷ്ഠ കര്ശനമായി പാലിക്കണം.
സത്യം, ബ്രഹ്മചര്യം, അഹിംസ, എന്നിവ എല്ലാം കൃത്യമായി പാലിച്ചുവേണം ശബരിമലദര്ശനം നടത്തുവാന്. അതുകൊണ്ടാണ് അയ്യപ്പഭക്തരെ അയ്യപ്പന്മാര് എന്ന് വിശേഷിപ്പിക്കുന്നതും.

പണ്ട് മുതലേ കണ്ടു വരുന്ന ചില ചിട്ടകൾ താഴെ കൊടുക്കുന്നു. ഇത് ഇന്നത്തെ കാലത്തു പലപ്പോഴും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നതാണെങ്കിലും മാറ്റങ്ങളിൽ പെട്ടുഴലുന്ന ഹൈന്ദവ സംസ്കാരത്തിന് ഇത്തരം ചിട്ടകൾ അത്യാവശ്യമാണെന്ന് വേണം മനസ്സിലാക്കാൻ...

1.മാലയിട്ടാല് അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല.
2.ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
3.മാംസഭക്ഷണം പാടില്ല.
4.പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന് പാടില്ല.
5.ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില് കഴിക്കുന്നതാണ് ഉത്തമം.
6.കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
7.ശവസംസ്കാര കര്മ്മത്തില് പങ്കെടുക്കരുത്, പങ്കെടുത്താല് അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
8.ആഘോഷങ്ങളിൽ പങ്കെടുക്കരുത്.
9.ആരെയും പരിഹസിക്കരുത്.
10.പകലുറങ്ങരുത്.

വ്രതാനുഷ്ഠാനവേളയില്‍ മലയ്ക്ക് പോകുന്ന അയ്യപ്പനെയോ മാളികപ്പുറത്തെയോ പോലെ തന്നെ പ്രധാനമാണ്  വീട്ടിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും.

1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.
2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.
3. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യണം. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം.
4.മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്.
5. വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് ഉത്തമം.
6 . സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.
7. വാക്കുകളെ കൊണ്ടു പോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.
8. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.
9. സന്ധ്യക്ക്‌ മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തുക.
10. എല്ലാറ്റിനുമുപരി മലയ്ക്ക് പോകുന്ന വ്യക്തിയെ അത്യധികം ആദരവോടെ കാണുക - അത് മുതിര്ന്ന വ്യക്തിയോ കുഞ്ഞി അയ്യപ്പനോ മാളികപ്പുറമോ ആര് തന്നെയാവട്ടെ..

നമ്മൾക്ക് പലർക്കും സംശയമുണ്ടായിട്ടുള്ള ഒരു കാര്യമാണ് ധര്മശാസ്താവും അയ്യപ്പനും തമ്മിലുള്ള വ്യത്യാസം.
ധര്മശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. ഉദാഹരണത്തിന്, മഹാവിഷ്ണുവും ശ്രീകൃഷ്ണനും തമ്മിലുള്ള വ്യത്യാസം.  വിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളില്‍ ഒന്നാണല്ലോ കൃഷ്ണാവതാരം.

വിഷ്ണുവും ശിവനും ചേർന്നുണ്ടായ തേജസ്സാണ് ശാസ്താവ്. ആ ശാസ്താവിന്‍റെ അവതാരമാണ് അയ്യപ്പന്‍. ശാസ്താവ് ബ്രഹ്മചാരിയല്ല. പൂർണ, പുഷ്ക്കല എന്നീ രണ്ട‌ു ഭാര്യമാരും സത്യകൻ എന്ന ഒരു പുത്രനും ശാസ്താവിനുണ്ടെന്നു പുരാണങ്ങൾ പറയുന്നു. അതുകൊണ്ടാണ് ശാസ്താ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു ദര്‍ശനത്തിനു വിലക്കില്ലാത്തത്. എന്നാൽ അവതാരമൂർത്തിയായ അയ്യപ്പൻ നിത്യബ്രഹ്മചാരിയാണ്.
ശബരിമലയിലെ പ്രതിഷ്ഠ അയ്യപ്പനാണ്. അതിനാലാണ് നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനു മുന്നില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകൾ പോകേണ്ടതില്ല എന്ന് നമ്മൾ വിശ്വസിക്കുന്നത്.
കേരളത്തിൽ അയ്യപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വളരെക്കുറവാണ്. പല ശാസ്താക്ഷേത്രങ്ങളും അയ്യപ്പക്ഷേത്രങ്ങളായി പലരും തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ടാകും അയ്യപ്പനും ശാസ്താവും ഒന്നാണെന്ന തെറ്റായ ധാരണ  പലരും ഇപ്പോഴും  വച്ചുപുലര്‍ത്തുന്നത്.

എല്ലാ അയ്യപ്പന്‍മാരും ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീലനിറ ത്തോടുകൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? പലപ്പോഴും നമ്മള്‍ പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വേദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്‍റെ  പര്യായമാണ്. അഗ്നിയുടെ വര്‍ണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാര്‍ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോള്‍ അയ്യപ്പഭക്തന്‍ ശബരിമലയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാല്‍ താന്‍ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. അഗ്നിവര്‍ണമായ കറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താന്‍ സ്വയം അഗ്നി ആവാന്‍ ശ്രമിക്കുകയാണ്. അങ്ങനെ വസ്ത്രത്തില്‍ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പന്‍ മാറുന്നു. നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്‍റെ  നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കും എന്നാണു ശാസ്ത്രം. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്‍റെ  അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന്‍ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. അങ്ങനെയുള്ള ഈശ്വരനെ വസ്ത്രത്തിലേക്ക് സാക്ഷാത്കരിക്കുക. അതിലൂടെ മനസ്സിന് മാറ്റം വരുത്തുക മാത്രമല്ല, തന്നെ കാണുന്ന മറ്റുള്ളവരുടെ ഭാവനയിലും മാറ്റം വരുത്തുക. അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍.

ശബരിമലയാത്രയുടെ ഒരു പ്രധാന ഭാഗമാണ് കെട്ടുനിറ. അത് വീടുകളിലോ ക്ഷേത്രങ്ങളിലോ നടത്താവുന്നതാണ്. ശബരിമലയാത്രക്കുള്ള സാധനങ്ങള്‍ നിറയ്ക്കുന്ന സഞ്ചിക്കാണ്‌  ഇരുമുടിക്കെട്ടെന്ന് പറയുന്നത്. ഇതില്‍ മുന്നിലെ അറയില്‍ അഭിഷേകത്തിനുള്ള നെയ്‌തേങ്ങ, കര്‍പ്പൂരം, അവില്‍, മലര്‍പ്പൊടികള്‍, കാണിക്ക, വഴിപാടുസാധനങ്ങള്‍, അരി എന്നിവ നിറക്കും. പിന്‍കെട്ടില്‍ ഭക്ഷണത്തിനുള്ള സാധനങ്ങളും നിറക്കും.
അലങ്കരിച്ച പന്തലില്‍ വിളക്ക് വച്ച് നാക്കിലയില്‍ *ഗണപതിക്ക് അവില്‍, ശര്‍ക്കര, മലര്‍, പഴം മുതലായവ വെച്ച് ഗുരുസ്വാമിയെക്കൊണ്ട് നല്ല ലക്ഷണമുള്ള നാളികേരം നോക്കി അതിൽ നെയ് നിറക്കും.
പിന്നിട് താമ്പൂലത്തോടുകൂടി ദ്രവ്യം, അരി, നെയ്‌തേങ്ങ എന്നിവയും നിറക്കും. ഗുരുസ്വാമിയാണ് കെട്ട് നിറക്കേണ്ടത്. ഉച്ചത്തില്‍ ശരണം വിളിച്ച് സ്വാമിസാനിധ്യം പള്ളിക്കെട്ടില്‍ ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ച് സാധനങ്ങള്‍ മുന്‍കെട്ടില്‍ നിറക്കണം. കെട്ടുനിറകഴിഞ്ഞ് ഗുരുദക്ഷിണയും മറ്റു കര്‍മ്മങ്ങളും കഴിഞ്ഞ് കെട്ടെടുക്കേണ്ട സമയമാകുമ്പോള്‍ കെട്ടിന്റെ പുറത്ത് വെറ്റില, അടക്ക, ദക്ഷിണ എന്നിവ വച്ച് വ്രതാനുഷ്ഠാന സമയത്ത് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റെല്ലാം ക്ഷമിക്കണമെന്നു പ്രാര്‍ത്ഥിച്ച് സാഷ്ടാംഗം നമസ്‌കരിക്കണം. പിന്നീട് കര്‍പ്പൂരാരാധനക്ക് ശേഷം ഗുരുസ്വാമിയുടെ അനുഗ്രഹത്താല്‍ കിഴക്കോട്ട് തിരിഞ്ഞ് ഇരുമുടിക്കെട്ട് തലയിലേറ്റി നാളീകേരമുടച്ച്‌ വേണം ഇറങ്ങാൻ. യാത്രാവേളയില്‍ സ്വാമിചിന്ത മാത്രമായിരിക്കണം മനസ്സില്‍. ഇരുമുടിക്കെട്ട് തലയിലേറ്റിക്കഴിഞ്ഞാല്‍ തിരിച്ച് ഗൃഹത്തിലേക്ക് പോകാനോ മാതാപിതാക്കളേയും മറ്റും തിരിഞ്ഞുനോക്കുവാനോ അവരുമായി സംസാരിക്കാനോ പാടില്ല. സ്വയം കെട്ട് നിറച്ച് ശബരിമലയിലേക്ക് പോകരുത്. ഓരോസംഘത്തിലും ഒരു ഗുരുസ്വാമി തീർച്ചയായും ഉണ്ടായിരിക്കണം. ഏറ്റവും കൂടുതല്‍ തവണ വ്രതമെടുത്തു പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നേടിയ അനുഭവസമ്പന്നനായിരിക്കണം ഗുരുസ്വാമി.

തികഞ്ഞ അയ്യപ്പ ഭക്ത നാണ് യേശുദാസെന്ന് നമുക്കേവർക്കും അറിവുള്ളതാണ്. ശബരിമലയിൽ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങൾക്കിടയിൽ യേശുദാസ് ഇക്കഴിഞ്ഞ സൂര്യ സംഗീത കച്ചേരി ശബരിമല ശാസ്താവിന് വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ശബരിമലയിലെ സുപ്രീംകോടതി വിധിയെ സ്വീകരിക്കുയോ എതിര്‍ക്കുകയോ ഒന്നും യേശുദാസ് ചെയ്യുന്നില്ല. ഒന്നും പറയാതെ എല്ലാം പറയുകയായിരുന്നു അദ്ദേഹം.

ശബരിമലയിലിരിക്കുന്നത് ധര്‍മ്മ ശാസ്താവാണ്, ധര്‍മ്മമെ അവിടെ നടക്കുകയുള്ളുവെന്ന് അദ്ദേഹം സദസില്‍ അന്ന് ഓര്‍മ്മിപ്പിച്ചു. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ഇല്ലാതാക്കാനും നിലനിര്‍ത്താനും. ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളു. ആർക്കും ഒരാപത്തും വരാതിരിക്കട്ടെ.. സ്വാമിയെ ശരണമയ്യപ്പ എന്ന ശരണം വിളിയോടെയാണ്  അദ്ദേഹം സദസിനോട് സംസാരിച്ചത്.

യേശുദാസിന്റെ വാക്കുകള്‍ ഇങ്ങനെ.....
"രണ്ട് വര്‍ഷം മുൻപാണ് അച്ഛനെ കുറിച്ച്‌ ഒരു സുഹൃത്ത് പുസ്തകം എഴുതിയത്. അതില്‍ 1947ല്‍ അച്ഛന്‍ വ്രതം നോക്കി ശബരിമലയില്‍ പോയതിനെ കുറിച്ച്‌ പറയുന്നുണ്ട്. അമ്മ പോലും അറിയാതെയായിരുന്നു അത്. പുസ്തകം വായിച്ചപ്പോഴാണ് ഇതേ കുറിച്ച്‌ ഞങ്ങള്‍ അറിയുന്നത്. അതിനു ശേഷം ഒരു പത്തുകൊല്ലം കഴിഞ്ഞ് പൂര്‍ണ്ണത്രയീശ്വര ക്ഷേത്രത്തില്‍ ഞാന്‍ സുഹൃത്തുമൊത്ത് മധുര മണി അയ്യരുടെ കച്ചേരി കേള്‍ക്കാന്‍ പോയി. അമ്പലത്തിനു അകത്ത് കയറി കേള്‍ക്കാന്‍ കഴിഞ്ഞില്ല. പുറത്ത് നിന്ന് കച്ചേരി ശ്രദ്ധിച്ചു കേൾക്കുമ്പോൾ മറ്റൊരു ശബ്ദം ഉയര്‍ന്നു കേട്ടു. *സ്വാമിയേ അയ്യപ്പാ എന്നായിരുന്നു കേട്ടത് .. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അതിനേ കുറിച്ച്‌ ചോദിച്ചു.
ശബരിമലയിൽ പോയി വരുന്നവരാണ് ഇവരെന്ന് കൂട്ടുകാരന്‍ പറഞ്ഞു. മല ഇറങ്ങി എത്തിയ ശേഷം മാല ഊരുന്നതിന് മുൻപ് ക്ഷേത്രത്തില്‍ വന്നതാണ് അവരെന്നും പറഞ്ഞു. പൂര്‍ണ്ണത്രയേശ്വരീക്ഷേത്രത്തില്‍ കയറി കച്ചേരി കേള്‍ക്കാനാവാത്ത വേദനയില്‍ നിന്ന ഞാന്‍ എല്ലാ വേദനയും ഉള്ളിലൊതുക്കി ഈ അയ്യപ്പക്ഷേത്രത്തില്‍ എനിക്ക് പോകാനാകുമോ എന്ന് ചോദിച്ചു. നമുക്ക് നോക്കാമെന്ന് കൂട്ടുകാരന്‍ മറുപടിയും നല്‍കി. അന്ന് ദേവസ്വം ബോര്‍ഡില്ലാത്തതിനാൽ അയ്യപ്പ സേവാ സമാജത്തിന് ദര്‍ശനത്തിന് അനുവാദം ചോദിച്ച്‌ ഞങ്ങൾ കത്ത് നല്‍കി. ഇരുമുടിയുമായി ഭക്തിയോടെ എത്തുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ കയറാമെന്ന മറുപടിയും കിട്ടി. എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം പാടിയ ആദ്യ വ്യക്തി. പിന്നീട് എന്റെ അയ്യപ്പൻ എന്നെ കൊണ്ട് ഹരിവരാസനവും പാടിച്ചു. ഇതാണ് എന്റെ കുടുംബവും ശബരിമലയും തമ്മിലുള്ള ബന്ധം. എന്റെ അച്ഛനും അനിയനും കൊച്ചു മകളും ഉത്രം  നക്ഷത്രമെന്നതും സ്വാമിയുടെ അനുഗ്രഹം*''

അയ്യപ്പനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച കന്യക എന്നാണു ഭക്തരുടെ മനസ്സില്‍ മാളികപ്പുറത്തമ്മക്കുള്ള സ്ഥാനം. ഒരു കന്നി അയ്യപ്പന്‍പോലുംതന്നെ കാണാനായി ശബരിമലയില്‍ വരാത്ത ഒരുവര്‍ഷം ഉണ്ടായാല്‍ അന്നു ദേവിയെ വിവാഹംചെയ്തുകൊള്ളാം എന്നാണു അയ്യപ്പന്റെ വാഗ്ദാനം എന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മകരവിളക്കിന് മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുള്ള ആഘോഷപൂര്‍വമായ എഴുന്നള്ളത്തും കന്നി അയ്യപ്പന്‍മാരുടെ ശരങ്ങള്‍ കണ്ട് നിരാശയായുള്ള മടക്കവും.

ശബരിമലയിലെ മാളികപ്പുറം ക്ഷേത്രം അയ്യപ്പക്ഷേത്രത്തിനടുത്തുതന്നെയാണ്‌. ശബരിമലയില്‍ അയ്യപ്പസ്വാമിക്കുള്ള തുല്യ പ്രാധാന്യം മാളികപ്പുറത്തമ്മയ്ക്കും ഉണ്ട്. മനോഹരമായ മാളികയുടെആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ആലയത്തില്‍ ഇരിക്കുന്നവളായതിനാല്‍ ദേവിക്ക് മാളികപ്പുറത്തമ്മ എന്നു പേരുലഭിച്ചു.  അന്തരീക്ഷവും പ്രകൃതിക്കാഴ്ചകളുമാണ് മാളികപ്പുറം ദേവീക്ഷേത്രത്തിന്റെ പ്രത്യേകത. മാളികപ്പുറത്തമ്മയ്ക്കുള്ള മുഖ്യവഴിപാട് ഭഗവതിസേവയാണ്.

ശബരിമലക്ഷേത്രം നിര്‍മ്മിക്കേണ്ടവിധം മണികണ്ഠന്‍ പന്തളരാജാവിനു പ്രത്യേകം പറഞ്ഞു കൊടുത്തപ്പോൾ തൊട്ടടുത്ത് മാളികപ്പുറത്തമ്മയ്ക്കുള്ള വളരെ വലിയൊരു സ്ഥാനവും അയ്യപ്പൻ നൽകിയെന്നാണ്   ഐതിഹ്യം. ഇതിൽ നിന്നൊക്കെ വ്യക്തമാണ് മാളികപ്പുറത്തമ്മയ്ക്കു ശബരിമലയിൽ ഉള്ള സ്ഥാനം. ശബരിമലയിൽ സ്ത്രീസമത്വം  ഇല്ലെന്നു പറയുന്നവർ അവിടെ മാളികപ്പുറത്തമ്മക്കുള്ള സ്ഥാനം മനസ്സിലാക്കിയാൽ മതിയാവും സ്ത്രീകൾ എന്ത് കൊണ്ടും ഒരടി  മുന്നിൽ നിൽക്കുന്ന പുണ്യ സ്ഥലമാണ്  ശബരിമലയെന്ന് മനസ്സിലാക്കാൻ.

ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടുകൂടിയ ഒരു അനുഷ്ഠാന നൃത്തമാണ്  എരുമേലി പേട്ടതുള്ളൽ. വൃശ്ചിക-ധനു മാസക്കാലങ്ങളിലെ (ഡിസംബർ-ജനുവരി മാസങ്ങളിൽ) മണ്ഡലമകരവിളക്കു കാലത്ത് കോട്ടയം ജില്ലയിലെ എരുമേലി പട്ടണത്തിലാണ് ഈ അനുഷ്ഠാനം നടക്കുന്നത്.

ശബരിമലയിൽ ആദ്യമായി വരുന്ന ഭക്തർ ആണ് പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളൽ. ഈ പ്രാ‍ർത്ഥനയുടെ അർത്ഥം ഒരുവന്റെ അഹന്തയെ (ego) വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്. പേട്ടതുള്ളുന്നവർ അയ്യപ്പക്ഷേത്രത്തിനും വാവരുടെ പള്ളിക്കും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവർ നദിയിൽ പോയി കുളിക്കുന്നു. കുളികഴിഞ്ഞ ശേഷം ഭക്തർ വീണ്ടും ക്ഷേത്രം സന്ദർശിച്ച് അയ്യപ്പനിൽ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു. പിന്നീട് ഭക്തർ തങ്ങളുടെ ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് സന്നിധാനത്തിലേക്ക് പോവുന്നു.

പന്തളത്തു രാജാവിന്റെ പ്രതിനിധിക്കു പതിനെട്ടാം പടി കയറാൻ ഇരുമുടിക്കെട്ടു വേണ്ട എന്നതും ശബരിമലയിലെ ആചാരങ്ങളിൽ ഒന്ന്.  മകരവിളക്കിനു ശേഷമുളള കളഭാഭിഷേകം തമ്പുരാന്റെ സാന്നിധ്യത്തിലാണ്. മകരവിളക്കു പൂജകൾക്കായി എത്തുന്ന തന്ത്രിയെ ആചാരപ്രകാരം പതിനെട്ടാം പടിക്കു താഴെ മേൽശാന്തി കാൽകഴുകി സ്വീകരിക്കും. എല്ലാ വർഷവും ധനുമാസം 11 നാണു മണ്ഡലപൂജ വരിക. തിരുവിതാംകൂർ മഹാരാജാവ് നടയ്ക്കു വച്ച തങ്കഅങ്കി ചാർത്തി അന്ന് ഉച്ചയ്ക്കാണു മണ്ഡലപൂജ. മകരസംക്രമദിവസമാണു മകരവിളക്ക്. അന്നു മകര സംക്രമപൂജയും സന്ധ്യക്കു തിരുവാഭരണം ചാർത്തി ദീപാരാധനയും ഉണ്ട്. പന്തളത്തു കൊട്ടാരത്തിൽ നിന്ന് ആഘോഷമായി കൊണ്ടു വരുന്ന തിരുവാഭരണമാണു മകരസംക്രമസന്ധ്യയിൽ ദീപാരാധനയ്ക്കായി ചാർത്തുക. മകരവിളക്കു മുതൽ മൂന്നു ദിവസം മാളികപ്പുറത്ത് എഴുന്നെളളത്തുണ്ട്.

മീന മാസത്തിലെ ഉത്രമാണ് ഭഗവാന്റെ പിറന്നാൾ. അന്ന് ആറാട്ട് വരത്തക്കവിധത്തിലാണ് ശബരിമലയിലെ 10 ദിവസത്തെ ഉൽസവം.

ശബരിമലയിലെ പതിനെട്ടാം പടി പതിനെട്ടു തത്വങ്ങളുടെ ഇരിപ്പിടവും പരമപവിത്രവുമായതിനാല്‍ വ്രതനിഷ്ഠയില്ലാത്തവര്‍ ഈ പടികൾ ചവുട്ടിക്കയറുന്നതിന് യോഗ്യരല്ല. ഇരുമുടിക്കെട്ടും ഏന്തിവരുന്ന ഭക്തര്‍ക്കേ പതിനെട്ടാംപടി ചവുട്ടാനുള്ള അര്‍ഹതയുള്ളൂ. ശബരിമല തന്ത്രിക്കും, പന്തളരാജപ്രതിനിധിക്കുംഇരുമുടിയില്ലാതെ പടിചവുട്ടാം. കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പതിനെട്ടാം പടിയില്‍ നാളികേരമുടച്ചായിരുന്നു പണ്ടുകാലങ്ങളില്‍ അയ്യപ്പന്മാര്‍ സ്വാമിദര്‍ശനം നടത്തിയിരുന്നത്. പതിനെട്ടുപടികളിലുംതേങ്ങയുടച്ചുകയറുന്ന പതിവുമുണ്ടായിരുന്നു. കന്നിസ്വാമിയായിവരുന്നയാള്‍ ഒന്നാം പടിയിലും പതിനെട്ടാം തവണ (വര്‍ഷം) മലചവുട്ടുന്നയാള്‍ പതിനെട്ടാംപടിയിലും നാളികേരംഉടയ്ക്കുന്ന പതിവുംഉണ്ടായിരുന്നു. പതിനെട്ടുപടികളിലും പതിനെട്ടു വര്‍ഷങ്ങള്‍കൊണ്ട് നാളികേരമുടച്ച്‌സ്വാമിദര്‍ശനം നടത്തുന്ന ഭക്തന്‍ ആ വര്‍ഷം ശബരിമലയില്‍ഒരുതെങ്ങു നടണമെന്നും ആചാരമുണ്ട്. പതിനെട്ടാം പടിയെപരിശുദ്ധമായ നാളികേര ജലത്താല്‍ അഭിക്ഷേകംചെയ്യുന്ന ചടങ്ങാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍എന്നും;തന്റെ പാപങ്ങളെയെല്ലാം ഭഗവദ്‌സന്നിധിയില്‍ തച്ചുടയ്ക്കുന്നതിന്റെ പ്രതീകമാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍ എന്നും വിശ്വസിക്കപ്പെടുന്നു. പതിനെട്ടുവര്‍ഷംമലചവുട്ടിയ അയ്യപ്പ ഭക്തന്‍ 19-ാം വര്‍ഷം വീണ്ടും ഒന്നാം പടിയില്‍ നാളികേരമടിച്ചു ദർശനം നടത്തുന്നു. പല തവണഒന്നാം പടിയില്‍ നാളികേരമുടയ്ക്കാന്‍ ഭാഗ്യം സിദ്ധിച്ച അനേകം പരമഭക്തര്‍ കേരളത്തിലുണ്ട്.

പതിനെട്ടാം പടിയില്‍ നിരന്തരമായി നാളികേരമുടയ്ക്കല്‍ നടന്നുവന്നതിനാല്‍കരിങ്കല്‍പ്പടികള്‍ക്കു നാശം സംഭവിച്ചു. അതുമൂലം പഞ്ചലോഹം കൊണ്ട് പൊതിഞ്ഞ്ഇപ്പോള്‍സംരക്ഷിക്കുന്നു. പടികളില്‍ നാളികേരം ഉടയ്ക്കുന്നതും നിര്‍ത്തലാക്കി. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് നാളികേരമുടച്ച് പടികളുടെചുവട്ടിലുള്ള ജലപ്രവാഹത്തില്‍കാല്‍ നനച്ച് പതിനെട്ടുപടികളുംതൊട്ടുവന്ദിച്ചുവേണം പതിനെട്ടാം പടി കയറുവാന്‍. ഇടതുകാല്‍വെച്ച് പടികയറുവാന്‍ ആരംഭിക്കരുത്. 

തത്വമസി - നാമന്വേഷിക്കുന്ന ഈശ്വരനെ എവിടെയും തിരയേണ്ടതില്ല, അത് നമ്മുടെ ഉള്ളില്‍ തന്നെയുണ്ടെന്ന സത്യം നമ്മൾ അറിഞ്ഞതാണല്ലോ.

ചന്ദൊഗ്യോപനിഷത്തില്‍ , ഉദ്ദാലകന്‍ , തന്റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്. തത്വമസി (അതു നീ തന്നെയാകുന്നു)

അത് കേട്ട് ശ്വേതകേതുവിനും സംശയം. ഞാന്‍ എങ്ങനെ പരമാത്മാവാകും?

അതിനു മറുപടിയായി ഉദ്ദാലകന്‍ തന്റെ മകനോട് അഗ്‌നി കൊണ്ട് വരുവാന്‍ പറഞ്ഞു.
ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു

'നിന്നോട് അഗ്‌നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?' ഉദ്ദാലകന്റെ ചോദ്യം.
ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു

'നിന്നോട് അഗ്‌നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?' വീണ്ടും അതേ ചോദ്യം.
ശ്വേതകേതു ഉടനെ ഒരു കനല്‍ക്കട്ട എടുത്തു ചകിരിയില്‍ വെച്ച് കൊണ്ട് ചെന്നു

'നിന്നോട് അഗ്‌നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?'
ശ്വേതകേതുവിനു സഹികെട്ടു, അവന്‍ തിരിച്ച് ചോദിച്ചു: 'എങ്ങിനെയാണ് അഗ്‌നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?'

'അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം. അഗ്‌നിക്ക് സ്ഥിതി ചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ്.അതുപോലെ പരമാത്മാവിനു ഇരിക്കാന്‍ ഉള്ള ഉപാധിയാണ് നിന്റെ ശരീരം. അതായത് പരമാത്മാവ് നിന്നിലും എന്നിലും സര്‍വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു.

നമ്മളിൽ തന്നെ വസിക്കുന്നു ഈശ്വരൻ എന്ന് ഉറച്ചു വിശ്വസിച്ചു നമുക്കു നന്മ ചെയ്തു ലോകത്തിനു  വെളിച്ചമായി മാറാം...

അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വാവരുടെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാർ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയിൽ നിലകൊള്ളുന്നു. പന്തളം രാജ്യം ആക്രമിക്കാൻ വന്ന വാവർ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തു എന്നാണു  ഐതിഹ്യം.

വാവരെ കുറിച്ച് അനേകം പ്രചാരണത്തിൽ  ഉണ്ട്. വാവരായിരുന്നത് ബാബർ തന്നെയായിരുന്നു എന്നും ചിലർ വാദിക്കുന്നു. അയ്യപ്പൻറെ അംഗരക്ഷകനായി വാവർക്ക് പന്തളം രാജാവ് ക്ഷേത്രം പണിതു നൽകിയതായി ചില സംസ്കൃതഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. കാട്ടിലൂടെ കടന്നുപോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാൻ അയ്യപ്പൻ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.

കുരുമുളകാണ് വാവർ പള്ളിയിലെ പ്രധാന വഴിപാട്. കാണിക്കയും നെല്ല്, ചന്ദനം, സാമ്പ്രാണി, പനിനീർ, നെയ്യ്, നാളികേരം, എന്നിവയും ഇവിടെയുള്ള വഴിപാടുകളാണ്. 

ശബരിമല ക്ഷേത്രത്തിന്റെ നിർമാണ സമയത്തു പന്തളം രാജാവ് നേരിട്ട് വന്നു അയ്യപ്പനെ പ്രതിഷ്ഠിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് മാളികപുറത്തെ മണിമണ്ഡപം. ഇതിൽ നിന്ന് തന്നെ മണിമണ്ഡപത്തിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ. ശബരിമലയിൽ പോയവരൊക്കെ അവിടെ തൊഴുതു മടങ്ങുന്നുണ്ടെങ്കിലും അധികം ആളുകൾക്കും അറിയാത്ത ഒരു കഥയാണ് അത്. 

മാളികപുറം ക്ഷേത്രത്തിനു പിന്നിലായാണ് മണിമണ്ഡപം സ്ഥിതി ചെയ്യുന്നത്. മകര വിളക്ക് കഴിഞ്ഞുള്ള മൂന്നു ദിവസങ്ങളിൽ അവിടെ കളമെഴുതി മേൽശാന്തി പൂജ കഴിക്കും. ആദ്യത്തെ ദിവസം ബാലമണികണ്ഠൻ, രണ്ടാമത്തെ ദിവസം അയ്യപ്പ സ്വാമി മൂന്നാമത്തെ ദിവസം ശാസ്താവ് എന്ന സങ്കൽപ്പത്തിലാണ് പൂജ നടത്തുന്നത്. 

ശാസ്‍താ ദാസനായ കടുരവന്‍ ദുര്‍ദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുര്‍ദേവതകളെ പ്രീതിപ്പെടുത്താനായി ഇവിടുത്തെ പാതയുടെ ഇരുവശത്തുമുള്ള ആഗാധഗർതത്തിൽ (അപ്പാച്ചി, ഇപ്പാച്ചി എന്നറിയപ്പെടുന്ന) കന്നി സ്വാമിമാർ അരിമാവ് കുഴച്ച് ഉണ്ടാക്കിയ ഉണ്ടകൾ എറിയുന്നു. ഇവിടെയുള്ള ദുർഭൂതങ്ങളെ പ്രീതിപ്പെടുത്തി കൊണ്ട് മുന്നോട്ട് പോവുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.  പണ്ട് യാചകര്ക്ക് ഭക്തന്മാര്‍ ദാനധര്മടങ്ങള്‍ നടത്തിയിരുന്നതും ഇവിടെയാണ്. അതിനാല്‍ അപ്പാച്ചിമേടിന് ധര്മിമേട് എന്നും പേരുണ്ട്. 

അയ്യപ്പന്റെ വളർത്തച്‌ഛനായ പന്തളത്തു തമ്പുരാൻ തന്റെ മകന്റെ ശരീരത്തിൽ അണിയിക്കാനായി പണികഴിപ്പിച്ച സ്വർ‌ണ്ണാഭരണങ്ങളാണ് തിരുവാഭരണം എന്ന പേരിൽ അറിയപ്പെടുന്നത്. എല്ലാ വർഷവും ഈ തിരുവാഭരണങ്ങൾ ശബരിമലയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നു. കൊട്ടാരത്തിൽ നിന്നും വലിയതമ്പുരാൻ നിർ‌ദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു. പന്തളത്തു തമ്പുരാന് അയ്യപ്പന്റെ അച്‌ഛന്റെ സ്ഥാനമായതിനാൽ അദ്ദേഹം നേരിട്ട് ശബരിമലയിൽ എത്തിയാൽ ദൈവമായ അയ്യപ്പൻ എഴുന്നേറ്റ്വണങ്ങേണ്ടി വരും എന്നാണ് വിശ്വാസം. അതിനാൽ വലിയ തമ്പുരാൻ ആകുന്ന വ്യക്തി പിന്നീട് മല ചവിട്ടാറില്ല. പകരക്കാരനായി രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നത്.

വർഷം തോറും ധനു മാസം 28-നു തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെടുന്നു. പരമ്പരാഗത തിരുവാഭരണപാതയിലൂടെ യാത്ര ചെയ്ത് ഘോഷയാത്ര മകരമാസം 1-നു ശബരിമലയിൽ എത്തിച്ചേരുന്നു. പതിനെട്ടാം‌പടിക്കു മുകളിൽ വെച്ച് സ്വീകരിക്കപ്പെടുന്ന തിരുവാഭരണങ്ങൾ ചാർത്തിയാണ് അന്നു വൈകുന്നേരത്തെ ദീപാരാധന. 

തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ 1973-ൽ ക്ഷേത്രത്തിന് സംഭാവന നൽകിയ 420 പവൻ തൂക്കമുള്ള തങ്കയങ്കി മണ്‌ഡലപൂജയ്‌ക്കാണ്‌ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ അണിയിക്കുന്നത്. മണ്‌ഡലപൂജയ്‌ക്ക്‌ രണ്ടുനാൾ മുമ്പാണ്‌ തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥയാത്ര ആറന്മുളയിൽ നിന്നു പുറപ്പെടുന്നത്‌. പതിനെട്ടാം പടിയും കൊടിമരവും ശ്രീകോവിലും ഉൾപ്പെട്ട ശബരിമല ക്ഷേത്രത്തിന്റെ ആകൃതിയിൽ ഒരുക്കിയ രഥത്തിലാണ്‌ തങ്കയങ്കി കൊണ്ടുപോകുന്നത്‌.

വഴിനീളെ നിറപറയും ആരതിയും വാദ്യമേളവും വെടിക്കെട്ടും അന്നദാനവുമായി അയ്യപ്പഭക്തർ തങ്കയങ്കി രഥയാത്രയെ സ്വീകരിക്കും.

പമ്പയിൽനിന്നു 3ന്‌ പുറപ്പെട്ട്‌ 5ന്‌ ശരംകുത്തിയിൽ എത്തുന്ന തങ്കയങ്കി ഘോഷയാത്ര ദേവസ്വം അധികൃതർ സന്നിധാനത്തിലേക്ക്‌ സ്വീകരിച്ചാനയിക്കും. തുടർന്നാണ്‌ തങ്കയങ്കി ചാർത്തി മണ്‌ഡലപൂജ.  

പമ്പാ ഗണപതിയെ തൊഴുതു വണങ്ങിയതിനു ശേഷമാണ് ഏതൊരു ഭക്തനും ശബരിമല കയറ്റം തുടങ്ങേണ്ടത് എന്നാണു ആചാരം. പണ്ടൊക്കെ വന്യമൃഗങ്ങൾ അടക്കിവാണിരുന്ന ഈ കാട്ടിലൂടെയുള്ള യാത്രയിൽ വിഘ്നങ്ങളില്ലാതിരിക്കാൻ വിഘ്നേശ്വര പ്രീതി ചെയ്തു പമ്പാ ഗണപതിക്കു നാളികേരം ഉടച്ച് നാഗരാജാവ്, പാര്‍വതി, ആദിമൂല ഗണപതി, ഹനുമാന്‍, ശ്രീരാമന്‍ എന്നീ ക്ഷേത്രങ്ങളില്‍ തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹം വാങ്ങി വേണം ശബരിമല കയറ്റം തുടങ്ങാൻ.

അയ്യപ്പന്‍ തപസ്സിരുന്ന ഭൂമി എന്ന നിലയില്‍ ശബരിമല ഒരു തപോഭൂമിയാണ്. ഈ തപോഭൂമയിലേക്കു ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും കടന്നുവരുന്നു.  ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന  മനുഷ്യനു ആതമീയതയുടെ മധുരം നുകരാന്‍ കിട്ടുന്ന വലിയൊരു അവസരമാണ് ശബരിമല തീര്‍ത്ഥാടനം. 

ശബരിമല യാത്രയിൽ നാളികേരം എറിഞ്ഞുടയ്ക്കുന്നതിന്റെ മഹത്വം എന്താണെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? മുന്‍കാലങ്ങളില്‍ കേരളത്തിലെ തറവാടുകളിലെ പ്രധാന ആദായം നാളികേരമായിരുന്നു. മനുഷ്യന്‍ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള പണം ഇവയിലൂടെ സമ്പാദിച്ചിരുന്നു. അങ്ങനെയുള്ള നാളികേരം എറിഞ്ഞുടക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്‌ ഞാന്‍ എന്റെ ഭൗതിക ഇച്ഛകളെ ഇവിടെ ഉടച്ചുമാറ്റിയിരിക്കുന്നു എന്നതാണ്. ഇതിന്റെ പ്രതീകാത്മകമായിട്ടാണ് ശിരസില്‍ ഇരുമുടിയുമായി ശബരിമലക്കു യാത്ര തുടങ്ങുംമുമ്പ് ഓരോ അയ്യപ്പനും നാളികേരം എറിഞ്ഞുടക്കുന്നത്. ഭൗതിക സുഖങ്ങളുടെ പ്രതിരൂപമായിട്ടാണ് നാളികേരത്തെ ഇവിടെ കാണുന്നത്. 

മലയ്ക്ക് മാലയിടുമ്പോൾ സ്വാമിയേ……. ശരണം അയ്യപ്പാ…… എന്നുറക്കെ വിളിച്ചു മാല ധരിക്കണം.
രാവിലെ സൂര്യേദയത്തിൽ ആദിത്യന് അഭിമുഖമായി നിന്നുവേണം മാല ധരിക്കേണ്ടത്. ഉത്രം നക്ഷത്രം, ശനി, ബുധൻ എന്നീ ദിവസങ്ങൾ മാല ധരിക്കുന്നതിന് ഉത്തമമാണ്. എന്നാൽ ജന്മനക്ഷത്ര ദിവസം മാലയിടരുത്
ദര്‍ശനം കഴിഞ്ഞു വീട്ടില്‍ മടങ്ങി എത്തിയശേഷം വേണം മാല ഊരി വ്രതം അവസാനിപ്പിക്കാന്‍. അയ്യപ്പന്മാര്‍ തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ നിലവിളക്കു കൊളുത്തണം. ശരണം വിളിച്ചു വേണം കയറാന്‍. പൂജാമുറിയിലോ കെട്ടുമുറുക്കിയ പന്തലിലോ അടുത്തുള്ള ക്ഷേത്രത്തിലോ വേണം മാല ഊരി വ്രതം അവസാനിപ്പിക്കാന്‍. 

ശബരിമലയിലെ നിവേദ്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. അതെന്താണെന്നു നമുക്കൊന്ന് നോക്കാം. 

പുലർച്ചെ മൂന്നിന് നട തുറന്ന് നിർമാല്യത്തിന് ത്രിമധുരം നിവേദിക്കുന്നു. ഉണക്കമുണ്ടിരി, കൽക്കണ്ടം, തേൻ എന്നിവ ചേർത്താണ് ത്രിമധുരം നിവേദിക്കുന്നത്. ഗണപതി ഹോമത്തിനു അഷ്ടദ്രവ്യം ഹോമിക്കും. അവൻ, മലർ, ശർക്കര, കൊട്ടത്തേങ്ങ, കരിമ്പ്, നെയ്യ്, എള്ള്, കദളിപ്പഴം എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ. 
ഉഷഃപൂജയ്ക്കു ഇടിച്ചു പിഴിഞ്ഞ പായസം. അരി, ശർക്കര, നെയ്യ്, കദളിപ്പഴം, തേങ്ങാപാൽ എന്നീ ചേരുവകൾ വറ്റിച്ചാണ് ഇതുണ്ടാക്കുന്ന. പുറത്തു വിൽപ്പനയ്ക്ക് ഇത് ലഭിക്കുന്നതല്ല. ഉച്ചപൂജയ്ക്കു മഹാനിവേദ്യമായി അരവണയും വെള്ള നിവേദ്യവുമുണ്ട്. ശർക്കരയും, അരിയും, നെയ്യും,  തേങ്ങാ വറുത്തതും, സുഗന്ധ വ്യഞ്ജനങ്ങളും ചേർത്ത പ്രത്യേക കൂട്ടാണ് അരവണയ്ക്ക്. വൈകീട്ട് 3 നു നട തുറക്കുമ്പോൾ  മലർ നിവേദ്യമുണ്ട്. അത്താഴ പൂജയ്ക്കു പാനകവും  ഉണ്ണിയപ്പവും. ശർക്കര വെള്ളം വറ്റിച്ചു ചുക്കും കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും മറ്റു ചേരുവകളും ചേർത്താണ് പാനകം എന്ന ഔഷധക്കൂട്ട് തയ്യാറാക്കുന്നത്. ഇതിന്റെ ശെരിയായ കൂട്ട് പുറം ലോകത്തിനു ഇന്നും അജ്ഞാതമാണ്. അരിയും, നെയ്യും, വറുത്ത തേങ്ങാകൊത്തും ചേർത്താണ് ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. 

ധർമ്മശാസ്താവിന്റെ വാഹനം എന്തെന്ന് നമ്മളിൽ പലർക്കും സംശയം ഉണ്ടാവാം. അത് കടുവയും പുലിയും അല്ല. ധർമ്മശാസ്താവിന്റെ വാഹനം കുതിരയാണ്. ദേവ-ദേവിക്ഷേത്രങ്ങളിലെ കൊടിമരത്തിൽ അതാതു ദേവതമാരുടെ വാഹനം പ്രതിഷ്ഠിക്കാറുണ്ട്. ശബരിമലയിലും മറ്റു ധർമ്മശാസ്താക്ഷേത്രങ്ങളിലും കുതിരയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അയ്യപ്പൻ പുലിമുകളിലേറി പന്തളത്തു കൊട്ടാരത്തിൽ വന്ന ഐതീഹ്യമാണു നമ്മളെ പുലിവാഹനനായി കരുതിപോരുന്നതും ആ പേർ വിളിക്കുന്നതും.
ഹരിവരാസനത്തിൽ "കളഭ കേസരി വാജി വാഹനം" എന്നാണ് വർണിക്കുന്നത്, കളഭം എന്നാൽ ആന, കേസരി എന്നാൽ സിംഹം, വാജി എന്നാൽ കുതിര, 64 ശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്ത്തുന്നു. 
ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായ് അദ്ദേഹം സ്വീകരിക്കുന്നു. ശാസ്താവിനെ പലരീതിയിൽ ഉള്ള ഭാവങ്ങളിൽ കാണാം, പ്രഭാ എന്ന പത്നിയൊടും സത്യകൻ എന്ന പുത്രനോടും കൂടി, പൂർണാ പുഷ്കലാ എന്നീ പത്നിമാരോടു കൂടി, വേട്ടയാടുന്ന വേട്ടശാസ്താവായി, നിത്യ ബ്രഹ്മചാരിയായ അയ്യപ്പനായി ഒക്കെ സങ്കൽപ്പം ഉണ്ട്. 

 ശാസ്താക്ഷേത്രങ്ങളില്‍ ശബരിമല, കുളത്തൂര്‍ പുഴ, അച്ചന്‍ കോവില്‍, ആര്യങ്കാവ് എന്നിവയാണ് പ്രസിദ്ധം. ശാസ്താവ് ബ്രഹ്മചാരിയായി നിലകൊള്ളുന്നതാണ് ശബരിമലയിലെ സങ്കല്‍പ്പം. പന്തളത്തുകാര്‍ പാണ്ഡ്യവംശജരാണെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെയാണ് ധാരാളം ഭക്തര്‍ തമിഴകത്തിനിന്ന് ഇവിടേയ്ക്ക് നോമ്പുനോറ്റ് എത്തുന്നത്. തന്നെയുമല്ല വീട്ടില്‍നിന്ന് പള്ളിക്കെട്ടേന്തി  എത്രയോനാടുകള്‍ നടന്നു താണ്ടി ആ സച്ചിദാനന്ദമൂര്‍ത്തിയെ കാണുവാന്‍ വരുന്നു എന്നതും ഭക്തിയുടെ തീവ്രതതന്നെയാണ്. അതികഠിനമായ വ്രതത്തോടെ സ്വാമിയെകാണാനെത്തുന്നത് അനേകായിരം സ്വാമിമാരാണ്. മലയാളത്തില്‍ സ്വാമിയെ വര്‍ണ്ണിച്ച് കീര്‍ത്തനങ്ങൾ എത്രയോ ഇറങ്ങിയിട്ടുണ്ട്. അതുപോലെതന്നെ തമിഴകത്തും അയ്യപ്പന്‍ പാട്ടുകള്‍ ധാരാളമായിട്ടുണ്ട്. പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന കീര്‍ത്തനം കെ. വീരമണി, പാടിയത് ഒരു അനുഭൂതിതന്നെയാണ്. യേശുദാസ്, ജയചന്ദ്രന്‍, കുന്നൈക്കുടി, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അയ്യപ്പസ്തുതികളുമായി ഭക്തിയില്‍ ആറാടിച്ചിട്ടുണ്ട്. തമിഴകത്തെ പാട്ടിനുള്ള ഭക്തിയുടെ വശ്യത 
പറഞ്ഞാല്‍ തീരാത്തതാണ്. സാധാരണക്കാര്‍ മുതല്‍ അത്യുന്നതന്മാര്‍ വരെ ഭക്തന്മാരായി സ്വാമിയെ വണങ്ങാന്‍ എത്തുന്നുണ്ട്. മകരവിളക്ക്‌ തൊഴാന്‍ എത്തുന്നതില്‍ ഭൂരിഭാഗവും തമിഴ് ഭക്തര്‍തന്നെയാണ്. 

അയ്യപ്പക്ഷേത്രങ്ങളില്‌ പ്രധാനപ്പെട്ട ക്ഷേത്രമാണ് അച്ചൻകോവിൽ ശാസ്താ ക്ഷേത്രം. കൊല്ലം പത്തനാപുരത്ത് അച്ചൻകോവിലാറിന്റെ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്‌നീസമേതനായ ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. രണ്ട് പത്‌നിമാരോടൊപ്പം ഗൃഹസ്താശ്രമം നയിക്കുന്നയാളായിട്ടാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നതെന്നാണ് വിശ്വാസം. പരശുരാമനാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടെ പ്രതിഷ്ഠ നടത്തിയതത്രെ. അച്ചൻകോവിൽ ശാസ്താവ് വിഷഹാരി എന്ന നിലയിലാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. വിഷമേറ്റു വരുന്നവർക്ക് എല്ലായ്പ്പോഴും ഇവിടെ ചികിത്സ ലഭ്യമാണ്. വിശദംശനമേറ്റ് വന്നാൽ എപ്പോൾ വേണമെങ്കിലും കിഴക്കേ ഗോപുര നടയിലെ മണിയടിച്ച് സഹായം തേടാം.ഇവിടുത്തെ ശാസ്താവിന്റെ കൈക്കുമ്പിളില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം തീര്‍ത്ഥത്തില്‍ ചാലിച്ചാണ് ഔഷധം തയ്യാറാക്കുന്നത്. രാത്രിയിലെ അത്താഴപൂജയ്ക്ക് ശേഷം ആവശ്യമുള്ളപ്പോള്‍ നടതുറക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

പരശുരാമൻ പ്രതിഷ്ഠ നടത്തിയ മറ്റൊരു ശാസ്താ ക്ഷേത്രമാണ് കൊല്ലം പുനലൂരിലെ കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം. ശാസ്താവിനെ ബാലക ന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന പ്രത്യേകതയാണ് ഈ ക്ഷേത്രത്തിനുള്ളത്. കുളത്തൂപ്പുഴയിൽ കല്ലടയാറിന്റെ തീരത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രം കല്ലടയാറ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയത്രെ. അന്നു നശിച്ച മൂലപ്രതിഷ്‌ഠകളിൽ ഒരു ശില കല്ലടയാറിന്റെ കരയിൽ എവിടെയോ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഒരിക്കൽ കൊട്ടാരക്കരയിലെ നാട്ടുപ്രമാണിമാരായ കുറുപ്പന്മാർ തീർത്ഥാടനത്തിനു പോകവേ ഭക്ഷണം ഉണ്ടാക്കാൻ ഈ ശില ഉപയോഗിച്ചുവെന്നും അടുപ്പുണ്ടാക്കാൻ ഈ ശില പൊട്ടിച്ചെന്നുമാണ് ഐതിഹ്യം.
ശില ഇടിച്ചുപൊളിച്ചപ്പോൾ അത് എട്ടായി മുറിയുകയും അതിൽ നിന്നു ചോര ഒഴുകുകയും ചെയ്‌തു. ദൈവചൈതന്യം മനസ്സിലാക്കിയ കുറുപ്പന്മാർ ആ ശിലകളാൽ ഒരു ക്ഷേത്രമുണ്ടാക്കി പ്രതിഷ്‌ഠിച്ചു. ഐതിഹ്യം എന്തായാലും എട്ടായി നുറുങ്ങിയ ആ ശിലയാണ് ഇപ്പോഴും ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. വൈകുന്നേരങ്ങളിലും പള്ളിയുണർത്താറുണ്ട് കുളത്തുപ്പുഴ ധർമശാസ്‌താവിനെ. കാരണം കുട്ടികൾ ഉച്ചയ്‌ക്ക് ഉറങ്ങിയാലും അവരെ വിളിച്ചുണർത്താറുണ്ടല്ലോ.

ഈ ക്ഷേത്രത്തിന്റെ കടവിലെ മത്സ്യങ്ങൾ തിരുമക്കൾ എന്നാണ് അറിയപ്പെടുന്നത്. മീനൂട്ടാണ് ഇവിടുത്തെ പ്രധാന വഴിപാട്. ബ്രഹ്‌മചാരിയായ ബാലശാസ്‌താവിനെ ഒരിക്കൽ ഒരു മൽസ്യകന്യക മോഹിച്ച കഥയും പ്രചാരത്തിലുണ്ട്. ബാലശാസ്‌താവ് മൽസ്യകന്യകയ്‌ക്കു കല്ലടയാറിൽ വാസമൊരുക്കി. അതുകൊണ്ടാണു മീനൂട്ട് സവിശേഷമായത്. ഇവിടെ മീനൂട്ടിയാൽ അരിമ്പാറ പേലെയുള്ള ത്വക് രോഗങ്ങൾ ശമിക്കുമെന്നാണു വിശ്വാസം. ത്വക് രോഗങ്ങൾ മാത്രമല്ല വിവാഹ തടസ്സങ്ങൾ നീക്കാനും നല്ല മാംഗല്യത്തിനും എള്ളും കിഴിയും പച്ചക്കറികളും പലവ്യഞ്‌ജനങ്ങളും നടയ്‌ക്കു വയ്‌ക്കുന്ന രീതിയും ഇവിടെയുണ്ട്. 

കൊല്ലം ജില്ലയിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് ആര്യങ്കാവ് ക്ഷേത്രം. പാതയോരത്ത് നിന്ന് 35 അടി താഴ്ചയിലാണ് ആര്യന്റെ കാവായ ക്ഷേത്രം. ഇവിടെ കിഴക്കോട്ട് ദർശനമായ കൗമാര ശാസ്താവാണ് പ്രതിഷ്ഠ . ഇവിടുത്തെ പ്രത്യേകത എന്തെന്നാൽ വിഗ്രഹം നടയ്ക്ക് നേരെയല്ല, വലതു മൂലയിൽ അൽപ്പം ചരിഞ്ഞാണ്. പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യ രശ്മി പതിയും. മൂല പ്രതിഷ്ഠയിൽ ഉച്ചക്ക് മാത്രമേ അഭിഷേകമുള്ളൂ. പടികൾ അവസാനിക്കുന്നതിനു മുമ്പിലായി ഒറ്റക്കല്ലിൽ തീർത്ത തൃക്കല്യാണ മണ്ഡപമുണ്ട്. കുറെ നാൾ മുമ്പ് വരെ ശബരി മലയിലെ പോലെ തന്നെ ഇവിടെയും പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം ഇല്ലായിരുന്നു (നാലമ്പലത്തിനുള്ളിൽ). ക്ഷേത്രം തമിഴ്‌ നാട് അതിർത്തിൽ ആയതിനാൽ പൂജകൾ കേരള ആചാര പ്രകാരവും ഉത്സവം തമിഴ് ആചാര പ്രകാരവുമായാണ്. ഉത്സവത്തിന്റെ എട്ടാം ദിവസം നടക്കുന്ന തൃകല്യാണത്തിനു ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന മംഗല്യ ചരട് അണിഞ്ഞാൽ യുവതികളുടെ വിവാഹം പെട്ടന്ന് നടക്കുമെന്നാണ് വിശ്വാസം.

പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ കുളത്തൂപ്പുഴയിൽ ബാലകൻ, ആര്യങ്കാവിൽ യുവാവ്, അച്ചൻ കോവിലിൽ കുടുംബസ്ഥൻ എന്നീ ക്രമങ്ങളിൽ ഉള്ള ശാസ്താ ക്ഷേത്രങ്ങൾ കഴിഞ്ഞാൽ പിന്നെ അഞ്ചാമത്തെ ശബരിമലയിലെ സന്യാസ ഭാവത്തിലിരിക്കുന്ന അയ്യപ്പസ്വാമി എന്നതിൽ ആർക്കും സംശയം ഇല്ല..എന്നാൽ നാലാമത്തെ ശാസ്താ ക്ഷേത്രം ഏതെന്നു, സങ്കൽപ്പം എന്താണ് എന്നതൊക്കെ തർക്ക വിഷയമാണ്.

കാന്തമല എന്നാണ് ഒരു വാദം, എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. ഊഹങ്ങളും നിഗമനങ്ങളും പൊന്നമ്പലമേടിനു താഴെ മൂഴിയാർ വനത്തിലാണെന്നാണ്..എന്തായാലും കൊടുങ്കാടിനുള്ളിൽ എവിടേയാ ഒരു ശാസ്‌താ ക്ഷേത്രം ഇപ്പോഴും ഒളിഞ്ഞുകിടപ്പുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ചില കഥകളിലാകട്ടെ പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ പൊന്നമ്പലമേട് ഉൾപ്പെടുത്തിയിരിക്കുന്നു, പ്രസിദ്ധമായ മകരവിളക്ക് തെളിയുന്നത് ഇവിടെയാണ്. പണ്ടുകാലത്ത് ഈ മേട്ടിൽ വസിച്ചിരുന്ന ഋഷിവര്യന്മാരും വനവാസികളും മകരവിളക്ക് ദിവസം ഇവിടെ നിന്ന് ശബരിമല ശാസ്താവിന് കർപ്പൂരാരതി നടത്തിയിരുന്നുവത്രേ. ഇതിന്റെ തുടർച്ചയായാണ് ഇന്നും മകരവിളക്ക് ദിവസം ശബരിമലയിൽ ദീപാരാധന നടക്കുന്ന വേളയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കുന്നത്. പൊന്നമ്പലമേട് ശബരിമലയുടെ മൂല സ്ഥാനമായത് കൊണ്ട് ഈ വാദവും തെറ്റാവാനേ വഴിയുള്ളൂ. 
പിന്നുള്ളൊരു വാദം അയ്യപ്പൻ കോവിലാ ണെന്നുള്ളതാണ്. ബാല്യം, കൗമാരം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നീ അവസ്ഥകളിൽ അയ്യപ്പൻ കോവിലെ ആരാധനയ്ക്ക് നാലാമത്തെ അവസ്ഥയോടാണ് സാമ്യം. ആകെയുള്ളൊരു പോരായ്മ്മ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻ കോവിൽ എന്നീ സ്ഥലങ്ങൾ അടുത്തടുത്ത് കിടക്കുമ്പോൾ (20 കിലോ മീറ്റർ ചുറ്റളവിൽ) അയ്യപ്പൻ കോവിൽ കാടിന് നടുവിലൂടെ പോയാൽ പോലും 120 കിലോ മീറ്റർ അകലെയാണ് (അച്ചൻ കോവിലിനും അയ്യപ്പൻ കോവിലിനും ഏതാണ്ട് നടുക്കായാണ് ശബരിമല).
തമിഴ് വിശ്വാസം അനുസരിച്ച് മേൽ പറഞ്ഞ ശാസ്താ ക്ഷേത്രങ്ങളുടെ കൂടെ തിരുനെൽവേലി ജില്ലയിലെ പാപനാശത്തിനടുത്തുള്ള സൂരി മുത്തു അയ്യനാർ (സൂരി മുത്തയ്യൻ) ക്ഷേത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.  ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാൽ മോക്ഷം ലഭിക്കുമെന്ന വിശ്വാസം നിലനിൽക്കുന്നു. 

എല്ലാവരെയും സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ.


മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം.

മാലയിട്ടു വ്രതം

വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വ്രതം ആരംഭിക്കണം.

ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്‍ണ്ണം, രുദ്രാക്ഷം ഇവയില്‍ ഏതെങ്കിലും മണിമുത്തുകളുളള മാല പൂജിച്ച് ധരിക്കണം. ഏതുദിവസവും മാല ധരിക്കാം എന്നിരിക്കിലും ഉത്രം നക്ഷത്രവും ശനിയാഴ്ച ദിവസവും ആണ് ഉത്തമം.

മാലയിടുമ്പോൾ താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്.

ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ

മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. 'തത്ത്വമസി'. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, 'അത് നീയാകുന്നു' എന്നാണ്.

മാലയിട്ടു കഴിഞ്ഞാൽ
മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയൽ എന്നിവ ഉപേക്ഷിക്കണം.
ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയിൽ പങ്കെടുക്കരുത്.
ചെരുപ്പുകൾ ഉപയോഗിക്കാവുന്നതാണ്

അൽപ്പ മാത്ര ഭക്ഷണവും
ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.

1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ

എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം.
ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച് അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം....

''ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.''

എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം.
ശേഷം മൂലമന്ത്രം ചൊല്ലണം.

മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!''

ശരണം വിളി.

"ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം
ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്.

ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു.
'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു.
'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.

പതിനെട്ടു പടികൾ
18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.

1. പൊന്നമ്പലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല

ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.

അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു.

അതനുസരിച്ച് ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
(കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികൾ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.
അടുത്ത 3 പടികൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികൾ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു.
ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന 'മായ'യില് നിന്ന് മോചനം നേടാനാവൂ.

മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങൾ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയിൽ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്.

ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ.
പൂജാദ്രവ്യങ്ങൾക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ.
ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.
30 നിലവിളക്കുകൾ,
18 നാളികേരം,
18 കലശ വസ്ത്രങ്ങൾ,
18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.

കെട്ടുനിറ

ശബരിമലയ്ക്ക് പോകുമ്പോൾ സ്വന്തമായി കെട്ടുനിറയ്ക്കരുത്.
കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും,
പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം.
എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം.

നാളികേരം ഉടയ്ക്കൽ

നാളികേരത്തിന്റെ ചിരട്ട 'സ്ഥൂല' ശരീരത്തെയും പരിപ്പ് 'സൂക്ഷ്മ' ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ
നാളികേരത്തിൽ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും
അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ,
നീയാം പൊരുളായി മാറ്റേണമേ അയ്യനെ ...
എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.

മല കയറൽ

പമ്പാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങ ളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു.
അതാണ് തത്വമസി.

വ്രതം അവസാനിപ്പിക്കുമ്പോൾ..

ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ അപ്പോൾത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ നിലവിളക്ക് കൊളുത്തി വച്ച് കുടുംബാംഗങ്ങൾ ശരണം വിളിയോടെ എതിരേൽക്കണം . പൂജാമുറിയിൽ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.

മാല ഊരുന്നതിനുള്ള മന്ത്രം

'അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം'

ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളിൽ നാളികേരം
ഉടക്കാറുമുണ്ട്.

ആദ്യത്തെ മൂന്നു വര്ഷം മലയ്ക്ക് പോകുന്ന അയ്യപ്പനെ കന്നി സ്വാമിയെന്നാണ് വിളിക്കുന്നത്. കന്നി സ്വാമിയുടെ കയ്യിൽ ശരക്കോൽ ഉണ്ടാകേണ്ടതാണ്. അത് ശബരിമലയിലെ ശരംകുത്തിയാലിൽ കുത്തി വെക്കേണ്ടതാണ്. നാലാമത്തെ വര്ഷം മുതൽ കയ്യിൽ ചൂരൽ കൊണ്ട് പോകേണ്ടതാണ്. അത് സ്വാമിമാർ തിരിച്ചു കൊണ്ട് വരും.

യേശുദാസിനു ഹരിവരാസനം പാടാന്‍ അവസരം ലഭിച്ചതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. 1974ല്‍ മെരിലാന്‍ഡിന്റെ ബാനറില്‍ പി.സുബ്രഹ്മണ്യത്തിന്റെ പുരാണ ചിത്രമാണ് സ്വാമി അയ്യപ്പന്‍. സുബ്രഹ്മണ്യത്തിന്റെ മകന്‍ കാര്‍ത്തികേയന്‍ ഒരു ദിവസം മുഴുവന്‍ സന്നിധാനത്തില്‍ തങ്ങി എല്ലാപൂജകളും എല്ലാപൂജകളും കണ്ടുതൊഴുതു. രാത്രി അത്താഴപൂജക്കു ശേഷം ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കി തിരുനട അടയ്ക്കുന്നതു കാണാന്‍ ഇടയായി. ഹരിഹരാത്മജ ദേവാഷ്ടകത്തിന്റെ നിറപുണ്യം ശരിക്കും അനുഭവിച്ചു..അപ്പോള്‍ തന്നെ കാര്‍ത്തികേയന്‍ മനസ്സില്‍ കുറിച്ചു. സ്വാമി അയ്യപ്പനില്‍ അതുകൂടി പാടുന്ന രംഗം ചേര്‍ക്കണമെന്ന്. ജി.ദേവരാജനായിരുന്നു സംഗീത സംവിധായകന്‍. ഹരിവരാസനത്തിന് അദ്ദേഹം നല്‍കിയ ഈണം നല്ലതായിരുന്നെങ്കിലും ശ്രീകോവിലില്‍ മേല്‍ശാന്തി പാടുന്ന അതേ ഈണം വേണമെന്നു കാര്‍ത്തികേയനു നിര്‍ബന്ധം. ട്യൂണ്‍ മാറ്റണമെന്ന് ആര് ദേവരാജനോടു പറയും. അതിന് എല്ലാവര്‍ക്കും മടി.അവസാനം സുബ്രഹ്ണ്യം തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതും വളരെ ഭവ്യതയോടെ. മേല്‍ശാന്തി പാടുന്ന ഈണമെന്നു കേട്ടപ്പോള്‍ മനസ്സില്ലാ മനസോടെയാണു സമ്മതിച്ചത്. അതു കേട്ടിട്ടില്ലല്ലോ എന്നു മാസ്റ്റര്‍ പറഞ്ഞപ്പോള്‍ ആകാശവാണി ആര്‍ടിസ്റ്റിനെ കാര്‍ത്തികേയന്‍ മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ എത്തിച്ചു പാടിച്ചു. അതു റെക്കോര്‍ഡ് ചെയ്ത് മാസ്റ്റര്‍ക്ക് അയച്ചു കൊടുത്തു. അതനുസരിച്ച് മാസ്റ്റര്‍ ഈണം മാറ്റി. എട്ടു ശ്ലോകങ്ങളുള്ള ഹരിവരാസനം മധ്യമാവതി രാഗത്തില്‍ യേശുദാസും കോറസും ചേര്‍ന്നു പാടി. എല്ലാവരും ഇഷ്ടപ്പെടുന്ന അയ്യപ്പ സ്തുതിയായി അത് മാറുകയും ചെയ്‍തു.





Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

ഈശ്വരനെ കണ്ട നിമിഷങ്ങൾ