പിച്ച വെക്കും പാദങ്ങൾ
ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല കുട്ടൂസിനു നഴ്സറിയിൽ പോകാൻ. എന്ത് രസമാണ് വീട്ടിൽ അമ്മമ്മേടെ കഥകളൊക്കെ കേട്ട് ഇരിക്കാൻ...കൂട്ടിനു മീനുപൂച്ചയും ഉണ്ടാകും. പപ്പയും അമ്മയും ഓഫീസിൽ പോയി കഴിഞ്ഞു കുറെ സമയം കഴിഞ്ഞാണ് കുട്ടൂസ് എണീക്കാറ്. പിന്നെ അമ്മമ്മ പല്ലു തേപ്പിക്കും, കുളിപ്പിക്കും. അപ്പോൾ ഒരുപാട് കഥകൾ പറയും അമ്മമ്മ. പണ്ട് അപ്പൂപ്പൻ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ കുറെ കാര്യങ്ങൾ. അപ്പൂപ്പനെ കുട്ടൂസിനു ഭയങ്കര ഇഷ്ടമാണ്. കുട്ടൂസ് അപ്പൂപ്പനെ കണ്ടിട്ടില്ല. അപ്പൂപ്പൻ കുറെ മുൻപേ അമ്പാട്ടീടെ അടുത്ത് പോയി. നല്ല സുന്ദരനായിരുന്നത്രെ അപ്പൂപ്പൻ എന്നാണു അമ്മമ്മ പറയുന്നത്. ഉവ്വ്, ഫോട്ടോയിൽ കുട്ടൂസും അത് ശ്രദ്ധിച്ചിട്ടുണ്ട്. മമ്മൂട്ടിയെ പോലെയുണ്ട് അപ്പൂപ്പനെ കാണാൻ. ഫോട്ടോയിലോക്കെ അപ്പൂപ്പൻ കൂളിംഗ് ഗ്ലാസ് വെച്ചാണ് നിൽക്കുന്നത്. പുതിയ വാട്ടർ ബോട്ടിലും ലഞ്ച് ബോക്സും ബാഗും എല്ലാം അമ്മ കഴിഞ്ഞാഴ്ച ലുലുവിൽ പോയപ്പോൾ വാങ്ങി. അമ്മയ്ക്ക് ഭയങ്കര സന്തോഷമാണ് ഒക്കെ വാങ്ങി തരാൻ. അല്ലേൽ ഒരു ലോലിപോപ് വേണമെന്ന് പറഞ്ഞാൽ പോലും അത് തിന്നാൽ പല്ലു കേടാവുംന്നു പറയുന്ന അമ്മ ഇന്നലെ കുട്ടൂന് എന്തൊക്കെയാ വ...