പിച്ച വെക്കും പാദങ്ങൾ
ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല കുട്ടൂസിനു നഴ്സറിയിൽ പോകാൻ.
എന്ത് രസമാണ് വീട്ടിൽ അമ്മമ്മേടെ കഥകളൊക്കെ കേട്ട് ഇരിക്കാൻ...കൂട്ടിനു മീനുപൂച്ചയും ഉണ്ടാകും.
പപ്പയും അമ്മയും ഓഫീസിൽ പോയി കഴിഞ്ഞു കുറെ സമയം കഴിഞ്ഞാണ് കുട്ടൂസ് എണീക്കാറ്. പിന്നെ അമ്മമ്മ പല്ലു തേപ്പിക്കും, കുളിപ്പിക്കും. അപ്പോൾ ഒരുപാട് കഥകൾ പറയും അമ്മമ്മ. പണ്ട് അപ്പൂപ്പൻ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ കുറെ കാര്യങ്ങൾ.
അപ്പൂപ്പനെ കുട്ടൂസിനു ഭയങ്കര ഇഷ്ടമാണ്. കുട്ടൂസ് അപ്പൂപ്പനെ കണ്ടിട്ടില്ല. അപ്പൂപ്പൻ കുറെ മുൻപേ അമ്പാട്ടീടെ അടുത്ത് പോയി. നല്ല സുന്ദരനായിരുന്നത്രെ അപ്പൂപ്പൻ എന്നാണു അമ്മമ്മ പറയുന്നത്. ഉവ്വ്, ഫോട്ടോയിൽ കുട്ടൂസും അത് ശ്രദ്ധിച്ചിട്ടുണ്ട്. മമ്മൂട്ടിയെ പോലെയുണ്ട് അപ്പൂപ്പനെ കാണാൻ. ഫോട്ടോയിലോക്കെ അപ്പൂപ്പൻ കൂളിംഗ് ഗ്ലാസ് വെച്ചാണ് നിൽക്കുന്നത്.
പുതിയ വാട്ടർ ബോട്ടിലും ലഞ്ച് ബോക്സും ബാഗും എല്ലാം അമ്മ കഴിഞ്ഞാഴ്ച ലുലുവിൽ പോയപ്പോൾ വാങ്ങി. അമ്മയ്ക്ക് ഭയങ്കര സന്തോഷമാണ് ഒക്കെ വാങ്ങി തരാൻ. അല്ലേൽ ഒരു ലോലിപോപ് വേണമെന്ന് പറഞ്ഞാൽ പോലും അത് തിന്നാൽ പല്ലു കേടാവുംന്നു പറയുന്ന അമ്മ ഇന്നലെ കുട്ടൂന് എന്തൊക്കെയാ വേണ്ടെന്നു ചോദിച്ച സമയത്തു പറഞ്ഞ ലിസ്റ്റിൽ ലോലിപോപ്പും പറഞ്ഞപ്പോൾ ഒന്നും എതിർത്ത് പറഞ്ഞുമില്ല വേഗം തന്നെ വാങ്ങി തരികേം ചെയ്തു. അപ്പോൾ കുട്ടൂസിനു തോന്നി - കൊള്ളാമല്ലോ, ഈ സ്കൂൾ പോക്ക് ഇങ്ങനെയാണേൽ നല്ല രസമാവും.
അപ്പോൾ ഒരു സന്തോഷം ഒക്കെ തോന്നിയെങ്കിലും പിന്നെയും ഓർത്തപ്പോൾ ഒരു വിഷമം. കരയണ്ടാന്നു വിചാരിച്ചിരുന്നതാ. പക്ഷെ ബസ് വന്നു നിന്നപ്പോൾ എന്താണെന്നറിയില്ല ....കുട്ടൂസ് ഉറക്കെ ഉറക്കെ കരഞ്ഞു. സങ്കടം സഹിക്കാൻ പറ്റിയില്ല.
ബസിൽ ഒരു ആന്റി ഉണ്ടായിരുന്നു. നല്ല വെളുത്ത സുന്ദരി ആന്റി. അവരുടെ മുടി കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. മലയാളം അറിയില്ലെന്ന് തോന്നുന്നു. കുട്ടൂസിനെ സമാധാനിപ്പിക്കാൻ വേണ്ടി അവർ ഓരോന്ന് പറഞ്ഞു. മനസ്സിലായില്ല മുഴുവനും കുട്ടൂസിന് - തന്നോടാരും ഇന്നേ വരെ ഇങ്ങനെ മലയാളം അല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല. അടുത്ത വീട്ടിലെ ചിന്നു ചേച്ചി മാത്രം തന്നെ ഇടയ്ക്കു പഠിപ്പിക്കും ഇംഗ്ലീഷിൽ സംസാരിക്കാൻ.
അപ്പോഴുണ്ട് നല്ല തടിച്ച ഒരു കുട്ടി കേറുന്നു അടുത്ത സ്റ്റോപ്പിൽ നിന്ന് - ആ കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ കുട്ടൂസിനു പിന്നെ കരയേണ്ടെന്നു തോന്നി. അയ്യേ, എന്താ ഈ കുട്ടി ഇങ്ങനെ കരയുന്നെ - എല്ലാവരും അവനെ നോക്കുന്നുണ്ടായിരുന്നു. കുട്ടൂസ് പിന്നെ കരയാൻ പോയില്ല.
ബസിൽ കേറുന്ന പലരും കരയുന്നുണ്ടായിരുന്നു. ഇടയ്ക്കു ഓർത്തപ്പോൾ അവനു പിന്നെയും കരച്ചിൽ വരുന്ന പോലെ തോന്നി. പക്ഷെ കുട്ടൂസ് സ്വയം സമാധാനിപ്പിച്ചു. സ്കൂളിൽ ചെന്ന് കുറച്ചു പഠിപ്പിച്ചു കഴിഞ്ഞാൽ തിരിച്ചു വരാൻ പറ്റുമെന്നാ അമ്മ പറഞ്ഞെ. അമ്മമ്മ ഉണ്ടാവും അപ്പോൾ തന്നെ ബസ് സ്റ്റോപ്പിൽ കാത്തു നില്ക്കാൻ. അത് ആലോചിച്ചപ്പോൾ തന്നെ കുട്ടൂസിനു ഭയങ്കര സന്തോഷം തോന്നി. വേണ്ട, ഇനി കരയണ്ട. എല്ലാവരും എന്താ ചെയ്യുന്നതെന്ന് നോക്കി ഇരിക്കാം.
അടുത്ത സീറ്റിൽ ഇരിക്കുന്ന പൊട്ടു തൊട്ടു ഇരിക്കുന്ന കുട്ടി അവൾ കഴുത്തിലെ ടൈ കടിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ അത് വലിച്ചു കളിക്കാൻ തുടങ്ങി. അവളുടെ ടൈ വേഗം തന്നെ കേടാവും ഇങ്ങനെയാണേൽ. അമ്മമ്മ പറഞ്ഞത് ഓർത്തു പോയി അപ്പോൾ.
അവളുടെ അടുത്ത് ഇരിക്കുന്ന കണ്ണട വെച്ച കുട്ടി ഇരുന്നു ഉറക്കം തൂങ്ങുന്നത് കണ്ടു. അവന്റെ കണ്ണടയുടെ കളർ കുട്ടൂസിന് നല്ല ഇഷ്ടായി. അങ്ങനെ ഓരോന്ന് നോക്കിയിരുന്നു കണ്ണ് അടഞ്ഞു പോകുമെന്ന് തോന്നിയപ്പോഴേക്കും ബസ് നിർത്തി ആന്റി എല്ലാരേയും പിടിച്ചു എണീപ്പിക്കാൻ തുടങ്ങി.
കുട്ടൂസിനു പിന്നെയും സങ്കടം വന്നു. കരച്ചിൽ വന്നപ്പോഴേക്കുമുണ്ട് തന്റെ കൂടെയുണ്ടായിരുന്ന കുറെ പേരും കരയാൻ തുടങ്ങുന്നു. അപ്പോൾ ഒട്ടും സഹിക്കാൻ പറ്റിയില്ല. ഉറക്കെ കരഞ്ഞു. തന്റെ കൈപിടിച്ച് കൊണ്ട് ആന്റി എങ്ങോട്ടോ കൊണ്ട് പോകാൻ തുടങ്ങി. കുട്ടൂസിനു പേടി തോന്നി. അമ്മയും പപ്പയും ഒന്നുമില്ലാതെ ആദ്യമായിട്ടാ ഒറ്റയ്ക്ക് എവിടേലും പോകുന്നെ. ഇനി അമ്മയെയും പപ്പയെയും അമ്മമ്മയെയും മീനുപൂച്ചയേയും ഒന്നും കാണാൻ പറ്റില്ലേ തനിക്കു ഇനി എന്നൊരു പേടി ഉള്ളിൽ വരാൻ തുടങ്ങി. അവൻ ഉറക്കെ കരഞ്ഞു. അവിടെന്നു ഓടാൻ തോന്നി കുട്ടൂസിന് . പക്ഷെ ബസിലെ ആന്റി അവന്റെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു.
വഴിയിൽ കണ്ടവരൊക്കെ ഉറക്കെ കരയുന്നുണ്ടായിരുന്നു .
അവർ നടന്നു ഒരു റൂമിലെത്തി. അവിടെ നല്ല ഭംഗിയുള്ള ഒരു ആന്റിയെ കണ്ടു. അവർ കുട്ടൂസിനെ നോക്കി ചിരിച്ചു. വന്നു കെട്ടി പിടിച്ച് അവനെ നീല നിറത്തിലുള്ള വല്യ ഒരു ആനകുട്ടിയുടെ പടമുള്ള ഒരു കസേരയിൽ കൊണ്ടിരുത്തി. അവൻ പക്ഷെ കരച്ചിൽ നിർത്തിയില്ല. ചുറ്റും നോക്കി കരഞ്ഞു.
തന്റെ ചുറ്റുമുള്ള കുറേ പേര് കരയുന്നതു കണ്ടപ്പോൾ പിന്നെയും സങ്കടം കൂടാൻ തുടങ്ങി. ഇതാവും ചിന്നുച്ചേച്ചി പറയുന്ന ക്ലാസ്സ്‌റൂം. അവനു മനസ്സിലായി. ഓ, അപ്പോൾ തന്നെ കെട്ടിപിടിച്ചതു ടീച്ചർ ആവും.
ആന്റി അല്ല അത്. കുട്ടൂസ് മനസ്സിലാക്കി.
കുട്ടൂസ് പിന്നെയും ടീച്ചറുടെ മുഖത്തേക്ക് നോക്കി. നല്ല ഭംഗിയുണ്ട് ടീച്ചറിനെ കാണാൻ. ചിന്നുച്ചേച്ചി പറഞ്ഞ പോലെ അടിക്കുമെന്നു തോന്നുന്നില്ല കണ്ടിട്ട്. ചിന്നുചേച്ചി തന്നെ അന്ന് അമ്മ പറഞ്ഞ പോലെ വെറുതെ പറഞ്ഞു പേടിപ്പിച്ചതാണെന്നു അവനു തോന്നി.
മൂത്രമൊഴിക്കണമെന്നു കുറച്ചു നേരമായി തോന്നി തുടങ്ങിയിട്ട്. അത് മനസ്സിലാക്കിയ പോലെ വേറൊരു ആന്റി വന്ന് അവനെ വിളിച്ചു കൊണ്ട് പോയി. ഭാഗ്യം, ഇപ്പോൾ ആ ആന്റി വന്നില്ലായിരുന്നെങ്കിൽ തന്റെ ഡ്രസ്സ് ചീത്തയായേനെ. കുട്ടൂസ് ഓർത്തു.
തിരിച്ചു വന്നു ക്ലാസ്സിൽ ഇരുന്നപ്പോഴേക്കും ടീച്ചർ അവന്റെ ബാഗ് തുറന്നു അമ്മ ബാഗിൽ വെച്ച അവന്റെ പുതിയ ടോം ആൻഡ് ജെറിയുടെ പടമുള്ള ടിഫ്ഫിൻബോക്സ് തുറന്നു വെച്ച് കൊടുത്തു. കരഞ്ഞു കൊണ്ടാണ് നോക്കിയതെങ്കിലും അതിൽ നഗഡ്സ് കണ്ടപ്പോൾ അവനു സന്തോഷം തോന്നി. അമ്മ വാക്കു തന്ന പോലെ തന്നെ നഗഡ്സ് വെച്ചിട്ടുണ്ട് തനിക്ക് .
അതിനിടയിൽ കണ്ടു അടുത്തിരിക്കുന്ന ബാറ്റ് മാന്റെ വാച്ച് കെട്ടിയിരിക്കുന്ന കുട്ടി ബിരിയാണിയാണ് കൊണ്ട് വന്നിരിക്കുന്നത്. അതിന്റെ അപ്പുറത്തിരിക്കുന്ന കുട്ടി തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കൂട്ടൂസ് പക്ഷെ തിരിച്ചു ചിരിച്ചില്ല. അവൾ ഓറഞ്ചും ആപ്പിളും ഒക്കെ ചെറിയ കഷ്ണങ്ങളായി മുറിച്ചാണ് കൊണ്ട് വന്നിരിക്കുന്നത്. തന്റെ നഗഡ്സ് എടുത്തു അവൻ പതുക്കെ കഴിക്കാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ വന്നു അവന്റെ ടോം ആൻഡ് ജെറിയുടെ ടിഫ്ഫിൻ ബോക്സിൽ നിന്ന് ഒരു കഷണമെടുത്തു അവന്റെ വായിൽ വെച്ച് തന്നു. അതവനിഷ്ടമായി !
അവൻ ടീച്ചറിനെ നോക്കിയപ്പോൾ ടീച്ചർ അവനെ നോക്കി പുഞ്ചിരിച്ചു. അവൻ പക്ഷെ തിരിച്ചു ചിരിച്ചില്ല. ടീച്ചറോട് ഒരു കാര്യം ചോദിക്കണമായിരുന്നു. പക്ഷെ താൻ മലയാളത്തിൽ പറഞ്ഞാൽ ടീച്ചർക്ക് മനസ്സിലാവില്ലല്ലോ. എന്നാലും തനിക്കു ചോദിക്കണം.
അങ്ങനെ കഷ്ടപ്പെട്ട് അവസാനം കുട്ടൂസ് ചോദിച്ചു
'ഫിനിഷ് സ്റ്റഡി, ഐ ഗോ ഹോം?'
താൻ പറഞ്ഞത് ശെരിയാണോന്നു അറിയില്ല.
പക്ഷെ അത് കേട്ടിട്ട് ടീച്ചർ ചിരിച്ചു.
എന്നിട്ട്,
'യെസ് , മൈ ഡിയർ' എന്നും പറഞ്ഞു.
അപ്പോൾ കുഴപ്പമില്ല. ടീച്ചർക്ക് മനസ്സിലാവുന്നുണ്ട് താൻ പറയുന്നത്. ചിന്നുച്ചേച്ചിയെ തിരിച്ചു പോയിട്ട് ഒന്ന് കെട്ടിപിടിച്ചു ഉമ്മ കൊടുക്കണമെന്ന് അവൻ ഉറപ്പിച്ചു. തന്നെ ഇംഗ്ലീഷ് പഠിപ്പിച്ചത് ചിന്നു ചേച്ചിയാ.
അങ്ങനെ ഓരോന്നാലോചിച്ചു കുറച്ചു കഴിഞ്ഞു നോക്കിയപ്പോഴുണ്ട് തന്റെ ടിഫ്ഫിൻ ബോക്സിലെ നഗഡ്സ് എല്ലാം കഴിഞ്ഞിരിക്കുന്നു. ടിഫ്ഫിൻ ബോക്സിൽ അങ്ങനെ ടീച്ചർ സ്റ്റാറും ഇട്ടു തന്നു. നല്ല ഭംഗിയുള്ള ഗോൾഡൻ സ്റ്റാർ. മുഴുവൻ ഭക്ഷണവും കഴിക്കുന്നവർക്ക് സ്റ്റിക്കർ സ്റ്റാർ തരുമെന്നു ടീച്ചർ പറഞ്ഞിരുന്നു. അവനിഷ്ടമായി ടീച്ചറെ.
അമ്മമ്മയ്ക്കു സന്തോഷമാവും ഇത് കാണുമ്പോൾ. വീട്ടിലെത്താൻ കൊതിയായി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ടീച്ചർ,
'ഹോം ടൈം' എന്ന് പറഞ്ഞു.
എല്ലാവരും ഭയങ്കര സന്തോഷത്തിലായി അപ്പോൾ.
രാവിലെ ഉറക്കെ കരഞ്ഞിരുന്ന ചോട്ടാ ഭീം കാർട്ടൂണിലെ കാലിയയെ പോലെയിരിക്കുന്ന കുട്ടി ഉറക്കെ കൈകൊട്ടി ചിരിക്കുന്ന കണ്ടു. അല്പം കഴിഞ്ഞപ്പോൾ ആന്റി വന്നു അവന്റെ ബാഗ് എല്ലാം എടുത്തു അവനെ ബസിലേക്ക് കൊണ്ട് പോയി.
രാവിലെ കരഞ്ഞിരുന്ന ആരും തിരിച്ചുള്ള ബസ്സ് യാത്രയിൽ കരയുന്നുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ തോന്നി.
കണ്ണ് തുറന്നപ്പോൾ കുട്ടൂസ് താമസിക്കുന്ന മഞ്ഞ നിറത്തിലുള്ള ബിൽഡിംഗ് കണ്ടു. അവിടെ അവനെയും കാത്ത് അമ്മമ്മ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. അമ്മമ്മയെ കണ്ടതും കുട്ടൂസ് എടുക്കാനായി കൈ നീട്ടി. അമ്മമ്മ അവനെ എടുത്തു തുരുതുരാ ഉമ്മ വെച്ചു . അമ്മമ്മയുടെ തോളിൽ പറ്റിക്കിടന്നു അവൻ ഫ്ലാറ്റിലേക്ക് കയറിയപ്പോൾ അവിടെ അവനെയും കാത്തു മീനുപൂച്ച ഇരിക്കുന്നുണ്ടായിരുന്നു.
മീനുപൂച്ചക്കും അമ്മമ്മയ്ക്കും തനിക്കു കിട്ടിയ സ്വർണ നിറത്തിലുള്ള സ്റ്റിക്കർ സ്റ്റാർ കാണിച്ചു കൊടുത്തു പിന്നെ വൈകുന്നേരം അമ്മയും പപ്പയും വന്നിട്ട് അത് കാണിക്കാനായി അവൻ കാത്തിരുന്നു.
ഉച്ചക്ക് അമ്മാമ്മേടെ കയ്യിൽ നിന്ന് നെയ് കൂട്ടി കുഴച്ച നല്ല സ്വാദുള്ള ഉരുള കഴിച്ച് അമ്മമ്മയെയും കെട്ടി പിടിച്ച് ഉറങ്ങാൻ കിടന്നപ്പോൾ കുട്ടൂസ് ഓർത്തത് അവന്റെ സ്വർണ നിറത്തിലുള്ള സ്റ്റിക്കർ സ്റ്റാർ തന്ന ടീച്ചറിനെയാണ്.
നാളെ ടീച്ചറോട് പോയി അമ്മമ്മ പറഞ്ഞു തന്ന പോലെ
'താങ്ക് യു' പറയണമെന്ന് അവൻ ഉറപ്പിച്ചു.
ചോട്ടാ ഭീമിലെ കാലിയയെ പോലെയിരിക്കുന്ന കുട്ടിയോട് അവനിഷ്ടം തോന്നിയിരുന്നു.. അവനോടു ഇനി കരയണ്ടാന്നും പറയണം.

Comments
Post a Comment