കണ്ണ് ചിമ്മും നക്ഷത്രം
ദീപമോളുടെ കല്യാണ സദ്യയും കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു ഭാമയോടൊപ്പം ഇറങ്ങിയപ്പോൾ വേണുവേട്ടന്റെ കണ്ണിൽ ചെറിയ നനവുണ്ടായിരുന്നു. അതാരെയും കാണിക്കാതെ വേണുവേട്ടൻ മെല്ലെ പുറത്തേക്കിറങ്ങി. തിരിച്ചുള്ള യാത്രയിൽ മയക്കത്തിലാണ്ടു പോയ ഭാമയോട് ചേർന്ന് വേണുവേട്ടൻ വിദൂരതയിലേക്കു കണ്ണും നട്ടിരുന്നു..മനസ്സിൽ വലിയ ഒരാശ്വാസത്തിന്റെ കുളിർമ്മ പരക്കുന്നത് വേണുവേട്ടൻ അപ്പോൾ അറിഞ്ഞു.. ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങിയപ്പോൾ കണ്ട മുഖം ആത്‌മമിത്രം രവിയുടേതായിരുന്നു...രവിയുടെ കണ്ണുകളിലും നനവുണ്ടായിരുന്നു...രവി വേണുവേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു, 'ഞാൻ മറക്കില്ല വേണുവേട്ടാ.....എനിക്ക് വേണ്ടി ജീവിച്ച വേണുവേട്ടനെ..' രവി വേണുവേട്ടന്റെ കാതുകളിൽ മന്ത്രിച്ചു..അത് കേട്ട് വേണുവേട്ടനും കരഞ്ഞു.. ഇടയ്ക്കെപ്പോഴോ ഞെട്ടിഎണീറ്റപ്പോൾ കണ്ടതൊക്കെ സ്വപ്‌നമാണെന്ന് അറിഞ്ഞു..പക്ഷെ വേണുവേട്ടന് അറിയാമായിരുന്നു ഈ യാത്രയിൽ രവി തന്നോടൊപ്പം തന്നെയുണ്ടാവുമെന്ന്..മെല്ലെ അടുത്തിരുന്നു സുഖമായി ഉറങ്ങുന്ന ഭാമയെ നോക്കി....അവളുടെ വാർദ്ധക്യം കടന്നു കൂടിയ കൈവിരലുകളിൽ വേണുവേട്ടൻ മെല്ലെ തലോടി ....പാവം...