കണ്ണ് ചിമ്മും നക്ഷത്രം
ദീപമോളുടെ കല്യാണ സദ്യയും കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു ഭാമയോടൊപ്പം ഇറങ്ങിയപ്പോൾ വേണുവേട്ടന്റെ കണ്ണിൽ ചെറിയ നനവുണ്ടായിരുന്നു. അതാരെയും കാണിക്കാതെ വേണുവേട്ടൻ മെല്ലെ പുറത്തേക്കിറങ്ങി.
തിരിച്ചുള്ള യാത്രയിൽ മയക്കത്തിലാണ്ടു പോയ ഭാമയോട് ചേർന്ന് വേണുവേട്ടൻ വിദൂരതയിലേക്കു കണ്ണും നട്ടിരുന്നു..മനസ്സിൽ വലിയ ഒരാശ്വാസത്തിന്റെ കുളിർമ്മ പരക്കുന്നത് വേണുവേട്ടൻ അപ്പോൾ അറിഞ്ഞു.. ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങിയപ്പോൾ കണ്ട മുഖം ആത്‌മമിത്രം രവിയുടേതായിരുന്നു...രവിയുടെ കണ്ണുകളിലും നനവുണ്ടായിരുന്നു...രവി വേണുവേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു,
'ഞാൻ മറക്കില്ല വേണുവേട്ടാ.....എനിക്ക് വേണ്ടി ജീവിച്ച വേണുവേട്ടനെ..'
രവി വേണുവേട്ടന്റെ കാതുകളിൽ മന്ത്രിച്ചു..അത് കേട്ട് വേണുവേട്ടനും കരഞ്ഞു..
ഇടയ്ക്കെപ്പോഴോ ഞെട്ടിഎണീറ്റപ്പോൾ കണ്ടതൊക്കെ സ്വപ്‌നമാണെന്ന് അറിഞ്ഞു..പക്ഷെ വേണുവേട്ടന് അറിയാമായിരുന്നു ഈ യാത്രയിൽ രവി തന്നോടൊപ്പം തന്നെയുണ്ടാവുമെന്ന്..മെല്ലെ അടുത്തിരുന്നു സുഖമായി ഉറങ്ങുന്ന ഭാമയെ നോക്കി....അവളുടെ വാർദ്ധക്യം കടന്നു കൂടിയ കൈവിരലുകളിൽ വേണുവേട്ടൻ മെല്ലെ തലോടി ....പാവം നല്ല ക്ഷീണമുണ്ടാവും...ഉറങ്ങിക്കോട്ടെ...
വേണുവേട്ടൻ പിന്നെയും വിദൂരതയിലേക്ക് നോക്കിയിരുന്നു ..പാവം ഭാമ, തനിക്കിന്നു വരെ ജീവിതത്തിൽ എന്തെങ്കിലും ചെയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് തന്റെ ഭാമ കാരണം തന്നെയാണ്.
വർഷങ്ങള്ക്കു മുൻപ് വേണുവേട്ടൻ ഒരവധിക്ക് നാട്ടിൽ വന്ന സമയം...വന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു...അപ്പോളാണ് ദുബൈയിൽ നിന്നൊരു ഫോൺകാൾ.. എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നായിരുന്നു സന്ദേശം. ഭാമയുടെ അടുത്ത് ചെന്ന് വേണുവേട്ടൻ അത് പറഞ്ഞപ്പോൾ അവൾക്കു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല...നാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വന്ന വരവാണ്. ഏതൊരു ഭാര്യക്കും സഹിക്കില്ല വന്നു ഒരാഴ്ച കഴിയുമ്പോൾ തന്നെ തിരിച്ചു പോണമെന്നു പറഞ്ഞാൽ...
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു വേണുവേട്ടൻ വരുന്നെന്നു കേട്ട അന്ന് മുതൽ അവൾ നെയ്തു കൂട്ടിയിരുന്നത്. ഭഗവതി കാവിൽ, അടുത്ത കൂട്ടുകാരി ശാരദയുടെ വീട്ടിൽ, വേണുവേട്ടന്റെ പ്രിയപ്പെട്ട വയനാട്ടിൽ അങ്ങനെ പോകാൻ കാത്തിരുന്ന ഒരുപാടു സ്ഥലങ്ങൾ ഉണ്ട്...വന്നിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ബന്ധുക്കളുടെ വീടുകളിലുള്ള സന്ദർശനം അത് വരെ കഴിഞ്ഞിരുന്നില്ല...എല്ലാം വേഗം തീർത്തിട്ട് വേണം നമുക്ക് ബാക്കി സ്ഥലങ്ങളിൽ പോകാൻ എന്ന് വേണുവേട്ടനും ഭാമയും എന്നും കണക്കു കൂട്ടും.
വേണുവേട്ടൻ അതിനു മുൻപ് വന്നു പോകുമ്പോൾ ഉണ്ണികുട്ടന് ഒരു വയസ്സ് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു ...കത്തുകളിലൂടെയും ഇടയ്ക്കിടെ അയക്കുന്ന ഫോട്ടോകളിൽ കൂടിയുമേ അദ്ദേഹം ഉണ്ണിക്കുട്ടനെ പിന്നെ കണ്ടിട്ടുള്ളു...വല്ലപ്പോഴും വരുന്ന ഫോൺ കാൾ - അതിൽ കേൾക്കുന്ന ശബ്ദമാണ് ഉണ്ണിക്കുട്ടന് അച്ഛനെന്നാൽ...അത് കൊണ്ട് കാത്തു കാത്തിരുന്ന സുദിനത്തിൽ അച്ഛൻ എത്തിയപ്പോൾ ഉണ്ണിക്കുട്ടന് പക്ഷെ നാണമായി അടുത്തേക്ക് ചെല്ലാൻ ...ഭാമയുടെ സാരിത്തുമ്പും പിടിച്ചു അവൻ അച്ഛന്റെ കൺവെട്ടത്തു വരാതെ ഒളിച്ചു നടന്നു.
വേണുവേട്ടനാണെങ്കിൽ ഭാമയെയും ഉണ്ണികുട്ടനെയും കൺകുളിർക്കെ കണ്ടു മതി വരുന്നില്ലായിരുന്നു...തന്റെ നെഞ്ചിലെ ചൂടേറ്റു ഭാമ ഉറങ്ങി കഴിയുമ്പോൾ അവളെ പതുക്കെ മാറ്റി കിടത്തി അരികിലിരുന്നു അവളുടെ മുഖം നോക്കി കൊണ്ട് കുറെ സമയം ഉറങ്ങാതിരിക്കും...തൊട്ടടുത്ത് കിടന്നുറങ്ങുന്ന ഉണ്ണിക്കുട്ടനെ വാത്സല്യത്തോടെ തലോടും..
കല്യാണം കഴിഞ്ഞ സമയത്തു അവർ ഒരുമിച്ചു എടുത്ത തീരുമാനമാണ് പ്രായമായ അച്ഛനെയും അമ്മയെയും തനിച്ചാക്കാതെ ഭാമ നാട്ടിൽ തന്നെ നിൽക്കാമെന്ന്. കൂട്ടുകാരികൾ അത് മണ്ടത്തരമെന്നു പറഞ്ഞു ഭാമയെ കളിയാക്കി. എന്തിനധികം പറയുന്നു വേണുവേട്ടന്റെ അനിയത്തി സുധ പോലും അതിനു വേറെ എന്തൊക്കെയോ അർഥങ്ങൾ ആണ് കണ്ടെത്തിയത്.
എന്നാൽ മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു യഥാർത്ഥത്തിൽ. അത് പക്ഷെ അവർ ആരോടും പങ്കു വെച്ചില്ല...വേണുവേട്ടന്റെ ജോലി കുറച്ചു കഠിനമായിരുന്നു. പല ഷിഫ്റ്റുകളിൽ ആയി വേണം ജോലി ചെയ്യാൻ...അവിടെ കുടുംബം കൂടിയുണ്ടെങ്കിൽ അവർ കഷ്ടപ്പെടുമെന്നു അദ്ദേഹത്തിന് തോന്നി. എന്തായാലും വേണുവേട്ടനെ മനസ്സിലാക്കാൻ ഭാമയ്ക്കു ബുദ്ധിമുട്ടുണ്ടായില്ല...കാരണം, വേണുവേട്ടന്റെ കമ്പനിയില്ലായിരുന്നല്ലോ ഭാമയുടെ അച്ഛനും ജോലി ചെയ്തിരുന്നത്...അവിടത്തെ ജോലിപ്രശ്നങ്ങളും എല്ലാം അച്ഛനിലൂടെ ഭാമയ്ക്കു അറിവുള്ളതായിരുന്നു...
വേണുവേട്ടൻ ഭാമയുടെ അച്ഛനു ഏറെ പ്രിയപ്പെട്ടവനായിരുന്നു. അത് കൊണ്ട് തന്നെയാണ് സ്വത്തും മറ്റു യോഗ്യതകളും ഒന്നും നോക്കാതെ ഭാമയുടെ ജീവിതം അച്ഛൻ വേണുവേട്ടനെ ഏല്പിച്ചത്. ആ കൈകളിൽ അവളുടെ ജീവിതം ഭദ്രമാണെന്ന് അദ്ദേഹത്തിന് തോന്നിയതിൽ തെറ്റില്ല...യാതൊരു വിധ സ്വഭാവ ദൂഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല ...സ്നേഹസമ്പന്നനും...ഭാമയും അച്ഛനെ മനസ്സിലാക്കിയ മകൾ തന്നെയായിരുന്നു..
വേണുവേട്ടന് ഉടൻ തിരിച്ചു പോണമെന്നു പറഞ്ഞു വന്ന ആ ഫോൺ കാൾ പക്ഷെ ഭാമയ്ക്കു സഹിക്കാൻ കഴിഞ്ഞില്ല....ഒരിക്കൽ പോലും യാതൊരു വിധ ദേഷ്യവും കാണിക്കാത്ത ഭാമ അന്ന് പക്ഷെ അവളുടെ വേണുവേട്ടനോട് കയർത്തു..വേണുവേട്ടന്റെ അച്ഛന്റേം അമ്മയുടെയും മുന്നിൽ വെച്ച് അധികം പുകിലുണ്ടാക്കിയില്ലെങ്കിലും വേണുവേട്ടൻ തനിയെ അടുത്ത് കിട്ടിയപ്പോൾ ഭാമ കയർത്തു...എന്തൊക്കെയോ വിളിച്ചു പറഞ്ഞു, അവസാനം കരഞ്ഞു അദ്ദേഹത്തെ ദേഹോപദ്രവം വരെ ചെയ്തു....അത്രയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല ഭാമയ്ക്ക്. വേണുവേട്ടൻ അവസാനം ഭാമയെ തന്നോട് ചേർത്ത് പിടിച്ചപ്പോൾ അവൾ ഒരുപാട് കരഞ്ഞു ....പൊട്ടി പൊട്ടി കരഞ്ഞു..
'ഭാമേ, നീ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്കു...ജോലിതിരക്കല്ല എന്നെ തിരിച്ചു വിളിക്കുന്നത്...നിനക്കറിയാലോ, അടുത്ത വർഷമെങ്കിലും നിന്നെയും ഉണ്ണിക്കുട്ടനെയും ദുബായിലേക്ക് കൊണ്ട് പോകണമെന്ന് കരുതി ഞാൻ ചെറിയ ഒരു ഫ്ലാറ്റ് ഒക്കെ തട്ടികൂട്ടിയത് ... കൂടെ ഷെയറിങ്ങ് ആയി കൂടെ ജോലി ചെയ്യുന്ന രവിയെ കൂട്ടിയത്...രവിക്ക് ഫ്ലാറ്റിൽ വെച്ച് എന്തോ അപകടം പറ്റിയിരിക്കുന്നു. അത് കൊണ്ടാണ് ഞാൻ അവിടെ എത്രയും പെട്ടെന്ന് എത്തണമെന്ന് പറഞ്ഞു കമ്പനിയിൽ നിന്ന് വിളി വന്നത്...എന്താണെന്ന് തെളിച്ചു പറയുന്നില്ല അവർ...ഫ്ലാറ്റ് എന്റെ പേരിലായതു കൊണ്ട് ഞാൻ അവിടെ ഉണ്ടാകേണ്ടത് അത്യാവശ്യമാണത്രേ..ഞാൻ പലരെയും വിളിക്കാൻ ശ്രമിച്ചു നോക്കി...പക്ഷെ ആരെയും കിട്ടുന്നില്ല ...കമ്പനി PRO വിളിച്ചപ്പോൾ പറഞ്ഞത് രവിയാണ് ബന്ധമുണ്ടായിരുന്ന അവിടെയുള്ള എല്ലാവരും പോലീസ് നിരീക്ഷണത്തിലാണെന്നാണ്.'
ഇത്രയും കേട്ടതോടെ ഭാമ ആകെ ഭയന്ന് പോയി....
'അയ്യോ...വേണുവേട്ടാ...എന്തായിരിക്കും അവിടെ നടന്നു കാണുക?"
വേണുവേട്ടൻ ഭാമയെ സമാധാനിപ്പിച്ചു...
'എനിക്കറിയില്ലല്ലോ ഭാമേ....തനിക്കു വിഷമമാവണ്ട എന്ന് വെച്ചാ ഞാൻ ഇത് പറയാതിരുന്നേ....ഇതിപ്പോൾ താൻ എനിക്ക് സ്വൈര്യം തരാതായപ്പോൾ ഞാൻ പറഞ്ഞതാ...എന്തായാലും നാളേക്ക് തന്നെ ടിക്കറ്റ് ശെരിയാക്കാൻ ട്രാവെൽസിലെ മജീദിക്കയോട് പോയി പറഞ്ഞിട്ടുണ്ട്...എന്നോട് രാവിലെ പത്തു മണിയോട് കൂടി ഇറങ്ങിക്കോളാനാണു മജീദിക്ക പറഞ്ഞിരിക്കുന്നെ....അദ്ദേഹം എയർപോർട്ടിൽ എത്തും ടിക്കറ്റുമായി.."
അന്ന് രാവേറെ ചെന്നിട്ടും ഭാമയ്ക്കും വേണുവേട്ടനും ഉറങ്ങാൻ കഴിഞ്ഞില്ല....ഇതിനെ ചൊല്ലി കരയില്ലെന്നു വേണുവേട്ടൻ ഭാമയെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു. ഉറങ്ങി കിടന്ന ഉണ്ണിക്കുട്ടനെ വേണുവേട്ടൻ ഇറുക്കെ പുണർന്നു ഉമ്മകൾ കൊണ്ട് മൂടി....ഗാഢമായ നിദ്രയിൽ ഏതോ സ്വപ്നം കണ്ടു ഉണ്ണിക്കുട്ടൻ അപ്പോൾ മെല്ലെ പുഞ്ചിരിച്ചു...ഭാമയും വേണുവേട്ടനും പരസ്പരം കണ്ണിമ വെട്ടാതെ നോക്കി കിടന്നു പുലര്കാലമായപ്പോൾ എപ്പോഴോ അവർ മയങ്ങി പോയി...
സാധാരണ നാട്ടിൽ വന്നു പോകുമ്പോഴുള്ള വിഷമം അതവണത്തെ തിരിച്ചുപോക്കിൽ വേണുവേട്ടന് പക്ഷേ തോന്നിയില്ല....തന്റെ പ്രിയ സുഹൃത്ത് രവിയെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സ് നിറയെ .....ദുബായ് എയർപോർട്ടിൽ ഇറങ്ങിയ വേണുവേട്ടനെയും കാത്തു കമ്പനിയിലെ PRO നിന്നിരുന്നു....PRO അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.. തന്റെ പ്രിയപ്പെട്ട രവി ഇന്നീ ലോകത്തു ഇല്ലായെന്ന ഞെട്ടിക്കുന്ന സത്യം വേണുവേട്ടനെ അദ്ദേഹം അറിയിച്ചു....
വേണുവേട്ടൻ നാട്ടിൽ പോയി രണ്ടു ദിവസം കഴിഞ്ഞു പിന്നെ രവിയെ ആരും അവിടെ കണ്ടിട്ടില്ലായിരുന്നു.....അന്ന് മൊബൈൽ ഫോൺ ഉള്ള കാലമായിരുന്നില്ല..വേണുവേട്ടന്റെ ഫ്ളാറ്റിലെ ഫോണിലേക്ക് അവർ വിളിച്ചു നോക്കിയെങ്കിലും ആരും ഫോൺ എടുത്തില്ല...അവരുടെ ഫ്ലാറ്റിൽ ചെന്ന് ബെല്ലടിച്ചു നോക്കിയിട്ടും കാര്യമുണ്ടായില്ല....പോലീസിൽ പറയാമെന്നു അവർ ആലോചിച്ചെങ്കിലും ഉള്ളിൽ ഭയം തോന്നി അവരാദ്യം അങ്ങനെ ചെയ്തില്ല...പിന്നീട് വേണുവേട്ടന്റെ ഫ്ലാറ്റിൽ നിന്നും എന്തോ ദുർഗ്ഗന്ധം വമിക്കുന്നുണ്ടെന്നു അയൽക്കാർ ശ്രദ്ധിച്ചത്. അവരതു പോലീസിനെ അറിയിച്ചതോടെയാണ് പിന്നെ കാര്യങ്ങൾ മുന്നോട്ടു നീങ്ങിയത്...
പോസ്റ്റ് മോർട്ടം പ്രകാരം വേണുവേട്ടൻ നാട്ടിൽ പോയി കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞാണ് രവിയുടെ മരണം നടന്നിരിക്കുന്നത്....ശരീരത്തിൽ മദ്യത്തിന്റെ അളവും വളരെയധികം കൂടുതൽ ഉള്ളതായും കണ്ടെത്തി..
പതിവ് പോലെ രവി അന്നും അത്യാവശ്യം നന്നായി മദ്യപിച്ചു കാണണം..വേണുവേട്ടൻ ഓർത്തു..അതിനും മാത്രം മനഃക്ലേശങ്ങൾ രവിക്കുണ്ടായിരുന്നു. രവിയുടെ ഭാര്യ മകൾക്കു 4 വയസ്സുള്ള സമയത്തു ഒരു അപകടത്തിൽ മരണമടഞ്ഞിരുന്നു ..മകൾക്കു വേണ്ടിയാണ് രവി പിന്നെ ജീവിച്ചത്. മകളുടെ ഹൃദയമിടിപ്പ് സാധാരണ രീതിയിലും അൽപ്പം കൂടുതൽ ആയി തോന്നിയപ്പോൾ പല ഡോക്ടർമാരെയും കാണിച്ചു. ഒരു ഓപ്പറേഷൻ അല്ലാതെ മറ്റൊന്നും അവർക്കു പോംവഴിയായി പറഞ്ഞു കൊടുക്കാൻ ഇല്ലായിരുന്നു...സാമ്പത്തികം ആയി വളരെയധികം ഞെരുങ്ങിയിരുന്ന രവിക്ക് അത് ഒരു തീരാവേദനയായിരുന്നു. ഈ വിഷമങ്ങളിൽ നിന്നുള്ള ഒരു ആശ്വാസമായി രവി കണ്ടത് മദ്യപാനമാണ്...
കുളിമുറിയിൽ വാഷ്‌ബേസിന്റെ അടുത്തായി തലയിടിച്ചു മരണപ്പെട്ട നിലയിലാണ് രവിയുടെ മൃതശരീരം അന്ന് കണ്ടെടുത്തതത്രേ. വേണുവേട്ടൻ പോലീസ് സ്റ്റേഷനിൽ എത്തി ചില പേപ്പറുകളിൽ ഒപ്പു വെച്ച് പിന്നെ അവരുടെ ചില ചോദ്യങ്ങൾക്കു മറുപടിയും പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് നേരെയുള്ള ചോദ്യം ചെയ്യൽ എന്ന പ്രക്രിയ പൂർത്തിയായി....
മൃതശരീരം കുറച്ചു പഴകിയതു കൊണ്ട് നാട്ടിലേക്ക് കൊണ്ട് പോകുന്നത് ബുദ്ധിമുട്ടായിരുന്നു..ഒപ്പം മറ്റു പല സാങ്കേതിക തടസ്സങ്ങളും. അതിനാൽ സോണാപ്പൂരിലെ പൊതുശ്‌മശാനത്തിൽ രവിയുടെ ശവസംസ്‌കാരം നടന്നു.
വേണുവേട്ടന്റെ പേരിലുള്ള ഫ്ലാറ്റിലാണല്ലോ മരണം നടന്നത്...പോലീസ് നടപടികൾ അധികം താമസിയാതെ കഴിഞ്ഞെങ്കിലും രവിയുടെ മരണം വേണുവേട്ടനെ വല്ലാതെ തളർത്തി..തുടർന്ന് ആ ഫ്ലാറ്റിൽ ഒരു നിമിഷം പോലും നിൽക്കാനുള്ള മനസ്സ് വേണുവേട്ടന് ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ വേണുവേട്ടന് ആ ഫ്ലാറ്റിൽ പിന്നെ താമസിക്കാൻ കഴിഞ്ഞില്ല...
വേണുവേട്ടനെ അവിടുന്നങ്ങോട്ട് തളർത്തിയത് രവിയുടെ മകളെ കുറിച്ചുള്ള ചിന്തകളായിരുന്നു..രവി എന്നും സങ്കടപ്പെട്ടിരുന്നത് വേണുവേട്ടനെ പിന്തുടർന്ന് കൊണ്ടിരുന്നു..ആ കുട്ടിയ്ക്ക് എത്രയും പെട്ടെന്നു ഒരു ഓപ്പറേഷൻ നടത്തേണ്ടതായുണ്ടായിരുന്നു....അതിനുള്ള പണം സ്വരൂപിക്കാനുള്ള തത്രപ്പാടിലായിരുന്നു രവി കുറെ നാളുകളായി...മകളെ കുറിച്ചുള്ള ചിന്തകൾ രവിയുടെ മനസ്സിന് ഒരു വിങ്ങലായിരുന്നു...രവി എല്ലാം പങ്കു വെച്ചിരുന്നത് വേണുവേട്ടന്റെ അടുത്തായിരുന്നു....അത് കൊണ്ട് തന്നെ രവി ഇല്ലാത്ത ലോകത്തിൽ വേണുവേട്ടനെ ഇത്തരം ചിന്തകൾ സദാ അലട്ടി കൊണ്ടിരുന്നു.
വളരെ ചെറു പ്രായത്തിൽ തന്നെ ആ കുട്ടിയ്ക്ക് അമ്മ നഷ്ടപ്പെട്ടു..ഇപ്പോളിതാ അച്ഛനും..നാട്ടിൽ വേണുവേട്ടന്റെ അനിയനും കുടുംബവുമാണ് ദീപമോളുടെ കാര്യങ്ങൾ നോക്കിയിരുന്നത്. ഭാമയെ വിളിച്ചു ഇടയ്ക്കു രവിയുടെ മകളെ പോയിക്കണ്ടു ആശ്വസിപ്പിക്കാൻ വേണുവേട്ടൻ ഏൽപ്പിച്ചു..
കമ്പനിയിൽ നിന്ന് രവിക്ക് കുറച്ചു പൈസ കിട്ടാനുണ്ടായിരുന്നു....അത് വേണുവേട്ടന്റെ നേതൃത്വത്തിൽ രവിയുടെ മകളുടെ പേരിൽ ബാങ്കിൽ ഇട്ടു. ചികിത്സക്കും മറ്റുമായി ആ പണം തികയില്ലാന്നു വേണുവേട്ടന് അറിയാമായിരുന്നു...ദുബായിലുള്ള അടുത്ത പരിചയക്കാരോടൊക്കെയായി കടം വാങ്ങി ദീപ മോളുടെ ശസ്ത്രക്രിയയ്ക്കുള്ള പണം വേണുവേട്ടൻ വിചാരിച്ചതിലും പെട്ടെന്ന് ശരിയാക്കാൻ കഴിഞ്ഞു.
അത് പോലെ തന്നെ എല്ലാ മാസവും ഒരു ചെറിയ തുക ദീപമോൾക്കു അയച്ചു കൊടുക്കാൻ വേണുവേട്ടൻ തീരുമാനിച്ചു...
ആ തീരുമാനത്തിന് പകരമായി പക്ഷെ വളരെ ചെറിയ വരുമാനമുള്ള വേണുവേട്ടന് കൊടുക്കേണ്ടി വന്ന വില വളരെയധികമാണ്...ഭാമയെയും ഉണ്ണിക്കുട്ടനെയും അങ്ങോട്ട് കൊണ്ട് വരാനുള്ള വേണുവേട്ടന്റെ സ്വപ്‌നങ്ങൾ അവിടെ ചിറകറ്റു വീണു പോയി...
പക്ഷെ വേണുവേട്ടന് അതിൽ ദുഃഖം തോന്നിയില്ല...മനസ്സിൽ രവിയും ദീപമോളുമായിരുന്നു....തന്റെ ഉണ്ണിക്കുട്ടന് മൂത്തതായി ഒരു മകൾ - അങ്ങനെ കാണാനായിരുന്നു വേണുവേട്ടന് ഇഷ്ടം...അവിടുന്നങ്ങോട്ട് വേണുവേട്ടൻ ദീപ മോളുടെ പഠിപ്പും ചികിത്സയും എല്ലാം ഏറ്റെടുത്തു...പൂർണ മനസ്സോടെത്തന്നെ ഭാമയും അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങൾക്കും കൂട്ടായി മനസ്സ് കൊണ്ട് ഒപ്പമുണ്ടായിരുന്നു... വേണുവേട്ടന് ഒരിക്കലും രവി തന്നെ വിട്ടു പോയെന്നു തോന്നിയില്ല. എപ്പോഴും വേണുവേട്ടൻ അറിയാറുണ്ടായിരുന്നു ഒരു ഇളം തെന്നൽ പോലെ രവിയുടെ സ്പർശം..
ഇന്ന് രവിയുടെ ദീപമോളുടെ വിവാഹം കഴിഞ്ഞപ്പോൾ അത് കൊണ്ട് തന്നെയാണ് വേണുവേട്ടന്റെ കണ്ണുകൾ നനഞ്ഞത്...വേണുവേട്ടൻ സ്വയം ഏറ്റെടുത്ത ഒരു കടമ... നല്ലയുറക്കത്തിലായിരുന്ന ഭാമ ഒന്ന് കണ്ണ് തുറന്നു നോക്കിയിട്ടു പിന്നെയും ഉറക്കത്തിലേക്കു വഴുതി പോയി. വേണുവേട്ടൻ വാത്സല്യപൂർവ്വം ഭാമയെ മെല്ലെ തന്നോട് ചേർത്തിരുത്തി..ഇനിയുള്ള തന്റെ ജീവിതം ഭാമയ്ക്കും ഉണ്ണിക്കുട്ടനും വേണ്ടി മാത്രമാവണം...വേണുവേട്ടൻ ഓർത്തു. എപ്പോഴും തോന്നുന്ന പോലെ രവി കൂടെയുണ്ടെന്ന ചിന്ത വേണുവേട്ടന് അപ്പോൾ തോന്നിയില്ല....
കണ്ണ് ചിമ്മുന്ന ഒരു നക്ഷത്രമായി കഴിഞ്ഞിരുന്നു രവിയപ്പോഴേക്കും....ദൂരെയെവിടെയോ മാറിയിരുന്ന് തന്റെ പ്രിയ ചങ്ങാതിയെ നോക്കി ആ നക്ഷത്രം അപ്പോൾ മെല്ലെ പുഞ്ചിരിച്ചു.
---------------------------------------------------------------------------------------------------

Comments
Post a Comment