ഒരു പിറന്നാൾ ആശംസ
ഈ കൊറോണ കാലത്ത് മുഖപുസ്തകത്തിലൂടെ കണ്ണോടിക്കുന്നതിനിടയിലാണ് കണ്ണുകൾ ആ മുഖത്ത് പതിഞ്ഞത്. പിന്നെയും പിന്നെയും നോക്കി, അതെ താൻ വിചാരിക്കുന്ന ആൾ തന്നെ, അവളോർത്തു...അങ്ങനെയങ്ങു മറക്കാൻ പറ്റില്ലല്ലോ ഈ മുഖം.....ഉടനെ മനസ്സിലെ CID ദാസൻ ഉണർന്നു...ഫ്രണ്ട് റിക്വസ്റ്റ് അയ്ക്കാനൊന്നും വിചാരിച്ചില്ല..പക്ഷെ കണ്ട സ്ഥിതിക്ക് കക്ഷിയുടെ കാര്യങ്ങൾ ഒന്ന് നോക്കി കാണണമെന്ന് വിചാരിച്ചു....ആഹാ, നോക്കിയപ്പോൾ തനിക്കു പരിചയമുള്ള ഒരു പ്രശസ്തനായ വക്കീലിന്റെ ഭാര്യയാണ് ഗഡി ഇപ്പോൾ എന്നറിഞ്ഞതും അറിയാതെ ചിരിച്ചു പോയി...കൊള്ളാം, എത്തേണ്ടിടത്തു തന്നെയെത്തി എന്ന് ഓർത്തു പോയി.. പണ്ട് ലാലേട്ടൻ എന്ന നടനെയും അദ്ദേഹം അഭിനയിച്ച സിനിമകളെയും ആരാധിച്ചു നടന്നിരുന്ന കുട്ടിക്കാലം ...മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീടങ്ങോട്ടു 'കുമാരേട്ടൻ' ഒഴികെ അദ്ദേഹത്തിന്റെ 80 കളിലെ കഥാപാത്രങ്ങളെല്ലാം തന്നെ അവൾ എന്ന ആ കൊച്ചുകുട്ടിക്ക് ഒരുപാടിഷ്ടമായിരുന്നു... അന്നിവിടങ്ങളിൽ VCR കടകൾ ഒരുപാടുണ്ടാരുന്നു..ദുബായിലെ മലയാളികൾ ബുധനാഴ്ച ആവുന്നതും കാത്തിരിക്കും കാരണം ബുധനാഴ്ചകളിലാണ് പുതിയ സിനിമകൾ...