ഓൺലൈൻ അപാരതകൾ
വേറെ ജോലി ഉണ്ടായിരുന്നത് വേണ്ടെന്നു വെച്ച് അധ്യാപനം എന്ന ജോലി ഇഷ്ടപ്പെട്ട് അതും കുഞ്ഞിമക്കളെ തന്നെ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച് ഈ ജോലിയിലേക്ക് ഇറങ്ങിയ ആളാണ് ഞാൻ...കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരുപക്ഷെ നമ്മുടെ നാട്ടിലെ അധ്യാപകർ ജൂൺ ആകുമ്പോഴേക്കും കൊറോണ കാലമൊക്കെ മാറി സാധാരണ രീതിയിൽ ക്ലാസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ച് ഇരുന്നപ്പോൾ ഞങ്ങൾ പ്രവാസികളായ അധ്യാപകർ ഊർജസ്വലരായി ഓൺലൈൻ അധ്യാപനം എന്ന പതിനെട്ടാം പടി കയറാൻ തയ്യാറായി. അധ്യാപകരാരും സ്വപ്നത്തിൽ പോലും കാണാത്ത, പ്രതീക്ഷിക്കാത്ത മേഖലകളും പ്രതിബന്ധങ്ങളുമാണ് ഞങ്ങൾക്ക് തരണം ചെയ്യേണ്ടി വന്നത്...സ്വന്തം മക്കളെ പോലെ കരുതുന്ന കുഞ്ഞിമക്കളോടു യാത്ര പോലും പറയാനാവാതെ കഴിഞ്ഞ അധ്യയന വര്ഷം അവസാനിച്ചപ്പോൾ ഞങ്ങളുടെ മനസ്സ് അത്രയ്ക്ക് വേദനിച്ചു...മാർച്ച് മാസത്തിന്റെ തുടക്കം ഞങ്ങളുടെ തൊഴിലിന്റെ ഭാവി എങ്ങനെയാണെന്ന് നിശ്ചയമില്ലായ്മ ആയിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ 'ഓൺലൈൻ' എന്ന സാങ്കേതികതയിലേക്കു ഞങ്ങൾ നീങ്ങി. കമ്പ്യൂട്ടർ പരിജ്ഞാനം വളരെ ചുരുങ്ങിയ നിലയിൽ വേണ്ടിയിരുന്ന അധ്യാപകവൃന്ദത്തിന് പെട്ടെന്നാണ് 'മൈക്രോസോഫ്ട് ടീമ്സിന്റെ' ഉറ്റ ചങ്ങാതിയായി...