കാക്ക
ഒരുരുള ചോറിനായി അന്ന് നീ വന്നപ്പോള്‍ ഞാന്‍ ഓടിച്ചല്ലോ.....
എങ്കിലും കാക്കേ... ഇന്നൊരുരുള ചോറ് കഴിക്കാന്‍ എന്തെ നീ വരാത്തൂ.....
നിസ്സാരമെന്നു തോന്നുന്നതാെണങ്കിലും വളരെ അര്‍ത്ഥവത്താണ് ഈ വരികള്‍...
കുട്ടിക്കാലത്ത് ഒരുരുള ചോറ് കിട്ടാനായി വരുന്ന കാക്കയെ നമ്മൾ ഓടിച്ചു വിടാറുണ്ട്...എന്നാൽ ബലിയിടുന്ന വേളയിൽ അതേ കാക്കയെ നമ്മൾ കൈ കൊട്ടി ചോറ് കഴിക്കാൻ വിളിക്കുന്നു. കാക്ക വരാതെയിരുന്നാൽ നമ്മൾക്കു സഹിക്കുന്നില്ല,...വിരോധാഭാസം എന്ന് തന്നെ പറയാം ഇതിനെ...
പക്ഷികളില്‍ വെറുക്കപ്പെടാന്‍ വിധിച്ച ഒരു പക്ഷി....നികൃഷ്ട ജീവി....ഇതൊക്കെയാണ് നമുക്ക് കാക്ക. കുട്ടികാലത്ത് അമ്മമാര്‍ കുട്ടികളെ പേടിപ്പെടുത്താന്‍ വിളിക്കുന്നത് കാക്കയെയാണ്...കുഞ്ഞു ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് തട്ടി കൊണ്ട് പോകാന്‍ വരുന്ന കാക്ക..കളിപ്പാട്ടങ്ങള്‍ എല്ലാം കട്ട് കൊണ്ട് പോകുന്ന കാക്ക...വിരുന്നുകാര്‍ വരുമ്പോള്‍ അതറിയിക്കാനായി നേരത്തെ തന്നെയെത്തി അടുക്കളപുറത്തിരുന്നു കരഞ്ഞു നമ്മളെ അറിയിക്കുന്ന കാക്ക....
ദിവസവും കുളിക്കുന്ന പക്ഷികളാണ് കാക്കകൾ. ദിവസവും വൈകുന്നേരങ്ങളിൽ കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം പലപ്രാവശ്യം തെറിപ്പിച്ചാണ് ഇവ കുളിക്കാറുള്ളത്..ഇത്രയും വൃത്തിയുള്ള പക്ഷിയായിടു കൂടി മനുഷ്യന്‍ കാക്കയെ കാണുന്നത് വെറുപ്പോടെയാണ്.
കാക്ക നമ്മള്‍ മനുഷ്യരുടെ തന്നെ ഒരു പ്രതിബിംബമല്ലേ? അതിസാമര്‍ത്ഥ്യം കാട്ടി കാക്കയുടെ കൂട്ടില്‍ കയറി മുട്ടയിടുന്ന കുയില്‍ - ആ കുയിലിന്റെ മുട്ടയെ സ്വന്തം മുട്ടയോടൊപ്പം അടയിരുന്നു കാക്കുന്ന കാക്ക....നമ്മള്‍ ചില മനുഷ്യരില്‍ കാണാതെ പോകുന്ന നന്മയെയാണ് ഇവിടെ കാക്ക നമുക്ക് കാണിച്ചു തരുന്നത്. മുറ്റത്ത് വന്നിരുന്ന് നമ്മുടെ വീടിലേക്ക് എത്തി നോക്കുന്ന കാക്ക - അന്യരുടെ കാര്യങ്ങള്‍ അറിയാനുള്ള മനുഷ്യന്റെ താല്പ്പര്യത്തെയാണ് കാട്ടുന്നത്. വയലാറിന്റെ 'ഏകാദശി നോറ്റ കാക്ക' എന്ന കവിതയില്‍ കാണുന്ന രണ്ടു കാക്കകളും നമ്മള്‍ തന്നെയാണ്. നന്മയിലൂടെ നടന്നു പോകുന്ന മനുഷ്യനെയും തിന്മയുടെ പ്രതീകമായി മാറുന്ന മനുഷ്യനെയും വയലാര്‍ ആ കവിതയിലൂടെ വരച്ചു കാട്ടുന്നു. തിന്മ കാവടിക്കാക്കയെ നാശത്തില്‍ കൊണ്ടെത്തിച്ചു. അങ്ങനെ നിസ്സാരമെന്നു നമ്മള്‍ കാണുന്ന കാക്ക മനുഷ്യനോടു ഏറെ സാമ്യതയുള്ള ഒരു പക്ഷിയാണെന്ന് നമ്മള്‍ക്ക് പല കാര്യങ്ങളും നോക്കിയാല്‍ മനസ്സിലാവും.
ഒരുരുള ചോറിനായി അന്ന് നീ വന്നപ്പോള്‍ ഞാന്‍ ഓടിച്ചല്ലോ.....
എങ്കിലും കാക്കേ... ഇന്നൊരുരുള ചോറ് കഴിക്കാന്‍ എന്തെ നീ വരാത്തൂ.....
നമ്മളെ സ്നേഹിക്കുന്നവരെ വേണ്ടെന്നു വെച്ചു ജീവിതത്തില്‍ മുന്നോട്ടു പോകുമ്പോല്‍ നമ്മള്‍ ഓര്‍ക്കണം ഓടിച്ചു വിടുന്ന കാക്കയെ പിന്നീടൊരിക്കല്‍ ബലിചോറിനായി വിളിക്കുന്നത് പോലെ ഒരിക്കല്‍ നമ്മള്‍ അവര്‍ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുമെന്ന്.
ഹിന്ദുക്കളുടെ ചില പ്രാദേശിക വിശ്വാസങ്ങൾ പ്രകാരം ശ്രാദ്ധങ്ങളിലും മരണാനന്തര ചടങ്ങുകളിലും പിതൃക്കൾക്കായി അർപ്പിക്കുന്ന ബലിച്ചോറ് ഉണ്ണാന്‍ പിതൃക്കള്‍ എത്തുന്നത് കാക്കയുടെ രൂപത്തിലാണ്. ഒരിക്കല്‍ നമ്മള്‍ ആട്ടിപായിക്കുന്ന കാക്കയെ അന്ന് നമ്മള്‍ കൈ കൊട്ടി ഹൃദയം കൊണ്ട് വിളിക്കുന്നു. അന്ന് കാക്ക വരാന്‍ മടിച്ചാല്‍ നമ്മുടെ മനസ്സ് പിടയുന്നു. ഇത്തരം സന്ദർഭങ്ങളിൽ കാക്കകൾക്ക് ദിവ്യ പരിവേഷം ലഭിക്കുന്നുണ്ടെങ്കിലും മറ്റുള്ള സന്ദർഭങ്ങളിൽ, കാക്കകളുടെ സാമീപ്യമോ ശബ്ദമോ ഒക്കെ തികച്ചും അരോചകവും, വിശേഷിച്ച് ശുഭവേളകളിൽ വർജ്യവുമായി കണക്കാക്കപ്പെടുന്നു.
ശനി ഭഗവാന്റെ വാഹനം കാക്കയാണെന്നാണ് വിശ്വാസം. ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളിൽ കാക്കകളെ പറ്റി പരാമർശിച്ചിട്ടുണ്ട്. ദലൈലാമയെ കുഞ്ഞുന്നാളിൽ സംരക്ഷിച്ചത് രണ്ട് കാക്കകൾ ആയിരുന്നു എന്നു ടിബറ്റൻ ബുദ്ധമതാനുയായികൾ കരുതി വരുന്നു. നോർദിക പുരാണങ്ങളിലും കാക്കകളെ പറ്റി നിറയെ പരാമർശങ്ങൾ ഉണ്ട്.
സീതയെ ഉപദ്രവിച്ചതു കാരണം രാമനെയ്ത പുല്ലുശരം കൊണ്ടാണ് കാക്കയുടെ കണ്ണ് കോങ്കണ്ണായത് എന്നൊരു കഥയുണ്ട്. കാട്ടിൽ ഒളിച്ചുതാമസിച്ചിരുന്ന ഏലിയാപ്രവാചകന് ഭക്ഷണം കൊടുക്കുന്നതിന് ദൈവം കാക്കയെ നിയോഗിച്ചതായി ബൈബിളിലും പറയുന്നുണ്ട്.
അങ്ങനെ കാക്കയ്ക്ക് ഒരുപാട് മഹത്വങ്ങള്‍ പൌരാണീകമായി പറയുമെങ്കിലും ഇന്നും നമ്മുടെ കുഞ്ഞ് മാമുണ്ണാന്‍ മടി കാണിച്ചാല്‍ നമ്മള്‍ കുഞ്ഞിനെ ഭയപ്പെടുത്താന്‍ വിളിക്കുക കാക്കയെ തന്നെ.

This comment has been removed by the author.
ReplyDeleteGood one.. Keep on writing..
ReplyDelete:)
Deleteഒന്നും കാണാത്തവരുടെ , കാണുന്നതൊന്നും ഹ്രിദയത്തോട് ചേർക്കാത്തവരുടെ, ഒന്നും ഓർക്കാനിഷ്ട്ടമില്ലാത്തവരുടെ ഈ ലോകത്ത് ചുറ്റുപാടുള്ള നിഴലും വെളിച്ചവും കാണാൻ ഒരു കണ്ണുണ്ടാകുന്നത് ഭാഗ്യമാണ് ബീന
Deleteപ്രകൃതിയോടുള്ള സ്നേഹവും മാനുഷികതയും അന്യമായികൊണ്ടിരിക്കുന്ന ഈ കാലത്തും ഇങ്ങനെ ചിലരുള്ളതും അവരുടെ ചിന്തകൾ പങ്കുവേയ്ക്കുന്നതും അത്ര ആശ്വാസകരമാണ്. നല്ല എഴുത്ത്. ആശംസകൾ ബീനു
ReplyDeleteവലിയൊരു സംഗതിയാണിത് ..... എത്ര നിസ്സാരം എന്നു കരുതി ഇതിനെ..... നിസ്സാരത്തിലെ സാരാംശത്തെ ഊറ്റിയെടുത്ത എഴുത്ത്.... ഗംഭീരമായി.... നല്ലൊരു ഗവേഷണം നടത്തിയിട്ടുണ്ട് .....നന്മയെ കാണിച്ച നല്ല എഴുതിയത്തിന് ആശംസകൾ
ReplyDelete