പ്രണയം പെയ്യിച്ച മൊയ്ദീന്‍
വളരെ നാളുകള്‍ക്കു ശേഷം മനസ്സിനെ കീഴ്പെടുത്തിയ സിനിമ - ഒറ്റ വാക്യത്തില്‍ എന്നും നിന്റെ മൊയ്ദീന്‍ എന്ന സിനിമയെ അങ്ങനെ വിശേഷിപ്പിക്കാം. പെയ്തു തോരാത്ത മഴ - അതാണ് ഈ ചിത്രത്തെ മനോഹരമാക്കിയതിന്റെ ഒരു ഘടകം. തുടക്കം മുതല്‍ സിനിമയില്‍ പെയ്തത് മഴ മാത്രമായിരുന്നില്ല....അതിലെ ഓരോ തുള്ളി മഴയിലും പ്രണയമുണ്ടായിരുന്നു. മുക്കം എന്ന ഗ്രാമം എന്റെ ചാഴൂര്‍ എന്ന ഗ്രാമം പോലെ മനസ്സിനെ കീഴ്പ്പെടുത്തി. മനോഹരമായ ഗ്രാമം. കാഞ്ചനയുടെ മനസ്സിലൂടെയായിരുന്നു ഓരോ പ്രേക്ഷകനും സഞ്ചരിച്ചത്. കാഞ്ചനയുടെ കണ്ണ് നിറഞ്ഞപ്പോള്‍ പ്രേക്ഷകനും മിഴി തുടച്ചു.
മൊയ്ദീന്‍ കാഞ്ചനയെ കണ്ടപ്പോഴൊക്കെ നിര്‍ത്താതെ മഴ പെയ്തിരുന്നു. ആ മഴയ്ക്ക് ഒരു പ്രത്യേക താളവുമുണ്ടായിരുന്നു. ഗുഹാതുരത്വം ഉണര്‍ത്തിയ മഴ....കാഞ്ചനയെയും മൊയ്ദീനെയും കോര്‍ത്തിണക്കിയത് മഴ തന്നെയായിരുന്നു. വാക്കാണ് സത്യം എന്നത് ഒരിക്കല്‍ പറഞ്ഞു നിര്‍ത്തിയിരുന്നെങ്കില്‍ അതിന്റെ അര്‍ത്ഥവും ഭംഗിയും വേണ്ട പോലെ വരില്ലായിരുന്നു. അതിനെ പ്രേക്ഷക മനസ്സില്‍ അടിയുറപ്പികാന്‍ കഴിഞ്ഞത് അത് കാഞ്ചനയും മോയ്ദീനും പലവട്ടം പറഞ്ഞത് കൊണ്ടാണ്. അതെ, സത്യം പോലും ആ വാക്കിനു മുന്നില്‍ പകച്ചു നിന്ന് പോയി - കാഞ്ചന മോയ്ദീന്ടെയും മൊയ്ദീന്‍ കാഞ്ചനയുടെയും ആണെന്ന വാക്കിനു മുന്നില്‍. പ്രണയം വെറും നേരമ്പോക്കായി കാണുന്ന ഇന്നത്തെ തലമുറ കാണേണ്ടത് തന്നെയാണ് സത്യമുള്ള പ്രണയത്തിന്റെ മുഖം. സ്വന്തം ഇഷ്ടങ്ങള്‍ സ്വന്തപ്പെട്ടവര്‍ക്ക് വേണ്ടി ത്യജിച്ച കാന്ച്ചനയും മോയ്ദീനും വലിയൊരു സന്ദേശമാണ് ലോകത്തിനു നല്‍കുന്നത് - ത്യാഗത്തിന്റെ സന്ദേശം. മതം മാറ്റി കാഞ്ചനയെ അങ്ങ് വിവാഹം കഴിച്ചു കൂടെ എന്നാ ചോദ്യത്തിന് മൊയ്ദീന്‍ പറഞ്ഞ മറുപടി "മതം അവള്‍ മാറിയാല്‍ അവളെ ഞാന്‍ കൊല്ലുമെന്നാണ്" - ഏതൊരു കാമുകനും നട്ടെല്ലോടെ ഇങ്ങനെ പറഞ്ഞിരുന്നെന്കിലെന്നു ഏതു കാമുകിയും ആഗ്രഹിച്ചു പോകും. ഒരു സിനിമയില്‍ പോലും ഇത് കേട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല.
പ്രിത്വിരാജിന്‍റെയും പാര്‍വതിയുടെയും മികവുറ്റ അഭിനയം തന്നെയാണ് എടുത്തു പറയേണ്ടത്. മാന്നു എന്നാ മോയ്ദീനായി പ്രിത്വി ജീവിക്കുകയായിരുന്നു. എക്കാലവും പ്രിത്വി ചെയ്ത കഥാപാത്രങ്ങളില്‍ മനോഹരം തന്നെ പ്രിത്വിയുടെ മൊയ്ദീന്‍ എന്നാ കഥാപാത്രം. പാര്‍വതിയും കാഞ്ചനമാലയിലൂടെ തന്റെ പേര് മലയാള സിനിമ ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ കൊത്തി വെച്ചു.
സിനിമയില്‍ വന്നു പോയ മറ്റു കഥാപാത്രങ്ങള്‍ - അവരും തങ്ങളുടെ ഭാവാഭിനയം കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തി. നിശബ്ദനായ ഒരച്ഛനായി ശ്രീ. ശശി കുമാര്‍ മനസ്സില്‍ ഇടം നേടി. അദ്ദേഹം കഥയില്‍ കാര്യമായി ഒന്നും ചെയ്യാതെ സാധുവായ ഒരു അച്ഛനായി ഒതുങ്ങിയ ഒരു വ്യക്തിയായിരുന്നു. നിസ്സങ്ങതയോടെ മകളുടെ ദയനീയത നോക്കി നില്‍ക്കുന്ന ഒരച്ഛന്‍. മതങ്ങള്‍ പരസ്പരം മനുഷ്യന് വേലികള്‍ തീര്തപ്പോഴും ആത്മമിത്രത്തെ ജാമ്യമിറക്കാനായി വരുന്ന ആ അച്ഛന്‍ കഥാപാത്രം...മകളുടെ നില കണ്ടു വിങ്ങി നീറുന്ന മനസ്സുമായി ഒരാള്‍ ആ വീടിലുന്ടെന്ന കാഞ്ചനയുടെ അമ്മയുടെ വാക്കുകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ചത്. പണ്ടത്തെ മരുമക്കത്തായം - അച്ഛനേക്കാളും കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ സ്വാതന്ത്രം അമ്മാവനായിരുന്നെന്നു വളരെ ശക്തമായി വരച്ചു കാട്ടാന്‍ മൂല്യമുള്ള തിരക്കഥയ്ക്ക് കഴിഞ്ഞു. അത് പോലെ തന്നെ ശക്തിയുടെ പര്യായമായി നിന്ന ഉണ്ണി മൊയ്ദീന്‍ സാഹിബ് - കഥയുടെ അടിയൊഴുക്ക് പണ്ടേ മാറ്റാന്‍ കഴിവുണ്ടായിരുന്നത് ഈ ഒരു വ്യക്തിയ്ക്കാണ്എന്ന് പ്രേക്ഷകന് നന്നായറിയാം. എന്നിട്ടും ഒരിക്കല്‍ പോലും വെറുപ്പ് തോന്നിയില്ല ആ കഥാപാത്രത്തിനോട് - മനസ്സില്‍ നന്മയുള്ള ഒരു വ്യക്തിയായി തന്നെ അദ്ദേഹം പ്രേക്ഷകമനസ്സില്‍ ഒതുങ്ങി - സായികുമാര്‍ എന്ന നടന്റെ കൈകളില്‍ സാഹിബ് ഭദ്രമായിരുന്നു. ഒരിക്കല്‍ പോലും ഈ ആത്മമിത്രങ്ങള്‍ തങ്ങളുടെ മക്കളുടെ പ്രണയത്തെ കുറിച്ച് ഉള്ളുതുറന്നില്ല. ഒരു പക്ഷെ അവര്‍ക്കതിനു കഴിഞ്ഞിരുന്നുവെങ്കില്‍ പോലും മതങ്ങള്‍ എഴുതുന്ന ജീവിതകഥയില്‍ മാറ്റമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെയായിരിക്കാം അവരതിന് മുതിരാതിരുന്നതും. ഒരിക്കല്‍ പോലും കാഫിറിച്ചിയെ നീ പ്രേമിക്കുന്നോയെന്ന് ഉണ്ണി സാഹിബും മേത്തനെയാണോ പ്രേമിക്കാന്‍ കണ്ടതെന്ന് കാഞ്ചനയുടെ പിതാവും ചോദിച്ചിട്ടില്ല. അത് തന്നെയാണ് ആ സൌഹൃതത്തിന്റെ ഭംഗിയും.
ഏട്ടനായി നടന്‍ ബാല ജീവിച്ചത് സിനിമയിലായിരുന്നില്ല - നമ്മുടെ മനസ്സില്‍ ഇടം പിടിക്കാന്‍ വില്ലന്‍ കഥാപാത്രമാണെങ്കിലും ബാലയ്ക്ക് കഴിഞ്ഞു. സ്നേഹമുള്ള ഒരു ഏട്ടനായിരുന്നു അദ്ദേഹം. കാഞ്ചനയെ അദ്ദേഹം തല്ലിച്ചതയ്ച്ചപ്പോഴും ഒരിക്കല്‍ പോലും പ്രേക്ഷകന്‍ ആ സഹോദരനെ വെറുത്തില്ല. മനസ്സില്‍ നന്മയുള്ള ആ ഒരേട്ടനെ നമ്മളും സ്നേഹിച്ചു പോകും. കഥയുടെ അവസാന പകുതിയിലേ ആ സഹോദരന്‍ മനസ്സ് തുറക്കുന്നുല്ലു - എന്നിട്ടും പറയാതെ തന്നെ നമ്മള്‍ അറിഞ്ഞിരുന്നു ആ സഹോദരന്റെ മനസ്സ് - അതാണ് തിരകഥയുടെ വിജയം. RS വിമല്‍ തന്റെ തൂലികയില്‍ ഓരോ കഥാപാത്രത്തെയും ശക്തമാക്കി.
ലെനയുടെയും സമാനതകളില്ലാത്ത പ്രകടനം തന്നെയാണ് എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം. അടുത്തകാലത്തിറങ്ങിയ മലയാള സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇത്രമാത്രം വ്യക്തിത്വമുള്ള സിനിമകള്‍ സംഭവിച്ചിട്ടില്ല എന്നുതന്നെ പറയാം. എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞ ആ ഉമ്മ കഥാപാത്രം അവസാനം തന്റെ ഭര്‍ത്താവിനു നേരെ ആ വീട്ടിലുള്ള എല്ലാ അധികാരങ്ങളും വലിച്ചെറിഞ്ഞു പോകുന്ന കാഴ്ച - അറിയാതെ പ്രേക്ഷകന്‍ കയ്യടിച്ചത് അവിടെയാണ്. കാഞ്ചനയുടെ പിന്നീടുള്ള ജീവിതത്തില്‍ തുണയായത് ആ ഉമ്മയാനെന്ന സത്യം അവരെ പ്രേക്ഷക മനസ്സില്‍ പിടിച്ചു നിര്ത്തുന്നു.
അനശ്വരനായ നടന്റെ മകന്‍ എന്ന മേല്‍വിലാസത്തില്‍ നിന്ന് തന്റെ കഴിവുകള്‍ തെളിയിച്ചു ഉയര്‍ന്നു വന്ന് ഈ ചിത്രത്തിലൂടെ മലയാള സിനിമാചരിത്രത്തില്‍ തന്റെ അഭിനയ മികവു കൊണ്ട് സ്ഥാനം പിടിച്ച നടനാണ് ശ്രീ. സുധീര്‍ കരമന. ഭാസിയെന്ന അദ്ദേഹത്തിന്റെ കഥാപാത്രം ആ കൈകളില്‍ ഭദ്രമായിരുന്നു. അങ്ങനെ ഈ ചിത്രത്തിലെ ഓരോ കഥാപാത്രവും അവരുടെ തന്മയത്വമാര്‍ന്ന അഭിനയം കാഴ്ച വെച്ച് നമ്മുടെ മനസ്സില്‍ ഇടം പിടിച്ചു. പറയാനിനിയും ഒരു പാട് കഥാപാത്രങ്ങള്‍ ബാക്കി.
പ്രണയം തന്നെയാണ് സിനിമയുടെ പ്രമേയം. അതിതീവ്രപ്രണയത്തിനിടയിലെ അക്കാലത്തെ രാഷ്ട്രീയവും പറഞ്ഞു പോകുന്നുണ്ട് സിനിമ. നമുക്ക് അന്യമായി പോകുന്ന ഒരു കാലഘട്ടം വരച്ചു കാണിക്കാന്‍ RS വിമലിന്റെ ശക്തമായ തൂലികയ്ക്ക് കഴിഞ്ഞു - ഒപ്പം ഇന്നത്തെ തലമുറയ്ക്ക് അന്നത്തെ നന്മയും സ്നേഹവും കൈമാറാനും.
ഒരിക്കല്‍ പോലും മോയ്ദീനും കാഞ്ചനയും കഥയില്‍ പരസ്പരം സ്പര്‍ശിക്കുന്നില്ല. സത്യമായ പ്രണയമാണ് ഇവിടെ നമുക്ക് കാണാന്‍ കഴിഞ്ഞത് - ഇന്നത്തെ തലമുറയ്ക്ക് അന്യം വന്നു പോയ സത്യമായ പ്രണയം..പരസ്പരം ഹൃദയങ്ങള്‍ കൈമാറാന്‍ അവര്‍ ഒരു ഭാഷ തന്നെ തീര്‍ത്തു. സോഷ്യല്‍ മീഡിയ പ്രണയങ്ങളുടെയും പ്രണയനഷ്ടങ്ങളുടെയും ഇക്കാലത്ത് പരസ്പരം കാണാതെ വര്‍ഷങ്ങളോളം പ്രണയിച്ച ഇവര്‍ ഒരത്ഭുതം തന്നെയായി.
എടുത്തു പറയേണ്ട മറ്റൊന്നാണ് ഈ സിനിമയിലെ സംഗീതം. ശ്രീ. ഗോപി സുന്ദറിന്റെ "മുക്കത്തെ പെണ്ണെ....." എന്ന പശ്ചാത്തല ഗാനം മഴയോട് ചേര്‍ന്ന് പ്രേക്ഷകമാനസ്സിലേക്ക് ഇറങ്ങി വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം "ശാരദാംബരം' എന്നചങ്ങമ്പുഴകവിത ഗുഹാതുരത്വം ഉണര്‍ത്തി തലമുറകളുടെ മനസ്സിനെ കീഴടക്കി. റഫീക്ക് അഹ്മദ് തന്റെ തൂലികയിലൂടെ വിരിയിച്ചെടുത്ത വരികള്‍ M. ജയചന്ദ്രനും ശ്രീ. രമേശ് നാരായണും സംഗീതസാന്ദ്രമാക്കി പ്രേക്ഷകമനസ്സിലും പ്രണയത്തിന്റെ അലകള്‍ തീര്‍ത്തു.
മഴയോട് ചേര്‍ന്ന് സംഗീത സന്ദ്രമാകാനും മഴയുടെ സമസ്ത ഭാവങ്ങളും അതേ ഭാവത്തില്‍ മനോഹരമായി ഒപ്പിയെടുത്തു ജോമോന്‍ ടി ജോണിന്റെ ക്യാമറ. കഥയുടെ മാറുന്ന ഭാവങ്ങള്‍ക്കനുസരിച്ചു പെയ്യുന്ന മഴത്തുള്ളികള്‍ പോലും അഭിനയിച്ചുവോ എന്ന് തോന്നുംമാറ് അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തു - എഴുതാത്ത കവിതയായി അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകള്‍...SK പൊറ്റെക്കാടിന്റെ നാടന്‍ പ്രേമം എന്ന കഥയിലൂടെ പണ്ട് കവിഞ്ഞൊഴുകിയതാണ് ഇരുവഞ്ചിപ്പുഴ. മുക്കം എന്ന ഗ്രാമത്തിന്റെ ശ്വാസമായാണ് ഇരുവഞ്ചിപ്പുഴ ഒഴുകുന്നത്. ഈ സിനിമയിലെയും പ്രധാന കഥാപാത്രമാണ് മഴയും ഈ പുഴയും. അവസാനം കഥയിലെ വില്ലനായപ്പോഴും ഇരുവഞ്ചിപ്പുഴയെ വെറുക്കാന്‍ പ്രേക്ഷകന് കഴിയുന്നില്ല - മൊയ്ദീന്‍ നെഞ്ചോട് ഏറ്റിയ ഇരുവഞ്ചിപ്പുഴ ഒരു വിങ്ങലായി പ്രേക്ഷകമനസ്സില്‍ ബാക്കിയാവുന്നു. തന്റെ പ്രിയതമന്‍ അവസാനം കുടിച്ച ഇരുവഞ്ചിപ്പുഴയിലെ ജലം കുടിച്ചു കൊണ്ട് കാഞ്ചനമാല ഇരുവഞ്ചിപ്പുഴയെ തന്നിലേക്കാവാഹിക്കുകയാണ് - നമ്മളും സ്നേഹിച്ചു പോകുന്നു - നെഞ്ചോട് ചേര്‍ക്കുന്നു - മോയ്ദീനെ കവര്‍ന്നെടുത്ത ഇരുവഞ്ചിപ്പുഴയെ.
അവസാനം മോയ്ദീനില്ലാതെ മോയ്ദീന്റെ തറവാട്ടിലേക്ക് കയറുമ്പോള്‍ കാഞ്ചനയുടെ മുഖത്ത് സങ്കടം ആയിരുന്നില്ല - മറിച്ചു വിജയശ്രീലാളിതയായാണ് കാഞ്ചന കയറുന്നത്. അത് പ്രേക്ഷകരുടെയും കണ്ണുനീര്‍ തുടയ്ക്കുന്നു. ഇതൊരു സത്യമായ ജീവിതം തന്നെയാണെന്ന പരമാര്‍ത്ഥം ഒരുപാട് പേര്‍ക്ക് ജീവിക്കാന്‍ തന്നെ പ്രചോദനമേകും .. ...എന്തു കൊണ്ടും അതിമനോഹരമായ ഒരു ചിത്രം - അതാണ് മനസ്സില്‍ പ്രണയം പെയ്യിച്ച എന്നും നിന്റെ മൊയ്ദീന്‍...
ബീന നല്ല ഭാഷ. നല്ല ഒഴുക്കുള്ള എഴുത്ത്. വായിക്കാൻ സുഘമുണ്ട്.
ReplyDeleteസിനിമയിലെ ഗുണഗണങ്ങൾക്കൊപ്പം വിമർശന വിധേയമാകേണ്ടുന്ന കാര്യങ്ങളും പ്രതിപാദിക്കാമായിരുന്നു. ഉദാഹരണത്തിന് തിരക്കഥയിലെ ചില പോരായ്മകൾ. മൊയ്തീന് കാഞ്ചനമാലയുമായി ഒന്നിക്കാൻ ലഭിച്ച പല അവസരങ്ങളും വേണ്ട രീതിയിൽ അവർ ഉപയോഗിച്ചതായി കണ്ടില്ല.
കാഞ്ചന മാലയുടെ അച്ഛൻ കഥാപാത്രം ചെയ്തത് ശശി മേനോൻ അല്ല പഴയ ദൂര ദർശൻ ന്യൂസ് റീഡർ ശശി കുമാർ ആണ്.
മഴയുടെ സാന്നിധ്യത്തെ പറ്റി പറഞ്ഞത് നന്നായി. തൂവാന തുംബികളിലും മഴയെ പദ്മരാജൻ മനോഹരമായി ഉപയോഗിച്ചിരുന്നു. അതിനു ശേഷം ഈ ചിത്രത്തിലാണ് മഴയെ ഇത്ര മനോഹരമായി കാണാൻ കഴിഞ്ഞത്.
നന്ദി ഷാജു commments ന്...ഞാന്‍ ഒരു നിരൂപണം അല്ല ഉദ്ദേശിച്ചത്....എന്റെ മനസ്സില്‍ തട്ടുന്ന ചില കാര്യങ്ങള്‍ എഴുതുക - അത്രയേ ഞാന്‍ വിചാരിച്ചിട്ടുല്ലൂ..അത് കൊണ്ട് ചിത്രത്തിലെ കുറ്റങ്ങള്‍ കാണാന്‍ ഞാന്‍ ശ്രമിചിട്ടില്ല..താങ്ക്സ് for pointing out on sasi kumar.....ഏഷ്യാനെറ്റ് ഫൌന്ടെര്‍ ശശികുമാര്‍ അല്ലെ....മേനോന്‍ എന്ന് തെറ്റി പോയതാണ്....ഇപ്പോള്‍ കറക്റ്റ് ചെയ്തു...:) അതെ.....മഴ മനോഹരമാക്കിയോ ഈ ചിത്രത്തെ അതോ മഴയെ മനോഹരമാക്കിയോ ക്യാമറ കണ്ണുകള്‍ - അത് തിരിച്ചറിയാന്‍ കഴിയുന്നില്ല .......... :) തൂവനതുംബികളില്‍ ക്ലാരയും ജയകൃഷ്ണനും ഒന്നിക്കുംബോഴുള്ള മഴ....സത്യം, മഴയെ കഥാപാത്രമാക്കിയുള്ള കൊറേ സിനിമകള്‍ അതിനു ശേഷം വന്നെങ്കിലും പിന്നീടു മനസ്സില്‍ തട്ടിയ മഴ മുക്കത്ത് പെയ്ത മഴ തന്നെ....:)
Delete