ഭ്രാന്ത്

എല്ലാവരും എന്തൊക്കെയോ പറയുന്നത് കേട്ടു. എനിക്ക് പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല....ഒന്നും എന്നെ ബാധിക്കാത്തത്‌ പോലെ. മനസ്സാകെ നിശ്ചലം. ശൂന്യം. മക്കള്‍ കരയുന്നു - എന്തിനാണെന്ന് മനസ്സിലായില്ല....ചോദിക്കാനും തോന്നുന്നില്ല.....ഭര്‍ത്താവ് ആകെ പരിഭ്രാന്തനായി ഉലാത്തുന്നു....ഇടയ്ക്കിടെ എന്നെ ഉറ്റു നോക്കുന്നു...കാളിംഗ് ബെല്‍ ഇടയ്ക്കിടെ മുഴങ്ങുന്നു..ഭര്‍ത്താവ് തന്നെ വാതില്‍ തുറക്കുന്നു....എനിക്ക് തുറക്കാന്‍ തോന്നിയില്ല...ആരായാലും എനിക്കെന്താ....വരുന്നവര്‍ എന്റെ ബന്ധുക്കള്‍....ആഹാ....കുറെ കൂട്ടുകാരുമുണ്ടല്ലോ.....എന്തായിരിക്കും എല്ലാവരും കൂടി ഇവിടേയ്ക്ക്. ഇവിടെ എന്തെങ്കിലും വിശേഷമുണ്ടോ? എന്തിനായാലും എനിക്കൊന്നുമില്ല...അവര്‍ വരട്ടെ....മക്കള്‍ അവരുടെ അടുത്ത് ചെന്ന് സംസാരിക്കുന്നതു കണ്ടു. അവര്‍ മക്കളുടെ നെറുകയില്‍ തലോടുന്നു. കുഞ്ഞുമോളെ വാരിയെടുക്കുന്നു. പുരുഷന്മാര്‍ എന്റെ ഭര്‍ത്താവിനു ചുറ്റും നിന്ന് അവര്‍ എന്തൊക്കെയോ സംസാരിക്കുന്നു. ഇടയ്ക്കിടെ അറിയാതെ എന്നെ നോക്കുന്നു. ഞാന്‍ നോക്കുന്നത് കണ്ടു അവര്‍ പുഞ്ചിരിച്ചു. എനിക്ക് ചിരി എന്തോ വന്നില്ല...ഞാന്‍ എന്തിനു ചിരിക്കണം? മൂത്ത മകള്‍ കരയുന്നത് കണ്ടു...കൂടെ കൂട്ടുകാരി ഉഷയും. ഇവര്‍ക്കെന്താ? അല്ലേലും നിസ്സാര കാര്യം മതി ഉഷയ്ക്ക് കരയാന്‍. അവളിന്നും ഒരു കൊച്ചു കുട്ടിയാണ്. ലോകം അധികം കണ്ടിട്ടില്ലാത്ത ഒരു കൊച്ചു കുട്ടി. അവള്‍ പക്ഷെ എന്തിനാ എന്റെ മകളുടെ കൂടെ കരയുന്നത്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും എന്താ? എന്തായാലും കരയട്ടെ...ഞാന്‍ ഇടപെടുന്നില്ല....വീണ്ടും ബെല്‍ അടിച്ചു....അടുത്തുള്ള ബന്ധുക്കളാണ്. ഓ, ഇനി ഇവര്‍ എന്തിനാണാവോ വന്നത്. പൊട്ടി കരച്ചില്‍ ബഹളം ഇതൊക്കെ കൊണ്ടാണ് അവര്‍ വന്നത്. വീട്ടില്‍ ആകെ ബഹളം. ഇവര്‍ക്കൊക്കെ എന്താ...പെട്ടെന്ന് തലയാകെ ചൂട് പിടിക്കുന്ന പോലെ തോന്നി. ഞരമ്പുകള്‍ വലിഞ്ഞു മുറുകി പൊട്ടുന്നത് പോലെ. ഭയങ്കര തലവേദന. വെളിച്ചം കണ്ണിലേക്ക് അടിക്കുന്നു. ലൈറ്റ് ഓഫ്‌ ചെയ്യാന്‍ പറഞ്ഞു അലറി...എല്ലാ ശബ്ദവും ചുറ്റും നിന്ന പോലെ...പതുക്കെ കണ്ടു പരിചയമില്ലാത്ത ഒരു സ്ത്രീ അടുത്തേക്ക് വരുന്നു....അവര്‍ക്ക് മാലാഖയുടെ മുഖം....അവര്‍ മെല്ലെ എന്നെ തലോടി....കൈകളിലെ ഞരമ്പുകളിലേക്ക് സൂചിമുനകള്‍ ആഴ്ന്നിറക്കി. പതുക്കെ വെളിച്ചം മാറി മുറിയില്‍ അന്ധകാരം ചുറ്റും. ഹോ....എന്തൊരു സുഖം...ഇരുട്ടാണ്‌ നല്ലത്...വെളിച്ചം ദുഖമാന്നുണ്ണി...തമസ്സല്ലോ സുഖപ്രദം....അക്കിത്തത്തിന്റെ വരികള്‍ ഓര്‍മ്മ വന്നു. മെല്ലെ കണ്ണുകള്‍ അടഞ്ഞു പോകുന്ന പോലെ....ഉറക്കം വരുന്നു...കണ്ണുകള്‍ മെല്ലെ മെല്ലെ അടയുമ്പോള്‍ മനസ്സ് പറന്നു നടക്കുന്നത് ഞാന്‍ അറിഞ്ഞു. ചുറ്റും ആരുമില്ലാത്ത ഒരു ലോകം. പൂക്കളും കിളികളുടെ ശബ്ദവും മാത്രം ചുറ്റും. ഞാന്‍ ഒരു കാറ്റാടിയായി അതിനിടയില്‍.......

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ