ലക്ഷ്മിയേച്ചി
കുറച്ചു ദിവസമായി ലക്ഷ്മിയേച്ചിയായിരുന്നു മനസ്സില്‍. അവരെ കാണണമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും തുടര്‍ന്നുള്ള രാത്രികളില്‍ ഉറക്കം വന്നേയില്ല. എന്തായിങ്ങനെ തോന്നുന്നെ - അറിയില്ല. നിദ്രാദേവി വിദൂരതയിലെവിടെയോ നിന്ന് എന്റെ മുന്നിലേക്ക് ലക്ഷ്മിയേച്ചിയെ തള്ളി വിട്ട് മാറി നിന്ന് കൈകൊട്ടി ചിരിക്കുന്നത് പോലെ തോന്നി..
ലക്ഷ്മിയേച്ചിയെ ഞാന്‍ പരിചയപ്പെടുന്നത് കളമശ്ശേരിയിലേക്കുള്ള എന്റെ ബസ് യാത്രക്കിടയിലാണ്...സേതുലക്ഷ്മി - അതായിരുന്നു അവരുടെ മുഴുവന്‍ പേര്...ഒരു മധ്യ വയസ്ക...നല്ല ഐശ്വര്യമുള്ള വട്ടമുഖം..
നല്ല വൃത്തിയായി സാരി ഉടുത്തിരുന്ന അവരെ ഒറ്റ നോട്ടത്തില്‍ തന്നെയെനിക്ക് ഇഷ്ടമായി. നല്ല ഇളംനീല നിറത്തിലുള്ള കോട്ടന്‍ സാരിയായിരുന്നു ആദ്യമായി ഞാന്‍ കണ്ടപ്പോള്‍ അവരുടെ വേഷം...
പിന്നീടങ്ങോട്ടുള്ള യാത്രകളില്‍ എന്റെ സന്തതസഹചാരിയായി അവര്‍ മാറി. ആദ്യമേ വെറും പുഞ്ചിരിയില്‍ തുടങ്ങിയതായിരുന്നു ഞങ്ങളുടെ ബന്ധം. പിന്നീട് ഞങ്ങള്‍ വീട്ടുകാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. അങ്ങനെ പതുക്കെ പതുക്കെ ഞങ്ങള്‍ ഒരു പാട് അടുത്തു.
ലക്ഷ്മിയേച്ചിക്ക് നാല് കുട്ടികള്‍ - പിന്നെ ജോലിക്ക് പോകാന്‍ താല്‍പ്പര്യമില്ലാത്ത ഒരു ഭര്‍ത്താവും. മൂത്ത മകള്‍ ജനിച്ചതിനു ശേഷമാണ് അവര്‍ക്ക് ഒരു സ്ഥാപനത്തില്‍ ജോലി കിട്ടിയത്. അതൊരു ഭാഗ്യമായി കണ്ടു ഭര്‍ത്താവ് അയാള്‍ക്കുണ്ടായിരുന്ന ജോലി അന്ന് വേണ്ടെന്നു വെച്ച് വീട്ടിലിരിപ്പായി. പിന്നീടങ്ങോട്ട് ലക്ഷ്മിയേച്ചിയുടെ ശമ്പളം മാത്രമായി അവരുടെ വരുമാനം..
രാവിലെ വീട്ടിലെ പണിയെല്ലാം തീര്‍ത്തു മക്കളെയും പള്ളികൂടത്തിലേക്ക് അയച്ച് അവര്‍ ഓടും.....രണ്ടു കിലോമീറ്റര്‍ നടന്നിട്ട് വേണം ബസ് കിട്ടാന്‍. രണ്ടു കിലോമീറ്റര്‍ നടത്തവും പിന്നെ രണ്ടു മണികൂര്‍ ഉള്ള ബസ് യാത്രയും എല്ലാം അവരെ ഒരുപാട് തളര്‍ത്തിയിരുന്നു. പക്ഷെ ജീവിതത്തിലെ പാച്ചലിനിടയില്‍ അവര്‍ അതൊന്നും ഓര്‍ത്തിരുന്നില്ല. ബസില്‍ ഇരിക്കാന്‍ സ്ഥലം കിട്ടിയാലും ലക്ഷ്മിയേച്ചി ഇരിക്കില്ല ചിലപ്പോള്‍ - വേറെ ആരെയെങ്കിലും നിര്‍ബന്ധിച്ചു ഇരുത്തും.
പലപ്പോഴായി ഞാന്‍ ഇത് ശ്രദ്ധിക്കാറുണ്ടായിരുന്നു.. പിന്നീടങ്ങോട്ടു ഞാന്‍ നേരത്തെ തന്നെ ലക്ഷ്മിയേച്ചിക്ക് സീറ്റ് പിടിച്ചു വയ്ക്കുക പതിവാക്കി. പതുക്കെ പതുക്കെ ലക്ഷ്മിയേച്ചിയുടെ കണ്ണുകള്‍ ബസ്സില്‍ കേറിയ ഉടനെ എന്നെ തിരഞ്ഞു തുടങ്ങി. കണ്ട ഉടനെ ഒരു നേര്‍ത്ത പുഞ്ചിരി ആ മുഖത്ത് വിരിയും. ഞാന്‍ ചോദിക്കാറുണ്ട് ഒന്ന് ശരിക്കു പുഞ്ചിരിക്കുക എങ്കിലും ചെയ്തൂടെ ലക്ഷ്മിയേച്ചിക്ക് എന്ന്. പല വട്ടം ചിരിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു ചിരിക്കുകയാണെന്നെ നമുക്ക് തോന്നൂ അവരുടെ ചിരി കണ്ടാല്‍. ഒരു പാട് കാര്യങ്ങള്‍ ഉള്ളിലൊതുക്കുന്ന ലക്ഷ്മിയേച്ചിയുടെ മനസ്സ് ആര്‍ക്കും പിടി കൊടുക്കാത്തതായിരുന്നു. എന്നും ഒരുമിച്ചു അനേക സമയം ചിലവഴിക്കുന്ന എന്നോട് പോലും അവര്‍ പലപ്പോഴും മനസ്സ് തുറക്കാറില്ല...എപ്പോഴും മുഖത്ത് ഒരു മ്ലാനതയാണ്. എന്തൊക്കെയോ കാര്യങ്ങള്‍ അവരെ അലട്ടുന്നത് പോലെ തോന്നി. പക്ഷെ അവര്‍ എല്ലാം ഒരു മന്ദസ്മിതത്തില്‍ ഒതുക്കും.
ഒരിക്കല്‍ അവര്‍ പതിവിനു വിപരീതമായി ഒരു പാട് സംസാരിച്ചു. ഭര്‍ത്താവുമൊത്തുള്ള ജീവിതം മടുത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതും എന്നാല്‍ അവിടത്തെ പ്രാരാബ്ധങ്ങള്‍ അവരെ തിരിച്ചയ്ച്ചതും പിന്നീടങ്ങോട്ട് ആരോടും ഒരു വിഷമമോ പരാതിയോ പറയാതെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതും അന്നവര്‍ പറഞ്ഞു. ദൈവം നമുക്ക് തരുന്ന ജീവിതം എങ്ങനേലും ജീവിച്ചു തീര്‍ക്കുക തന്നെ. അതാണ് താനിപ്പോള്‍ ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
മക്കളില്‍ അവര്‍ക്ക് ഒരു പാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അധികം പ്രായവ്യത്യസമില്ലാത്ത മക്കളായിരുന്നു അവര്‍ക്ക്. രണ്ടു പെണ്മക്കളും രണ്ടാണ്ണ്‍മക്കളും. അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന മക്കളെന്നു അവരെ കണ്ടു അടുത്തിടപഴകിയപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.
ഇത് പോലെയുള്ള മക്കള്‍ പോരെ ലക്ഷ്മിയേച്ചി...മറ്റെന്തു വേണം...എന്ന് പലപ്പോഴും ഞാന്‍ ചോദിക്കാറുണ്ട് അവരോട്.
നീണ്ട പത്തു വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുള്ള ബസ് യാത്രക്ക് ഒരു അവസാനം വന്നത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വില്ലനായി തിരുവനന്തപുരത്തേക്കുള്ള എന്റെ സ്ഥലം മാറ്റം കടന്നു വന്നപ്പോഴാണ്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരു പാട് വിഷമമുണ്ടാക്കിയിരുന്നു ആ വേര്‍പാട്. ലക്ഷ്മിയേച്ചിയൊത്തുള്ള യാത്ര ഇനിയുണ്ടാവില്ലെന്ന സത്യം മനസ്സിനെ ഒരുപാട് തളര്‍ത്തി അന്ന്.
തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ തലേന്ന് കണ്ടപ്പോള്‍ ലക്ഷ്മിയേച്ചി എനിക്ക് 'കയ്യില്‍ ഒരു പൊതി വച്ച് തന്നിട്ട് പറഞ്ഞു
"ഇതെന്റെയൊരു ചെറിയ സമ്മാനം."
മനോഹരമായ ഒരു കോട്ടന്‍ സാരി ആയിരുന്നു അത്. ലക്ഷ്മിയേച്ചിയുടെ പ്രിയപ്പെട്ട നീലനിറത്തിലുള്ള സാരി.
ഞാന്‍ എപ്പോഴും ആശ്ചര്യപ്പെടാറുണ്ട് അവരുടെ വളരെ ലളിതവും മനോഹരവുമായ വസ്ത്രധാരണത്തെ കുറിച്ച്. ഒരു പാട് സാരികള്‍ ഉണ്ടായിരുന്നു ലക്ഷ്മിയേച്ചിക്ക്. ലളിതമായ സാരികളാണ് അവര്‍ ധരിക്കാറ്. പക്ഷെ നല്ല ഭംഗിയോടെ അവര്‍ അത് ഉടുക്കുമായിരുന്നു. മുഴുപ്പട്ടിണിയാണേലും ചമഞ്ഞു നടക്കണം. ഇതായിരുന്നു ലക്ഷ്മിയേച്ചി എപ്പോഴും പറയാറ്.
ഒരിക്കല്‍ അവര്‍ പറഞ്ഞു,
"നമ്മള്‍ എന്നും മരണത്തെ പ്രതീക്ഷിക്കണം. അത് കൊണ്ട് അണിഞ്ഞൊരുങ്ങി വേണം എന്നും യാത്ര ചെയ്യാന്‍. മരണം എപ്പോഴാണ് ഒരു വിരുന്നുകാരനെ പോലെ നമ്മുടെ അടുത്തേക്ക് വരികയെന്നറിയില്ല. എന്ന് വന്നാലും സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറായി നടക്കണം."
ലക്ഷ്മിയേച്ചിയുടെ ഈ വാക്കുകള്‍ ആദ്യം കേട്ടപ്പോള്‍ എനിക്ക് അലോസരമുണ്ടായെങ്കിലും അവര്‍ പറഞ്ഞത് വളരെ അര്‍ത്ഥവത്താണന്നു പിന്നീട് പലപ്പോഴും തോന്നിയിരുന്നു.
ഇത് പോലെ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നോ മറ്റോ ഉള്‍ക്കൊണ്ട് ലക്ഷ്മിയേച്ചി ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ പറയും.
നിസ്സാരമെന്നു തോന്നുമെങ്കിലും ലക്ഷ്മിയേച്ചിയുടെ ചിന്തകള്‍ കാലാതീതമായിരുന്നു.
തിരുവനന്തപുരത്തെത്തി അവിടെയുള്ള ജീവിതവുമായി പൊരുത്തപ്പെടുന്നതിന്റെ ഇടയിലും ഞാന്‍ ലക്ഷ്മിയേച്ചിക്ക് മുടങ്ങാതെ കത്തുകള്‍ അയച്ചിരുന്നു. അതിനു വളരെ കൃത്യമായി ലക്ഷ്മിയേച്ചി മറുപടിയും എഴുതും.
ഇതിന്റെയിടയില്‍ മക്കള്‍ക്ക് വളരെ ഉന്നത വിദ്യാഭ്യാസം നല്‍കി, രണ്ടു പെണ്മക്കളുടെ വിവാഹവും ലക്ഷ്മിയേച്ചി വളരെ ഭംഗിയായി നടത്തി.
ഞാന്‍ അവസാനമായി ലക്ഷ്മിയേച്ചിയെ കാണുന്നത് അവരുടെ രണ്ടാമത്തെ മകളുടെ വിവാഹത്തിനാണ്. അന്നവര്‍ക്ക് പറയാന്‍ ഒരു വിഷമമുണ്ടായിരുന്നു. അവര്‍ക്ക് വിരമിക്കാന്‍ ഇനി ഏതാനും മാസങ്ങളേ ഉള്ളു. ജോലിയില്ലാത്ത ഒരു ജീവിതം ലക്ഷ്മിയേച്ചിക്ക് ആലോചിക്കാനേ വയ്യായിരുന്നു. അവരുടെ കൂട്ടിലെ കിളിക്കുഞ്ഞുങ്ങള്‍ ഇന്ന് പറക്കമുറ്റവരായി മാറിക്കഴിഞ്ഞു. ഒറ്റപ്പെട്ടു പോകുന്ന വാര്‍ധക്യം അവര്‍ ഭയക്കുന്നതുപോലെ തോന്നി. ഭര്‍ത്താവു കൂടെയുണ്ടെങ്കിലും അവരുടെ ജോലി അവരുടെ ഭര്‍ത്താവിന്റെ സമീപത്തുനിന്നുള്ള ഒരു രക്ഷപ്പെടലായിരുന്നു അവര്‍ക്ക്. ജോലിയില്‍ നിന്ന് വിരമിക്കുന്നതിനു മുന്‍പേ തന്നെ ബാക്കി രണ്ടു മക്കളുടെ വിവാഹവും നടത്തണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു.
തിരക്ക് പിടിക്കേണ്ട കാര്യം ഇല്ലെന്നു ഞാന്‍ അന്ന് ലക്ഷ്മിയേച്ചിയോട് പറഞ്ഞു.
വിരമിച്ചതിനു ശേഷം തുന്നല്‍, ഡ്രൈവിംഗ് തുടങ്ങിയവയ്ക്ക് പോകണമെന്ന് ലക്ഷ്മിയേച്ചിക്ക് ആഗ്രഹമുണ്ടായിരുന്നു. എനിക്കവരോട് പഴയതിനേക്കാള്‍ കൂടുതല്‍ ആരാധന തോന്നി. ജീവിതത്തില്‍ ഒരു പാട് കഷ്ടപ്പെട്ടിട്ടുള്ള സ്ത്രീയാണ് അവര്‍, എന്നിട്ടും അവര്‍ ജീവിതത്തെ കീഴ്പെടുത്തുന്നു അവരുടെ മനസ്സിന്റെ ചങ്കൂറ്റം കൊണ്ട്. ലക്ഷ്മിയേച്ചി വിരമിച്ചതിനു ശേഷം കത്തുകള്‍ ഞങ്ങള്‍ക്കിടയില്‍ കുറഞ്ഞു - കുറഞ്ഞു എന്ന് പറയുന്നതിനെക്കാളും തീരെ ഇല്ലാതായി എന്ന് പറയുന്നതാവും ശെരി. കത്തുകള്‍ ഫോണ്‍ കാളിനു വഴി മാറി.. ഈയിടെയായി സംസാരിക്കുമ്പോഴോക്കെ വളരെ നിസംഗത അവര്‍ക്ക് സംസാരത്തില്‍. വളരെ ദൂരെയായതു കൊണ്ട് ശബ്ദത്തിലൂടെയല്ലേ എനിക്ക് മനസ്സിലാക്കാന്‍ പറ്റൂ. ഒരുപാട് ചോദിച്ചു നോക്കി.
ലക്ഷ്മിയേച്ചിയപ്പോള്‍,
"ഏയ്....ഒന്നുമില്ല...."
എന്നതിനപ്പുറം ഒന്നും പറഞ്ഞില്ല.
കുറച്ചു ദിവസമായി വിളിക്കുമ്പോള്‍ കിട്ടുന്നുമില്ല. മനസ്സിന് ആകെയൊരു അസ്വസ്ഥത തോന്നി. എന്തായാലും ലീവ് എടുത്തു അവരെ പോയിക്കാണാന്‍ ഞാന്‍ തീരുമാനിച്ചു.
തീവണ്ടിയില്‍ നിന്നിറങ്ങി ഓട്ടോ പിടിച്ചു ലക്ഷ്മിയേച്ചിയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നത് ഇളയ മകളാണ്. എന്നെ കണ്ടതും അവളുടെ മുഖത്ത് വലിയ ഒരാശ്വാസം വന്ന പോലെ എനിക്ക് തോന്നി. "ചേച്ചിയമ്മേ.." എന്ന് വിളിച്ചു അവള്‍ എന്റെ കയ്യില്‍ പിടിച്ചു..
അമ്മയെവിടെ? - എന്ന എന്റെ ചോദ്യത്തിന് കിടക്കുകയാണ് എന്ന് പറഞ്ഞു അവള്‍ മുറിയിലേക്ക് എന്നെ കൊണ്ട് പോയി. മുറിയില്‍ ചെന്നപ്പോള്‍ കട്ടിലില്‍ ചിന്തയിലാണ്ട് ഇരിക്കുന്ന ലക്ഷ്മിയേച്ചിയെയാണ് കാണാന്‍ കഴിഞ്ഞത്. അവര്‍ ക്ഷീണിച്ച പോലെ തോന്നി എനിക്ക്. എന്നെ കണ്ടതും മുഖത്ത് ഒരു പുഞ്ചിരി വരുത്താന്‍ അവര്‍ ശ്രമിച്ചു അത് വിഫലമായത് ഞാന്‍ കണ്ടു. പിന്നെ ഉറക്കം വരുന്നു എന്ന് പറഞ്ഞു കിടക്കാനുള്ള പുറപ്പാടായി. അപ്പോള്‍ പതിയെ ഞാന്‍ അവിടെ നിന്ന് എണീറ്റ് അടുത്ത് നിന്ന ലക്ഷ്മിയേച്ചിയുടെ മകളെയും കൂട്ടി പുറത്തേക്കിറങ്ങി.
"കുറച്ചു ദിവസമായി അമ്മ ആരോടും ഒന്നും മിണ്ടുന്നില്ലായിരുന്നു. ഡോക്ടറുടെ അടുത്ത് പോകാമെന്ന് ഞാന്‍ കുറെ നിര്‍ബന്ധിച്ചെങ്കിലും ആദ്യം സമ്മതിച്ചില്ല. കഴിഞ്ഞാഴ്ച വന്ന നെഞ്ച് വേദനയാണ് ഡോക്ടറുടെ അടുത്ത് പോകാന്‍ അമ്മയെ പ്രേരിപ്പിച്ചത്. ECG വ്യതിചലനം കാണിച്ചെങ്കിലും പിന്നീടുള്ള ടെസ്റ്റുകളില്‍ അമ്മയ്ക്ക് ഹൃദയസംബന്ധമായ ഒരസുഖവും ഇല്ലെന്നു ഡോക്ടര്‍ക്ക് മനസ്സിലായി. മനശ്ശാസ്ത്രഡോക്ടര്‍ കൂടിയായ അദ്ദേഹത്തിന് അങ്ങനെയാണ് അമ്മയ്ക്ക് ഡിപ്രേഷെന്‍ ആയിരിക്കാം എന്ന സംശയം വന്നത്."
കേട്ടപ്പോള്‍ എന്തോ ഞാന്‍ ഞെട്ടിയില്ല. എന്റെ മനസ്സിലുണ്ടായിരുന്ന ഭീതിയായിരുന്നു അത്. അത് തന്നെയാണ് സത്യമെന്നാണ് ഇപ്പോള്‍ കേട്ടത്.
ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളും ദു:ഖങ്ങളും ഒരു വ്യക്തിക്ക് നിരവധി ഘട്ടങ്ങളില്‍ ദുഖകരമായ അവസ്ഥകള്‍ ഉണ്ടാക്കും. ചിലര്‍ക്ക് ഇതില്‍ നിന്ന് കരകയറാന്‍ സാധിക്കാതെ വരുന്നു. ഇത്തരം അവസ്ഥകള്‍ അവര്‍ തരണം ചെയ്താലും അവര്‍ക്ക് അതുമൂലമുണ്ടാകുന്ന വിഷാദം അവരെ വിട്ടു പോകുന്നില്ല. അടുത്ത ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ മരണം, ജോലി നഷ്ടപ്പെടൽ, വിവാഹമോചനം, സാമ്പത്തിക പ്രതിസന്ധി, പ്രണയനൈരാശ്യം, അഭിമാനത്തിന് ക്ഷതമേൽക്കുന്ന അവസ്ഥകൾ തുടങ്ങിയ പ്രതിസന്ധികൾ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. ചില ശാരീരിക പ്രശ്‌നങ്ങൾ മൂലവും വിഷാദരോഗം ഉണ്ടാകാം. അർബുദം പോലുള്ള ഗുരുതര രോഗങ്ങളുടെ കൂടെയോ, തൈറോയിഡ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുമ്പോഴുണ്ടാകുന്ന ഹൈപ്പോ തൈറോയിസം ഒക്കെ ഇത്തരത്തിലെ അവസ്ഥകളാണ്. മാതാപിതാക്കൾ ക്കോ അടുത്ത കുടുംബാംഗങ്ങൾക്കോ ഈ രോഗമുണ്ടെങ്കിൽ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ചില വ്യക്തികളിൽ പ്രത്യേക കാരണമൊന്നും ഉണ്ടാകാതെ തന്നെ വിഷാദ രോഗം ഉണ്ടാകാറുണ്ട്. ഉറക്കം വരാതിരിക്കുക, ഉറങ്ങാൻ പ്രയാസമുണ്ടാകുക, മനസ്സിൽ നെഗറ്റീവ് ചിന്തകൾ മാത്രമുണ്ടാകുക, ദൈനംദിന ജോലികളിൽ വിരക്തി ഉണ്ടാകുക, സാമൂഹികമായി ഇടപെടാൻ പ്രയാസമുണ്ടാകുക, ഇഷ്ടപ്പെട്ട കാര്യങ്ങളിൽ താൽപ്പര്യമില്ലായ്മ, താൻ മറ്റുള്ളവർക്ക് ഭാരമാണെന്നും ഇനി മരണം മാത്രമാണ് ഏകമാർഗ്ഗം എന്നുമൊക്കെയുള്ള തോന്നലുകൾ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ഈ രോഗാവസ്ഥകള്‍ നമ്മളില്‍ പലരും അറിയാതെ പോകുന്നു. ഹൃദയമിടിപ്പ് കൂടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.
ലക്ഷ്മിയേച്ചിക്ക് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണല്ലോ ജീവിക്കേണ്ടി വന്നത്. മറ്റുള്ളവര്‍ ഒന്നും അറിയരുതെന്ന നിര്‍ബന്ധവും അവര്‍ക്കെന്നുമുണ്ടായിരുന്നു. ബസ് യാത്രകളില്‍ കൂട്ടായിരുന്ന ഞാന്‍ മാത്രമായിരുന്നു അവരുടെ ആശ്വാസം. പക്ഷേ എന്നോടുപ്പോലും അന്നും അവര്‍ എപ്പോഴും മനസ്സ് തുറന്നിരുന്നില്ല. എല്ലാം ഉള്ളിലടക്കിയായിരുന്നു അവരുടെ ജീവിതം. ജീവിതത്തില്‍ താന്‍ ഏറ്റവും വെറുക്കുന്ന വ്യക്തി തന്റെ ഭര്‍ത്താവ് ആണെന്ന് അവര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നിട്ടും ജീവിതം മുഴുവന്‍ വെറുക്കുന്ന ആളെ പരിചരിച്ച് അവര്‍ ജീവിച്ചു. ആരുടേയും സഹായമില്ലാതെ ഒരു കുടുംബം മുഴുവന്‍ നോക്കി.
ഇതൊക്കെയായിരിക്കാം ലക്ഷ്മിയേച്ചിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. പിന്നെ ജീവിതത്തില്‍ ഏക ആശ്വാസമായിരുന്ന ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ അവരെ ഒറ്റപ്പെടുത്തി.
ലക്ഷ്മിയേച്ചിയോടൊപ്പം അന്ന് രാത്രി കഴിയാന്‍ ഞാന്‍ തീരുമാനിച്ചു. വൈകുന്നേരം ലക്ഷ്മിയേച്ചിയുടെ മകളെയും കൂട്ടി അവരെ കാണിച്ചിരുന്ന ഡോക്ടറെ ഒന്ന് പോയി കണ്ടു.
ഡോക്ടറുമായുള്ള ആ കൂടിക്കാഴ്ച എനിക്കും ലക്ഷ്മിയേച്ചിയുടെ മകള്‍ക്കും വളരെ ആശ്വാസമായി തോന്നി.
ഇക്കാലത്ത് വിഷാദരോഗം പൂർണ്ണമായും ചികിത്സിച്ച് മാറ്റാനാവുമെന്നു ഡോക്ടര്‍ പറഞ്ഞു - പ്രത്യേകിച്ച് ലക്ഷ്മിയേച്ചിയുടെ അവസ്ഥ പഠിച്ച ഡോക്ടര്‍ക്ക് അവരുടെ അവസ്ഥ പൂര്‍ണമായും ഭേദമാക്കാന്‍ പറ്റുമെന്ന വിശ്വാസമുണ്ടായിരുന്നു. ചെറിയ തോതിലുള്ള രോഗാവസ്ഥ കൗൺസിലിംഗിലൂടെ നിയന്ത്രിക്കാനാകുമത്രേ. എന്നാൽ കഠിനമായ വിഷാദരോഗമുള്ള ഒരാൾ നിരന്തരം ആത്മഹത്യാചിന്ത പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. തീർച്ചയായും ആ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിപ്പിക്കുകതന്നെ വേണം.
പുരുഷനെ അപേക്ഷിച്ച് വിഷാദരോഗം വരാനുള്ള സാധ്യത സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. ഈ അവസ്ഥയിലായ ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബാംഗങ്ങളും, സമൂഹവുമാണ് ശ്രമിക്കേണ്ടത്. മാനസികാരോഗ്യ പ്രശ്‌നമുള്ളവരെ അവഗണിക്കുന്നതിനു പകരം വസ്തുതകൾ മനസ്സിലാക്കി അവരോട് ദയയും സഹാനുഭൂതിയും പ്രകടിപ്പിക്കാൻ ശ്രമിക്കണം.
ഡോക്ടറുടെ ഉപദേശങ്ങള്‍ അതുപ്പോലെ ഉള്‍കൊള്ളാന്‍ എനിക്കും ലക്ഷ്മിയേച്ചിയുടെ മകള്‍ക്കും കഴിഞ്ഞു. ശരിയായ സമയത്ത് തന്നെ ലക്ഷ്മിയേച്ചിയെ ഡോക്ടറെ കാണിക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ പുണ്യം.
രാത്രി അവിടെ കഴിഞ്ഞ് പിറ്റേന്ന് പുലര്‍ച്ചെ ലക്ഷ്മിയേച്ചിയോടും അവരുടെ ഭര്‍ത്താവിനോടും മകളോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ആകെയൊരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ..
"ഈശ്വരാ.....എന്റെ ലക്ഷ്മിയേച്ചിയെ കാത്തുകൊള്ളണേ..."
------------------------------------------------------------------------------------------------------------------
ഡിപ്രേഷെന്‍ അഥവാ വിഷാദരോഗം - ഇന്നത്തെ ജീവിത സാഹചര്യത്തില്‍ നമുക്ക് ചുറ്റും കണ്ടു വരുന്ന ഈ രോഗാവസ്ഥയെ - കേരളത്തില്‍ തന്നെ ഇരുപതു ശതമാനത്തില്‍ മുകളില്‍ ഈ രോഗം കണ്ടു വരുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പലരും അറിയാതെ പോകുന്നു ഈ രോഗാവസ്ഥയെ കുറിച്ച്. കണ്ടു പിടിച്ചാല്‍ ചികിത്സിച്ചു മാറ്റാവുന്ന അവസ്ഥയാണ് ഡിപ്രേഷെന്‍ അഥവാ വിഷാദരോഗം. നമ്മുടെ മനസ്സും കണ്ണും തുറന്നു പുറം ലോകത്തേക്ക് നോക്കിയാല്‍ നമുക്ക് കാണാം ഇത്തരത്തിലുള്ള അവസ്ഥയില്‍ പെട്ടവരെ. ചിലര്‍ക്ക് സ്വയം തോന്നാം അവരുടെ ഈ അവസ്ഥയെ കുറിച്ച്. മറ്റു ചിലരുടെ രോഗാവസ്ഥയെ തിരിച്ചറിയാന്‍ നമ്മുടെ സമൂഹത്തിന്റെ കണ്ണുകള്‍ തുറക്കേണ്ടതായുണ്ട്. അതിനു വേണ്ടി ഞാന്‍ 'ലക്ഷ്മിയേച്ചി' യുടെ കഥ സമര്‍പ്പിക്കുന്നു.
My Interview in Voice of Kerala (Ladies Corner) - 13th June 2016

ഏറെ നാളുകളായി ബീനുവിന്റെ ബ്ലോഗ് വായിച്ചിട്ട്. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതായപ്പോൾ ബ്ലോഗ് വായന നന്നേ കുറഞ്ഞു. സന്തോഷം ബീനു അക്ഷരങ്ങൾ വഴി ഒരു കൂടിക്കാഴ്ച തന്നതിന്.
ReplyDeleteഹൃദയസ്പർശിയായ ഒരു അനുഭവക്കുറിപ്പിന്റെ ചാരുതയുണ്ട് ലക്ഷ്മിയേച്ചി എന്ന ഈ കഥയ്ക്ക്. ജീവിതം നല്കുന്നതെന്തും വാങ്ങി പോരും പരിഭവവും ഇല്ലാതെ ലാസ്‌റ്റ് സ്റ്റോപ്പിൽ ഇറങ്ങാനുള്ള യാത്രയ്ക്ക് പുറപ്പെട്ടോർ അനവധിയുണ്ട്. കിതച്ച് കിതച്ച് ഒടുക്കം വണ്ടി നിൽക്കുന്നിടം വരെ ഒരേ യാത്ര. കുറെ ലക്ഷ്മിയേച്ചിമാരുണ്ട് ഈ യാന്ത്രികയുഗത്തിൽ. ആർക്കൊക്കെയോ വേണ്ടി സുഖങ്ങൾ പരിത്യജിച്ച് പാഞ്ഞ് കടമകളുടെ പൊള്ളലിൽ അവരങ്ങനെ വെന്തും വറ്റിയും തീരുന്നു. ഈ ലക്ഷ്മിയേച്ചിയെ എനിക്കും അറിയാമല്ലോ എന്ന് വായനക്കാരെ കൊണ്ട് ബീനു സമ്മതിപ്പിക്കുന്നുണ്ട് ഈ കഥയിലൂടെ. കാരണം ഇതിൽ നിറഞ്ഞു നിൽക്കുന്നതു ജീവിതമാണ്. പച്ചയായ ജീവിതം. ലളിതമായി, ഏറെ ഹൃദയസ്പർശിയായി പറഞ്ഞിരിക്കുന്ന കഥയ്ക്കൊടുവിൽ സൂചിപ്പിച്ചിട്ടുള്ള, ഏവരും അറിഞ്ഞിരിക്കേണ്ട വിഷാദവ്യാധിയുടെ കാര്യകാരണങ്ങളും നിവാരണ മാർഗ്ഗങ്ങളും കാലോചിതവും അത്യന്തം പ്രശംസനീയവും ആണ് ബീനു.എന്റെ സ്നേഹാശംസകൾ സഖീ.
ഏറെ നാളുകളായി ബീനുവിന്റെ ബ്ലോഗ് വായിച്ചിട്ട്. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതായപ്പോൾ ബ്ലോഗ് വായന നന്നേ കുറഞ്ഞു. സന്തോഷം ബീനു അക്ഷരങ്ങൾ വഴി ഒരു കൂടിക്കാഴ്ച തന്നതിന്.
ReplyDeleteഹൃദയസ്പർശിയായ ഒരു അനുഭവക്കുറിപ്പിന്റെ ചാരുതയുണ്ട് ലക്ഷ്മിയേച്ചി എന്ന ഈ കഥയ്ക്ക്. ജീവിതം നല്കുന്നതെന്തും വാങ്ങി പോരും പരിഭവവും ഇല്ലാതെ ലാസ്‌റ്റ് സ്റ്റോപ്പിൽ ഇറങ്ങാനുള്ള യാത്രയ്ക്ക് പുറപ്പെട്ടോർ അനവധിയുണ്ട്. കിതച്ച് കിതച്ച് ഒടുക്കം വണ്ടി നിൽക്കുന്നിടം വരെ ഒരേ യാത്ര. കുറെ ലക്ഷ്മിയേച്ചിമാരുണ്ട് ഈ യാന്ത്രികയുഗത്തിൽ. ആർക്കൊക്കെയോ വേണ്ടി സുഖങ്ങൾ പരിത്യജിച്ച് പാഞ്ഞ് കടമകളുടെ പൊള്ളലിൽ അവരങ്ങനെ വെന്തും വറ്റിയും തീരുന്നു. ഈ ലക്ഷ്മിയേച്ചിയെ എനിക്കും അറിയാമല്ലോ എന്ന് വായനക്കാരെ കൊണ്ട് ബീനു സമ്മതിപ്പിക്കുന്നുണ്ട് ഈ കഥയിലൂടെ. കാരണം ഇതിൽ നിറഞ്ഞു നിൽക്കുന്നതു ജീവിതമാണ്. പച്ചയായ ജീവിതം. ലളിതമായി, ഏറെ ഹൃദയസ്പർശിയായി പറഞ്ഞിരിക്കുന്ന കഥയ്ക്കൊടുവിൽ സൂചിപ്പിച്ചിട്ടുള്ള, ഏവരും അറിഞ്ഞിരിക്കേണ്ട വിഷാദവ്യാധിയുടെ കാര്യകാരണങ്ങളും നിവാരണ മാർഗ്ഗങ്ങളും കാലോചിതവും അത്യന്തം പ്രശംസനീയവും ആണ് ബീനു.എന്റെ സ്നേഹാശംസകൾ സഖീ.
ohhhh thanks a lot ambilykutty for the great words.....i am really touched....
DeleteThis comment has been removed by the author.
Deleteഇന്നത്തെ റേഡിയോ ഇന്റർവ്യൂ വിൽ ഇതിനെകുറിച്ചു കേട്ടപ്പോൾ ഒരു കൌതുകത്തിന്റെ പേരിൽ വായിച്ചതാണ്. ഓരോ രംഗവും മനസ്സിൽ കാണാൻ പറ്റി. വളരെ നന്നായി ബീന. നല്ല വായനാനുഭവം.
ReplyDeletethanks a lot Shaju....:)
DeleteYou have written it very nicely Beena. You have successfully highlighted a serious issue through a simple caricature; which I am sure will be somebody you must have come across in your life, in a very close vicinity!!! Please continue your writing.
ReplyDeleteശരിക്കും മനസ്സിൽ തട്ടി എഴുതിയതാ.. അതുകൊണ്ട് തന്നെ വായിക്കുന്നവന്റെ കണ്ണ് നനഞ് പോകുന്നു.....ലക്ഷ്മി ചേച്ചിയെപോലെ ഒരുപാട് ആൾക്കാർ ഉണ്ടാകാം... എന്നാൽ ഈ ലക്ഷ്മി ചേച്ചി വായിക്കുന്നവന്റെയും ഒരു ചേച്ചി ആയി മാറിയിരിക്കുന്നു.. എത്ര മനോഹരമായിട്ടാണ് എഴുതി ഫലിപ്പുച്ചിരിക്കുന്നത്... ഭയങ്കര ഹൃദയസ്പർശിയായി ഈ വരികൾ... 🙏
ReplyDeletethank you sooo much
Delete