ബിരിയാണി

എന്റെ പേര് നന്ദകുമാര്‍.
നന്ദു എന്നാണു അമ്മയും അച്ഛനും വിളിക്കുന്നത്‌.
ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു.
എനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണം ബിരിയാണിയാണ്.

അച്ഛന്റെ വീട് മലപ്പുറത്താണ്. സ്കൂള്‍ അവധിക്കു അച്ഛന്റെ വീട്ടില്‍ പോകുമ്പോള്‍ അച്ഛമ്മേടെ കൂടുകാരി താത്ത ആന്റി ഒരു പ്രാവശ്യം എന്നെ വീട്ടിലേക്കു വിളിക്കും നല്ല കോഴി ബിരിയാണി കഴിക്കാന്‍. ബിരിയാണിയുമായുള്ള എന്റെ ആകെയുള്ള ബന്ധം അതാണ്‌. അന്ന് പോയി വയറു നിറയെ ബിരിയാണി കഴിക്കും.

ക്ലാസ്സിലെ സന്ദീപും അനിലുമൊക്കെ ഇടയ്ക്കിടെ ഫ്രൈഡ് റൈസ്, ചിക്കന്‍ ബിരിയാണി ഇതൊക്കെ കൊണ്ട് വരും. ഫ്രൈഡ് റൈസ് കൊണ്ട് വന്നു കഴിഞ്ഞാല്‍ സന്ദീപിന് ഭയങ്കര ജാഡയാണ്. അവന്റെ അമ്മ അതുണ്ടാക്കിയതിനെ പറ്റി ഒരുപാട് തവണ പറഞ്ഞു കൊണ്ടേയിരിക്കും. സാധാരണ ഭക്ഷണം ഉണ്ടാക്കുന്നത്‌ പോലെയല്ലാത്രേ ഫ്രൈഡ് റൈസ് ഉണ്ടാക്കുക. അതില്‍ എന്തൊക്കെയോ വിദേശ സംഭവങ്ങള്‍ ഒഴിക്കണം. പക്ഷെ അവന്‍ കൊണ്ട് വന്നപ്പോള്‍ ഒരിക്കല്‍ എനിക്കും തന്നു ഒന്ന് സ്വാദ് നോക്കാന്‍.
സത്യം പറയാമല്ലോ, കുഴപ്പമില്ല... അത്രയേ പറയാന്‍ പറ്റു.
നമ്മുടെ ബിരിയാണീടെ സ്വാദിനു മുന്‍പില്‍ നില്‍ക്കാന്‍ പോലും ഫ്രൈഡ് റൈസിന് കഴിയില്ല.
പിന്നെ സന്ദീപിന്റെ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്ന കഥ പറച്ചില്‍ കൂടി കേട്ടപ്പോള്‍ അതിലും മാത്രമൊന്നും അതൊരു സംഭവമാണെന്ന് എനിക്ക് തോന്നിയില്ല..
അമ്മയോട് വന്നു അതിനെ പറ്റി പറഞ്ഞപ്പോള്‍ അതൊന്നും ആരോഗ്യത്തിനു നല്ലതല്ലെന്നാ അമ്മ പറഞ്ഞെ.

അനില്‍ പിന്നെ ഫ്രൈഡ് റൈസ് കൊണ്ട് വന്നു സന്ദീപിനെ പോലെ ജാഡയൊന്നും കാണിക്കാറില്ല. ഇടയ്ക്കവന്‍ ബിരിയാണി കൊണ്ട് വരും.

അവനു അറിയാം എനിക്കത് കുറേ ഇഷ്ടമാണെന്ന്. അത് കൊണ്ട് എനിക്കും കൂടിയുള്ളത് അവന്‍ അമ്മയോട് പറഞ്ഞു കൊണ്ട് വരും.
എന്നോട് ആത്മാര്‍ത്ഥമായ സ്നേഹമുള്ളത് അനിലിനു മാത്രമാണെന്ന് എനിക്കറിയാം. എനിക്കും ഏറ്റവും ഇഷ്ടം അനിലിനെയാണ്.
ഒരു ദിവസം അവനും എന്റെ വീട്ടില്‍ നിന്ന് ബിരിയാണി ഉണ്ടാക്കി കൊണ്ട് വന്നു കൊടുക്കണം. ഞാന്‍ അത് മനസ്സില്‍ നിശ്ചയിച്ച കാര്യമാണ്. അതെന്നാണെന്ന് മാത്രം ഒരു പിടിയുമില്ല.

എനിക്കെന്നും അമ്മ സ്കൂളിലേക്ക് വെക്കുന്നത് ചോറാണ്. എന്റെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് നല്ല ദൂരമുള്ളതിനാല്‍ അതിരാവിലെ എണീറ്റ്‌ അമ്മയ്ക്ക് എല്ലാം ഉണ്ടാക്കണം.
ഞാന്‍ കഴിഞ്ഞ വര്‍ഷമാണ്‌ ഈ സ്കൂളിലേക്ക് മാറിയത്. അതിനു മുന്‍പ് വീടിന്റെ അടുത്തുള്ള മലയാളം മീഡിയത്തിലാണ് പഠിച്ചിരുന്നത്. വലുതായി വല്ല്യ ജോലിയൊക്കെ കിട്ടണമെങ്കില്‍ അത് പറ്റില്ല....ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിക്കണമത്രേ. വീടിന്റെ അടുത്തുള്ള കുട്ടികള്‍ ഒക്കെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറിയത് കണ്ടപ്പോള്‍ പിന്നെ അച്ഛനും എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കണമെന്നു തോന്നി.
ഞാന്‍ വലുതായി വല്ല്യ ഉദ്യോഗസ്തനാകുന്നത് അച്ഛന്‍ ഇടയ്ക്ക് സ്വപ്നം കണ്ടിരുന്നുവത്രേ.

മലയാളം സ്കൂളില്‍ ആയിരുന്നപ്പോള്‍ വലിയ പ്രശ്നമൊന്നുമില്ലയിരുന്നു. എല്ലാവരും ഇഡ്ഡലിയും, ചോറുമൊക്കെ തന്നെയാണ് കൊണ്ട് വരിക. ഇവിടെ പിന്നെ അങ്ങനെയല്ല.  പക്ഷെ അതൊന്നും അമ്മയ്ക്ക് പറഞ്ഞാല്‍ മനസ്സില്ലാവുകയുമില്ല. കുറെ നാള്‍ പറഞ്ഞു നോക്കി, അവസാനം അമ്മയ്ക്ക് ദേഷ്യം വരാന്‍ തുടങ്ങിയപ്പോള്‍ പിന്നെ നിര്‍ത്തി.

ഇതിപ്പോള്‍ അനിലിനു ഒരു ദിവസമെങ്കിലും ബിരിയാണി കൊടുക്കണം. അവന്റെ സ്നേഹത്തിനു പകരം അങ്ങനെ എന്തെങ്കിലും ഞാന്‍ ചെയ്യണ്ടേ? പക്ഷെ സ്കൂളിലേക്ക് ബിരിയാണി കൊണ്ട് പോകുന്നത് എന്തായാലും നടക്കുമെന്ന് തോന്നുന്നില്ല. ബിരിയാണി ഉണ്ടാക്കുന്നത്‌ അത്ര എളുപ്പമല്ലത്രേ. അതിനു നല്ല പണിയുണ്ട്. അത് കൊണ്ട് അമ്മയ്ക്കതൊന്നും രാവിലെ ഉണ്ടാക്കാന്‍ എന്തായാലും പറ്റില്ല.

ഒരു ദിവസം അവന്‍ പറഞ്ഞു എന്റെ വീട്ടിലേക്ക്‌ വരാമെന്ന്. അവനെ വീടിലേക്ക്‌ വിളിച്ചു അവനു അമ്മ ഉണ്ടാക്കിയ ബിരിയാണി വയര്‍ നിറയെ കഴിക്കാന്‍ കൊടുക്കണം ഒരു ദിവസം . മനസ്സില്‍ അതൊരു വലിയ ആഗ്രഹമായി നില നിന്നു.

അത് നടക്കണമെങ്കില്‍ രണ്ടു കാര്യം ഉറപ്പു കിട്ടണം.

അമ്മ ബിരിയാണി ഉണ്ടാക്കാമെന്ന് ആദ്യം സമ്മതിക്കണം. അത് പിന്നെ വലിയ പ്രശ്നമല്ല. ഇന്നേ വരെ ഉണ്ടാക്കിയിട്ടില്ലെങ്കിലും അമ്മ പറയാറുണ്ട് നന്ദുന് അമ്മ ഒരു ദിവസം ബിരിയാണി ഉണ്ടാക്കി തരുമെന്ന്.

അനിലിനെ വീട്ടിലേക്കു ബിരിയാണി കഴിക്കാന്‍ വിളിക്കാന്‍ സമ്മതിക്കണം. അവിടെയാണ് പ്രശ്നം. ഒരു പാട് തലപുകഞ്ഞു ആലോചിച്ചു നോക്കി. ഒന്നും മനസ്സിലേക്ക് വന്നില്ല.

അങ്ങനെ ഇരിക്കേ വൈകുന്നേരം ഏതോ സീരിയല്‍ കണ്ടു അമ്മ അതിലെ ഒരു കുട്ടിക്ക് അമ്മ നഷ്ടപ്പെട്ടതിനെ കുറിച്ച് അച്ഛനോട് പറയുന്നത് കേട്ട്. അമ്മയ്ക്കതു ഭയങ്കര വിഷമമായെന്നു മനസ്സിലായി.
ഉടനെ ഒരു ബുദ്ധി തോന്നി.
അനിലിനെ അമ്മയ്ക്ക് അത്ര പരിചയമൊന്നുമില്ല. അവനെ സീരിയലിലെ അമ്മയുടെ കണ്ണ് നനയിപ്പിച്ച കുട്ടിയാക്കിയല്ലോ? അപ്പോള്‍ പിന്നെ അമ്മ എന്തും സമ്മതിക്കും.
അച്ഛനും അമ്മയും മരിച്ച സന്ദീപ്‌ എന്ന സീരിയല്‍ക്കുട്ടിയുടെ  കഥ അച്ഛനോട് പങ്കു വെച്ച ആ വിഷമത്തില്‍ അടുക്കളയിലേക്കു പോയ അമ്മയുടെ പിറകെ ഞാനും പോയി.
അല്‍പ്പ സമയം അവിടെ നിന്നതിനു ശേഷം അമ്മയുടെ അടുത്ത് പോയി കാര്യം പറഞ്ഞു. തന്റെ സ്കൂളിലെ കൂടുകാരന്‍ അനിലിനെ പറ്റി. അവന്റെ കഥയും അമ്മ സീരിയല്‍ കണ്ട കുട്ടിയുടെ കഥ പോലെ തന്നെയാണ്.

അച്ഛനും അമ്മയും കാറപകടത്തില്‍ മരിച്ചു. ഇളയച്ചനാണ് അവനെ വളര്‍ത്തുന്നത്. അവന്റെ അമ്മ നന്നായി ബിരിയാണി ഉണ്ടാക്കിയിരുന്നത്രേ. അവനിപ്പോഴും ആ സ്വാദ് മനസ്സില്‍ നിന്ന് പോയിട്ടില്ലെന്നാ പറയാറ്.

പാത്രം കഴുകുന്നതിന്റെ ഇടയിലായതിനാല്‍ ഭാഗ്യം അമ്മ മുഖത്തേക്ക് നോക്കുന്നില്ല എന്റെ. അത് ഒരു സമാധാനം. ഇല്ലെങ്കില്‍ കള്ളമാണ് പറയുന്നതെന്ന് അമ്മയ്ക്ക് മനസ്സിലായാല്ലോ...ഞാനിതു വരെ അമ്മയോടും അച്ഛനോടും കള്ളം പറഞ്ഞിട്ടില്ല. എന്തായാലും സംഭവമേല്ക്കുന്നുണ്ട്.

അമ്മ 'അയ്യോ പാവം കുട്ടി' എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ സമാധാനമായി.

പതുക്കെ ചോദിച്ചു,
'അമ്മേ, നമ്മള്‍ ബിരിയാണി ഉണ്ടാക്കുന്ന ദിവസം അവനെ ഇങ്ങോട്ട് കഴിക്കാന്‍ വിളിച്ചാലോ?'
സാധാരണ ബിരിയാണി ഉണ്ടാക്കുന്നതിനെ പറ്റി പറയുമ്പോള്‍ പെട്ടെന്ന് വിഷയം മാറ്റുന്ന അമ്മ പക്ഷെ ഇത്തവണ അങ്ങനെ ചെയ്തില്ല.

മറിച്ച്,
'ആ കുട്ടി ഇളയച്ഛന്റെ കൂടെയാണ് താമസം എന്നല്ലേ നീ പറഞ്ഞെ? അവര്‍ അങ്ങനെ വിടുമോ നമ്മുടെ വീടിലേക്ക്‌' എന്ന് തിരിച്ചു എന്നോട് ചോദിച്ചു.

'അത് ഞാന്‍ പറയാം അമ്മെ അവനോട്. അപ്പോള്‍ എന്നാ വിളിക്കേണ്ടേ അവനെ. വരുന്ന ഞായറാഴ്ച വിളിച്ചാലോ അമ്മേ?'

സംഭവം ഇത്രത്തോളമായ സ്ഥിതിക്ക് ഇനിയധികം വൈകിക്കെണ്ടയെന്നു എനിക്ക് അപ്പോള്‍ തോന്നി.

'ആ നീ വിളിച്ചോ നന്ദു. ഉച്ചക്ക് നമ്മുടെ കൂടെ ഊണ് കഴിക്കാമെന്ന് പറയു ആ കുട്ടിയോട്. വേണമെങ്കില്‍ അച്ഛനോട് പറഞ്ഞു ആ കുട്ടിയുടെ ഇളയച്ഛനോട് സംസരിപ്പിക്കണോ?'

'അയ്യോ, വേണ്ട അമ്മെ, ഞാന്‍ പറഞ്ഞോളാം അവനോട്'

മനസ്സില്‍ ആ സമയം തോന്നിയ സന്തോഷം എനിക്കിത് വരെ തോന്നിയിട്ടില്ലാത്തതായിരുന്നു.

അന്ന് രാത്രി ഉറക്കം വന്നില്ല.
ഞായറാഴ്ചയ്ക്കിനി എത്ര ദിവസമെന്നു എണ്ണി നോക്കി. നാളെ വ്യാഴാഴ്ച ആണല്ലോ? അപ്പോള്‍ മൂന്നു ദിവസങ്ങള്‍. അവന്റെ വീട്ടില്‍ സമ്മതിക്കുമായിരിക്കും. അവന്‍ കൂട്ടുകാരുടെ വീട്ടില്‍ പോകുന്നത് അവന്റെ അമ്മയും അച്ഛനും സമ്മതിക്കാറുണ്ട് എന്നാണ് അവന്‍ അന്ന് പറഞ്ഞത്.

എന്തായാലും പിറ്റേന്ന് സ്കൂളില്‍ പോയി അവനെ ഞായറാഴ്ച എന്റെ വീട്ടിലേക്കു വരണമെന്ന് പറഞ്ഞു ക്ഷണിക്കുന്ന വരെ സമാധാനമുണ്ടായില്ല. വിളിച്ചപ്പോള്‍ തന്നെ അനില്‍ വരാമെന്ന് പറഞ്ഞു.
പെട്ടെന്നാണ് മനസ്സില്‍ ഒരു വെള്ളിടി വെട്ടിയത്. എങ്ങനെയാവും അവന്‍ വരിക? ഇനി അവന്റെ അച്ഛനെങ്ങാനും കൊണ്ടാക്കാന്‍ വരുമോ?

പക്ഷെ ചോദിച്ചപോള്‍ തന്നെ അവന്‍ പറഞ്ഞു,
 'അച്ഛനോട് പറഞ്ഞാല്‍ കൊണ്ട് വരില്ല. അച്ഛന്‍ ഭയങ്കര തിരക്കാണ്. വലിയച്ഛന്റെ മോന്‍ സുമേഷേട്ടന്‍ ഉണ്ട്. ഞാന്‍ സുമേഷേട്ടനോട് എന്നെ കൊണ്ട് വരാന്‍ പറയാം'.

ഹാവൂ, ഇപ്പോഴാ സമാധാനം ആയത്.

അമ്മ വായിച്ചു കഴിഞ്ഞ വനിതകളൊക്കെ വെക്കുന്നത് ഞങ്ങടെ വീട്ടിലെ പഴയ ഒരു അലമാരിയുടെ മുകളിലാണ്.
വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മ അതെല്ലാം എടുത്തു താഴെ വെച്ച് എന്തോ കാര്യമായി തപ്പുന്നു.
ഓടി ചെന്ന്
 'എന്താ അമ്മെ നോക്കുന്നെ', എന്ന് ചോദിച്ചപ്പോള്‍....

'കുറച്ചു നാള്‍ മുന്‍പുള്ള ഒരു വനിതയില്‍ വന്നിരുന്നു നാടന്‍ ബിരിയാണി ഉണ്ടാക്കുന്ന പാചകക്കുറിപ്പ്. അത് തപ്പുകയാ നന്ദു'

ആഹാ, അമ്മ കൊള്ളാമല്ലോ. അമ്മയോട് ഒരു പാട് സ്നേഹം തോന്നി. മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടുന്ന പോലെയും.
ഞാനും കൂടി അമ്മയെ സഹായിക്കാന്‍. അവസാനം ഞാനും അമ്മയും കൂടി കണ്ടു പിടിച്ചു പഴയ ആ 'വനിത'.

വെള്ളിയാഴ്ച അനിലിനോടു ഒന്ന് കൂടി ഉറപ്പു വരുത്തി ഞായറാഴ്ചയിലെ കാര്യം. സുമേഷേട്ടന്‍ കൊണ്ട് വരാമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ടെന്നു അനില്‍ വാക്ക് തന്നു.

സ്കൂള്‍ വിട്ടു വന്നു ചായ കുടിക്കാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ കണ്ടു അമ്മ ബിരിയാണി ഉണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങിയത് മേശപ്പുറത്തു ഇരിക്കുന്നത്. ഓരോന്നും എടുത്തു നോക്കി.
എന്തൊക്കെയോ നല്ല മണമുള്ള സാധനങ്ങള്‍. നക്ഷത്ര മത്സ്യം പോലെ തോന്നുന്ന ഒരു സാധനം കണ്ടു.

'എന്താമ്മേ' എന്ന് ചോദിച്ചപ്പോള്‍

'അതെല്ലാം ബിരിയാണിക്ക് നല്ല സ്വാദും മണവുമെല്ലാം ഉണ്ടാക്കാന്‍ വേണ്ടിയുള്ളതാ' ണെന്ന് അമ്മ പറഞ്ഞു.

കൊള്ളാമല്ലോ...ഇതൊക്കെയിട്ട് എത്ര ബുദ്ധിമുട്ടിയാണ് അപ്പോള്‍ ബിരിയാണി ഉണ്ടാക്കുന്നത്‌, വെറുതെയല്ല അതിനു നല്ല സ്വാദ്. നമ്മുടെ ചോറും ഇഡ്ഡലിയുമൊക്കെ എത്ര എളുപ്പത്തിലാണ് അമ്മ ഉണ്ടാക്കുന്നത്‌. അത് കൊണ്ട് അതിനു സ്വാദും കുറവ്. മ്മ്മം....സംഭവം കൊള്ളാം!

ശനിയാഴ്ച വൈകുന്നേരം അച്ഛന്‍ വന്നപ്പോള്‍ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നു. വന്ന ഉടനെ അടുക്കളയില്‍ പോയി അമ്മയെ ഏല്‍പ്പിക്കുന്നത് കണ്ടു.
പതുക്കെ ഞാന്‍ പോയി നോക്കി അതെന്താണെന്ന്.

അമ്മ പറഞ്ഞു 'ചിക്കന്‍ ആണ്... രാവിലെ വാങ്ങാന്‍ ബുദ്ധിമുട്ടാവും, അത് കൊണ്ട് അച്ഛന്‍ ഇന്ന് തന്നെ വാങ്ങിയതാണ്'.
 അമ്മ അതെടുത്തു ഫ്രീസ്സറില്‍ വെച്ചു.

അന്ന് ഉറങ്ങാന്‍ കിടന്നിട്ടും ഒട്ടും ഉറക്കം വന്നില്ല.
മനസ്സ് മുഴുവന്‍ ബിരിയാണി ആയിരുന്നു. കൂടെ അനിലിന്റെ കൂടെയിരുന്ന് അത് കഴിക്കുമ്പോഴുള്ള അഭിമാനവും.

രാവിലെ എണീട്ടപോള്‍ കുറച്ചു വൈകി.
അടുക്കളയില്‍ നിന്ന് പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നു.
അമ്മ ബിരിയാണി ഉണ്ടാക്കി തുടങ്ങി കാണുമോ?
അടുക്കളയില്‍ ചെന്ന് നോക്കിയപ്പോള്‍ അമ്മയും അച്ഛനുമുണ്ട്  - എന്തൊക്കെയോ കാര്യമായ പണിയിലാണ്.

എന്നെ കണ്ട ഉടനെ 'പല്ല് തേച്ചു കുളിച്ചു വാ നന്ദൂ' എന്ന് പറഞ്ഞു.
ശെരിയാ, വേഗം കുളിയൊക്കെ കഴിയണം. പറ്റിയാല്‍ നേരത്തെ വരാമെന്ന് അനില്‍ പറഞ്ഞിട്ടുണ്ട്.
കുളി കഴിഞ്ഞപ്പോഴേക്കും അമ്മ പ്രാതല്‍ കഴിക്കാന്‍ വിളിച്ചു. നോക്കിയപ്പോള്‍ ഇന്നും ഇഡ്ഡലിയാണ്. ഇഡ്ഡലിയില്‍ നിന്ന് മാത്രം ഒരു മോചനമില്ലേ എന്ന് ആലോചിച്ചു ബിരിയാണിയെ മനസ്സിലോര്‍ത്തു ഇഡ്ഡലി കഴിച്ചു.
അടുക്കളയില്‍ നിന്ന് നാസാധ്വാരങ്ങളിലേക്ക് ബിരിയാണിയുടെ സുഗന്ധം ഇടിച്ചു കയറാന്‍ തുടങ്ങി. ഇഡ്ഡലിക്ക് പതിവില്ലാത്ത സ്വാദ് തോന്നി.
കഴിച്ചു കഴിഞ്ഞ് പതുക്കെ അടുക്കളയില്‍ ചെന്ന് നോക്കി.
അമ്മ നെയ്യില്‍ ഉള്ളി വഴറ്റുന്നു. അപ്പോള്‍ ഇതിന്റെയായിരുന്നു മണം. ഞാനവിടെ നിന്ന് അമ്മ ചെയ്യുന്നതും നോക്കി വെള്ളമിറക്കി നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ട് കാരണമാണെന്ന് തോന്നുന്നു
 'നന്ദു പോയി പഠിക്കാനുള്ളത് നോക്കിക്കോളൂ'
 എന്ന് പറഞ്ഞു അമ്മ എന്നെ അവിടെ നിന്ന് പറഞ്ഞയച്ചു.

ഇതിനിടയില്‍ അമ്മയോട് പറഞ്ഞു അനില്‍ വന്നാല്‍ അവന്റെ അമ്മയെയും അച്ഛനെയും പറ്റി ഒന്നും ചോദിക്കരുതെന്ന്. അവനു അത് വിഷമമാകും. ഇല്ലെന്നു അമ്മ പറഞ്ഞപ്പോഴാണ് സമാധാനം തോന്നിയത്.

മുറിയില്‍ പോയി പഠിക്കാനെന്ന പോലെ ഇരുന്നു.
പക്ഷെ എന്ത് പഠിക്കാന്‍! മനസ്സില്‍ ബിരിയാണി മാത്രമായിരുന്നു. അനിലിന്റെ കൂടെയിരുന്നു എന്റെ അമ്മ ഉണ്ടാക്കിയ ബിരിയാണി കഴിക്കുക എന്ന എന്റെ സ്വപ്നം ഇന്ന് സഫലമാകുന്നു.

ഏകദേശം പതിനൊന്നു മണിയായപ്പോള്‍ സുമേഷേട്ടന്റെ ഫോണില്‍ നിന്ന് അനില്‍ നിന്ന് വിളിച്ചു. അവരെത്താറായി. പെട്ടെന്നാണോര്‍ത്തത് ഇനി സുമേഷേട്ടന്‍ എന്തേലും പറയുമോ അനിലിന്റെ അച്ഛനെയും അമ്മയെയും പറ്റി ഇവരോട്. പെട്ടെന്നൊരു ഭയം തോന്നി.

കുറച്ചു കഴിഞ്ഞപ്പോള്‍ അനിലിന്റെ സുമേഷേട്ടന്റെ ബൈക്ക് വന്ന ശബ്ദം കേട്ടു. അനിലിനെ വീട്ടില്‍ കൊണ്ട് വന്നാക്കി മൂന്നുമണിയോടെ വന്നു കൊണ്ട് പോകാമെന്ന് പറഞ്ഞു സുമേഷേട്ടന്‍ അപ്പോള്‍ തന്നെ തിരിച്ചു പോയി. ദൈവം എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നുവെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി.
അനില്‍ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ നല്ല സ്വാദുള്ള നാരങ്ങ വെള്ളം ഉണ്ടാക്കി കൊടുത്തു. കൂടെ എനിക്കും കിട്ടി.
പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ ഭക്ഷണം കഴിക്കാന്‍ വിളിച്ചു ഞങ്ങളെ. അച്ഛനും അമ്മയും ഞാനും അനിലും കൂടി അങ്ങനെ എന്റെ അമ്മ ആദ്യമായുണ്ടാക്കിയ ബിരിയാണി ആസ്വദിച്ചു കഴിച്ചു.
അമ്മ ആദ്യമായിട്ടാ ഉണ്ടാക്കിയെ എന്ന് പറയില്ല. അത്ര സ്വാദില്‍ അമ്മ ഉണ്ടാക്കിയിട്ടുണ്ട്.
എന്താ രുചി!
അനിലിന് അമ്മ സ്നേഹത്തോടെ വിളമ്പി കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഇടയ്ക്കിടെ ഇഷ്ടായോ മോന്? എന്ന് ചോദിച്ചു അമ്മ.
ഇടയ്ക്കവന്‍
'എന്റെ അമ്മ ഉണ്ടാക്കുന്നത്‌ വേറെ തരം അരി വെച്ചാണ്.'
എന്നൊരു ഡയലോഗ് അടിച്ചത് കേട്ടപ്പോള്‍ ബിരിയാണി പെട്ടെന്ന് നെറുകയില്‍ കേറിയ പോലെ തോന്നി ഞാന്‍ ചുമച്ചു.

അമ്മയുടെ 'ഈ ബിരിയാണി ഇഷ്ടായില്ലെ'യെന്ന ചോദ്യത്തിന്,

'ഉവ്വ് , എന്റെ അമ്മ ഉണ്ടാക്കുന്നതിലും ആന്റിയുടെ ബിരിയാണിയാണ് എനിക്ക് ഇഷ്ടായെ'
 അത് കേട്ടപ്പോള്‍ അമ്മയുടെ മുഖം ബള്‍ബ്‌ ഇട്ട പോലെ തെളിഞ്ഞു.

അങ്ങനെ വയര്‍ നിറയെ ബിരിയാണിയും കഴിച്ചു കുറച്ചു നേരം അനിലിന്റെ കൂടെ കളിച്ചപ്പോഴേക്കും അവന്റെ സുമേഷേട്ടന്‍ വന്നു അവനെ കൊണ്ട് പോകാന്‍.
വളരെ നാളത്തെ സ്വപ്നം സാഫല്യമായതിന്റെ സന്തോഷത്തില്‍ ഞാന്‍ അവനോടു യാത്ര പറഞ്ഞു.

അന്ന് പക്ഷെ രാത്രി ഉറങ്ങാന്‍ കിടന്നിട്ട് എനിക്കുറക്കം വന്നില്ല.
അമ്മയോട് ഞാന്‍ പറഞ്ഞ നുണ എന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങി. എന്തായാലും അമ്മ ഉണ്ടാക്കിയ ബിരിയാണിയും കഴിക്കാന്‍ പറ്റി, അതിലൊരു പങ്ക് ആത്മമിത്രത്തിനു നല്‍കാനും പറ്റി. ഇനി അമ്മയോട് പറയാമെന്നു തോന്നി ഈ ആഗ്രഹങ്ങള്‍ നടക്കാന്‍ ഞാന്‍ കെട്ടിച്ചമച്ച കഥയായിരുന്നു അനിലിന്റെ മാതാപിതാക്കളുടെ കാറപകടം എന്ന്.
കുറെ തവണ ആലോചിച്ചപ്പോഴും മനസ്സ് അത് തന്നെ പറഞ്ഞു.

അമ്മ ക്ഷമിക്കുമായിരിക്കും, വഴക്ക് പറഞ്ഞാലും ഇനി തല്ലിയാലും സാരമില്ല. അമ്മയോട് സത്യം പറയാമെന്നു തന്നെ ഉറപ്പിച്ചു അമ്മ അടുക്കളയില്‍ പാത്രം കഴുകുകയായിരുന്നല്ലോ, അങ്ങോട്ട്‌ പോയി പറയാം.

പതുക്കെ എണീറ്റ്‌ അടുക്കളയിലേക്ക് നടന്നപ്പോള്‍ അച്ഛന്റെയും ശബ്ദം കേട്ടു അടുക്കളയില്‍ നിന്ന്.
ആഹാ, അച്ഛനുമുണ്ടല്ലോ അടുക്കളയില്‍.
പതുക്കെ തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോഴാണ് അമ്മ അച്ഛനോട് പറയുന്നത് കേട്ടത്.

'പാവം നമ്മുടെ നന്ദു അല്ലെ, എനിക്കന്നു തന്നെ മനസ്സിലായി അവന്‍ കെട്ടിച്ചമച്ച കഥയാണ്‌ എന്ന്. പിന്നെ അവന്റെ ആഗ്രഹം മുഴുവന്‍ ആയി മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ മിണ്ടാതിരുന്നത്'.

ഇത് കേട്ട അച്ഛന്‍

 'ബിരിയാണിയും കൂട്ടുകാരനും....അവന്റെ പ്രിയപ്പെട്ടവയാണ് രണ്ടും അല്ലെ...പാവം നന്ദു'

ഇത് പറഞ്ഞു രണ്ടു പേരും കൂടി ചിരിക്കുന്നത് കേട്ട് ആകെ ഇളിഭ്യനായി മുറിയിലേക്ക് ഓടി വന്നു കട്ടിലില്‍ കിടന്നപ്പോള്‍ മനസ്സിലെ ഭാരം ഇറങ്ങിയ പോലെയാണ് തോന്നിയത്.
അമ്മ ഫ്രിഡ്ജിലേക്ക് വെച്ച ബാക്കി ബിരിയാണി മാത്രമായി അപ്പോള്‍ മനസ്സില്‍. നാളെ സ്കൂളിലേക്ക് അമ്മ തരാമെന്നു പറഞ്ഞിട്ടുണ്ട് - അപ്പോള്‍ അനിലിനോടോരുമിച്ചു കഴിക്കാം.'

മനസ്സ് കൊണ്ട് അമ്മയെ ഞാന്‍ ഒരുപാട് ഉമ്മ വെച്ചു.
മറക്കാതെ ഒരു കടലാസ്സില്‍
'സോറി അമ്മ'
എന്ന് എഴുതി മേശപ്പുറത്തും വെച്ചു നാളെ ഞാന്‍ ഉണരുന്നേനു മുന്‍പ് അമ്മ അത് വായിക്കാന്‍ വേണ്ടി. ബിരിയാണി ഉണ്ടാക്കിയപ്പോള്‍ അമ്മ നെയ്യില്‍ ഉള്ളി വഴറ്റിയ മണം അപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു.

---------------

Comments

Post a Comment

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ