ഒരു പിടി മലരുമായി.......
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രഭാതം പൊട്ടി വിടർന്നിട്ടില്ല. എങ്കിലും ജനസമുദ്രം
ഭഗവാനെ പള്ളിയുണർത്തുന്നതിനായി അവിടെ കാത്തു
നിന്നിരുന്നു. മേല്പത്തൂരിന്റെ വരികൾ അവിടെ അലയടിച്ചു. ഗുരുവായൂരിലെ ഓരോ അണുവിനെ പോലും ഭക്തിസാഗരത്തിൽ ആറാടിച്ചു.
ഏഴു ദിവസത്തെ എന്റെ
ഭജനമിരിക്കലിന്റെ നാലാം നാൾ ആയിരുന്നു അന്ന്. സംഭവ ബഹുലമായ മൂന്നു ദിനങ്ങൾ ആയിരുന്നു
കഴിഞ്ഞു പോയത്. കൃഷ്ണനാമം ശ്വാസത്തിൽ അലിഞ്ഞു ചേർന്ന് തുടങ്ങിയിരുന്നു അപ്പോഴേക്കും. വാകച്ചാർത്തു തൊഴുത് ആത്‌മസംതൃപ്തിയോടെ പതുക്കെ
പിന്നെയും പോയി വരിയിൽ നിന്നു. തിരക്കിലുള്ള ഓരോ ഭഗവത് ദർശനവും കഴിയുമ്പോഴും പുതിയൊരൂർജം
ശരീരത്തിൽ പ്രവേശിക്കുന്നത് പോലെ തോന്നും. ഞാൻ നാലമ്പലത്തിൽ കടന്ന ഉടനെ മധ്യവയസ്കനായ
ഒരാൾ തിരക്കിനിടയിൽ എന്ടടുത്തു വന്ന്,
"പതുക്കെ പോയാൽ
മതി കുട്ടീ , ഇപ്പോൾ അഭിഷേകം തുടങ്ങും", എന്ന് പറഞ്ഞു.
ഞാൻ ഞെട്ടി തിരിഞ്ഞു
നോക്കി..തികച്ചും അപരിചിതൻ!
അദ്ദേഹം പറയുന്നത് കേട്ട്
പതുക്കെ നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരുടെ വഴക്കിനെ പേടിച്ചു
ഞാൻ കേൾക്കാത്ത ഭാവത്തിൽ മുന്നോട്ടു നീങ്ങി. പക്ഷെ അദ്ദേഹം എന്നെ വിടുന്ന മട്ടില്ലാരുന്നു.
പിന്നെയും പിന്നെയും തികച്ചും അപരിചിതനായ അദ്ദേഹം എന്റടുത്തു നിന്ന് മാറാതെ -
"പതുക്കെ നടക്കൂ
കുട്ടി, അഭിഷേകം കണ്ടിട്ട് പോയാൽ മതി" , എന്ന് പറഞ്ഞു കൊണ്ടിരുന്നു.
എന്റെ വഴിയും ഇടയ്ക്കു
വെച്ച് തടഞ്ഞു അദ്ദേഹം എന്റെ മുന്നിൽ കയറി നടന്നു തുടങ്ങി. എങ്കിലും ഞാൻ അതൊന്നും വക
വയ്ച്ചില്ല.
കുട്ടിക്കാലത്തു അമ്മുമ്മയുടെ
കൂടെയുള്ള എന്റെ ഗുരുവായൂർ യാത്ര പൂന്താനം ഹോട്ടലിലെ മസാല ദോശ ലക്‌ഷ്യം വെച്ചായിരുന്നു.
രാവിലെ ഒന്നും കഴിക്കാതെയാണ് തൊഴാൻ വരാറ്...വളരെ നേരം ക്യൂവിൽ നിന്ന് തൊഴുതു കഴിയുമ്പോഴേക്കും
നന്നായി ക്ഷീണിക്കും. തിരിച്ചു നേരെ പൂന്താനം ഹോട്ടലിലേക്കാണ്. പിന്നീടെപ്പോഴോ എന്റെ
ഇഷ്ടം മാറി വന്നു. ഗുരുവായൂരപ്പൻ എന്റെ മനസ്സിന്റെയും ചിന്തകളുടെയും ഒരു ഭാഗമായി മാറി.
വാകച്ചാർത്തു തൊഴൽ എനിക്കൊരു ഹരമായി മാറി. പിന്നെ എനിക്കിഷ്ടം ഗുരുവായൂരമ്പലത്തിലെ
ദീപാരാധനയാണ്. പലപ്പോഴും ഞാൻ ആഗ്രഹിച്ച പോലെ ഭഗവാന്റെ തൊട്ടു മുന്നിൽ നിന്ന് ദീപാരാധന
തൊഴാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എത്ര തിരക്കിൽപ്പെട്ടാലും ദീപാരാധനയ്ക്കു
എന്നെ ഭഗവാൻ തൊട്ടു മുന്നിൽ എത്തിക്കാറുണ്ട്. അത് ഞാൻ എന്നും എന്റെ ജന്മസുകൃതമായി കാണുന്നു.
തിരക്കിൽപ്പെട്ട് ഞാൻ ഭഗവാന്റെ മുന്നിലെത്തി. എനിക്ക് മുന്നിലായി
എന്നെ നയിച്ച് ആ മധ്യവയസ്കനായ അപരിചിതനും.
അദ്ദേഹം എന്നോട് ഒരു ഭാഗത്തേക്ക് മാറി നിൽക്കാൻ പറഞ്ഞു. പേടിയോടെ ഞാൻ അനുസരിച്ചു. പേടി
അദ്ദേഹത്തിനെയായിരുന്നില്ല..അവിടത്തെ കാവൽ ഭടന്മാരെയായിരുന്നു.
പക്ഷെ അത്‍ഭുതം ! ആ
കാവൽ ഭടന്മാരൊന്നും ഒന്നും മിണ്ടിയില്ല...ആരും എന്നെ നോക്കുന്ന പോലുമില്ല. അദ്ദേഹത്തെയും
അവിടെയൊന്നും കണ്ടതുമില്ല..ഒരുപാട് സമയം ഞാൻ അവിടെ നിന്നെങ്കിലും അഭിഷേകം തുടങ്ങിയില്ല
..
സമയമായിട്ടില്ലായിരിക്കാം,
ഞാനോർത്തു. മനസ്സുരുകി പ്രാർത്ഥനയോടെ ഞാൻ സന്നിധിയിൽ നിന്നു. ആ തിരക്കിലും തള്ളലിലും
അനേകം ഭക്തർ കടന്നു പോയെങ്കിലും എന്നോട് ആരും അവിടെന്നു മാറിപോകാൻ പറഞ്ഞില്ല. അവസാനം
കാത്തു നിന്ന ആ ശുഭമുഹൂർത്തം സന്നിഹിതമായി. ഭഗവാന്റെ അഭിഷേകം ഞാൻ എന്റെ കണ്മുന്നിൽ
കണ്ടു. ജീവിതത്തിലാദ്യമായി!
അതിനു ശേഷം ഒരു സ്വപ്നാടനത്തിലെന്ന പോലെ ഞാൻ വിഘ്‌നേശ്വരനടയിലേക്കു
നടന്നു. അപ്പോഴുണ്ട് അപരിചിതനായ ആ മധ്യവയസ്‌കൻ
കൈക്കുമ്പിൾ നിറയെ തീർത്ഥവുമായി ഓടി വരുന്നു. എന്റെ കയ്യിലേക്ക് തീർത്ഥം ഒഴിച്ച് അദ്ദേഹം
പിന്നെയും ആ തിരക്കുകളിൽ അപ്രത്യക്ഷനായി. തീർത്ഥം സേവിച്ചു ഞാൻ എന്റെ പ്രദക്ഷിണം തുടർന്നു.
എന്തൊക്കെയാണ് നടക്കുന്നതെന്ന്
എനിക്ക് ആലോചിക്കാനേ കഴിഞ്ഞില്ല. അൽപ്പസമയം കൂടി നാലമ്പലത്തിൽ ഇരുന്നിട്ട് ഞാൻ പതുക്കെ
ചുറ്റമ്പലത്തിലേക്കു കടന്നു. ഭഗവതിയെ തൊഴാനായി നീങ്ങിയ എന്റെ അടുത്തേക്ക് വീണ്ടും ഒരു
അശരീരി പോലെ അദ്ദേഹം വന്നു.
എന്നോട് അദ്ദേഹം, 'കുട്ടി
നന്നായി കണ്ടില്ലേ അഭിഷേകം?" എന്ന് മന്ദഹാസത്തോടെ ചോദിച്ചു.
ഞൻ ഉവ്വെന്നു സന്തോഷത്തോടെ
പറഞ്ഞു.
അദ്ദേഹം എന്റെ രണ്ടു
കൈകളും നീട്ടാൻ പറഞ്ഞു. നീട്ടിയ കൈകളിലേക്ക് നിറയെ മലർ തന്നിട്ട് ....'ഇത് കഴിച്ചോളൂ'
എന്നും പറഞ്ഞു പുറത്തേക്കുള്ള വാതിലിലൂടെ ചടുലഗതിയിൽ നടന്നു അപ്രത്യക്ഷനായി. കൈയിൽ
മലരും പിടിച്ചു അദ്ദേഹം പോയ വഴിയേ ഞാൻ അൽപ്പസമയം നോക്കി നിന്നു.
അദ്ദേഹം ആരായിരുന്നു...?
ഞാനപ്പോൾ ഓർത്തു....അറിയില്ല....
പിന്നീടുള്ള എന്റെ ഭജന
ദിവസങ്ങളിൽ ഞാൻ അദ്ദേഹത്തെ തിരഞ്ഞു അവിടമാകെ. പക്ഷെ ഞാൻ കണ്ടില്ല. അതിനു ശേഷമുള്ള എന്റെ
ഗുരുവായൂർ യാത്രകളിലും ഞാൻ തിരയാറുണ്ട് ആ മുഖം. പക്ഷെ എനിക്ക് പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ മുഖം ഞാൻ ഇന്നും ഓർക്കുന്നു. ഒരു വെളുപ്പാൻ കാലത്തു തിരക്കിനിടയിൽ അല്പസമയത്തേക്കു
കണ്ട മുഖമായിട്ടു കൂടി ആ മുഖം ഇന്നും എന്റെ മനസ്സിൽ മായാതെ തെളിയുന്നു. വരയ്ക്കാനറിയാമായിരുന്നെങ്കിൽ
ഞാൻ വരയ്ക്കുമായിരുന്നു.
അദ്ദേഹം ആരായിരുന്നു
എന്ന് ഞാൻ പിന്നീട് ഒരിക്കൽ പോലും സ്വയം ചോദിച്ചിട്ടില്ല, ഉത്തരം എന്റെ ഉള്ളിലുണ്ട്.
അങ്ങനെ വിശ്വസിക്കാനാണ്
എനിക്കിഷ്ടം.
Ms. Beena Vinod

Comments
Post a Comment