നീർപ്പളുങ്കുകൾ
ഡിയർ ലിയ,
നിന്നെ കാണണമെന്ന് ഒരുപാട് നാളായി എനിക്ക് തോന്നുന്നു. ഓരോ തിരക്കുകൾ കാരണം നമ്മൾ ഈയിടെയായി അകന്നു പോയെന്നു എനിക്ക് തോന്നുന്നു.
പണ്ട് നമ്മൾ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാലത്തു ഒരു ദിവസം ലീവ് എടുക്കുമ്പോൾ പരസ്പരം കണ്ടില്ലന്നു പറഞ്ഞു നമ്മൾ ഏറെ സമയം ഫോൺ വിളിച്ചു സംസാരിച്ചിരുന്നത് നീയോർക്കുന്നില്ലേ ലിയാ?
എന്നിട്ടിപ്പോൾ എന്താണ് നമ്മൾ ഒട്ടും സംസാരിക്കാൻ ശ്രമിക്കാത്തത്? നീയെപ്പോഴെങ്കിലും എന്നെ കുറിച്ച് ആലോചിക്കാറുണ്ടോ? നിന്നെ കുറ്റപ്പെടുത്തുകയല്ല..
എനിക്കറിയാം, ഞാനാണ് നിന്നിൽ നിന്ന് കുറെ അകന്നത് എന്ന്.
ഈ കത്ത് ഞാൻ എഴുതുന്നത് എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിന്നോട് പറയാനാണ്..നമ്മൾ അവസാനമായി കണ്ടത് അസ്റ്റോറിയ ഹോട്ടലിലെ ബോൾ റൂമിലാണെന്ന് നിനക്കോർമ്മയുണ്ടല്ലോ. അതെ, എന്റെ വിവാഹസൽക്കാരത്തിനിടയിൽ...
ജീവിതത്തെ കുറിച്ച് ഒരു പാട് പ്രതീക്ഷകൾ മനസ്സിലേറ്റിയാണ് ഞാനും അന്നവിടെ നിന്നത്...ഭർത്താവ് ഒരു പാസ്റ്റർ ആയിരിക്കണമെന്ന എന്റെ ആഗ്രഹം ഒഴിച്ച് ബാക്കിയെല്ലാ തരത്തിലും എനിക്ക് പറ്റിയ ജീവിത പങ്കാളിയാണ് വരുൺ എന്ന് എനിക്ക് തോന്നിയിരുന്നു.
പക്ഷെ വിവാഹം കഴിഞ്ഞയുടനെ ഞാൻ ഗർഭിണിയായി. അത് ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു...നിനക്കറിയാല്ലോ നമ്മുടെ ജോലിസ്ഥലത്തെ കാര്യം...നിനക്ക് ജോലി വിട്ടു പോകേണ്ടി വന്നത് നീ ഗർഭിണി ആയപ്പോഴാണ്..നമ്മുടെ കമ്പനിയുടെ നിയമം അതാണല്ലോ. അത് കൊണ്ട് തന്നെ എനിക്ക് എന്റെ ജോലി വളരെ പ്രിയപ്പെട്ടത് ആയതു കൊണ്ട് ഈ പ്രെഗ്നൻസിയുമായി മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല...ഗിസയിസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അങ്ങനെ ഞാൻ പോയി..
ഇപ്പോൾ പക്ഷെ ഞാൻ സ്വതന്ത്ര്യയാണ്...നിന്നോട് മാത്രമേ ഞാനിക്കാര്യം പറയുന്നുള്ളു..വരുണും ഇനിയുള്ള എന്റെ ജീവിതത്തിൽ വേണ്ടെന്നുള്ള ഒരു തീരുമാനത്തിലേക്ക് ഞാൻ എത്തുകയാണ്. കാരണം ഇങ്ങനെയൊരു ഭർത്താവിനെ എനിക്ക് ആവശ്യമില്ല.
എന്നെങ്കിലും കാണുമ്പോൾ കൂടുതൽ സംസാരിക്കാം...
നിനക്ക് സുഖമെന്ന് കരുതുന്നു....
എന്ന് നിന്റെ കൂട്ടുകാരി,
നീരജ
--------------
ഇമെയിൽ വായിച്ചു കഴിഞ്ഞപ്പോഴേക്കും ഞാനാകെ തളർന്നു പോയി...നീരജയുടെ മെയിലിൽ എന്തോ ഒരകൽച്ച എനിക്ക് അനുഭവപ്പെട്ടു...എന്താണ് നീരജക്കു പറ്റിയത്. അവൾ ഇങ്ങനെ ആയിരുന്നില്ലലോ.. എന്തായാലും ഒന്ന് വിളിച്ചു നോക്കാമെന്നു ഞാൻ തീരുമാനിച്ചു.
ഫോണെടുത്ത നീരജ വളരെ സന്തോഷത്തോടെയാണ് എന്നോട് സംസാരിയച്ചത്...മെയിലിന്റെ കാര്യം ആദ്യം പറയേണ്ടെന്നു വിചാരിച്ചെങ്കിലും അവൾ ഇങ്ങോട്ടു ഒന്നും പറയാത്തത് കൊണ്ട് അങ്ങോട്ട് തന്നെ ചോദിക്കാമെന്ന് ഞാൻ തീരുമാനിച്ചു..
'നിന്റെ മെയിൽ കിട്ടി എനിക്ക്'
എന്ന് വളരെ ചിന്തിച്ചാണ് ഞാൻ പറഞ്ഞത്...
പെട്ടെന്ന് അവൾ നിശ്ശബ്ദയായ പോലെ...പിന്നെ പതുക്കെ ചോദിച്ചു...
'നിനക്കും കിട്ടിയല്ലേ?'
അത് കേട്ട ഉടനെ ഞാൻ ചോദിച്ചു,
'എന്താ അങ്ങനെ ചോദിച്ചേ നീ?
നീരജ പിന്നീട് പറഞ്ഞത് എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു...
എനിക്ക് കിട്ടിയ പോലെ മെയിലുകൾ അവളെ അടുത്തറിയുന്ന പലർക്കുമെത്തിയിട്ടുണ്ടത്രെ...അയച്ചത് അവളല്ലെന്നു മാത്രം...ഇത് കേട്ട് എന്തോ എനിക്ക് മനസ്സിലാകെ ഒരു ഭീതി കയറുന്നതു ഞാനറിഞ്ഞു....ശബ്ദം പുറത്തേക്കു വന്നില്ല...
ഞാൻ നീരജയോട് ചോദിച്ചു...
'നിന്റെ പാസ്സ്‌വേർഡ് വേറെയാർക്കേലും അറിയുമോ?'
നീരജയുടെ അതിനുള്ള ഉത്തരവും ഞങ്ങളുടെ മൗനവും തമ്മിൽ അധികം അകലമില്ലായിരുന്നു...അൽപ്പ സമയം കഴിഞ്ഞപ്പോൾ എനിക്കും അവൾക്കും ഒന്നും പറയാനില്ലെന്ന അവസ്ഥ വന്നു..ഞങ്ങൾ ഫോൺ വെച്ചു.
പാലക്കാട്ടെ ഒരു ഗ്രാമത്തിൽ പ്രശസ്തമായ ഒരു തറവാട്ടിൽ ജനിച്ച കുട്ടിയായിരുന്നു നീരജ..അച്ഛന്റെയും അമ്മയുടെയും ഒറ്റമകൾ...അച്ഛന്റെ ജോലി ഗൾഫിലായിരുന്നതു കൊണ്ട് നീരജ വളർന്നത് ഗൾഫിലായിരുന്നു...
ഒരിക്കൽ അച്ഛന് അസാധാരണമായ ഒരു വയറുവേദന പിടിപെട്ടു. ഒരുപാട് മാസങ്ങളോളം പല രീതിയിലുള്ള ട്രീറ്റ്‌മെന്റ് ചെയ്തിട്ടും അദ്ദേഹത്തിന്റെ വയറുവേദന ശമിച്ചില്ല...
അങ്ങനെയിരിക്കെയാണ് നീരജയുടെ അമ്മയും അച്ഛനും ഒരടുത്ത സുഹൃത്ത് വഴി രോഗശാന്തി ശുശ്രൂഷാച്ചടങ്ങിൽ പങ്കെടുക്കുന്നതും തുടർന്ന് നീരജയുടെ അച്ഛന്റെ വയറുവേദനയ്ക്ക് ശമനമുണ്ടായി...അങ്ങനെ അവർ ഹിന്ദു മതം ഉപേക്ഷിച്ചു പെന്തകോസ്ത് സഭയിലേക്കു ചേക്കേറി...
ഇത് കുട്ടിക്കാലത്തു നടന്ന സംഭവമാണെങ്കിലും നീരജ അച്ഛന്റെ അസുഖത്തിലൂടെ അവരനുഭവിച്ച ദുഃഖങ്ങൾ ഇടയ്ക്കിടെ ഓർത്തു പറയുമായിരുന്നു..
പ്രായപൂർത്തിയായപ്പോൾ നീരജ ഏറ്റവും അധികം ആഗ്രഹിച്ചതു ഒരു പാസ്റ്ററെ വിവാഹം ചെയ്യണമെന്നായിരുന്നു...പലതരം പിടിവാശികളും നീരജയ്ക്കു ഉണ്ടായിരുന്നു..ഒരിക്കൽ പെണ്ണ് കാണാൻ വന്ന പുരുഷന്റെ പ്രധാന ഹോബി സിനിമ കാണലാണെന്നു മനസ്സിലാക്കിയ നീരജ ആ വിവാഹം തന്നെ വേണ്ടെന്നു വെച്ചു..പെന്തക്കോസ്ത് സഭയിൽ വിശ്വസിക്കുന്നവർ അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നു അവൾ വിശ്വസിച്ചു..നീരജയുടെ പല വാദങ്ങൾക്കും മുന്നിൽ പലപ്പോഴും മൗനത്തിന്റെ മൂടുപടം അണിഞ്ഞു ഇരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ...
നീരജയ്ക്കു പ്രായം നാല്പതിനോട് അടുത്തത് വൃദ്ധരായ മാതാപിതാക്കൾക്ക് ആധിയായി മാറി...അങ്ങനെ 'പാസ്റ്റർ' എന്ന സ്വപ്നം അവൾക്കു മാറ്റി വെക്കേണ്ടതായി വന്നു...
നാട്ടിലെ സാമാന്യം നല്ല വിദ്യാഭ്യാസമുള്ള നല്ലൊരു ധനികനുമായി നീരജയുടെ വിവാഹം ഉറപ്പിച്ചു...പയ്യനാകട്ടെ ജോലിയൊന്നും ഇല്ലായിരുന്നു. എന്നാൽ ...വരനെ വിവാഹശേഷം ഗൾഫിൽ കൊണ്ട് വന്നു ജോലിയാക്കണം എന്ന ഉടമ്പടിയിൽ അവർക്കു ഒപ്പു വെക്കേണ്ടി വന്നു .....നീരജയുടെ മാതാപിതാക്കൾക്ക് അതിൽ സമ്മതക്കുറവൊന്നുമില്ലായിരുന്നു...ആകെയുള്ള മകളെ അരികിൽ തന്നെ കിട്ടുമല്ലോ എന്നോർത്ത് അവർ സന്തോഷിച്ചതിൽ തെറ്റില്ലല്ലോ?
അന്യമതത്തിലേക്ക് ചേക്കേറിയെന്ന കാരണത്താൽ അവർക്ക് ബന്ധുജനങ്ങൾ കുറവായിരുന്നു.. അത് കൊണ്ട് തന്നെ നീരജയുടെ വിവാഹം ദുബൈയിൽ വെച്ച് നടത്താൻ അച്ഛനും അമ്മയും തീരുമാനിച്ചു..വരനെയും കുടുംബത്തെയും നാട്ടിൽ നിന്ന് ദുബൈയിലേക്ക് കൊണ്ട് വന്ന് അവിടെയുള്ള പെന്തക്കോസ്ത് പള്ളിയിൽ വെച്ച് വിവാഹം നടത്താമെന്ന തീരുമാനത്തിലെത്തി..
വിവാഹ വിരുന്നിൽ പങ്കെടുത്ത മിക്കവരും മാറിയിരുന്നു അടക്കം പറഞ്ഞു...നല്ല വണ്ണവും പ്രായക്കൂടുതലും തോന്നിക്കുന്ന വധുവും മെലിഞ്ഞു സുമുഖനായ വരനും - ഏവർക്കും കൗതുകമായി....എങ്കിലും മനസ്സറിഞ്ഞു ഞാൻ എന്റെ പ്രിയ കൂട്ടുകാരിക്ക് എല്ലാ ഭാവുകങ്ങളും നേർന്നു...
ഫോണിൽ സംസാരിച്ചപ്പോൾ നീരജ തന്റെ പാസ്സ്‌വേർഡ് ഭർത്താവിന് മാത്രമേ അറിയുമായിരുന്നുള്ളു എന്ന് പറഞ്ഞത് എന്റെ മനസ്സിലെ ഒരു ചോദ്യചിഹ്നമായി നിന്നു...എന്തായിരുന്നു അതിനു അർഥം? ആ ചോദ്യം എന്റെ ഉറക്കം തന്നെ ഇല്ലാതെയാക്കി...
ഞാൻ പിന്നീടും ഒരുപാട് തവണ ശ്രമിച്ചു നോക്കി.....എന്റെ ഫോൺകാളിനു പക്ഷെ മറുതലക്കൽ മറുപടിയൊന്നും കിട്ടിയില്ല...പഴയ ഓഫീസിലേക്ക് ഞാൻ വിളിച്ചു നോക്കിയെങ്കിലും ഒരുപാട് ജോലിക്കാർ ഷിഫ്റ്റിൽ ജോലിചെയ്യുന്ന ആ സ്ഥാപനത്തിൽ നീരജയെ കിട്ടുക എളുപ്പമായിരുന്നില്ല......നീരജയായി എനിക്ക് ബന്ധപ്പെടാൻ വേറെ വഴികൾ ഒന്നും ഇല്ലായിരുന്നു. പക്ഷെ എന്റെ മനസ്സിൽ നീരജയും അവളുടെ പേരിൽ എനിക്ക് വന്ന ഇമെയിലും ഒരു ചോദ്യ ചിഹ്നമായി നിന്നു.
എന്റെ ഒരു ദിനചര്യയായി മാറി നീരജയെ ഫോൺ വിളിക്കുക എന്നത്...പലപ്പോഴും മറുപുറം റിങ് ടോൺ ഒരു അനാഥയെ പോലെ കരഞ്ഞു കരഞ്ഞു ക്ഷീണിച്ചു നിശബ്ദയായി പോകുമായിരുന്നു. മറ്റു ചിലപ്പോൾ അങ്ങനെയൊരു നമ്പർ നിലവിലില്ലായെന്നും മറുപടി കേൾക്കും....എന്നിട്ടും ഞാനാ വിളികൾ തുടർന്ന് കൊണ്ടേയിരുന്നു....
ഇതിനിടയിൽ പഴയ ഒരു സുഹൃത്ത് വഴി ഞാൻ അറിഞ്ഞു...നീരജ വിവാഹബന്ധം വേർപിരിഞ്ഞു അവളുടെ അച്ഛനും അമ്മയുമൊത്തു ജീവിക്കുകയാണെന്ന്...അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കാത്തിരുന്ന നീരജയുടെ ഫോൺകാൾ വന്നു...
നീരജയ്ക്കു പറയാൻ ഏറെയുണ്ടായിരുന്നു..വരുണിനു ഈ വിവാഹം ഒരു പ്രത്യേക ലക്ഷ്യത്തിനായിരുന്നെന്നു മനസ്സിലാക്കാൻ നീരജയ്ക്കു കുറച്ചു നാൾ കാത്തിരിക്കേണ്ടി വന്നെന്നവൾ പറഞ്ഞു ...വിസിറ്റ് വിസകൾ മാറി മാറി എടുക്കേണ്ടി വന്നു വരുണിനു ജോലി ലഭിക്കാത്തതു കൊണ്ട്....വരുണാകട്ടെ പല പുതിയ കൂട്ടുകെട്ടുകളുമായി ദുബായ് ജീവിതം ശെരിക്കും ആഘോഷിച്ചു..ഷിഫ്റ്റ് ജോലിയായിരുന്നുല്ലോ നീരജക്ക് - പലപ്പോഴും നീരജയും വരുണും കാണാറില്ല എന്നാ അവസ്ഥ വരെയെത്തി..വരുൺ അധികവും വീട്ടിൽ എത്തിയിരുന്നത് രാത്രി ഏറെ ചെന്നിട്ടാകും...നീരജ അപ്പോഴേക്കും നൈറ്റ് ഡ്യൂട്ടിക്ക് പോയിട്ടുമുണ്ടാകും..രാവിലെ നീരജയെത്തുമ്പോൾ വരുൺ നല്ലയുറക്കമാവും...നീരജ എണീക്കുമ്പോഴേക്കും വരുൺ അവിടം വിട്ടു പോകുകയും ചെയ്യും...
നീരജയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു താമസം എന്നത് വരുണിനു കുറച്ചു ബുദ്ധിമുട്ടായി തുടങ്ങി...വരുണിന്റെ വഴിവിട്ടുള്ള ജീവിതം അധികവും കാണേണ്ടി വന്നത് ജോലിത്തിരക്കുള്ള നീരജയല്ല, മറിച്ച് അവളുടെ മാതാപിതാക്കളായിരുന്നെന്ന കാരണത്താൽ..മകളുടെ ജീവിതം തകരുന്നത് കണ്മുന്നിൽ കാണേണ്ടി വന്ന ഹതഭാഗ്യർ - അവരുടെ ചോദ്യം ചെയ്യൽ വരുണിന്റേയും നീരജയുടെയും ജീവിതത്തിൽ കൂടുതൽ വിള്ളൽ വരുത്തി...
നീരജയും അറിഞ്ഞിരുന്നു വരുണിനു കണ്ടു വന്ന മാറ്റങ്ങൾ. പലതും അച്ഛനും അമ്മയും അറിഞ്ഞാൽ അവർക്കു വിഷമമാകുമെന്നു കരുതി അവൾ മനസ്സിലൊതുക്കി...അതിനിടെ വരുണിനു ജോലി ശെരിയായി വിസയും അടിച്ചു കിട്ടിയതോടെ താൻ താമസം മാറുകയാണെന്ന് വരുൺ അവരെ അറിയിച്ചു..കൂടെ നീരജ വരണമെന്നില്ലെന്നും ...നീരജ വരുണിനെ അങ്ങനെ വിടാൻ സമ്മതിക്കില്ലെന്നും നിയമ നടപടികളിലേക്ക് തിരിയുമെന്നും പറഞ്ഞതോടെ അയാൾ മറ്റു വഴികൾ നോക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി.
എനിക്കയച്ച പോലെ വരുൺ അവരുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മെസ്സേജസ് അയച്ചു..നീരജ മറ്റുള്ളവരുടെ മുൻപിൽ അപമാനിതയായാൽ പിന്നെ അവളുമായുള്ള ബന്ധം വേർപ്പെടുത്താൻ എളുപ്പമായിരിക്കുമെന്നു വരുൺ മനസ്സിലാക്കി...അവളെ അടുത്തറിയാവുന്ന എന്നെ പോലെ ചിലർ മാത്രം നേരിട്ട് അന്വേഷിച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. അധികം പേരും നീരജയെ മോശമായി തന്നെ കണ്ടു..വരുണിന്റെ ഇത്തരമൊരു നീക്കം തീരെ പ്രതീക്ഷിക്കാതിരുന്ന നീരജ തനിക്കിനിയീ ബന്ധം വേണ്ടായെന്നു മാതാപിതാക്കളോട് തീർത്തു പറഞ്ഞു...ഡിവോഴ്‌സിനുള്ള ജോയിന്റ് പെറ്റീഷനിൽ ഒപ്പും വെച്ചു.
ഇതിനിടയിൽ മകളുടെ ഭാവിയോർത്തുള്ള ആധി കൂടി നീരജയുടെ അച്ഛൻ ഹൃദയാഘാതം മൂലം മരണമടഞ്ഞു...അച്ഛൻ മരിച്ചു കുറച്ചു മാസങ്ങൾക്കകം അമ്മയും...ജീവിതത്തിൽ ആകെ ഒറ്റപ്പെട്ടു പോയ നീരജ മനസ്സിലെ നീറുന്ന മുറിവുമായി കുറച്ചു വർഷങ്ങൾ ഒറ്റയ്ക്ക് ജീവിച്ചു...അടുത്തറിയുന്ന ഒരു സുഹൃത്ത് അവൾക്കു ജീവിതം നൽകാനായി മുന്നോട്ടു വന്നെങ്കിലും ഇനിയൊരു വിവാഹത്തിന് മുതിരാൻ അവൾ തയ്യാറായില്ല. ജോലിയും ഓവർടൈമും ഒക്കെയായി ജീവിതം ഒരു ലക്ഷ്യമില്ലാത്ത ദിശ തേടിയുള്ള യാത്രയിൽ പല തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് നീരജ അവളുടെ ജന്മത്തിനു അർഥങ്ങൾ കണ്ടെത്തുന്നു. ഈയിടെ പ്രശസ്തമായ ഒരു മാസികയിൽ 'സുന്ദരനായ അച്ഛനും മകനും' എന്ന തലകെട്ടിൽ വന്ന ഒരു മത്സരഫലം കണ്ടു നീരജ നിർവികാരമായി പുഞ്ചിരിച്ചു. ആ അച്ഛൻ വരുൺ ആയിരുന്നു...!

Comments
Post a Comment