ഒരു പ്രവാസിയുടെ കയ്യൊപ്പ്
കഴിഞ്ഞ മാസങ്ങളിലായി നാട്ടിലേക്ക് എപ്പോൾ വിളിച്ചാലും മഴ....മഴ....എന്നേ ആയിടയ്ക്ക് കേട്ടുള്ളൂ...മഴയുടെ ഘനം അങ്ങനെ കൂടിക്കൂടി വന്നു..........അത് പ്രളയമായി....നാട്ടിലുള്ള ഉറ്റവരെയും ഉടയവരെയും ഓർത്തു എന്നെ പോലെ തന്നെ പല പ്രവാസികളും ടെലിവിഷന് മുന്നിൽ ശരണം തേടി..ന്യൂസ് ചാനലുകൾ മാറി മാറി വെച്ച് ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു....രാത്രിയിൽ ഉറങ്ങാൻ കിടന്നാലും ഉറക്കം വരാതെ പിന്നെയും ന്യൂസ് ചാനലുകൾ കണ്ട് ഇരുന്നു....ഒരുപാട് നാളായി ഫോൺ നമ്പർ കയ്യിലുണ്ടായിട്ടും വിളിക്കാൻ സമയം കിട്ടാത്തവരെ ഓർത്തെടുത്തു വിളിക്കാൻ സമയം കണ്ടെത്തി....ഇടയ്ക്കിടെ അവർ സുരക്ഷിതരാണെന്ന് അവരെ കിട്ടിയില്ലെങ്കിൽ അടുത്തുള്ള മറ്റു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിച്ചു അന്വേഷിച്ചു ഉറപ്പു വരുത്തി...ഫേസ്ബുക്കിലും മറ്റുമായി കണ്ടു വന്ന പല കാണ്മാനില്ലായെന്ന വാർത്തകളും തന്നാലാവും വിധം അന്വേഷിക്കാൻ തക്ക കെൽപ്പുള്ള കരങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചു...പല അടുത്ത സുഹൃത്തുക്കളുടെയും ഉറ്റവരെ കാണാതായപ്പോൾ വാട്ട്സ്ആപ്പിലൂടെയും ഫോൺ വഴിയും വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ട് അവരെ കണ്ടെത്താനുള്ള മാര്ഗങ്ങള് കണ്ടെത്തി...തന്റെ സ്വന്തം വീട് സുരക്ഷിതമാണെന്നറിഞ്ഞിട്ടും നമ്മുടെ നാടിന്റെ സ്ഥിതിയോർത്തു നെഞ്ചു തേങ്ങി...പ്രാര്ഥനകളിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾ...മറ്റൊന്നും ആലോചിക്കാതെ കയ്യിലുള്ളതൊക്കെ ദുരിതാശ്വാസത്തിനായി അയച്ചു....വിശന്നിരിക്കുന്നതും ഉടുതുണിക്ക് മറുതുണിയില്ലാത്തതുമായ കുറെ മുഖങ്ങളും നെഞ്ചിൽ ആഴ്ന്നിറങ്ങിയപ്പോൾ കഴിയുന്ന രീതിയിൽ ഭക്ഷണസാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ, വസ്തങ്ങൾ തുടങ്ങിയവ വാങ്ങി നാട്ടിലേക്ക് ദുരിതാശ്വാസത്തിനായി പോകുന്ന കാർഗോ വഴി അയച്ചു...അവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓടി നടക്കുന്ന നമ്മുടെ സഹോദരങ്ങളെ കണ്ടപ്പോൾ അഭിമാനവും അതോടൊപ്പം തനിക്കിതൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോയെന്ന നിരാശയുമായിരുന്നു മനസ്സിൽ...എങ്കിലും പറ്റാവുന്ന രീതിയിൽ തന്റെ നാടിനു വേണ്ടുന്നതെല്ലാം ചെയ്യുമെന്ന പ്രതിജ്ഞയെടുത്തു..അതിനു വേണ്ടി പല തരത്തിൽ പ്രവർത്തിക്കുകയും ചെയ്തു ....ഇതെല്ലാം ഇവിടെ പറഞ്ഞത് എന്നെ പോലെയുള്ള അനേകം പ്രവാസികൾ ഉണ്ട് - അവരുടെ അവസ്ഥ പറഞ്ഞു പോയതാണ്....കേരളത്തിന് പുറത്താണെങ്കിലും മനസ്സും പ്രാർത്ഥനയും നാടിനു വേണ്ടി മാറ്റി വെച്ചവർ... അണ്ണാറക്കണ്ണനും തന്നാലായത് എന്ന് ഉറച്ചു വിശ്വസിക്കുന്നവർ!!..പ്രളയദിനങ്ങളിൽ നമ്മുടെ നാട്ടിൽ മതങ്ങളെ കാണാൻ കഴിഞ്ഞില്ല....രാഷ്ട്രീയ പാർട്ടികൾ ഉണ്ടായില്ല...ഞാനും നീയും ഉണ്ടായില്ല....നമ്മൾ എന്നൊരു ചിന്ത മാത്രമേ കണ്ടുള്ളു എല്ലാ വാർത്തകളിലും...ആ ദുരന്തത്തിനിടയിലും മനസ്സൊന്നു തണുത്തുവോ? - മതമില്ലാത്ത, ജാതികളില്ലാത്ത, ചേരിപ്പോരുകളില്ലാത്ത, രാഷ്ട്രീയ പഴിചാരലുകളില്ലാത്ത സുന്ദര കേരളം എന്ന സ്വപ്നം ആ ദിവസങ്ങളിൽ സാക്ഷാത്കരിച്ചു കണ്ടു. അഴുകി തുടങ്ങിയ പഴമയിലേക്കു ഇനിയും നമ്മൾ തിരിച്ചു പോകില്ലെങ്കിൽ നാടിന്റെ കണ്ണുനീരൊപ്പാൻ ഒരു മാസത്തെ വേതനം എന്ന കണക്കല്ലാ...മറിച്ച് ഞങ്ങൾക്ക് കഴിയാവുന്നതത്രയും ഞങ്ങൾ ചെയ്യും..പിന്നെ ഈ മനസ്സും പ്രാർത്ഥനയും ഉണ്ടാകും നമ്മുടെ നാടിനൊപ്പം ഏതു തകർച്ചയെയും നേരിടാൻ...! അതിജീവിക്കും നമ്മൾ!!..അതിജീവിക്കും നമ്മുടെ കേരളം!!
നമ്മുടെ നാട്ടിലെ മദയാനകൾക്കു ഇനി മദമിളകാതിരിക്കട്ടെ! സംഹാരതാണ്ഡവം മതിയാക്കി മടങ്ങിയ പ്രളയത്തിന് താൻ തോറ്റു പോയോയെന്നു തോന്നാതിരിക്കട്ടെ! ജയമുറപ്പിക്കാൻ ഇനിയൊരു മടങ്ങി വരവുണ്ടാകാതിരിക്കട്ടെ! നമുക്കു പ്രാർത്ഥിക്കാം...
നമ്മുടെ നാട്ടിലെ മദയാനകൾക്കു ഇനി മദമിളകാതിരിക്കട്ടെ! സംഹാരതാണ്ഡവം മതിയാക്കി മടങ്ങിയ പ്രളയത്തിന് താൻ തോറ്റു പോയോയെന്നു തോന്നാതിരിക്കട്ടെ! ജയമുറപ്പിക്കാൻ ഇനിയൊരു മടങ്ങി വരവുണ്ടാകാതിരിക്കട്ടെ! നമുക്കു പ്രാർത്ഥിക്കാം...

Comments
Post a Comment