ഒരു മടക്കയാത്ര

ചില ബന്ധങ്ങൾ അങ്ങനെയാണ്.... നമുക്ക് പേരിടാൻ അറിയില്ല.. രക്തബന്ധങ്ങൾക്കപ്പുറം അങ്ങനെയും ചില ബന്ധങ്ങൾ നമുക്കുണ്ടാകും...
കുറച്ചു മാസങ്ങൾക്കു മുൻപ് അവിചാരിതമായാണ് നാട്ടിൽ കുട്ടിക്കാലത്ത് എന്നും കണ്ടിരുന്ന തങ്കാന്റിയെ കുറിച്ച് ഓർത്തത്... ഒരു മുപ്പത് വർഷമായിക്കാണും ഞാൻ അവരെ പിന്നീട് കണ്ടിട്ട്...പെട്ടെന്നൊരു ആഗ്രഹം തോന്നി - അവരെയൊന്നു കാണണം...പിന്നീട് ഇടയ്ക്കിടെ ഞാൻ അവരെ ഓർത്തു.. എന്താണെന്നറിയില്ല കാണാനുള്ള ആഗ്രഹം പിന്നെ കൂടിക്കൂടി വന്നു..
അവർ എവിടെയാകും ഇപ്പോൾ?
കണ്ടാൽ തന്നെ എന്നെയവർ ഓർക്കുമോ? അങ്ങനെ ഒരുപാട് ചിന്തകളും മനസ്സിലേറി ഞാൻ കാത്തിരുന്നു അടുത്ത വെക്കേഷന് നാട്ടിൽ പോകാൻ...
പ്രവാസികൾക്ക് ചിലപ്പോൾ ആഗ്രഹിക്കാനെ കഴിയു...നാട്ടിലുള്ള കുറച്ചു ദിവസങ്ങളിൽ വിചാരിച്ചതൊന്നും നടക്കണമെന്നില്ല...
പക്ഷെ ഇപ്പ്രാവശ്യം നാട്ടിൽ പോയ സമയം എന്റെ ആഗ്രഹം പോലെ തന്നെ അവരെ കാണാനുള്ള സൗകര്യവും ഒത്തു വന്നു..
ഞാൻ ആദ്യമേ പറഞ്ഞല്ലോ അവർ എന്റെ ബന്ധു ഒന്നുമല്ല.. എങ്കിലും കുട്ടികാലത്തെ നന്മയുടെ മുഖങ്ങളിൽ എന്നും ആ മുഖം ഉണ്ടായിരുന്നു.. നാട്ടിൽ ഞാൻ പഠിച്ചിരുന്ന വർഷങ്ങളിൽ S N വിദ്യാഭവൻ സ്കൂളിൽ നിന്നുള്ള എന്റെ നീണ്ട യാത്രകളിൽ ഞാൻ നടന്നു പോയതു തങ്കാന്റിയുടെ വീടിന്റെ മുന്നിലൂടെയാണ്...
ഇന്ന് ബന്ധങ്ങൾക്ക് നമ്മൾ മതിലുകൾ കെട്ടി വേർതിരിച്ചു വെച്ചത് പോലെയല്ല, അന്ന് വീടുകൾക്ക് പോലും മതിലുകൾ നന്നേ കുറവായിരുന്നു..നടന്നുള്ള അന്നത്തെ യാത്രകളിൽ എളുപ്പവഴി തേടി പല പറമ്പുകളിലൂടെയും കേറിയിറങ്ങിയാണ് ലക്ഷ്യസ്ഥാനത്തു എത്തിയിരുന്നത്..
ആ യാത്രകളിൽ പല ജീവിതങ്ങളും കാണാൻ പറ്റിയിട്ടുണ്ട്...അങ്ങനെയുള്ള പരിചയമാണ് എനിക്ക് തങ്കാന്റിയുമായി...ഒരു സാധാരണ വീട്..
ഞാൻ ആ വീടിന്റെ മുന്നിലെത്തുമ്പോഴേക്കും തങ്കാന്റി അവിടെ എന്നെ കാണാനായി കാത്തു നിൽക്കും...വിശേഷങ്ങൾ പറയും... അവരുടെ വീട്ടിൽ ധാരാളം കോഴികൾ ഉണ്ടായിരുന്നു... കുട്ടികാലം മുതലേ ഒരു മുട്ടകൊതിച്ചി ആയിരുന്ന എനിക്കവർ എന്നും നല്ല നാടൻ മുട്ട സമ്മാനിച്ചിരുന്നു....
അങ്ങനെ അവർ എനിക്ക് 'മുട്ട തരുന്ന തങ്കാന്റി'യായി...
മുപ്പതു വർഷത്തിന് ശേഷമുള്ള ഈ കൂടിക്കാഴ്ച എനിക്കെന്റെ ബാല്യം തിരിച്ചു നൽകിയ നിമിഷങ്ങളായിരുന്നു...
'എന്റെ മോൾ എന്നാലും എന്നെ കാണാൻ വന്നല്ലോ' എന്ന് പറഞ്ഞു എന്നെയവർ ചേർത്ത് പിടിച്ചു...ഒരുപാട് വിശേഷങ്ങൾ ചോദിച്ചു..
തീരെ അവശയായിരിക്കുന്നു അവരിപ്പോൾ...
എങ്കിലും ഇറങ്ങാൻ നേരം അവർ മരുമകളോട് 'എന്റെ മോൾക്ക്‌ നീ മുട്ടയെടുത്തു കൊടുക്കൂ നമ്മുടെ കോഴിക്കൂട്ടിൽ നിന്നും'
എന്ന് പറഞ്ഞപ്പോൾ മരുമകളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി വേണ്ടായെന്ന് ഞാൻ സ്നേഹപൂർവ്വം പറഞ്ഞു ...
അവിടെ നിന്നു ഇറങ്ങുമ്പോൾ, കുട്ടിക്കാലത്തു കണ്ടിരുന്ന ആ നന്മയുള്ള മുഖം വീണ്ടും വന്നു കാണാൻ, പഴയ ഓർമ്മകളിലൂടെ കുറച്ചു നേരം അവരെയും കൂട്ടി കൊണ്ട് പോകാൻ കഴിഞ്ഞതിനു നമ്മൾ കാണാത്ത ആ അദൃശ്യശക്തിക്ക് നന്ദി പറഞ്ഞു... മനസ്സിൽ സ്നേഹം മാത്രം നിറഞ്ഞു നിന്നിരുന്നു ആ മടക്കയാത്രയിൽ..

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ