കുട്ടൂസിന്റെ സ്വപ്നം

കുട്ടൂസിനു മടുത്തു തുടങ്ങിയിരുന്നു ഈ കൊറോണ കാലം....എന്ന് തുടങ്ങിയതാ. ചുറ്റിലും കൊമ്പുള്ള വാവു  വരുത്തുന്ന ഈ കോറോണയെ അവൻ അത്രയും വെറുത്തു...

കൊറോണ അവനു വരുത്തിയ നഷ്ടങ്ങൾ ചെറുതല്ല..സ്കൂളിൽ നിന്ന് കഴിഞ്ഞ മാസം പോകാനിരുന്ന ഉല്ലാസയാത്ര ഇല്ലാതാക്കിയത് ഈ കൊറോണയാണ്.  അത് പോലെ തന്നെ കഴിഞ്ഞ ക്രിസ്റ്മസിനു  ടീച്ചർ പറഞ്ഞതാണ് സ്‌കൂൾ പൂട്ടുന്ന സമയത്തു ടീച്ചറുടെ സ്പെഷ്യൽ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി കൊണ്ട് വരാമെന്ന്. എന്നിട്ടു ക്ലാസ്സിൽ എല്ലാവരും കൂടി ചേർന്നു അത് മുറിക്കും. ടീച്ചർ എല്ലാവര്ക്കും വായിൽ തരും. പിന്നെ ഒരുപാട് കളികൾ കളിക്കും. ഫോട്ടോകൾ എടുക്കും. അങ്ങനെ എന്തൊക്കെ മോഹങ്ങളിലായിരുന്നു. പക്ഷെ ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല...ആരോടും യാത്ര പോലും പറയാതെ സ്കൂൾ പൂട്ടി...

ഇനിയിപ്പോൾ സ്കൂളിലും കുറെ നാൾ പോകാൻ പറ്റില്ലത്രേ. ഇന്നലെ ചേച്ചി പറയുന്ന കേട്ടു. ചേച്ചിക്ക് ലാപ്ടോപ്പിലാണ് ടീച്ചർ പഠിപ്പിക്കുന്നത്. കുറച്ചു ദിവസം കഴിഞ്ഞാൽ തനിക്കും അങ്ങനെ തുടങ്ങുമെന്നാണ് ചേച്ചി പറഞ്ഞത്. ലാപ്ടോപ്പിൽ കളിക്കരുതെന്നു ടീച്ചർ പറയാറുള്ളത് അവൻ ഓർത്തു. ലാപ്ടോപ്പിൽ കളിച്ചാൽ ടീച്ചർക്ക് വീട്ടിലിരുന്നു കാണാൻ പറ്റുമെന്ന് ടീച്ചർ പറയാറുണ്ട്. അന്നൊരു ദിവസം ക്ലാസ്സിലെ ഇഷാനി വീട്ടിലിരുന്നു ലാപ്ടോപ്പിൽ ഗെയിം കളിച്ചതു ടീച്ചർ പിറ്റേന്ന് ക്ലാസ്സിൽ വന്നു പറഞ്ഞപ്പോഴാണ് തനിക്കു വിശ്വാസമായത്. അതിനു ശേഷം താനും ലാപ്ടോപ്പ്, മൊബൈൽ തുടങ്ങിയ സംഭവങ്ങളിൽ ഉള്ള കളി മതിയാക്കിയിരുന്നു.

ടീച്ചർക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യാൻ അവനിഷ്ടമില്ലായിരുന്നു. ഇതിപ്പോൾ ചേച്ചി പറയുന്നത് കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ  ലാപ്ടോപ്പിലായിരിക്കും ടീച്ചർ ക്ലാസ് എടുക്കുകയത്രേ. അവനു എന്തോ അത് വിശ്വസിക്കാൻ  പ്രയാസം തോന്നി. പക്ഷെ അമ്മയും പറഞ്ഞപ്പോൾ അവനുറപ്പായി ഇനി ലാപ്ടോപ്പിലാവും ടീച്ചർ പഠിപ്പിക്കുകയെന്ന്. അപ്പോൾ പിന്നെ റയനെയും, ഇഷാനിയെയും, മുദ്ദസിറിനെയും, ആഷിയെയുമൊക്കെ ലാപ്ടോപ്പിൽ കൂടി കാണുമായിരിക്കും. അവരുടെ കൂടെ എങ്ങനെ കളിക്കുമെന്ന് ഓർത്തിട്ടു അത് മാത്രം അവനു മനസിലായില്ല. എന്തായാലും ശരിക്കും മടുത്തു.

ഇവിടെയും പുറത്തൊന്നും കളിക്കാൻ അമ്മ വിടുന്നില്ല. അമ്മയോട് പറഞ്ഞു നോക്കി പുറത്തു പോയി കളിച്ചാലും തിരിച്ചു വന്നിട്ട് ടീച്ചർ പറഞ്ഞ പോലെ കൈയെല്ലാം കഴുകാമെന്ന്. പക്ഷെ അമ്മയുണ്ടോ കേൾക്കുന്നു. അമ്മയ്ക്ക് പേടിയാ എനിക്കെന്തെങ്കിലും വാവു വന്നാൽ അച്ഛനും ഇവിടെയില്ലല്ലോ. അച്ഛച്ഛന്റെ പിറന്നാൾ ആയോണ്ട് അച്ഛൻ നാട്ടിൽ പോയതായിരുന്നു. ഈ കൊറോണ കാരണം അച്ഛനിപ്പോൾ തിരിച്ചു വരാനും പറ്റുന്നില്ല. എല്ലാ ദിവസവും അമ്മ അച്ഛനെ വിളിച്ച് സംസാരിക്കുമ്പോൾ അവസാനം കണ്ണ് തുടയ്ക്കുന്നതു കണ്ടിട്ടുണ്ട്. അമ്മയ്ക്ക് ഒരുപാട് വിഷമം ഉണ്ട് അച്ഛൻ ഇവിടെയില്ലാത്തതിൽ. അമ്മയ്ക്ക് പേടിയാണ്.

ഇത് പോലെയുള്ള ഒരു വെക്കേഷൻ വേണ്ടിയിരുന്നില്ല -  എന്നാണാവോ ഈ കൊറോണ ഇവിടുന്നു പോകുന്നത്? അമ്മ പറഞ്ഞു അമ്പാട്ടിയോടു നന്നായി പ്രാർത്ഥിച്ചാൽ അമ്പാട്ടിക്ക് കോറോണയെ ഇവിടുന്നു ഓടിക്കാൻ പറ്റുമെന്ന്. അത് കൊണ്ട് അവൻ അന്ന് മനസ്സുരുകി പ്രാർത്ഥിച്ചു...അന്ന് രാത്രി ഉറക്കത്തിൽ അവൻ കണ്ടു അവന്റെ സ്കൂളും, അവന്റെ പ്രിയപ്പെട്ട കൂട്ടുകാരെയും, ടീച്ചറെയുമൊക്കെ.....എല്ലാവരും ചേർന്ന് ഒരുപാട് കളികൾ കളിച്ചു....ചിരിച്ചു....ആ നിദ്രയിൽ അവന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി കണ്ടു കരഞ്ഞു കലങ്ങിയ കണ്ണുമായി അടുത്തിരുന്ന അവന്റെ അമ്മയുടെ മനസ്സിലും ഒരു നേർത്ത കുളിക്കാട് വീശി.  

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ