കണിക്കൊന്നയുടെ വിഷു



കുംഭമാസത്തിൽ നിന്ന് മേടമാസത്തിലേക്കു നീങ്ങുന്ന പൊള്ളുന്ന സൂര്യകിരണങ്ങളേറ്റു മുറ്റത്തെ കണിക്കൊന്ന നെടുവീർപ്പിട്ടു...ത്രേതായുഗത്തിൽ ബാലിയെ 'കൊന്ന' മരമെന്ന അപകീർത്തിയിൽ നിന്ന് എല്ലാവരുടെയും പ്രിയപ്പെട്ട കണിക്കൊന്നയിലേക്കുള്ള തന്റെ ദൂരം വെറും വര്ഷങ്ങളല്ല.....യുഗങ്ങളായിരുന്നു..കണിക്കൊന്നയോർത്തു ..കർമ്മ ബലമെന്തെന്നു അറിയണമെങ്കിൽ തന്നോട് ചോദിക്കു....ഗുരുവായൂരില്‍ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം കൂറൂരമ്മയ്ക്കും വില്വമംഗലത്തിനും പൂന്താനത്തിനും ലഭിച്ചുവെന്ന്  മാലോകർ വിശ്വസിക്കുന്ന കാലം...പ്രിയപ്പെട്ട കൂട്ടുകാരന് ഉണ്ണിക്കണ്ണൻ തന്റെ മാല നൽകുകയും, അത് ഉണ്ണിക്കണ്ണന്റെ കയ്യിൽ നിന്ന് മോഷ്ടിച്ചതാണെന്ന് മാലോകർ ആക്ഷേപിച്ചപ്പോൾ ആ പാവം കൂട്ടുകാരൻ തനിക്കിതു വേണ്ടെന്നു പറഞ്ഞു ഉണ്ണിക്കണ്ണന് നേരെ വലിച്ചെറിയുകയും ആ മാല യുഗങ്ങളായി അപമാനം താണ്ടി നിന്ന ബാലിയെ 'കൊന്ന' മരമായ തന്റെ മേൽ വന്നു വീഴുകയും അദ്ഭുതമെന്നു പറയട്ടെ തന്റെ ചില്ലകൾ മുഴുവനും സ്വര്‍ണ വര്‍ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്ന് അശരീരി കേട്ടു - "ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്.ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും.മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കേണ്ടി വരില്ല." അന്ന് മുതലാണത്രേ താൻ പൂത്തു തുടങ്ങിയത്. അങ്ങനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിക്കാൻ തനിക്കു കഴിഞ്ഞത് കണിക്കൊന്ന ഓർത്തു.

എല്ലാ വർഷവും മേടമാസത്തിനായി താൻ കാത്തിരിക്കാറുള്ളത് കണിക്കൊന്ന ഓർത്തു പോയി....തന്നോട് ചേർന്ന് അടഞ്ഞു കിടക്കുന്ന വീടിന്റെ ഉൾത്തടങ്ങളിൽ ജീവൻ വയ്ക്കുന്നത് എല്ലാ വർഷവും വിഷുവിനു  ഒത്തുകൂടാൻ അവിടത്തെ പ്രായമായ അമ്മയും അവരുടെ എല്ലാ മക്കളും  എത്തുമ്പോഴാണ്....താൻ ആ വീട്ടുവളപ്പിൽ ഒറ്റയ്ക്കല്ലെന്നു തോന്നാൻ....തന്നെ കണ്ടു ഇമവെട്ടാതെ നിൽക്കുന്ന അവിടത്തെ അമ്മയുടെ കുഞ്ഞുമക്കളെ കാണാൻ....അവർക്കു തന്റെ മനോഹരമായ പൂക്കൾ നൽകാൻ...അവിടത്തെ അമ്മയുടെ കരങ്ങളാൽ തന്റെ പ്രിയപ്പെട്ട കണ്ണനെ ആവലയം ചെയ്യാൻ. തനിക്കു ശാപമോക്ഷം തന്ന കണ്ണനോടൊപ്പം വിഷുക്കണിയിൽ ചേർന്നിരിക്കാൻ...കണ്ണനെ നോക്കി പുഞ്ചിരിക്കുന്ന മക്കളെ നോക്കി തിരിച്ചു കണ്ണനോടൊപ്പം പുഞ്ചിരിയ്ക്കാൻ...പക്ഷെ ഇപ്രാവശ്യം മേടം വന്നെത്തിയിട്ടും തന്നെ കാണാൻ ആരും എത്തിയില്ലല്ലോന്നു ഓർത്തപ്പോൾ കണിക്കൊന്നയുടെ പുഞ്ചിരിക്ക് മങ്ങലേറ്റു.

ആ വീട്ടിലെ അമ്മയും മക്കളും പല നാടുകളിൽ കുരുങ്ങി പോയത് കണിക്കൊന്ന അറിഞ്ഞില്ല...കലി താണ്ഡവമാടി തുടങ്ങിയത് അറിയാതെ ഒരുപാട് സ്വപ്ങ്ങളോടെ പൂത്തുലഞ്ഞു നിന്ന  കണിക്കൊന്ന വിദൂരതയിലേക്ക് കണ്ണും നട്ടു നിന്നു..എന്തേ തന്റെ വീട്ടുകാർ ഇപ്പ്രാവശ്യം കണി കാണാൻ എത്താഞ്ഞത്?.....ഒപ്പം മറ്റൊരാതമാവും തൊട്ടടുത്ത് ഇതേ ചിന്തയോടെ നിന്നിരുന്നു....പ്രതീക്ഷയുടെ നിറം മങ്ങി തുടങ്ങിയ മിഴികളുമായി നിന്നിരുന്ന ആ വീടിന്റെ നാല് ചുമരുകകളായിരുന്നു അത് ..



Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ