ചിന്തനീയം

കുറച്ചു ദിവസങ്ങളായി പല ഗ്രൂപുകളിലും ഫേസ്ബുക്കിലും കാണുന്നത് ഒരു പാട് മക്കളുടെ മാർക്ക്‌ ലിസ്റ്റുകളാണ്...കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഇത് തന്നെയാണ് അവസ്ഥ..അതിങ്ങനെ വർഷങ്ങൾ പോകുംതോറും കൂടി കൊണ്ടിരിക്കുന്നു എന്ന് മാത്രം..എന്ത് കൊണ്ടോ കുട്ടികൾ സ്വയം എന്റെ മാർക്ക്‌ ലിസ്റ്റ് എന്ന് പറഞ്ഞു ഇട്ടു കണ്ടില്ല... പക്ഷെ മാതാപിതാക്കൾ മത്സരമാണ്... എല്ലാവരുടെയും സ്റ്റാറ്റസ് നോക്കിയാലും അതിലും മാർക്ക്‌ ലിസ്റ്റുകൾ...

കഴിഞ്ഞ വര്ഷം തന്നെ ഈ വിഷയത്തെ കുറിച്ച എഴുതണം എന്ന് മനസിലുറപ്പിച്ചതാണ്. പല കാരണങ്ങളാൽ പക്ഷെ രണ്ടു കയ്യും കെട്ടിയിട്ട അവസ്ഥയിലായിരുന്നു..കാരണം എന്റെ മകൾ പത്താം ക്ലാസ്സിൽ ആയിരുന്നു....ഇതെഴുതിയാൽ എന്റെ മകളുടെ മാർക്ക് പ്രദര്ശിപ്പിക്കാൻ പറ്റുന്നതല്ല എന്ന കാരണം ആവും എന്നെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ന് എല്ലാവരും ചിന്തിച്ചാലോ എന്ന് കരുതിയത് കൊണ്ട് തന്നെ എഴുതിയില്ല. ഇതെഴുതുന്നതിന്റെ ഉദ്ദേശ്യം ആരെങ്കിലും ഒരാളുടെ മനസിലിക്കെങ്കിലും ഞാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കണം എന്നേ ഓർത്തുള്ളു. ഈ വർഷം ഇനി ഇതെഴുതിയില്ലേൽ വീണ്ടും അടുത്ത വർഷവും ഞാൻ ബന്ധനസ്ഥയാവും..കാരണം അടുത്ത വര്ഷം മകൾ പന്ത്രണ്ടിലാണ്.

 ഇനി ഞാൻ എഴുതുന്നത് തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ആണ്...ഇത് ആരെയും  വേദനിപ്പിക്കാനോ ആരുടേയും നേരെ വിരൽ ചൂണ്ടാണോ അല്ല എന്റെ ഈ എഴുത്ത് എന്ന് ചുരുക്കം...എന്നെ ചിന്തിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ എഴുതുന്നു - അതിലപ്പുറം ഒന്നുമായും കാണേണ്ട.

എനിക്കറിയാവുന്ന ചില കുട്ടികൾ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്....റിസൾട്ട് വരുന്ന സമയമായാൽ ടെൻഷൻ ആണ്....ടെൻഷൻ എന്തിനെന്ന് ഞാൻ ചോദിച്ചപ്പോൾ മാർക്ക് കുറഞ്ഞാലോ എന്ന പേടിയാണത്രെ...മാർക്ക് കുറഞ്ഞാൽ എന്താന്ന് ചോദിച്ചപ്പോൾ, അമ്മയ്ക്കുമച്ഛനും വിഷമം ആവുമെന്നായിരുന്നു മറുപടി..അപ്പോൾ അമ്മയും അച്ഛനും ആണ് പ്രശനം...അങ്ങനെയിരിക്കെയാണ് അച്ഛനമ്മമാർ പോസ്റ്റ് ചെയ്യുന്ന മക്കളുടെ മാർക്ക് ലിസ്റ്റുകൾ കണ്ടത്...കണ്ടപ്പോൾ ആ കുട്ടികൾ പറഞ്ഞത് എത്ര സത്യം എന്ന് മനസിലായി...ഇങ്ങനെ പോസ്റ്റ് ചെയ്യാൻ പറ്റാത്ത മാർക്കുകൾ കിട്ടിയാൽ അച്ഛനമ്മന്മാർ വിഷമിക്കുമല്ലോ..സ്വാഭാവികം!

ഞാൻ ഒരിക്കലും എന്റെ മക്കളുടെ മാർക്ക് ലിസ്റ്റ് പോസ്റ്റ് ചെയ്‌തിട്ടില്ല..പത്തിൽ മകളുടെ മാർക്ക് തെറ്റില്ലാത്തത്‌ ആയിരുന്നു...എങ്കിലും എനിക്കതു ശെരിയല്ലാന്നു തോന്നിയത് കൊണ്ട് പോസ്റ്റ് ചെയ്തില്ല.. എന്റെ മക്കൾ പരീക്ഷ കഴിയുമ്പോൾ ചോദിക്കുന്ന ചോദ്യമുണ്ട്....എങ്ങാനും കുറവ് മാർക്ക് കിട്ടിയാൽ അമ്മയ്ക്ക് വിഷമമാവുമോ എന്ന്...എന്റെ മറുപടി, വിഷമമാകും...പക്ഷെ അതിനെന്താ...വീണ്ടും ശ്രമിക്കാമല്ലോ...

ഞാനിന്നും ഓർക്കുന്നു എന്റെ പതതാം ക്ലാസ്സിൽ കെമിസ്ട്രി പരീക്ഷ ബുദ്ധിമുട്ടായപ്പോൾ വീട്ടിൽ വന്നു ഞാൻ ഒരുപാട് കരഞ്ഞു...അന്ന് ഇന്നത്തെ കുട്ടികളെയും പോലെ എന്റെയും വിഷമം അച്ഛനുമമ്മയ്ക്കും വിഷമം ആവുമോ എന്നായിരുന്നു...അങ്ങനെ മണിക്കൂറുകളോളം കരഞ്ഞു ഉറങ്ങി പോയി ഞാൻ...ഇതിനിടയിൽ അമ്മ വന്നു സാരമില്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു..പക്ഷെ അതെനിക്ക് ഒട്ടും മനസ്സിൽ കയറിനുണ്ടായിരുന്നില്ല...ഒരിക്കലും പഠിക്കാൻ പറഞ്ഞു നിര്ബന്ധിക്കാത്ത ഒരു അച്ഛനുമമ്മയും ഉണ്ടായിട്ടു കൂടി ഞാൻ അന്ന് ആകെ തകർന്ന പോലെയായിരുന്നു..അങ്ങനെ വൈകുനേരം ഓഫീസിൽ നിന്ന് അച്ഛൻ എത്തി...കാര്യങ്ങളൊക്കെ അമ്മ പറഞ്ഞു..അന്ന് അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു എനിക്ക് കഠിനാധ്വാനിയായ ചിലന്തിയുടെ കഥ പറഞ്ഞു തന്നു...എനിക്കന്നു അറിയാത്ത കഥ ആയിരുന്നില്ല അത്..എങ്കിലും അന്ന് ആ സമയത്തു അച്ഛൻ അത് പറഞ്ഞപ്പോൾ എന്റെ മനസ്സിനുണ്ടായ ആത്മവിശ്വാസം  അതെത്ര മാത്രം വലുതായിരുന്നു എന്ന് പറയാൻ കഴിയില്ല...പഠിക്കുന്ന സമയത്തു tv കൊണ്ടിരിക്കുമ്പോൾ ഏതൊരു അമ്മയും മക്കളെ വഴക്കു പറയും...അത്രയേ എന്റെ 'അമ്മ എന്നെ പഠിപ്പിനായി വഴക്കു പറഞ്ഞിട്ടുള്ളു..അങ്ങനെ വഴക്കു പറയുമ്പോൾ 'അവൾ പഠിക്കും' എന്ന് ആത്മവിശ്വാസത്തോടെ അച്ഛൻ പറയുമായിരുന്നു....ഇതായിരുന്നു എന്റെ അച്ഛനും അമ്മയും. ഇത് കൊണ്ട് എന്റെ ജീവിതത്തിൽ ഉണ്ടായ ഗുണം, അത്ര വലിയ ബുദ്ധിയുള്ള കുട്ടിയല്ലാഞ്ഞിട്ടും നന്നായി അധ്വാനിച്ചിട്ടുണ്ട് ഞാൻ...അധ്വാനിക്കുമ്പോഴും എന്റെ മനസ്സിൽ എന്നും ഉറപ്പുണ്ടായിരുന്നു എവിടെയെങ്കിലും അടിതെറ്റി വീണാൽ താങ്ങാൻ എന്റെ അച്ഛനും അമ്മയും ഉണ്ടാകുമെന്ന്....ഈ ആത്മവിശ്വാസം തീരെ ചെറുതല്ല....ഇതാണ് നമ്മൾ ഇന്നത്തെ നമ്മുടെ മക്കൾക്കും പകർന്നു കൊടുക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു.. ഇവിടെ മാർക്ക് ലിസ്റ്റിന്റെ ഫോട്ടോ നമ്മൾ ഇടുമ്പോൾ അത് നമുക്ക് വെറുമൊരു മാർക്ക് ലിസ്റ്റ് ആണ്..ഇന്ന് പത്തിലെ A + കിട്ടിയ മാർക്ക് ലിസ്റ്റ് നമ്മൾ ഇട്ടു..ഇവിടെ നമ്മുടെ മക്കളെ നമ്മൾ ഒരു പ്രദർശന വസ്തുവായി കാണുകയല്ലേ? അവരെ പ്രദര്ശിപ്പിക്കുകയല്ലേ? നാളെ പന്ത്രണ്ടാം ക്ലാസ്സിൽ അൽപ്പം മാർക്ക് കുറഞ്ഞാൽ നമ്മുടെ ഈ പ്രദർശനപ്രവണത നമ്മുടെ മക്കളിൽ എത്രത്തോളം ഭീതിയുണർത്തും എന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അച്ഛനമ്മമാർക്ക് പ്രദർശനത്തിനായി ഇടാനുള്ള മാർക്ക് തനിക്കുണ്ടാകില്ലെന്ന ചിന്ത നമ്മുടെ മക്കളെ അത്രത്തോളം ഉലയ്ക്കും...അവിടെയാണ് അകാരണമായ ആത്മഹത്യ പ്രവണതകൾ ഉണ്ടാകുന്നത്....നമ്മൾ ഈയിടെയായി ഒരുപാട് കേൾക്കുന്ന വാർത്തകൾ ആണിത്. ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ ആ അച്ഛനമ്മമാരെ പഴി ചാരുന്നു, മനഃശക്തിയില്ലാത്ത മക്കളെ വളർത്തുന്നുവെന്നു ചുറ്റിലും വിരൽ ചൂണ്ടുന്നു...എന്നിട്ടു അടുത്ത മാസം നമ്മുടെ മക്കളുടെ റിസൾട്ട് വരുമ്പോൾ ഇതെല്ലാം മറന്നു സോഷ്യൽ മീഡിയകളിൽ മക്കളുടെ വിജയം ആഘോഷിക്കുന്നു..

ഈ മാർക്ക് കിട്ടുന്നത് അടുത്ത വർഷത്തെ അഡ്മിഷൻ എടുക്കാനല്ലാതെ വേറെ എന്തിനെങ്കിലും ഉപകരിക്കപ്പെടുന്നുണ്ടോ? ഇത് നമ്മൾ നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യമാണ്..ഈ അഡ്മിഷൻ കിട്ടേണ്ട മാർക്കിനെയാണ് ഇങ്ങനെ ആഘോഷമാക്കി മാറ്റുന്നത്...ഇന്ന് മാർക്ക് ഇടുന്നവർ എത്ര ഇടുങ്ങിയ ചിന്താഗതിയുള്ളവർ എന്ന് കാണിക്കുന്നതിനൊപ്പം ഇത് കാണുന്ന മറ്റു അനേകം മാതാപിതാക്കളുടെ മനസിലേക്ക് പരീക്ഷയെന്ന ഭീതിയെ കയറ്റി വിടുന്നു....അത് കാണുന്ന ഭൂരിഭാഗം പേരും ഇതാണ് ലോകം  - ഈ മാർക്കുകൾ കിട്ടുന്നവർ ആണ് എല്ലാ കുട്ടികളും എന്ന ചിന്തയിൽ എത്തുന്നു...തങ്ങളുടെ മക്കൾക്കു ഇത്രയും മാർക്ക് കിട്ടിയില്ലെങ്കിൽ നാളെ അവരുടെ അവസ്ഥയെന്താണെന്നു ചിലരെങ്കിലും ചിന്തിക്കുന്നു..ആ ഭീതി മക്കളിലേക്കു പകരുന്നു...ഫലം ഡിപ്രെഷൻ, ആത്മഹത്യ തുടങ്ങിയവ...
നമ്മുടെ കുട്ടിക്കാലത്തു ഇങ്ങനെയുള്ള പ്രശ്നങ്ങൾ കേട്ടിരുന്നില്ല എന്ന് നമ്മളെല്ലാവരും പറയുന്നു....ഇന്ന് മിണ്ടുമ്പോൾ ആത്മഹത്യ ചെയ്യുന്ന മക്കൾ എന്ന ഭീതി നമ്മളോരോരുത്തരിലും നിറയുന്നു....അങ്ങനെ നമ്മുടെ മക്കൾ ചെയ്യുമ്പോൾ ഒരു വിരൽ അല്ല എല്ലാ വിരലുകളും ചൂണ്ടപ്പെടുന്നത് അച്ഛനമ്മമാരുടെ നേർക്കാണ് എന്നത് സത്യം...പക്ഷെ അതിനു കാരണം അവർ മാത്രമല്ല...അവരെയും ആ നിലയിലേക്ക് എറിഞ്ഞു കൊടുത്ത പ്രദര്ശനപ്രിയരായ മറ്റു മാതാപിതാക്കൾക്കും അതിൽ ഒരു വലിയ പങ്കുണ്ട്...

ഇനി പത്താം ക്ലാസ്സിൽ കുറച്ചു മാർക്ക് കുറഞ്ഞാൽ ഇന്നത്തെ കാലത്തു പണ്ടത്തെ പോലെ സീറ്റ് കിട്ടില്ല എന്നൊക്കെയുള്ള ചിന്ത അനാവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം ...പത്തിൽ സയൻസിലും കണക്കിലും മാർക്ക് കുറഞ്ഞാലും ഒരു വിധം കുട്ടികൾക്കും പതിനൊന്നാം ക്ലാസിൽ താല്പര്യമുണ്ടെങ്കിൽ സയൻസ് സ്ട്രീം കിട്ടാറുണ്ട്..ചിലപ്പോൾ പഠിച്ച സ്കൂളിൽ കിട്ടിയില്ലെങ്കിലും വേറെ ചില സ്കൂളുകളിൽ കിട്ടിയെന്നു വരും...പിന്നെ ചിലപ്പോൾ അത്രയും മാർക്ക് കുറവായാൽ കിട്ടിയെന്നു വരില്ല...അത് പക്ഷെ ആ കുട്ടിക്ക് ആ വിഷയങ്ങളോടുള്ള അഭിരുചി കുറവ് കൊണ്ടല്ലേ എന്ന് മനസിലാക്കി കുട്ടിക്ക് അഭിരുചിയുള്ള വിഷയങ്ങൾ എടുക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക അല്ലെ നമ്മൾ ചെയ്യേണ്ടത്. ഇങ്ങനെ ചിന്തിച്ചാൽ തന്നെ നമ്മുടെ ജീവിത പ്രശ്നങ്ങൾ പകുതി തീർന്നു കിട്ടില്ലേ?

ഈ വിഷയത്തെ കുറിച്ച് എനിക്കെഴുതണം...എന്റെ മനസ്സിൽ ഇരുന്നു നീറുന്ന ഒരു വിഷയം ആണ് ഇത് എന്ന് ഞാൻ ആദ്യം പറഞ്ഞത് എന്റെ മകളോടാണ്....അതിനവൾടെ മറുപടി...'Amma, I am so happy that atleast you thought of writing about this topic' എന്നായിരുന്നു. എന്റെ മകൾ സംസാരിച്ചത് അവളുടെ മാത്രം മനസിലെ രോഷമല്ല, ഒരു പാട് മക്കളുടെ മനസ്സാണെന്നു കുട്ടികളോട് അടുത്തിടപഴകുന്ന എനിക്ക് മനസിലാവും...അത് കൊണ്ട് തന്നെയാണ്, ഇനിയും വൈകിച്ചു കൂടാ എന്ന ചിന്തയിൽ ഞാൻ ഇതെഴുതിയത്...

മുൻപേ പറഞ്ഞ പോലെ, ഇത് ആരുടേയും നേരെയുള്ള വിരൽ ചൂണ്ടലല്ല, ...

 ഇതുപോലെ തന്നെ മനസ്സിൽ വന്ന മറ്റൊരു കാര്യം പറയട്ടെ...കഴിഞ്ഞ കുറെ മാസങ്ങളായി ഒരു ചെറിയ വൈറസ് എത്ര നശ്വരം ആണ് നമ്മുടെയൊക്കെ ജീവിതമെന്നു നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മളിൽ പലരും പറഞ്ഞു കേട്ടിട്ടുണ്ട്....വീട്ടിൽ ഇരുന്നപ്പോൾ പല കാര്യങ്ങളും മനസിലായി ജീവിതത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ കഴിഞ്ഞു എന്നൊക്കെ...നമ്മൾ ഒരു പാട് കാലമായി അടുപ്പമില്ലാതിരുന്ന നമ്മുടെ ബന്ധുജനങ്ങളെ ഫോൺ വിളിക്കാനും ജീവിതത്തിന്റെ മരണപാച്ചിലിൽ മറന്നു പോയ സൗഹൃദങ്ങളെ പുതുക്കാനും ഒക്കെ സമയം കണ്ടെത്തി...
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നമ്മുടെ മക്കൾ അനുഭവിക്കുന്ന ഈ വലിയൊരു വിപത്തിനെ കുറിച്ച് ഒരു സൂക്ഷ്മ പരിശോധന  ചെയ്യാൻ കൂടി സമയം കിട്ടിയാൽ ഇനിയുള്ള പരീക്ഷാഫലം കാത്തിരിക്കുന്ന നമ്മുടെ ചുറ്റുമുള്ള മറ്റു മക്കളുടെ ആത്മഹത്യക്കു നമ്മൾക്ക് കാരണക്കാരാകാതിരിക്കാൻ കഴിയും. ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കണം പരീക്ഷ ഭീതിയിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തെങ്കിൽ അതിനു കാരണം ആ കുട്ടിയുടെ മാതാപിതാക്കൾ മാത്രമല്ല....ആ മാതാപിതാക്കളെയും കുട്ടിയെയുമൊക്കെ ഭീതിയിലാഴ്ത്തുന്ന നമ്മുടെ പ്രദർശനബോധമാണ്...ഇതിൽ നിന്ന് നമുക്ക് മാറി ചിന്തിച്ചു കൂടെ? 

- Beena Vinod

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ