കോവിഡും പിന്നെ ഞാനും...
*ഗോ കൊറോണ ഗോ...*
കഴിഞ്ഞ ഒരു വർഷമായി ഈ കോവിഡിനെ പേടിച്ചുള്ള ജീവിതമാണല്ലോ നമ്മളേവർക്കും...മാസ്കും സാനിറ്റൈസറും കൈ കഴുകലോട് കഴുകലും പുറത്തെപ്പോഴൊക്കെ ഇറങ്ങുന്നോ തിരിച്ചു വന്നാലുടൻ കുളിക്കലും കഴുകലും ഒക്കെയായി അങ്ങനെ ഒരു വര്ഷം കടന്നു പോയി...പ്രശ്‌നം 2020 യുടെ ജാതകത്തിലാണെന്നു എല്ലാവരും വിധിയെഴുതി...ആ വർഷത്തെ എല്ലാവരും ശപിച്ചു..എന്തായാലും നമ്മൾ ചിന്തിക്കുന്ന തരത്തിലല്ല കാര്യങ്ങൾ എന്ന് കാലം പിന്നെയും നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു...
പറഞ്ഞു വന്നത് ഇതൊന്നുമല്ല ട്ടോ...2020 എന്ന മോശജാതകക്കാരി അവസാനം പോയി 2021 എന്ന സൽഗുണആരോഗ്യസമ്പന്നയെ എല്ലാവരും സ്വാഗതം ചെയ്‌തു..കഴിഞ്ഞ ഒരു വർഷമായി നമ്മളിൽ പലരും ചെയ്യുന്നൊരു കാര്യമായിരുന്നു രാവിലെ എണീറ്റ് കാപ്പി പൊടി, സ്പ്രൈ തുടങ്ങിയ കാര്യങ്ങൾ മണത്തു കൊറോണ നമ്മളെ കീഴടക്കിയില്ലെന്ന് ഉറപ്പു വരുത്തുക..ഞാനും ഇടയ്ക്കിടെ ചെയ്തിരുന്നു ഈ കലാപരിപാടി എന്ന് കൂടി ഒരു ആമുഖമായി പറഞ്ഞു കൊള്ളട്ടെ...
അങ്ങനെ ഇരിക്കെ കഴിഞ്ഞ മാസം വാക്‌സിനേഷനും എടുത്തു. വാക്‌സിനേഷൻ എടുത്ത എന്നെ കണ്ടു കോറോണ പേടിച്ചോടുന്ന ചിത്രമൊക്കെ സ്റ്റാറ്റസ് ആയി ഇട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോൾ അടുത്തിരിക്കുന്ന ഒട്ടുമിക്ക ജോലിക്കാർക്കും കോവിഡ് ആയി എന്ന വാർത്തയുമായാണ് ഓഫീസിൽ നിന്ന് ഏട്ടൻ വന്നത്. അത് കേട്ടതിൽ പിന്നെ വീട്ടിലുള്ള എല്ലാവരുമായും ഞാൻ ഒരു ഗാപ് ഇട്ടു ഇരുന്നു...ചെറുതായി തൊണ്ട വേദന ഉണ്ടോന്നു സംശയം എന്ന് പറഞ്ഞു പിറ്റേന്ന് തന്നെ ഏട്ടൻ ടെസ്റ്റ് ചെയ്യാൻ പോയി...ഭീതിയോടെ ഞങ്ങൾ റിസൾട്ടും കാത്തിരുന്നു...
അങ്ങനെ പിറ്റേന്നു റിസൾട്ട് വന്നു....പോസിറ്റീവ് എന്ന ഭീകരമായ ആ വാക്കു ഏട്ടൻ വന്നു പറഞ്ഞപ്പോൾ പിന്നെ ലോകം കീഴ്മേൽ മറിയുന്ന പോലെയായി...കൂടെ അച്ഛനും അമ്മയും ഉണ്ടെന്നതു മനസ്സിനെ ആകെ ഭീതിയിലാഴ്ത്തി.. പോസിറ്റീവ് ആയതോടെ ആദ്യം തന്നെ ഏട്ടൻ ഒരു മുറിയിലേക്ക് മാറി...ഏട്ടന് ഭകഷണം കൊടുക്കലും, ഒപ്പം നടക്കുന്ന ഓൺലൈൻ ക്ലാസും, നാളെ ബാക്കിയെല്ലാവരും ടെസ്റ്റ് ചെയ്തുള്ള റിസൾട്ടും ഒക്കെ ആലോചിച്ചു മനസ്സിൽ ആകെ തീ കയറിയ ഒരു അവസ്ഥ ആയിരുന്നു..ഇതിനിടയിൽ ആ രാത്രി തന്നെ ടെസ്റ്റിന് പോകണമെന്നു പറഞ്ഞുള്ള ഫോൺ വിളികൾ ആകെ മനസ്സിനെ സ്തംഭിപ്പിച്ചു. എന്തായാലും പിറ്റേന്ന് രാവിലെ വരെ കാത്തു, അന്നത്തെ ഓൺലൈൻ ക്ലാസും കഴിഞ്ഞു ഡാഡിയെയും അമ്മയെയും കൂട്ടി ടെസ്റ്റ് ചെയ്യാൻ പോയി..സീനിയർ സിറ്റിസണിനുള്ള SEHA യുടെ പ്രത്യേക ഡ്രൈവ് ത്രൂ വിലാണ് പോയത്...അത് ഏകദേശം മൂന്നു മണിക്കൂർ എടുത്തു , എന്നാലും സമാധാനം ഡ്രൈവ് ത്രൂ ആയതാണ്...അത് കഴ്ഞ്ഞു തിരിച്ചു വന്നിട്ട് മോളെയും കൂട്ടി സൗദി ജർമൻ ഹോസ്പിറ്റലിലെ ഡ്രൈവ് ത്രൂ ഇൽ പോയി...അവിടെ ഒരാൾക്ക് കോവിഡ് ടെസ്റ്റിന് 150 ദിർഹംസ് ആണ്. ഡ്രൈവ് ത്രൂ ആയതു കൊണ്ട് സമാധാനം ഉണ്ട്, വണ്ടിയിൽ തന്നെ ഇരുന്നാൽ മതി..അവിടെയും ടെസ്റ്റ് കഴിയാൻ ഏകദേശം 2 മണിക്കൂർ...തിരിച്ചു വരുമ്പോഴേക്കും മോൾ ആകെ തളർന്നിരുന്നു....വഴിയിൽ കണ്ട പെട്രോൾ പമ്പിൽ നിർത്തി അവർക്കൊരു കാപ്പിയും ക്രോയ്‌സന്റും വാങ്ങി കൊടുത്തു...
തിരിച്ചു വീട്ടിലെത്തി അന്ന് രാത്രി ശെരിക്കു ഉറങ്ങാൻ കഴിഞ്ഞില്ല, എന്തായിരിക്കും ടെസ്റ്റിന്റെ ഫലം എന്ന ഭീതിയായിരുന്നു മനസ്സ് മുഴുവൻ...പിറ്റേന്നു ഓൺലൈൻ ക്ലാസ്സിൽ കുട്ടികളുടെ സംസാരത്തിൽ മനസ്സിലെ ഭയമെല്ലാം മറക്കാൻ ശ്രമിച്ചു...ഇടയ്ക്കിടെ മൊബൈലിൽ റിസൾട്ട് വന്നോയെന്നു ചെക്ക് ചെയ്തിരുന്നു..അങ്ങനെയിരിക്കെ സൗദി ജർമൻ ഹോസ്പിറ്റലിൽ നിന്നുള്ള മെസ്സേജ് വന്നു - മോൾ പോസിറ്റീവ് ആണ്....ഞാൻ നെഗറ്റീവ് ഉം...വീണ്ടും ക്ലാസ് തുടർന്ന് കൊണ്ടിരുന്നു...മനസിലാകെ എന്തോ ഒരു ഭീതി നിറഞ്ഞു കൊണ്ടിരുന്നു....ഡാഡിയുടെയും അമ്മയുടെയും റിസൾട്ട് ഇനിയും വന്നിട്ടില്ല....എന്താവും അത്...ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല....എങ്കിലും മനസ്സ് യാന്ത്രികമായി ക്ലാസ് എടുത്തു കൊണ്ടേയിരുന്നു...പിന്നെയും കുറച്ച സമയം കഴിഞ്ഞപ്പോൾ അവരുടെ റിസൾട്ട് വന്നു....ചുവന്ന രേഖകളിൽ 'HOSN' ആപ്പിൽ അവരുടെ ചിത്രങ്ങൾ വന്നു...അപ്പോൾ വീട്ടിലുള്ള എല്ലാവരും കോറോണയ്ക്കു കീഴ്പെട്ട്ടു കഴിഞ്ഞിരിക്കുന്നു...ഞാൻ ഒഴിച്ച്....പെട്ടെന്ന് ആകെ ഒറ്റപ്പെട്ടു പോയ പോലെ തോന്നി....എന്താണ് ചെയ്യുക ഒരു പിടിയും കിട്ടിയില്ല...ആർക്കും വേറെ symptoms ഒന്നും വന്നിട്ടില്ല..ഞാൻ നെഗറ്റീവ് ആയ സ്ഥിതിക്ക് എനിക്ക് ലീവ് ഒക്കെ കിട്ടുമോയെന്നു ഉറപ്പില്ലാരുന്നു...ഞാൻ ക്ലാസ്സിൽ ഇരിക്കുമ്പോൾ പിന്നെ ഇവരുടെ കാര്യങ്ങൾ എങ്ങനെ നടക്കും... നെഗറ്റീവ് ആയ ഞാനും ഇനിയും ടെസ്റ്റ് ചെയ്യാത്ത ചെറിയ മോളും ഒരു റൂമിലേക്ക് ഒതുങ്ങി...ഇടയ്ക്കു പോയി ഞങ്ങൾക്കുള്ള ഭക്ഷണം ഞാൻ വേറെ ഉണ്ടാക്കി കൊണ്ട് വന്നു റൂമിൽ ഇരുന്നു കഴിച്ചു...ബാക്കിയുള്ള പോസിറ്റീവ്കാർക്കു വീട് മുഴുവൻ ഒഴിഞ്ഞു കൊടുത്തു...
എന്താണ് ചെയ്യുന്നത്, ചെയ്യുന്നത് ശെരിയാണോ ഇതൊന്നും അറിയില്ലാരുന്നു...ആകെ ഒരു മരവിച്ച അവസ്ഥ..മനസ്സിനെ ഒന്ന് മാറി ചിന്തിക്കാനായി വേഗം പഴയ ഫോട്ടോ എടുത്തു ഫേസ്ബുക് പ്രൊഫൈൽ ഫോട്ടോ ഒക്കെ മാറ്റി....വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ ഒരുപാട് തത്വചിന്തകൾ ഇട്ടു....അത് വായിച്ച ഒരുപാട് സുഹൃത്തുക്കൾ നല്ല ചിന്തകൾ എന്ന് മറുപടി നൽകി, അപ്പോൾ മനസ്സൊന്നു തണുത്തു...എന്തോ ഒരു ധൈര്യം തോന്നി..ഇതിനിടയിൽ ചില സുഹൃത്ബന്ധങ്ങളുമായി മനസ്സിലെ ആധി പങ്കു വെച്ചു..അടുപ്പമുള്ള ഒരുപാട് പേര് ഉണ്ടെങ്കിലും ഇങ്ങനത്തെ അവസ്ഥയിൽ നമുക്ക് വിഷമങ്ങൾ എല്ലാവരോടും പറയാൻ തോന്നില്ലെന്നു മനസ്സിലായി...പിന്നെ മറ്റുള്ള അസുഖങ്ങൾ പോലെയല്ല, ഈ അസുഖത്തിന് നമ്മൾ മാത്രമേ ഉണ്ടാവൂ നമുക്ക് തുണ എന്നതും നമ്മളെ വല്ലാതെ തളർത്തും..നമ്മുടെ വീട്ടിലെ അവസ്ഥ അറിയാവുന്നവർ പോലും ഒന്നും മനസ്സിലാവാത്ത പോലെ നമ്മളെ ഉപദേശിക്കാനും ശ്രമിക്കും, അത് ഏറെ വിഷമകരം തന്നെ..നാട്ടിലുള്ള ബന്ധുക്കളെ ആരെയും അറിയിച്ചില്ല, കാരണം ഈ അസുഖത്തിന്റെ ഭീതി അവരിലേക്ക് കൂടി എത്തിക്കേണ്ടയെന്ന ചിന്താഗതിയായിരുന്നു.
എന്തായാലും അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ തോന്നി എന്തായാലും നാളെ ലീവ് തന്നെ എടുക്കണം...നാളെ കഴിഞ്ഞാൽ പിന്നെ വീക്കെൻഡ് ആയി..അപ്പോൾ പിന്നെ സാവകാശം എന്താ ചെയ്യേണ്ടെന്ന് ആലോചിക്കാൻ ഉള്ള സമയമുണ്ട്...ഞാൻ തന്നെ അടുക്കള ഏറ്റെടുക്കാം....അവരെല്ലാവരും റസ്റ്റ് എടുക്കട്ടേ....അങ്ങനെ പിറ്റേന്ന് രാവിലെ മുതൽ അടുക്കള കഴിയുന്ന പോലെ സാനിറ്റൈസ് ചെയ്തിട്ട് ഞാൻ ഉപയോഗിക്കാൻ തുടങ്ങി...പോസിറ്റീവ് ആയവർ അടുക്കളയ്ക്ക് പുറത്തു അവരുടെ പാത്രങ്ങളും ആയി നിന്ന് നിന്നു ...അവർക്കു ആവി പിടിക്കാനുള്ള വെള്ളം, കുടിക്കാനുള്ള വെള്ളം...ഭക്ഷണം എല്ലാം ദൂരെ നിന്ന് പാത്രത്തിലേക്ക് ഇട്ടു കൊടുത്തു...വല്ലാത്തൊരു തരം എനർജി ആയിരുന്നു എല്ലാ കാര്യങ്ങളും ചെയ്യാൻ..അങ്ങനെ വ്യാഴാഴ്ച ഗംഭീരമായി മുന്നോട്ടു പോയി...
ഇതിനിടയിൽ മൂത്ത മോളുടെ ശ്വാസം മുട്ടൽ കൂടുതൽ ആവുന്ന പോലെ തോന്നിയപ്പോൾ മോളുടെ പഴയ ഡോക്ടറെ വിളിച്ചു ശ്വാസംമുട്ടലിനുള്ള മരുന്ന് വാങ്ങിച്ചു...ഏതു രാത്രിയിലും ഹോം ഡെലിവറി വെച്ചിട്ടുള്ള ലൈഫ് ഫാര്മസിയെ മനസ്സാ സ്മരിക്കുന്നു...പലപ്പോഴും തോന്നിയിട്ടുണ്ട് മരുന്നിനൊക്കെ എന്തിനാണ് ഹോം ഡെലിവറി എന്ന്....അതിന്റെ ഗുണങ്ങൾ ശെരിക്കും അനുഭവിച്ചു മനസ്സിലാക്കാൻ പറ്റി...
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വല്ലാത്തൊരു മൂക്കടപ്പു തോന്നി...സാധാരണ ജലദോഷം വരുന്ന പോലെയല്ല...ഒരു വല്ലാത്തൊരു തോന്നൽ...ഹൃദയമിടിപ്പ് കൂടുന്ന പോലെയും....എന്തോ ശെരിക്കു ഉറങ്ങാനും കഴിഞ്ഞില്ല....എന്നിലേക്കും വന്നോ ആ അതിഥി? മനസ്സിൽ ചെറിയ സംശയങ്ങൾ നാമ്പെടുത്തു...പിറ്റേന്ന് ഉണർന്ന ഉടനെ അടുക്കളയിൽ പോയി കാപ്പിപൊടിയെടുത്തു മണത്തു നോക്കി...മൂക്ക് നന്നായടഞ്ഞിട്ടുണ്ട്....എങ്കിലും കാപ്പിപൊടിയുടെ മണം നല്ല പോലെ കിട്ടുന്നുണ്ട്. അപ്പോൾ സംഗതി കോവിഡ് അല്ല. എന്റെ പ്രതിരോധശേഷിയിൽ ഞാൻ തന്നെ അങ്ങ് അത്ഭുതപ്പെട്ടു പോയി. കൊള്ളാം, എന്തായാലും എല്ലാവരുടെയും കാര്യങ്ങൾ നോക്കാൻ ഞാൻ ഉണ്ടല്ലോ.
എന്നാലും മനസ്സിൽ ആകെ സംശയത്തിന്റെ മുളകൾ...ഈ കോവിഡ് എന്റെ ഉള്ളിലേക്കും വന്നോ? ആകെ ഒരു സംശയം...പിന്നെ ടെസ്റ്റ് ചെയ്യാതെ എന്റെ കൂടെ പാർപ്പിച്ചിരുന്ന ചെറിയ മകൾക്കു ഇടയ്ക്കു വന്ന തലവേദനയും ക്ഷീണവും എന്നെ ആകെ ഒന്നുലച്ചു....എന്തായാലും ഒന്നുടെ പോയി ടെസ്റ്റ് ചെയ്യാമെന്ന് എന്തായാലും വിചാരിച്ചു....മോളെയും കൊണ്ട് പോകാം...മോൾക്ക് പോസിറ്റീവ് ആവണമെന്ന ആഗ്രഹം ചെറുതായി ഉണ്ടായിരുന്നു എന്നതു പറയാതെ വയ്യ...കാരണം വീട് മുഴുവൻ പോസിറ്റീവ് കാർ കയ്യടക്കിയിരിക്കയാണല്ലോ, tv യൊക്കെ അവൾക്കു നിഷിദ്ധമായി, അത് കൊണ്ട് എങ്ങനേലും പോസ്റ്റിവിസ് ആയി കിട്ടിയിരുന്നെങ്കിൽ അമ്മയുടെ അടുത്ത് നിന്ന് പോസിറ്റീവ് കാരുടെ ടീമിലേക്കു പോകാമെന്നു അവൾ മനക്കോട്ട കെട്ടി...
അങ്ങനെ ഞങ്ങൾ സുലേഖയിലേക്കു പോയി...ഡ്രൈവ് ത്രൂ പോകുമ്പോഴുള്ള സമാധാനം ഒരു ഹോസ്പിറ്റലിലേക്ക് ഇപ്പോഴത്തെ അവസ്ഥയിൽ പോകുമ്പോൾ നമുക്ക് കിട്ടില്ല..നമുക്ക് അസുഖം ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് വരുമോ മറ്റുള്ളവരുടെ നമുക്ക് വരുമോ എന്നൊക്കെയുള്ള ചിന്തകൾ നമ്മളെ അലട്ടി കൊണ്ടിരിക്കും...എന്തായാലും ടെസ്റ്റ് ചെയ്തു, തിരിച്ചു വന്നു വീണ്ടും ഒരു നെഗറ്റീവ് കാരിയെന്ന രീതിയിൽ തന്നെ പോസിറ്റീവ് കാരുടെയൊക്കെ കാര്യങ്ങൾ നോക്കി അന്നത്തെ ദിവസവും കഴിഞ്ഞു... പിറ്റേന്ന് രാവിലെയും എന്നത്തേയും പോലെ കാപ്പിപ്പൊടി എടുത്തു മണത്തു നോക്കി...കുപ്പി തെറ്റിയോ? കാപ്പിപൊടിയുടേതായ ഒന്നും തോന്നിയില്ല. വീണ്ടും വീണ്ടും മണത്തു നോക്കി..കാപ്പി പൊടി വിട്ടു, വേറെ പലതും എടുത്തു മണത്തു നോക്കി...ഇല്ല, മണത്തു നോക്കിയ ഒന്നിനും പ്രത്യേകിച്ചൊന്നും തോന്നിയില്ല...ജലദോഷം അപ്പോൾ ഉണ്ടായിരുന്നുമില്ല...മൂക്ക് നല്ല പോലെ തുറന്നിരിക്കുന്നു....എന്നാൽ മണം ഒട്ടും തോന്നുന്നുമില്ല...മനസ്സ് തയ്യാറെടുത്തു കഴിഞ്ഞു, ഇനി ടെസ്റ്റ് റിസൾട്ട് വന്നാൽ മതി..
ഫലം വന്നു.... ഞെട്ടിയില്ല....കാരണം മാനസികമായി ഒരു പോസിറ്റീവ് കാരിയായി ഞാൻ മാറിയിരുന്നു..അങ്ങനെ ഒരു സമ്പൂർണ പോസിറ്റീവ് കുടുംബം ആയി മാറി ഞങ്ങൾ..അപ്പോഴേക്കും ശരീരമാകെ തളർന്നു തുടങ്ങിയിരുന്നു...പിന്നെ പോസിറ്റീവ് ആയിട്ടും അതിന്റേതായ ലക്ഷണങ്ങൾ ഏട്ടനും ഡാഡിക്കും ഇല്ലാതിരുന്നതും ഈശ്വരാധീനം എന്നെ പറയാനുള്ളു...ഹെൽത്ത് സെന്ററിൽ അപ്പോയ്ന്റ്മെന്റ് എടുത്തു ഏട്ടൻ അവരെ കൊണ്ട് പോയി ചെക്കപ്പ് നടത്തി.....അമ്മയ്ക്ക് നല്ല പോലെ ക്ഷീണമുണ്ടായിരുന്നു....എപ്പോഴും ചുറുചുറുക്കോടെ നടന്നിരുന്ന അമ്മ തീരെ കിടപ്പിലായി...അതോടെ ഞാൻ തളർന്നു..ഉറക്കം വരാതെ രാത്രിയിൽ ഇടയ്ക്കിടയ്ക്ക് എണീറ്റ് പോയി എല്ലാവരെയും നോക്കുക...അവരുടെ ശ്വാസം നേരെയല്ലേ? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഇതൊക്കെ ശ്രദ്ധികലായിരുന്നു അങ്ങനെ കുറച്ചു രാത്രികളിൽ. പിന്നെ ദിവസവും ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്ന് വിളിച്ചു അവർ അന്വേഷിച്ചു കൊണ്ടേയിരിക്കും.. നമ്മളെ മനസ്സിലാക്കുന്നവരും കൂടെ നിൽക്കുന്നവരും ഈ സമയത്തു ഹെൽത്ത് സെന്ററുകാർ മാത്രമാണെന്ന് നമുക്കപ്പോൾ തോന്നും...കാരണം നമ്മുടെ അവസ്ഥ പറയുമ്പോൾ ശെരിയായ രീതിയിൽ ഉപദേശിക്കാൻ അറിയുന്നവർ അവർ മാത്രമാണ്. പിന്നെ ഈ സ്നേഹം അവരുടെ അടുത്ത് നിന്നും ഒരു പത്ത് ദിവസം മാത്രമേ അനുഭവിക്കാൻ കഴിയു കേട്ടോ...പോസിറ്റീവ് ആയി പത്ത് ദിവസം കഴിഞ്ഞാൽ നമ്മൾ അവരുടെ കണ്ണിൽ കൊറോണ മാറിയവരാണ്...എന്നാൽ ലോകം നമ്മളെ അപ്പോഴും പേടിയോടെ തന്നെ നോക്കും....അത് കൊണ്ട് നമ്മൾ തീർത്തും ഒറ്റപ്പെട്ടു പോകുന്നത് ഈ പത്തു ദിവസങ്ങൾക്കു ശേഷം ആയിരിക്കും....പതിനഞ്ചു ദിവസമെങ്കിലും കാത്തു നിന്നിട്ടേ അധികം ആളുകൾ PCR ടെസ്റ്റ് വീണ്ടും ചെയ്യാറുള്ളു...അത് കൊണ്ട് ആ അഞ്ചു ദിവസം മാനസികമായി നമ്മൾ ഒരുപാട് തളർന്നു പോകുന്ന അവസ്ഥയാണ്...വീണ്ടും PCR ചെയ്തു ഫലം കിട്ടുന്നത് നെഗറ്റീവ് എന്ന് കാണുന്ന വരെ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഒരു കുട്ടിയുടെ അവസ്ഥയായിരിക്കും മനസ്സിന്...നെഗറ്റീവ് എന്ന ഫലം കണ്ടാലോ, പിന്നെ പ്രതീക്ഷിക്കാതെ റാങ്ക് കിട്ടിയ അവസ്ഥയും.
എന്തായാലും, വലിയ ദ്രോഹങ്ങൾ വരുത്താതെ പോയ കൊറോണേ....നിനക്ക് നന്ദി...എപ്പോഴും നമ്മളോടൊപ്പമെന്നു തോന്നിപ്പിച്ച ആരോഗ്യവകുപ്പിലെ പ്രവർത്തകർക്ക് നന്ദി...മനസ്സിന് ധൈര്യവും പ്രാർത്ഥനയുമായി ഒപ്പമുണ്ടെന്നു ഈ ഒറ്റപ്പെടലിൽ തോന്നിപ്പിച്ച ആത്‌മബന്ധങ്ങളേ, നിങ്ങള്ക്ക് വേണ്ടി തിരിച്ചു നൽകാൻ ഹൃദയം നിറഞ്ഞ പ്രാർത്ഥന മാത്രം...വേണ്ടെന്നു പറഞ്ഞിട്ടും ഭക്ഷണം എത്തിച്ച നന്മമനസ്സിന് ഉടമയായ പ്രിയ സഹപ്രവർത്തകയ്ക്ക് നന്ദി പറഞ്ഞാൽ വിഷമമാകും, അത് കൊണ്ട് സ്നേഹവും പ്രാർത്ഥനയും ഹൃദയം മുഴുവൻ....എല്ലാറ്റിലുമുപരി, ഇതിലൂടെ കടന്നു പോകാൻ ഒപ്പം നിന്ന എന്റെ ഗുരുവായൂരപ്പനോട് എന്ത് ഞാൻ പറയാൻ...എന്നുമുള്ള എന്റെ പ്രാർത്ഥന പോലെ ഇങ്ങനെയുള്ള അവസ്ഥകളിൽ എന്റെ കൂടെ തന്നെയുണ്ടല്ലോ....മറ്റൊന്നും എനിക്ക് വേണ്ട....
ഈ കുറിപ്പ് നിർത്തുന്നത്തിനു മുൻപ് ഒരു കാര്യം കൂടി പറയട്ടെ... ഈ അസുഖം അത്ര പെട്ടെന്നൊന്നും നമ്മുടെ ഇടയിൽ നിന്ന് പോകുന്നതല്ല എന്ന് കഴിഞ്ഞ മാസങ്ങൾ നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.. മാനസികമായാണ് ഈ അസുഖം വരുമ്പോൾ നമ്മൾ ഏറെ തളർന്നു പോകുക എന്ന അനുഭവം ഉള്ളത് കൊണ്ട് പറയട്ടെ..കോവിഡ് വന്നവരോട് നമുക്ക് ചെയ്യാൻ പറ്റുന്നത് ശാരീരികമായി അവർ ഒറ്റയ്ക്കാണേലും മാനസികമായി ഒറ്റയ്ക്കല്ല എന്ന ആത്‌മവിശ്വാസം അവർക്കു കൊടുക്കുക എന്നതാണ്...അത് അവർക്കു എത്രത്തോളം അംഗീകരിക്കാൻ കഴിയും ആ മാനസികാവസ്ഥയിൽ എന്ന് പറയാൻ പറ്റില്ലെങ്കിലും വല്ലപ്പോഴും ഒരു മെസ്സേജ് എങ്കിലും ചെയ്തു നിങ്ങളുടെ ഭാഗം നിങ്ങൾ ചെയ്യുന്നു എന്ന് വരുത്താതെ നിങ്ങൾ മാനസികമായി എന്ത് സഹായത്തിനും ഒപ്പമുണ്ടെന്നു അവർക്കു തോന്നിപ്പിക്കുന്നതിൽ നിങ്ങൾ വിജയിച്ചാൽ അതാവും അവരോടു നിങ്ങള്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യം. എല്ലാവര്ക്കും നന്മ മാത്രം വരട്ടെയെന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തട്ടെ.
ബീന വിനോദ്
Comments
Post a Comment