കൊക്കരക്കോ

കുഞ്ഞായിരിക്കുമ്പോൾ തന്നെ മാംസ്യത്തിന്റെ അഥവാ പ്രോട്ടീന്റെ കുറവ് വരരുത് എന്ന് കരുതി അമ്മ എനിക്ക് മുട്ട തന്നു തുടങ്ങി...കുറുക്കും സിറിലാക്കും കഴിക്കാൻ വായ തുറക്കാതിരുന്ന എനിക്ക്  ചൂടുവെള്ളത്തിൽ അല്പസമയം വെച്ചു വാട്ടിയെടുത്ത് അൽപ്പം ഉപ്പും ചേർത്ത് അമ്മ നൽകിയ മുട്ട രുചിച്ചതോടെ കണ്ണിലൊരു തിളക്കം കണ്ടെന്നാണ് അമ്മ പറയാറ്! ഭക്ഷണത്തിനു വേണ്ടി വായ തുറക്കാൻ മടിച്ചിരുന്ന ഞാൻ പിന്നെ  ഭക്ഷണമായി അമ്മ നൽകുന്നത് മുട്ടയാണെങ്കിൽ സ്പൂൺ കൊണ്ട് കൊടുക്കുന്ന മുട്ട വിഴുങ്ങി കഴിക്കുക എന്ന സ്ഥിതിയിലെത്തിയത്രെ...ഇത് മനസ്സിലാക്കിയ അച്ഛനും അമ്മയും എനിക്ക്  ഇടവിട്ടു മുട്ട നൽകുന്നതിൽ ആനന്ദം കണ്ടെത്തി..

വളരുന്തോറും മുട്ടയുമായുള്ള എന്റെ ബന്ധവും വളർന്നു കൊണ്ടിരുന്നു..ചോറ് തരുമ്പോൾ കൂടെ അമ്മ മുട്ട പൊരിച്ചു നൽകി.. നെയ്യിൽ ചെറിയ ഉള്ളി മൂപ്പിച്ചു അതിൽ മുട്ട പൊട്ടിച്ച്‌ അൽപ്പം ഉപ്പും കുരുമുളകും ചേർത്താണ് അമ്മ മുട്ട പൊരിച്ചത്... ഞാൻ ആസ്വദിച്ചു തന്നെ അത് കഴിച്ചു...

'കുഞ്ഞ് ഭക്ഷണം  കഴിക്കുന്നില്ല.. കഴിക്കുന്നില്ല...' എന്ന അമ്മയുടെ വേവലാതി മാറ്റാൻ കഴിഞ്ഞത് അങ്ങനെ മുട്ടയ്ക്ക് മാത്രമാണ്...അമ്മ പിന്നീട് തന്റെ പാചകകുറിപ്പിൽ മാറ്റങ്ങൾ വരുത്തി തുടങ്ങി.. ഇന്റർനെറ്റ്‌ യുഗമായിട്ടില്ലാത്തതിനാൽ ആഴ്ചപതിപ്പും അയല്പക്കത്തെ മീര ചേച്ചിയും മാത്രമാണ് അമ്മയ്ക്ക് മുട്ട വിഭവങ്ങൾ ഉണ്ടാക്കാൻ സഹായകമായത്...മുട്ട മാത്രം ഞാൻ കഴിക്കുന്നതിനോട്  മീരചേച്ചി എതിരായിരുന്നു..അവർ മുട്ടയിലൂടെ എന്നെ പറ്റിക്കാനുള്ള അടവുകൾ അമ്മയ്ക്ക് പകർന്നു നൽകി.. പോഷകാഹാരങ്ങളായ മുരിങ്ങയില ചേർത്ത് മുട്ട പൊരിക്കാമെന്ന് മനസ്സിലാക്കിയ അമ്മ പിന്നെ മുട്ടയും മുരിങ്ങയിലയും ചേർത്ത വിശിഷ്ട വിഭവം എന്റെ മുന്നിൽ വെച്ചു. മുട്ടയുടെ കൂടെ വാടിയ പച്ച ഇലകൾ കണ്ട ഞാൻ അന്ന് അമ്മയെ സൂക്ഷിച്ചു നോക്കി. പൊരിച്ച മുട്ടയുടെ ഗന്ധം നാസദ്വാരത്തിലൂടെ കുമുകുമാന്ന് അടിച്ചപ്പോൾ വായിൽ വെള്ളമൂറി പിന്നെ ഞാൻ അത് രുചിച്ചു നോക്കി....

'മ്മ്മ്മ്മ്മം കൊളളാം..'

ഞാൻ അന്ന് പറഞ്ഞുവത്രേ..

ഞാനതും കൂട്ടി ചോറുന്നുന്നത് അമ്മ മാതൃസഹചമായ വാത്സല്യത്തോടെ നോക്കി നിന്നതു ചരിത്രം...

കാലങ്ങൾ മുന്നോട്ടു പോയി... മുട്ട ഓംലെറ്റായും മുട്ടക്കറിയായും എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു...പുഴുങ്ങിയ മുട്ടയിൽ കുരുമുളക് ഇട്ടു കഴിക്കുന്നത് എന്റെ ഇഷ്ടപ്പെട്ട പലഹാരമായി മാറി..

ഇടയ്ക്ക് ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച്‌ അതിലേക്ക് മുട്ട പൊരിച്ച്‌ അൽപ്പം കുരുമുളകും ഉപ്പും ചേർത്ത് ചോറിട്ട് അമ്മ സ്കൂളിലേക്ക് കൊടുത്തയച്ചു..ഞാനതു ആസ്വദിച്ചു കഴിച്ചു...

ഇങ്ങനെയൊക്കെയാണെങ്കിലും എന്നും എനിക്ക് അമ്മ മുട്ട നൽകിയിരുന്നില്ല..പക്ഷെ ഞാനതു ക്ഷമിച്ചു... കാരണം ക്ലാസ്സിലെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സിജിയുമായി ഞാനൊരു കരാറിലേർപ്പെട്ടിരുന്നു. ആഴ്ചയിൽ തിങ്കൾ,  ബുധൻ, വെള്ളി ദിവസങ്ങളാണ് എനിക്ക് അമ്മ മുട്ട വിധിച്ചിരിക്കുന്ന ദിവസങ്ങൾ..അല്ലാത്ത ദിവസങ്ങളിൽ സിജി മുട്ട കൊണ്ട് വരും.. ഇതിനു പകരമായി സിജിക്കു ഇടയ്ക്കിടെ ഞാൻ അമ്മയുടെ സ്പെഷ്യൽ സാമ്പാർ കൊണ്ട് വന്നു കൊടുക്കാമെന്നായിരുന്നു കരാർ..

സ്കൂൾ വിട്ടു വരുന്ന വഴിയെ താമസിച്ചിരുന്ന തങ്കമ്മയാന്റി എനിക്ക് വേണ്ടി  മിക്കവാറും ദിവസം ഒരു കോഴിമുട്ട കരുതി വെക്കുമായിരുന്നു. അത് കൊണ്ട് തന്നെ തങ്കമ്മയാന്റി എന്റെ പ്രിയപ്പെട്ട ആന്റിയുമായി. ഞാൻ വളർന്നതോടെ എന്റെ മുട്ടകൊതിയും വളർന്നു കൊണ്ടേയിരുന്നു. കോളേജ് ഹോസ്റ്റലിൽ നിൽകുമ്പോൾ എന്റെ മുട്ടകൊതി കണ്ട കൂട്ടുകാർ എന്നെ ഏതെങ്കിലും മുട്ട കച്ചവടക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നു പറയുമായിരുന്നു. കാര്യമെന്തൊക്കെയായാലും മുട്ട കച്ചവടക്കാരനൊന്നും എന്നെ കല്യാണം കഴിച്ചില്ല കേട്ടോ. പക്ഷെ മുട്ട ഒരു ബലഹീനതയായി എന്നും എന്റെ ഒപ്പം തന്നെയുണ്ട്.

എന്ന്, പാവം ഒരു മുട്ട കൊതിച്ചി 

Comments

  1. നന്നായിരുന്നു... എന്റെയൊക്കെ ഒരു പഴയ ഓർമ്മയിലൂടെ കൊണ്ടുപോയി.. ന്ഹാൻ അത്ര വലിയ മുട്ടക്കൊതിച്ചി ആയിരുന്നില്ല..എന്നാലും 😂...

    ReplyDelete

Post a Comment

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ