ആചാര്യ ദേവോ ഭവഃ

  ഒരുപാട് നാളായി ഒരാളെ കുറിച്ച എഴുതണമെന്നു കരുതിയിട്ട്....അതിനു ഏറ്റവും നല്ല ദിവസം ഇന്ന് തന്നെയെന്ന് തോന്നുന്നു....ഏഴ് വർഷം ഒരേ അദ്ധ്യാപിക പഠിപ്പിക്കുകയെന്നത് വളരെ വിരളമായി സംഭവിക്കുന്നതാണ്...ഒരു അധ്യാപികയ്ക്ക് ഒരു ശിഷ്യനെ മനസിലാക്കാൻ ഒരേയൊരു ദിവസം മതിയെന്ന സത്യം ഇന്ന് ഒരു അദ്ധ്യാപിക ആയിരിക്കെ ഞാൻ മനസിലാക്കുന്നു....അപ്പോൾ ഏഴു വര്ഷം പഠിപ്പിച്ച എന്നെ മനസ്സിലാക്കാൻ എന്റെ പ്രിയ അധ്യാപികയ്ക്ക് എത്ര മാത്രം കഴിഞ്ഞു കാണണം....

ഞാനിന്നു പറയാൻ ആഗ്രഹിക്കുന്നത് എന്റെ മലയാളം അധ്യാപികയെ കുറിച്ചാണ്...അഞ്ചാം ക്ലാസ് മുതൽ പ്ലസ് 2 വരെ എന്റെ മലയാളം അദ്ധ്യാപിക ആയിരുന്നു ആയിഷ ടീച്ചർ....മലയാള ഭാഷയെ സ്നേഹിക്കാൻ, കുഞ്ചൻ  നമ്പ്യാരെയും, ആശാനെയും, വള്ളത്തോളിനെയും, ഒ എൻ വി  യെയും, കേട്ടിട്ടുള്ള ഓരോ വരികളും ഇന്നും ഹൃദ്യസ്ഥമായി നിർത്തുന്ന വയലാർ രാമവര്മയെയും,  മനസ്സിൽ എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ചങ്ങമ്പുഴ കവിതകളെയും, ബാലാമണിയമ്മയെയും, വായനയുടെ ലോകത്തേക്ക് എന്നെ നയിച്ച് സ്വപ്നം കാണാനും എഴുതാനും പ്രചോദനമായ  എം ടി യെയും, മാധവിക്കുട്ടിയെയും, എന്തിനു അധികം പറയുന്നു കൃഷ്ണഗാഥയിലൂടെ എന്നെ കൃഷ്ണനിലേക്കു എത്തിക്കാനും എല്ലാം കാരണം എന്തെന്ന് ഇന്ന് ഞാൻ ചിന്തിക്കുമ്പോൾ എനിക്കതിനു ഒരു വലിയ ഉത്തരമേയുള്ളൂ....അത് ഏഴു വര്ഷം മലയാളം അദ്ധ്യാപിക ആയിരുന്ന എന്റെ ആയിഷ ടീച്ചർ തന്നെയാണ്....

ഇടതൂർന്ന മുടിയുള്ള എന്റെ കുട്ടിക്കാലത്തു ടീച്ചർ പറയുമായിരുന്നു...ചന്തു മേനോന്റെ ഇന്ദുലേഖയുടെ  മുടി പോലെയാണ്....ഒരിക്കലും മുറിച്ചു കളയരുതെന്ന്....അന്നത് കാര്യമാക്കിയില്ല...പിന്നീട് ഒരു പാട് വര്ഷങ്ങള്ക്കു ശേഷം ഒരിക്കൽ കണ്ടു മുട്ടിയപ്പോൾ ഞാനോർത്തു ടീച്ചർ എന്നെ മറന്നു കാണുമെന്ന്...ഓർമ്മയുണ്ടെന്നു ടീച്ചർ പറഞ്ഞെങ്കിലും ഞാൻ അന്ന് ചോദിച്ചു ടീച്ചറോട് ശെരിക്കുമെന്നെ ഓർമ്മയുണ്ടോയെന്നു...അന്ന് ടീച്ചർ എന്റെ ചെവിക്കു പിടിച്ചു...എന്നിട്ടു പറഞ്ഞു...ഞാൻ പറഞ്ഞിരുന്നതല്ലേ, മുടി ഒരിക്കലും മുറിച്ചു കളയരുതെന്ന്...എന്നിട്ടും കണ്ടില്ലേ, കാണിച്ചു വെച്ചിരിക്കുന്നത് - എന്ന് അടുത്ത് നിന്ന ഏട്ടനോട് പറഞ്ഞു... അന്ന് ഞാൻ അത്‍ഭുതപ്പെട്ടു...എന്ത് വലിയ കഴിവാണ് ഈ ടീച്ചർമാർക്കൊക്കെ, എത്ര കുട്ടികളെ പഠിപ്പിക്കുന്നു അവർ, എന്നിട്ടും കണ്ടില്ലേ, അവർക്കു എങ്ങനെയാണ് ഇങ്ങനെ ഓർത്തിരിക്കാൻ കഴിയുന്നത് എന്ന്....

ഇന്ന് ഞാൻ ഒരു അധ്യാപികയാണ്....ഇന്ന് എനിക്കതിന്റെ ഉത്തരവും അറിയാം...എന്റെ ആദ്യത്തെ കിൻഡർഗാർട്ടൺ ബാച്ചിലെ കുട്ടികൾ ഇന്ന് മൂന്നാം ക്ലാസ്സിലാണ്...അവരുടെയെല്ലാം പേരും സ്വഭാവ രീതികളും എനിക്കിന്നും കാണാപ്പാഠമാണ്...അവർ ഇന്ന് വല്യ കുട്ടികൾ ആയി എന്റെ കണ്മുന്നിലൂടെ പോകുമ്പോഴും ഞാനോർക്കുന്നു പണ്ട് ആദ്യമായി അവർ എന്റെ ക്ലാസ്സിലേക്ക് വന്നത്... അവരിൽ ചിലർ ക്ലാസ്സിലേക്ക് കരഞ്ഞു കൊണ്ടാണ്  കയറി വന്നത്...എല്ലാം എനിക്കിന്നലെ കഴിഞ്ഞ പോലെ ഓർക്കാൻ കഴിയുന്നു...

എത്ര മനോഹരമായ ഒരു ബന്ധമാണ് അല്ലേ ...

അധ്യാപക ദിനം എന്ന ഈ മനോഹര ദിവസത്തിൽ എന്റെ എല്ലാ അധ്യാപകരെയും....അത് എന്റെ വീട്ടിലെ ടീച്ചർ ആയിരുന്ന അമ്മുമ്മ മുതൽ കുഞ്ഞു നാളിൽ പഠിച്ച എസ് എൻ വിദ്യാഭവനിലെ ലാലി ടീച്ചറിൽ തുടങ്ങി ദുബായിലെത്തിയപ്പോഴുള്ള ആദ്യത്തെ ടീച്ചറായ ഇന്ദിര മിസ്സും, പഠിക്കുമ്പോൾ  ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത മുരളി സാറും, മാത്‌സ് എന്ന വിഷയത്തെ സ്നേഹിക്കാൻ പഠിപ്പിച്ച സജീവ് സാറും, പിന്നീട് കോളേജ് കാലത്തു ചങ്കായി മാറിയ കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ എല്ലാ അധ്യാപകരും, നൃത്തലോകത്തെ അധ്യാപകരായ - ഇന്നും കണ്ടാൽ എന്റെ മുട്ട് വിറപ്പിക്കുന്ന സഹദേവൻ സാറും അങ്ങനെ പറഞ്ഞാലും തീരാത്ത എത്രയോ ഗുരുബന്ധങ്ങൾ....ഇവരുടെ അനുഗ്രഹം ഇല്ലെങ്കിൽ ഒന്നുമില്ലയെന്ന സത്യം എന്നും ഓർമിച്ചു കൊണ്ട് എല്ലാ അധ്യാപകർക്കും  - അത് എന്റെ ഗുരുനാഥന്മാർ ആകട്ടെ, എന്റെ സുഹൃത്തുക്കളായ അധ്യാപകർ ആകട്ടെ  - എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...

വാൽകഷ്ണം: കഴിഞ്ഞ ദിവസം പന്ത്രണ്ടാം ക്ലാസ് റിസൾട്ട് ഒക്കെ വന്ന് കോളേജ് തുടങ്ങിയ എന്റെ മകൾ അവൾക്കു ഒരു ആഗ്രഹം ഉണ്ടെന്നും അത് കഴിഞ്ഞ വർഷത്തെ അക്കൗണ്ട്സ് ട്യൂഷൻ ടീച്ചറെ കാണണമെന്നതാണെന്നു പറഞ്ഞു...മഹാമാരിയുടെ ഇടയിൽ ഓൺലൈൻ ആയി മാത്രം കണ്ടു പരിചയം ഉള്ള അദ്ധ്യാപിക...അവരെ നേരിട്ട് കണ്ടു അനുഗ്രഹം വാങ്ങണം എന്ന് മോൾ പറഞ്ഞപ്പോൾ മനസ്സ് മന്ത്രിച്ചു....🙂 എന്റെ മകൾ!

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ