ബിലാൽ

ഇന്നലെ ക്ലാസിലെത്തി രാവിലെ ജോലികൾ ചെയ്തു തുടങ്ങുന്ന തിരക്കിൽ നിൽക്കുമ്പോൾ ആണ് വാതിൽക്കൽ എന്നോളം പോന്ന ഒരാൺകുട്ടി വന്നു നിന്നത്. ക്ലാസ്സിലെ ഏതെങ്കിലും കുട്ടിയുടെ സഹോദരൻ ആവുമെന്ന് മനസ്സിലോർത്താണ് അടുത്തേക്ക് ചെന്നത്. അടുത്ത് ചെന്നപ്പോൾ ഒന്നും മിണ്ടുന്നില്ല..എന്നെ നോക്കി കണ്മിഴിച്ചു നിൽക്കുന്നു...മാസ്ക് എന്ന പ്രതിഭാസം മുഖത്തിരിക്കുന്നതു കൊണ്ട് കണ്ണുകൾ മാത്രമല്ലെ നമുക്കുള്ളൂ ഒരാളെ മനസ്സിലാക്കാൻ...എന്നിട്ടും ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ എനിക്ക് പരിചിതം ആണെന്ന് തോന്നി...അപ്പോഴാണ്, 'ബീന മാം' എന്ന് മാസ്കിന്റെ പിറകിൽ നിന്നൊരു കൊച്ചു ശബ്ദം കേട്ടത്..അപ്പോൾ തന്നെ എനിക്ക് മനസ്സിലായി 'ബിലാൽ' എന്ന് ഞാൻ സ്നേഹത്തോടെ വിളിച്ചു....അവന്റെ കണ്ണുകൾ എന്നെ നോക്കി പുഞ്ചിരിച്ചതു ഞാൻ കണ്ടു.
അതെ, അത് ബിലാൽ ആയിരുന്നു, അധ്യാപന ജോലിയിലേക്ക് പ്രവേശിച്ച വര്ഷം എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു വളരെ ശാന്തനായ, ഞാൻ എന്ത് പറഞ്ഞാലും അതിലപ്പുറം ബിലാലിനൊന്നും ഇല്ലായെന്ന് എനിക്ക് നന്നായി അറിയാമായിരുന്ന ഒരു പാവം കുട്ടി..വളരെ പൊക്കം കുറഞ്ഞ വായിൽ വെളുത്ത പല്ലുകളെക്കാൾ അധികം കറുത്ത പല്ലുകളുള്ള ബിലാൽ. ആ വര്ഷം കഴിഞ്ഞതിൽ പിന്നീട് ഞാൻ ബിലാലിനെ കണ്ടിട്ടില്ല.
വർഷങ്ങൾ ഒരു പാട് കഴിഞ്ഞു. ബിലാൽ അതിനു ശേഷം ഹൈദരാബാദിൽ പോയി അവിടെയായിരുന്നത്രേ കുറെ വർഷങ്ങൾ. ഇപ്പോൾ വീണ്ടും ദുബായിലേക്ക് വന്നു ഇവിടെ ചേർന്നതാണ്. താൻ ടീച്ചറെ ഒരുപാട് ഓർക്കാറുണ്ടെന്നും, അമ്മ പറഞ്ഞു ടീച്ചറെ കണ്ടു അനുഗ്രഹം വാങ്ങണമെന്നും അത് കൊണ്ടാണ് വന്നതെന്നും അവൻ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ ഒരു നിമിഷത്തേക്ക് ഞാൻ മറന്നു പോയി. അവനെ ചേർത്ത് പിടിച്ചു, തലയിൽ തലോടി. എങ്ങനെ നീയറിഞ്ഞു താൻ ഈ ക്ലാസ്സിലുണ്ടെന്ന് എന്ന എന്റെ ചോദ്യത്തിന്, താൻ ഒരു പാട് പേരോട് ചോദിച്ചാണ് ഇങ്ങോട്ടു വന്നതെന്ന് അവൻ ഉത്തരം നൽകി. ഇനി പറ്റുമ്പോഴൊക്കെ എന്നെ കാണാൻ വരണമെന്നും ഞാൻ ഒരിക്കലും നിന്നെ മറക്കില്ലെന്നും പറഞ്ഞു ഞാൻ യാത്ര പറഞ്ഞു. അവന്റെ കണ്ണുകളിൽ ഞാൻ പണ്ട്, വര്ഷങ്ങള്ക്കു മുൻപ് കണ്ടിരുന്ന ആ തിളക്കം അപ്പോഴും ഉണ്ടായിരുന്നു.

പ്രിയപ്പെട്ട ബിലാൽ, നിന്നിലെ ബാല്യത്തിന്റെ നിഷ്കളങ്കത എന്നും കൂടെയുണ്ടാകട്ടെ...നിനക്കെന്നും നന്മയുണ്ടാവട്ടെ.

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ