ഓൺലൈൻ ബന്ധങ്ങൾ


കുറച്ചു ദിവസങ്ങൾ മുൻപ് കുറിച്ച് വെച്ചതാണ്.....

----------------------------------------------------------------------------------------------- 

കഴിഞ്ഞാഴ്ച എനിക്കൊരുപാട് പ്രിയപ്പെട്ടതായിരുന്നു.. എന്റെ 2020 ബാച്ചിലെ കുട്ടികളെ ഒരുമിച്ചു നേരിട്ട് കാണാൻ പറ്റി... ഇതിൽ ഒട്ടുമിക്കവരെയും ആദ്യമായി കാണുന്നതായിരുന്നു...ലോകത്തിനു തന്നെ ഓൺലൈൻ പഠനം വെല്ലുവിളി ആയിരുന്ന സമയം അത് KG കുട്ടികൾക്കും വളരെ ഭംഗിയായി ചെയ്യാൻ കഴിയും എന്ന് കാണിച്ചു കൊടുത്ത മിടുക്കർ ആണ് ഇവർ... 

ഇന്നുമോർക്കുന്നു കൊറോണ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കാലം...2020 ഏപ്രിൽ മാസം... KG കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ എന്ന് കേട്ടപ്പോൾ പലരും പറഞ്ഞു... എന്തിനാണ് KG ക്ലാസ്സ്‌ ഇങ്ങനെ തുടങ്ങുന്നത്... അവർക്കു ഒരു വർഷം പോയാലെന്താ? എങ്ങനെ അവരെ പഠിപ്പിക്കാനാണ്? ഓൺലൈൻ ക്ലാസ്സിൽ അവരൊന്നും ഇരിക്കില്ല... ഇത്തരം ഒരുപാട് മുൻവിധികൾ... 

ഒരു പക്ഷെ  അന്ന് ഞങ്ങൾ അധ്യാപകരോട്  അഭിപ്രായം ചോദിച്ചായിരുന്നു ഈ തീരുമാനമെങ്കിൽ  ഞങ്ങളും ആദ്യം എതിർത്തേനെ... പക്ഷെ പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ തുടങ്ങി യാതൊരു മുൻവിധിയുമില്ലാതെ... അഭിനയത്തിന്റെയും മനക്ലേശങ്ങളുടെയും കാലമായിരുന്നു അധ്യാപകർക്കൊക്കെ... അവരുടെ യാത്ര അവർക്കു തീരെ പരിചിതമല്ലാതിരുന്ന വഴികളിലൂടെയായിരുന്നു... എന്നിട്ടും തളരാതെ മുന്നോട്ടു പോയി... ഓൺലൈൻ ക്ലാസ്സുകളിൽ  ഞങ്ങളുടെ മുന്നിൽ  mute-unmute അമർത്തി കളിക്കുന്നവർ, സോഫയിൽ നിന്നു ചാടുന്നവർ...ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ കളർ ചെയ്തു ഉല്ലസിക്കുന്നവർ... ക്ലാസിലെ ഭാഗമായി മക്കളുടെ അടുത്തിരിക്കുന്ന വർക്ക്‌ ഫ്രം ഹോം ചെയ്യുന്നവർ... പലപ്പോഴും ക്ലാസിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇവരുടെ പക്കലായിരിക്കും...ഇതൊക്കെ വളരെ ചെറിയ ഓൺലൈൻ തമാശകൾ മാത്രമാണ് കേട്ടോ..ചില ക്ലാസ്സുകളിൽ കാര്യങ്ങൾ ഇതിലും കഠിനമായിരുന്നുവന്നു ഇന്ന് ചിരിയോടെ തന്നെ നമുക്ക് പറയാം. ആ വർഷത്തെ ഏറ്റവും കൂടുതൽ ട്രോളുകൾ കിട്ടിയത് അത് കൊണ്ട് തന്നെ അധ്യാപകർക്കായിരുന്നു... ഇതിനിടയിൽ എന്റെ ഓൺലൈൻ ക്ലാസും ഏകദേശം ഇത് പോലെയൊക്കെ തന്നെ മുന്നോട്ടു പോയി... 

പക്ഷെ എവിടെയോ വെച്ചു ആ കുഞ്ഞുങ്ങൾ എനിക്കേറെ പ്രിയപ്പെട്ടവരായി... അത് പോലെ തന്നെ നേരിട്ട് കണ്ടില്ലെങ്കിൽ കൂടി അവർക്കു ഞാനും.. മാസങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നു...ആരും വിചാരിച്ചു കാണില്ല നാല് വയസ്സുകാർക്ക് ഇത്ര നന്നായി ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാൻ കഴിയുമെന്ന്...എന്തൊക്കെയായാലും ഒരിക്കലും നേരിട്ട് കാണാത്ത കുഞ്ഞുമക്കളെ ഓൺലൈൻ ആണെങ്കിലും സ്നേഹിക്കാൻ പറ്റുമെന്നും അവർക്കും നമ്മൾ ജീവനായി മാറുമെന്നും ആ കോറോണകാലം പഠിപ്പിച്ചു..

കാലം കടന്നു പോയി...അടുത്ത ബാച്ച് കുട്ടികൾ വന്നു.. ഓൺലൈനും ക്ലാസ്സുകളിലെ പഠനവുമായി വളരെ നന്നായി അവരുമായി ഒരു വർഷം അതിവേഗം മുന്നോട്ടു പോയി... അങ്ങനെ ആ അധ്യയന വർഷവും കഴിയാറായപ്പോഴാണ് 2020 ബാച്ചിലെ കുട്ടികളെ ആദ്യമായി നേരിട്ട് കാണാനുള്ള അവസരം കിട്ടിയത്...അവരുടെ ക്ലാസ്സിലേക്ക് പോകുമ്പോൾ തന്നെ മനസ്സാകെ വല്ലാത്തൊരവസ്ഥയായിരുന്നു....ആ കുഞ്ഞു മക്കൾക്ക് തന്നെ ഓർമ്മയുണ്ടാകുമോ എന്നൊക്കെയുള്ള ചിന്ത. ആദ്യത്തെ എന്റെ ബാച്ചിലെ കുട്ടികൾ വരെ ഇന്നും ഇടയ്ക്കു കാണാൻ വരാറുണ്ട്...പക്ഷെ ഒരിക്കലും കാണാത്ത ഈ കുരുന്നുകൾ...അവർക്കു എന്നെ ഓർമ്മ കാണുമോ...അവർക്കു ആദ്യമായി എന്നെ കാണുമ്പോൾ എന്തായിരിക്കും തോന്നുക...ഇങ്ങനെ ഒരുപാട് ചിന്തകൾ...

ക്ലാസ്സിലേക്ക് കയറിയപ്പോൾ എല്ലാവരും അപരിചിതയെ പോലെ നോക്കി... അതിനിടയിൽ ആരോ കൂവി വിളിച്ചു.. ബീന മാം...അത് പിന്നേ എല്ലാവരിലേക്കും പടർന്നു...കോവിഡ് പ്രോട്ടോകോളുകൾ മറന്നു അവരിൽ പലരും ഓടി വന്നു കെട്ടി പിടിച്ചു...മറ്റു ചിലർ ദൂരെ മാറി നിന്ന് പുഞ്ചിരിച്ചു...അവരുടെ കണ്ണുകൾ ഒരു പാട് സ്നേഹാദരങ്ങൾ നീട്ടി... സന്തോഷാധിക്യത്താൽ മനസ്സ് നിറഞ്ഞ നിമിഷം... എന്റെ കുഞ്ഞ് മക്കൾ... മനസ്സിനാകെ വിഷമം തോന്നിയത് അവരാരാണെന്നു മനസ്സിലാക്കാൻ ID കാർഡുകൾ നോക്കേണ്ടി വന്നുവെന്ന എന്റെ ഗതികേടാണ്...എല്ലാവരും എനിക്കേറെ പ്രിയപ്പെട്ടവർ...

വളർന്നിരിക്കുന്നു എന്റെ കുഞ്ഞ് മക്കൾ...ഞാൻ എന്ത് പറഞ്ഞാലും ചെയ്യാറുള്ള എന്റെ അബ്ദു എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു...എല്ലാ ഓൺലൈൻ ക്ലാസ്സുകളിലും ഓടി നടന്നു കളിച്ചിരുന്ന റീവ എന്ന കുട്ടികുറുമ്പി  അടങ്ങിയൊതുങ്ങി ഇരിക്കുന്നത് എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി...ലോകത്തു ഏറ്റവും കൂടുതൽ ഇഷ്ടം ബീന മാമിനെയാണെന്നു പറഞ്ഞിരുന്ന റിഷാനെ മനസ്സിലാക്കാൻ അവന്റെ ഭംഗിയുള്ള കണ്ണുകൾ മാത്രം മതിയായിരുന്നു എനിക്ക്...മാസ്ക് വെച്ച മുഖത്ത് അവന്റെ വിടർന്ന കണ്ണുകളിലൂടെ അവനെ ഞാൻ മനസ്സിലാക്കി. കഴിഞ്ഞ വര്ഷം ഞാൻ പങ്കെടുത്ത പല ഓൺലൈൻ കൂട്ടായ്മകളിലും കണ്ടു പരിചിതമായിരുന്നു മുഖമായിരുന്നു  അദ്‌വികിന്റേത് ...അവൻ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി ഇരുന്നു...ഇവാൻ പരിചയപ്പെടുതലൊന്നും കൂടത്തെ ഓടി വന്നു എന്നെ ഇറുക്കെ കെട്ടി പിടിച്ചു...വാത്സല്യത്തോടെ ഞാൻ അവനെ  തലോടി...ആമിനയും, അലക്‌സും,  ദർശും, ദിവേനും, മിഥുനയും, മിഷികയും, ശ്രീഗൗരിയും എല്ലാവരും കണ്ണിമ വെട്ടാതെ തന്നെ നോക്കി നിന്നതിനു ശേഷം അവരുടെ വിശേഷങ്ങൾ അറിയിക്കാൻ തുടങ്ങി... നോക്കി എല്ലാവരുടെയും അടുത്ത് ചെന്ന് ഓരോ കുശലങ്ങൾ ചോദിച്ചപ്പോഴേക്കും എനിക്ക് അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞിരുന്നു.. അന്ന് അവിടെ നിന്നിറങ്ങിയത് നിറഞ്ഞ മനസ്സോടെയാണ്. ഒരു പാട് സ്നേഹം..ഈ കുഞ്ഞുങ്ങളോട്...നന്മയിലൂടെ മാത്രം  എന്നും നിങ്ങൾക്കു മുന്നോട്ടു പോകാൻ കഴിയട്ടെ...നിങ്ങൾ എന്നും എന്റെ മനസ്സിൽ ഉണ്ടാകും.  








Comments

  1. എന്ത് മനോഹരമായിട്ടാണ് എഴുത്തിയിരിക്കുന്നത്. അതിൽ ഒരു കുട്ടിയുടെ അമ്മ ആയ എനിക്ക് ഈ വരികളിലെ വാത്സല്യം നല്ലവണ്ണം മനസ്സിലാകുന്നുണ്ട്.. ശരിയാണ് മക്കളുടെ പ്രിയപ്പെട്ട ബീന മാം. ❤❤

    ReplyDelete
  2. Hridayathil ഒരു കുഞ്ഞു നനവ്. നമ്മുടെ മാത്രം സ്നേഹത്തിന്റെ ലോകം. നമ്മൾ anugraheetharaaya kindergarten teachers. സമസ്ത ലോക sukhino ഭവന്തു 🙏😘 Beena എഴുതി കൊണ്ടേ ഇരിക്കണം 😍

    ReplyDelete

Post a Comment

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ