ഉണ്ണിയുടെ കർക്കിടകം 1

അന്നുണ്ണിക്ക് ഉണരാൻ ഒട്ടും മടി തോന്നിയില്ല...സാധാരണ നിർമ്മാല്യ സമയത്തു ഒരു മടി പതിവാണ്...എങ്കിലും  യാശോദാമ്മ പണ്ട് ഉണർത്തിയിരുന്ന പോലെ ഉണ്ണിയെ കാണാൻ കാത്തു നിൽക്കുന്ന പതിനായിരങ്ങളുടെ കാര്യം പറഞ്ഞു കൊഞ്ചിച്ചു കൊഞ്ചിച്ചു ശാന്തി പള്ളിയുറക്കത്തിൽ നിന്നു ഉണ്ണിയെ നിർബന്ധിച്ചു എഴുന്നേൽപ്പിക്കും...

ഇന്ന് പിന്നേ അതൊന്നും വേണ്ടി വന്നില്ല... തനിക്കു പ്രിയപ്പെട്ട ഒരു മുഖം ഇന്ന് വരുന്നുന്നുണ്ട് തന്നെ കാണാൻ... ഉറക്കച്ചടവോടെ നിന്നാൽ പറ്റില്ല... ഒരു പാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി തന്നോടൊന്നും ആവശ്യപ്പെടാതെയുള്ള വരവാണ്...
പണ്ട് പ്രിയ സതീർഥ്യൻ വന്നതും അത് പോലെയല്ലേ.. കയ്യിൽ തനിക്കു തരാനായി ഒരു പിടി അവൽ മാത്രമേ ഉണ്ടായിരുന്നുള്ളു... ആ അവലിന്റെ കാര്യമോർത്തപ്പോൾ ഉണ്ണിയ്ക്ക് വായിൽ വെള്ളമൂറി... എന്ത് രുചിയുള്ള അവൽ ആയിരുന്നു... അതിനു ശേഷം ഒരിക്കൽ പോലും ഇത്രയും സ്വാദിഷ്ടമായ അവൽ കഴിച്ചിട്ടില്ല...
തന്റെ മുന്നിലൂടെ കടന്നു പോകുന്ന മനസ്സുകളെ എല്ലാം നോക്കി ഉണ്ണി പുഞ്ചിരിച്ചു...അതിൽ പലരും തന്നെ ഇവിടെ വന്നു കാണുന്നത് ഒരുപാട് നാളുകൾക്കു ശേഷമാണ്... പലരുടെയും കണ്ണുകൾ നിറയുന്നത് ഉണ്ണി കണ്ടു... കണ്ണടച്ച് കാണിച്ചു... വിഷമിക്കേണ്ട, ഞാനില്ലേ... ഞാൻ പോലും വേദനിച്ചില്ലേ മനുഷ്യനായി ജീവിച്ചപ്പോൾ... ഇന്ന് കർക്കിടകമാസം തുടങ്ങിയില്ലേ... പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജീവിതം ഇനിയുള്ള ദിവസങ്ങളിൽ ഓർത്തു ജീവിച്ചു നോക്കു... നിങ്ങളുടെ പ്രിയപ്പെട്ട വയലാർ എഴുതിയത് പോലെ... ദൈവം മനുഷ്യനായി പിറന്നാൽ പറഞ്ഞു പോകും... മനുഷ്യാ നീയാണെന്റെ ദൈവം.. എന്ന്....
തന്റെ നേർക്കു നോക്കി കണ്ണുനീർ തൂകിയവരെ നോക്കി പുഞ്ചിരിയോടെ കണ്ണിറുക്കാൻ ഉണ്ണി മറന്നില്ല... അത് ചിലർ കണ്ടു.... ചിലർ കണ്ടില്ല...
പെട്ടെന്നാണ് അടുത്ത് നിന്നു... 'ഉണ്ണീ... അധികം വിഷമിപ്പിക്കല്ലേ അവരെ...' എന്ന് പറയുന്നത് കേട്ടത് -  കുറൂരമ്മയുടെ ശബ്ദമാണ്.
 "ഇല്ലമ്മേ..അമ്മയ്ക്ക് ഓർമ്മയില്ലേ പൂന്താനം പണ്ട് ഞാൻ പറഞ്ഞിട്ട് എഴുതിയത്...'നമ്മെയൊക്കെയും ബന്ധിച്ച സാധനം, കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ..' അത്രയേയുള്ളൂ അമ്മേ... എല്ലാം കർമബലം മാത്രമാണ്..."
പെട്ടെന്നാണ്,
"എന്റെ കൃഷ്ണാ... ഇന്നും നീയോർക്കുന്നല്ലോ എന്റെ വരികൾ" - 
പൂന്താനമാണ്...

"എന്റെ പ്രിയപ്പെട്ട തിരുമേനീ.... അങ്ങും മേൽപ്പത്തൂരുമൊക്കെ എനിക്കെത്ര പ്രിയപ്പെട്ടവരെന്നു ഇനിയും ചോദ്യമോ... കേൾക്കുന്നില്ലേ പുറത്ത് അലയടിക്കുന്ന മേൽപ്പത്തൂരിന്റെ വരികൾ...ഹരിനാമ കീർത്തനം തുടങ്ങാറായി... അല്ല, തിരുമേനി... അങ്ങേയ്ക്കു എപ്പോ വേണമെങ്കിലും എന്റെ അടുത്തേക്ക് വരാമല്ലോ... എന്തിനീ തിക്കിലും തിരക്കിലും നിന്നു എന്നുമെന്നെ കാണാൻ വരുന്നു..."

"എന്റെ കൃഷ്ണാ... എളുപ്പത്തിൽ വന്നു അങ്ങയെ കണ്ടാൽ ഈ തിക്കിലും തിരക്കിലും നിന്നു തൊഴുന്ന സുഖം വരില്ല...എനിക്കെന്നും ഇങ്ങനെ തന്നെ വന്നാൽ മതിയെന്റെ കൃഷ്ണാ... അതിനുള്ള യോഗം എനിക്കെന്നും നീ നൽകണേ..."
 ഉണ്ണി ഇത് കേട്ടു പുഞ്ചിരിച്ചു... "എന്റെ തിരുമേനി... അങ്ങയോടു ഒരിക്കലും തർക്കിക്കാൻ ഞാനില്ല... അങ്ങ് തന്നെയാണ് എന്നും ശെരി..."
ഇത് കേട്ടു പൂന്താനത്തിന്റെ മുഖത്തെ കണ്ണുനീരിൽ പുഞ്ചിരി വിടർന്നത് കണ്ടു ചെന്താമരാക്ഷന്റെയും കണ്ണിത്തിരി ചുമന്നു പോയ പോലെ...

വില്വമംഗലവും ഭട്ടതിരിയുമെല്ലാം ഇതിനിടയിൽ അടുത്ത് വന്നു ഉണ്ണിയെ ഒരുക്കുന്നതിൽ മേൽശാന്തിയോടൊപ്പം കൂടി...

പെട്ടെന്നാണ് ഉണ്ണി കണ്ടത് -  താൻ ഇന്ന് കാത്തിരുന്ന ആൾ വരുന്നുണ്ട്... ഗോപുരവാതിൽ നടന്നപ്പോൾ മുതൽ തുടങ്ങിയ കണ്ണുനീരാണ്...

"എന്തിനാ എന്റെ സഖീ ഈ കണ്ണുനീർ... എനിക്കറിയാം ഇവിടെ വരാൻ നിനക്കൊരുപാട് തടസ്സങ്ങൾ ഉണ്ടായിരുന്നത്.. അത് കൊണ്ടെന്താ ഞാനെന്നും നിന്റെ അടുത്ത് എത്തിയിരിന്നില്ലേ...എന്നെ കാണാൻ ഇങ്ങോട്ട് ആർക്കും വരാൻ പറ്റിയിരുന്നില്ലല്ലോ... എന്നിട്ടുമെന്താ എന്റെ പ്രിയപ്പെട്ടവരെ ഒക്കെ ഞാൻ കഴിഞ്ഞ വർഷങ്ങളിൽ അങ്ങോട്ട്‌ വന്നു കണ്ടിരുന്നല്ലോ...നീ ഒരിക്കലും എന്നോടൊന്നും ആവശ്യപ്പെടാറില്ല.. എന്റെ മറ്റു ഭക്തർ ഒരുപാട് നേരം എന്നെ നോക്കി നിൽകുമ്പോൾ നീ മാത്രം ഒറ്റത്തവണ എന്നെ നോക്കി കൂടെ ഉണ്ടാവണമെ ന്നു മാത്രം പറഞ്ഞു പോകുന്നവളാണ്... ആ ഒരൊറ്റ കാര്യം ഞാൻ എന്നും പാലിക്കുന്നു... നിന്റെ സുഖത്തിലും ദുഖത്തിലും നിന്റെ കൂടെ ഞാനുണ്ടായിട്ടില്ലേ... മഹാമാരി മൂലം എന്റെ ഭക്തരെല്ലാം കഷ്ടപ്പെട്ട സമയം നീ എനിക്ക് വേണ്ടി കുഞ്ഞുമക്കളെ ചേർത്തിണക്കി 'ഗുരുപവനപുരെ' ഒരുക്കിയില്ലേ...എനിക്ക് വേണ്ടി നീ അർപ്പിച്ച ഒരേയൊരു അർച്ചനയും അതായിരുന്നു അല്ലെ..അതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് പലർക്കും അറിയാത്ത ഒരു കാര്യം നീയതിൽ കൂടെ നിസ്സാരമായി ലോകത്തോട് പറഞ്ഞതാണ്... പൂന്താനം പറഞ്ഞ പോലെ 'കണ്ടാലൊട്ടറിയുന്നു ചിലരിത്, കണ്ടാലും തിരിയാ ചിലർക്കെതുമേ'... ഭക്തിയോടെ ഇവിടെ വന്നാൽ ആർക്കും കാണാൻ കഴിയും ഉണ്ണികണ്ണനെ' എന്ന എന്റെ മാത്രം രഹസ്യം.. അത് നിന്നെ പോലെയുള്ളവർ മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും, അറിയാത്തവർക്കും മറന്നു പോയവർക്കുമായി നീ വീണ്ടും ഓർമിപ്പിച്ചു...നിന്റെ അല്ലാ നമ്മുടെ 'ഗുരുപവനപുരെ' എന്ന ആവിഷ്കാരത്തിൽ എനിക്ക് ഏറ്റവും പ്രിയം അത് തന്നെ. അല്ലാതെ ഒരിക്കലും വഴിപാടു
കളുമായി നീയെന്റെ മുന്നിൽ എത്തിയിട്ടില്ലല്ലോ സഖീ... അത് കൊണ്ട് തന്നെ ഭട്ടത്തിരിയെയും പൂന്താനത്തെയും പോലെ തന്നെ നീയും എനിക്കേറെ പ്രിയപ്പെട്ടവൾ...സാധാരണ നീ വരുമ്പോൾ ഒരുപാട് തവണ ഈ ചുറ്റമ്പലത്തിൽ ഇരുന്നു നമുക്ക് സംസാരിക്കാൻ പറ്റാറുണ്ട്.. ഇത്തവണ പറ്റില്ലാന്നു അറിയാം...അതിൽ നീ വിഷമിക്കേണ്ട കാര്യം ഒന്നും തന്നെയില്ലാ സഖീ...നമുക്കുടൻ തന്നെ നിനക്കേറെ പ്രിയപ്പെട്ട ഇവിടെ ഇരുന്നു മനസ്സ് തുറക്കാൻ കഴിയും... ധൈര്യമായി പൊയ്ക്കോളൂ... ഞാനില്ലേ നിന്റെ കൂടെ...നീ ഇവിടെ
നിന്നു തൊഴുതിറങ്ങുമ്പോഴേക്കും ഞാനും വരാം...ഇന്ന് കർക്കിടകം ഒന്നല്ലേ...തൃപ്രയാർ പോയി സ്വന്തം ജീവിതം മനുഷ്യർക്ക്‌ ഉത്തമോദാഹരണമാക്കിയ ശ്രീരാമചന്ദ്രനെ ഒന്ന് വണങ്ങണം.."
പെട്ടെന്നൊരു തണുപ്പനുഭവപ്പെട്ടപ്പോൾ ഉണ്ണി നോക്കി.... പിന്നേ വികൃതി കാട്ടി ആ ക്ഷീരസാഗരത്തിൽ ആറാടി....പ്രിയ സഖിയോടൊത്തുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി....
എല്ലാവർക്കും ശ്രീരാമചന്ദ്രന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

- ബീന വിനോദ്

https://youtu.be/W-9nflNz-Vc

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ