എന്റെ ഗുരുവായൂർ ഓർമ്മകൾ

 ഇന്ന് കുചേലദിനം...സ്കൂൾ അവധിയായതിനാൽ ചിന്തകൾക്ക് വിരാമമില്ല

😊... ഇന്ന് മനസ്സ് മുഴുവൻ അങ്ങനെ ഗുരുവായൂരായിരുന്നു...
പെട്ടെന്നാണ് ഓർമ്മ വന്നത്, കഴിഞ്ഞ വെക്കേഷന് ഗുരുവായൂരിൽ ഭജിക്കാൻ പോയ ദിവസങ്ങൾ... അമ്മുമ്മ യാത്ര പറഞ്ഞു എന്നെന്നേക്കുമായി പോയതിനു ശേഷമുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു കണ്ണനെ കാണാൻ... മൂന്നു ദിവസത്തെ എന്റെ ആ ദിവസങ്ങളിൽ, രണ്ടാമത്തെ ദിവസമോ മറ്റോ ആണെന്ന് തോന്നുന്നു ഈ അനുഭവം - ശ്രീകോവിലിനു പിറകിൽ ഒരു പാട് സമയം ഞാൻ ഇരിക്കാറുണ്ട്...
അങ്ങനെയിരിക്കെ അന്ന് പെട്ടെന്ന് അമ്മുമ്മയെ ഓർമ്മ വന്നു.. ഏതാനും മാസങ്ങൾക്കു മുൻപ് എന്റെ നെഞ്ചോടു ചേർന്ന് ഞങ്ങളെ വേർപിരിഞ്ഞു പോയ അമ്മുമ്മ...ഗുരുവായൂരമ്പലത്തെ കുറിച്ചുള്ള എന്റെ ചിന്തകളിൽ എന്നുമുള്ള എന്റെ അമ്മുമ്മ...കഴിഞ്ഞതെല്ലാം മനസ്സിലേക്ക് വന്നതും അറിയാതെ കണ്ണുകൾ നിറഞ്ഞു... കുറെ നേരം അങ്ങനെ ഇരുന്നു.. പിന്നെ, പതുക്കെ അവിടെന്നു എണീറ്റു ചുറ്റമ്പലത്തിനു പുറത്തേക്കു നടക്കാമെന്ന് കരുതി ഹനുമാൻ സ്വാമിയുടെ മുന്നിൽ പോയി കുറെ നേരം നിന്നു...
മനസ്സിൽ അപ്പോൾ എന്തായിരുന്നു എന്നറിയില്ല.. വെറുതെ നോക്കി നിന്നു.. പെട്ടെന്ന് അടുത്ത് നിന്നു ഒരു ശബ്ദം... "കുംകുമം താഴെ കിടക്കുന്നുണ്ട് കുട്ടി...അതെടുത്തു തൊട്ടോളൂ..."
അത് പറഞ്ഞ വ്യക്തിയെ ഞാൻ നോക്കി... മധ്യവയസ്കയാണ്..
ഗുരുവായൂർ അമ്പലത്തിൽ പോയവർക്ക് അറിയാം - അവിടെ ആഞ്ജനേയ സ്വാമിയുടെ രൂപത്തിൽ കുംകുമം അഭിഷേകം ചെയ്യാറുണ്ട്... അത് നമ്മൾ നെറ്റിയിൽ തൊടും..നല്ല തിരക്കുള്ളപ്പോൾ കുംകുമം കിട്ടി കൊള്ളണം എന്നില്ല..ചിലപ്പോൾ താഴെ വീണു കിടക്കുന്ന പൊടിയായിരിക്കും തൊടാൻ കിട്ടുക...
എന്റെ അടുത്തു വന്ന ആ അമ്മ ഞാൻ കുംകുമം തിരഞ്ഞു നിൽക്കുകയാണെന്നു കരുതിയാണ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായി... പക്ഷെ അവരോടു മറുപടി പറയാനുള്ള ഒരു മാനസികാവസ്ഥ ഇല്ലാത്തതു കാരണം ഞാൻ അവരെ ഒന്ന് നോക്കി വീണ്ടും ആഞ്ജനേയന്റെ രൂപത്തെ നോക്കി ഒന്നും മിണ്ടാതെ നിന്നതേയുള്ളു... അവരാകട്ടെ അവിടെ നിന്നു 2-3 തവണ ഇത് തന്നെ എന്നോട് പറഞ്ഞു കൊണ്ടുമിരുന്നു..കേൾക്കാത്ത പോലെ കണ്ണടച്ച് നിന്ന എന്റെ നെറ്റിയിൽ പെട്ടെന്നാണ് തണുത്ത ഒരു വിരൽ സ്പർശം ഞാൻ അറിഞ്ഞത്...
നെറ്റിയുടെ ഒരറ്റത്തു നിന്നു മറ്റെയറ്റത്തേക്ക് നീണ്ടൊരു കുറി ആരോ വരച്ചു... ഞെട്ടി കണ്ണ് തുറന്നു നോക്കിയപ്പോൾ ആ അമ്മയാണ്...
എനിക്ക് കുറിയും തൊട്ടു തന്നു ആ അമ്മ അവിടെ നിന്നും പുഞ്ചിരിച്ചു കൊണ്ട് തിടുക്കപ്പെട്ടു പോയി...
ആ സമയം എനിക്ക് ഓർമ്മ വന്നത് എന്റെ കുട്ടികാലത്ത് ഞങ്ങളുടെ അടുത്തുള്ള അമ്പലത്തിൽ തൊഴുതു വന്നിട്ട് വീടിന്റെ ഉമ്മറത്ത് അമ്മുമ്മ മേശമേൽ ചാരി ഒരു നിൽപ്പുണ്ട്... ആ സമയം അടുത്ത് ചെന്നാൽ അമ്മുമ്മ മേശപ്പുറത്തു വെച്ചിരിക്കുന്ന ഇലയിൽ നിന്നു പ്രസാദം എടുത്തു നെറ്റിയിൽ തൊട്ടു തരും... അമ്മുമ്മയുടെ കുറി എന്നും നെറ്റിയുടെ ഒരറ്റത്തു നിന്നു മറ്റേയറ്റത്തേക്ക് നീട്ടിയുള്ള വരയാണ് .. ഗുരുവായൂരിൽ അമ്മുമ്മയെ ഓർത്തു നിന്ന എന്റെ നെറ്റിയിൽ തൊട്ട കുറിയും അത് പോലെയുള്ളതായിരുന്നു.
ഇതെല്ലാം മനസ്സിന്റെ ഓരോ ചഞ്ചലതകൾ ആയിരിക്കാം..എന്തായാലും അപരിചിതർക്ക് കുറി തൊട്ടു കൊടുക്കുന്നവരെ ഈ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ലാത്തതു കൊണ്ട് എനിക്ക്, എനിക്കിതൊരു അനുഭവം തന്നെയായിരുന്നു...
അതേ, ആ നിമിഷം ഗുരുവായൂരപ്പന്റെ സന്നിധിയിൽ അമ്മുമ്മയുടെ സാനിധ്യം ഞാൻ അറിഞ്ഞു എന്നത് എന്റെ മാത്രം സത്യമാണ്... 🙏

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ