ഓര്‍മ്മയിലെ ഒരു സ്പോര്‍ട്സ് ഡേ
നാലാം ക്ലാസ്സിലായിരുന്നു അന്ന് ഞാന്‍ ...എന്റെ ആദ്യത്തെ സ്കൂള്‍ - എസ്. എന്‍ വിദ്യ ഭവന്‍ സ്കൂളില്‍ പഠിക്കുന്ന സമയം. അന്ന് ഇന്നത്തെ എസ്. എന്‍ വിദ്യ ഭവന്‍ അല്ല. നാലാം ക്ലാസ്സ് വരെ ഇന്നത്തെ പഴയ കെട്ടിടത്തിലാണ്. അഞ്ചാം ക്ലാസ്സ് മാനേജ്മെന്റ് പുതിയ സ്ഥലം വാങ്ങി അവിടെ ഒരു ഷെഡ് കെട്ടി അതിലാണ് ക്ലാസ്സ് എടുത്തിരുന്നത് വലിയ കെട്ടിടതിണ്ടേ പണി ശെരിക്കും തുടങ്ങിയിട്ടില്ല. അവിടെ അന്ന് പഴ്ഴ്യ ഒരു തറവാട് ആണ് സ്ഥിതി ചെയ്തിരുന്നത്.. എന്റെ ഡാഡിയുടെ അച്ഛന്‍ വീട്ടിലെ തറവാട് ആണ്. ഞങ്ങള്‍ എല്ലാരേയും സ്പോര്‍ട്സ് ഡേ ആയതു കൊണ്ട് അങ്ങോട്ട് കൊണ്ട് പൊയ്. അവടത്തെ വിശാലമായ സ്ഥലത്താണ് സ്പോര്‍ട്സ് ഡേ നടത്താന്‍ ഉദ്ദേശിച്ചത്. എല്ലാര്‍ക്കും നല്ല ഇഷ്ടമായിരുന്നു ആ സ്ഥലം. ഓടി കളിയ്ക്കാന്‍ ഒരു പാട് സ്ഥലം - ഒരു സ്കൂള്‍ എന്ന് തോന്നാത്ത സ്ഥലം - പഴയ ഒരു തറവാട്. അന്നും പഴയ തറവാടുകള്‍ എന്നെ അതിശയിപ്പിക്കാറുണ്ട്. വല്ലാത്തൊരു വശീകരണ ശക്തി തോന്നാറുണ്ട് പഴയ തറവാടുകള്‍ക്ക് - അന്നും ഇന്നും.
കൂട്ടുകാരുമൊത്ത്, ടീച്ചര്‍മാര്‍ പോകരുത് എന്ന് പറയുന്ന സ്ഥലത്ത് പോകുക ഒരു രസം തന്നെയായിരുന്നു. അവിടെ എല്ലാവരും സ്പോര്‍ട്സ് ടയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ എന്റെ പ്രിയ കൂട്ടുകാരുമായി ഞങ്ങള്‍ ഈ തറവാട്ടിലെ അന്ന് തുറന്നിട്ടിലാത്ത മുറികള്‍ എങ്ങനെയെങ്ങിലും തുറക്കാമോ എന്ന പ്രയത്നത്തിലായിരുന്നു. ഇരുംബിന്റെ താഴിട്ടു പൂട്ടിയ മുറികള്‍. ആരോ പറഞ്ഞു അവടെ പണ്ട് ആരോ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അത് കൊണ്ടാണ് ആ മുറികള്‍ തുറക്കാതിരീക്കുന്നതെന്നും. കുട്ടികാലത്തെ കൌതകങ്ങള്‍ മാറ്റി വെക്കാന്‍ നമ്മള്‍ക്കും കഴിയാരില്ലല്ലോ. അത് കേട്ടതോടെ ഞങ്ങളില്‍ ചിലര്‍ക്ക് പിന്നെ ആ മുറികള്‍ എങ്ങനെയെങ്ങിലും തുറക്കണം. കുറെ നോക്കി. കഴിഞ്ഞില്ല! തുറക്കാന്‍ കഴിയാതിരുന്ന മുറികളെ കുറിച്ച് അന്ന് ആരൊക്കെയോ പേടിപ്പെടുത്തുന്ന കുറെ കഥകള്‍ പറഞ്ഞു തന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം മണിച്ചിത്രത്താഴ് എന്നാ സിനിമ കണ്ട് അതിലെ 'ഗംഗ' -എന്നാ കഥാപാത്രത്തെ പരിചയപ്പെട്ടതോടെ പലപ്പോഴും ആലോചിച്ചിട്ടുണ്ട് - ഞാനും അങ്ങനെ തന്നെയായിരുന്നില്ലേ എന്ന്. പഴമ എനിക്കെന്നും പ്രിയപെട്ടതാണ്. ഗംഗ തുറക്കരുതെന്ന് പറയുന്ന മുറിയിലേക്ക് അടുക്കുന്ന പോലെ തന്നെയാണ് ഞാനും. മനസ്സും ചിന്തകളും ഒക്കെ ഗംഗയെ പോലെ പിന്നെ അതില്‍ തന്നെയാവും എന്റെയും. 'ഗംഗ' പോയ തലത്തിലേക്ക് ഞാന്‍ പോയിട്ടില്ലെന്ന് മാത്രം.
അന്നത്തെ അടഞ്ഞു കിടന്ന ആ മുറികളും ചുറ്റും കേട്ട കഥകളും അന്ന് വൈകുന്നേരമായപ്പോഴേക്കും ഞാന്‍ എന്ന ആ കൊച്ചുകുട്ടിയെ ഒരു പാട് ഭയപ്പെടുത്തി കളഞ്ഞു. വീട്ടില്‍ തിരിച്ചെത്തി ഭയത്തോടെ അമ്മയുടെ മടിയില്‍ അന്ന് കിടന്നു ഞാന്‍ പനിച്ചു വിറച്ചു. എനിക്ക് തോന്നി എന്റെ ചുറ്റും ആത്മാക്കള്‍ ഉണ്ടെന്നു. അമ്മയെ ഞാന്‍ അന്ന് എഴുന്നേല്‍ക്കാന്‍ പോലും സമ്മതിച്ചില്ല. അന്നത്തെ സന്ധ്യയും രാത്രിയും എന്റെ മനസ്സിനെ സ്കൂളിലെ വരാന്തകളില്‍ എത്തിച്ചു. ചുറ്റും കേട്ട ചീവീടുകളുടെ ശബ്ദം എന്നെ ഭയത്തിന്റെ കാണാക്കയങ്ങളില്‍ എത്തിച്ചു. ഇന്നും എനിക്ക് മറക്കാന്‍ കഴിയില്ല ആ രാത്രി ഞാന്‍ എങ്ങനെ അതിജീവിച്ചു എന്ന്.
ഇന്ന് ആ പഴയ തറവ്ടു പൊളിച്ചു ഏറ്റവും ആധുനികമായ രീതിയില്‍ പണി കഴിപ്പിച്ച ഒരു സ്കൂള്‍ ആണ് അവിടെ. നാലാം ക്ലാസ്സ് കഴിഞ്ഞു അവടേം വിട്ട് ദുബൈയിലേക്ക് വന്ന എനിക്ക് അന്ന് ഭാഗ്യമായി തോന്നിയത് അഞ്ചാം ക്ലാസ്സ് പഠിക്കാന്‍ ആ പഴയ തറവാട്ടു ഇരിക്കുന്ന സ്ഥലത്തേക്ക് പോകേണ്ടി വന്നില്ല എന്നതാണ്. അത്രയ്ക്ക് ആ സ്ഥലം എന്നെ ഭയപ്പെടുത്തി.
അവടേം വിട്ടെങ്കില്ഉം ഞാന്‍ ഇടയ്ക്ക് അറിയാറുണ്ടായിരുന്നു, സത്യമാണോ എന്നറിയില്ലെങ്ങിലും അവടെ ആ തറവാട് പൊളിക്കാന്‍ സ്കൂള്‍ മാനേജ്‌മന്റ്‌ഇന് കുറെ ബുദ്ധിമുട്ടേണ്ടി വന്നത്രേ അന്ന്. പൊളിക്കാനായി വരുന്ന ആള്‍ക്കാര്‍ക്ക് പല തരത്തിലുള്ള അപകടം പറ്റിയിരുന്നു. ആ തറവാട് പൊളിക്കല്‍ കുറെ നീണ്ടു നീണ്ടു പോയി. ഒടുവില്‍ കുറെ പൂജകളും മറ്റും ചെയ്തതിനു ശേഷമാണു ആ പഴയ തറവാട് അവര്‍ക്ക് മുഴുവനായി പൊളിക്കാന്‍ കഴിഞ്ഞതത്രേ.
ഇന്ന് അതൊരു പ്രശസ്തമായ സ്കൂള്‍ ആണ്. വല്ലപ്പോഴുമുള്ള എന്റെ ആ ഭാഗത്തേക്കുള്ള യാത്രകളില്‍ ഞാന്‍ കാണാറുണ്ട് ഇന്നത്തെ സ്കൂള്‍. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആ സ്കൂള്‍ കാണുമ്പോള്‍ എന്റെ മനസിലേക്ക് വരുന്നത് അന്നത്തെ ആ സ്പോര്‍ട്സ് ഡേയും അന്ന് ഞാന്‍ അമ്മയുടെ മടിയില്‍ ചിലവിട്ട ആ രാത്രിയുമാണ്... എനിക്ക് പരിചിതമല്ലാത്ത ഏതോ ഒരു നിഗൂഢതയിലേക്ക് അതെന്നെ ഇന്നും എത്തിക്കുന്നു. ഭയം എന്നെ കീഴ്പ്പെടുത്തുന്നത് ഞാന്‍ തിരിച്ചറിയുന്നു......

Gangayayi ethu nimishavum maran sadhyatha ennartham..ok..i Will take care :)
ReplyDelete