ആശിക്കാനെങ്കിലും...
കോളേജ് വിട്ടു വീട്ടിലെത്താന്‍ ഇന്ന് നന്നേ വൈകി. സ്പെഷ്യല്‍ ക്ലാസും കഴിഞ്ഞു ഹോസ്റ്റലില്‍ നിന്ന് ബാഗുമെടുത്ത് വീട്ടില്‍ എത്തിയപ്പോഴേക്കും അന്ധകാരം ഭൂമിയെ വലയം ചെയ്തു കഴിഞ്ഞിരുന്നു. ഗേറ്റ് കടന്നപ്പോഴാണ് ശ്രദ്ധിച്ചത് - മുറ്റത്തൊരു വണ്ടി കിടക്കുന്നു - അടുത്തെത്തിയപ്പോള്‍ മനസ്സിലായി അതൊരു മിലിട്ടറി വണ്ടിയാണെന്ന്. പെട്ടെന്ന് ഹൃദയമിടിപ്പ് വര്ധിക്കുന്നതു പോലെ തോന്നി. ഈശ്വരാ!! ആരായിരിക്കും? ...ഒരു പക്ഷെ അച്ഛനായിരിക്കുമോ? ദൈവമേ....എന്റെ അച്ഛന്‍ വന്നോ? എത്ര നാളായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്. ഒടുവിലചഛന്‍ വന്നല്ലോ. വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു. വീട്ടിലേക്കു കയറിയപ്പോള്‍ കണ്ടു - ഒട്ടും പരിചയമില്ലാത്ത രണ്ടു പേര്‍ ഇറങ്ങി വരുന്നു. എന്നെ കണ്ടതും അവര്‍ അമ്മയോട് ചോദിച്ചു " യെ സാബ്ജി കി ബേട്ടി ഹേ?" അമ്മയത് കേട്ട് അതെയെന്നു തലയാട്ടിയതും അവര്‍ "ഖുദാഹാഫിസ്" എന്നും പറഞ്ഞു വണ്ടിയില്‍ കയറി.
എനിക്കൊന്നും മനസ്സിലായില്ല. എന്തായാലും അച്ഛന്‍ വന്നില്ലെന്ന് മനസ്സിലായി. പക്ഷെ എന്തിനായിരിക്കുമവര്‍ വന്നത്? ഒരു പക്ഷെ അച്ഛനെ കുറിച്ചെന്തെങ്കിലും വാര്‍ത്ത? അമ്മയുടെ മുഖത്തേക്ക് എന്താണെന്ന ഭാവത്തില്‍ നോക്കി. അമ്മ ഒരു ദീര്‍ഖനിശ്വാസത്തോടെ അകത്തേക്ക് പോയി. "എന്താമ്മേ?" എന്ന് ചോദിച്ചു പിന്നാലെ ഞാനും. "അവര്‍ വെറുതെ വന്നതാ...എന്തൊക്കെയോ കടലാസുകള്‍ സൈന്‍ ചെയ്യിപ്പിച്ചിട്ട് അവര്‍ പോയി. മരിച്ച സാബ്ജിയുടെ ഭാര്യയെയും മക്കളെയും കാണാന്‍ വന്നതാ അവര്‍."
അത് കേട്ടിട്ടെനിക്ക് ദേഷ്യവും സങ്കടവുമെല്ലാം വന്നു. മരിച്ചു പോയത്രേ! ആരാ ഇവിടെ മരിച്ചത്? എങ്കിലും അമ്മയോടോന്നും പറയാന്‍ നിന്നില്ല. പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നി. അമ്മയത് വിശ്വസിക്കയാണ്. ഇനിയത് മാറ്റണമെങ്കില്‍ അച്ഛന്‍ വരണം.
കുളി കഴിഞ്ഞു അത്താഴത്തിനിരുന്നപ്പോള്‍ സിനി അവളുടെ സ്കൂളിലെ കുറെ തമാശകള്‍ പറയുന്നുണ്ടായിരുന്നു. മാസത്തിലൊരിക്കല്‍ ഞാന്‍ വരുമ്പോഴാണ് അവള്‍ക്കു എല്ലാം പറയാന്‍ പറ്റുന്നത്. അമ്മെടടുത്തു എല്ലാം പറയുമെങ്കിലും അമ്മയവളുടെ തമാശ കേട്ട് ചിരിക്കാറൊന്നുമില്ല. ഞാന്‍ പക്ഷെ എന്ത് കേട്ടാലും അവളെ സമാധാനിപ്പിക്കാനായിട്ടെങ്കിലും പൊട്ടി ചിരിക്കും. പക്ഷെ ഇന്ന് അതിനും കഴിയുന്നില്ല. കുറെ നേരം സംസാരിച്ചതിന് ശേഷം തമാശകളെല്ലാം ചീറ്റിപോയെന്ന ഭാവത്തില്‍ മിണ്ടാതിരുന്നു അവള്‍ ഭക്ഷണം കഴിച്ചു.
"യാത്ര ചെയ്ത ക്ഷീണമുണ്ടാവും...അത് കൊണ്ട് നീ പോയി കിടന്നോ.." എന്ന് അമ്മ പറഞ്ഞതും ഞാന്‍ മുറിയിലേക്ക് പോയി. ഇന്നെന്തോ മനസ്സാകെ മരവിച്ച പോലെ. സിനി പിന്നാലെ വന്നു. ചേച്ചിക്കെന്താ പറ്റിയത്? ഇത് പോലെയായിരുന്നില്ലല്ലോ മുന്‍പൊക്കെ. എന്താ ചേച്ചി?" അവള്‍ടെ ചോദ്യത്തിന് "എനിക്ക് തീരെ വയ്യ സിനി" എന്നും പറഞ്ഞു ഞാന്‍ കിടക്കയിലേക്ക് വീഴുകയായിരുന്നു. അവള്‍ പിന്നൊന്നും പറഞ്ഞില്ല. മിണ്ടാതെ ലൈറ്റ് ഓഫ് ആക്കി പോയി. ഒന്ന് പൊട്ടികരയാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. ഈശ്വരാ! എത്ര നാളായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നിട്ട് നീയെന്തേ പ്രതീക്ഷ മാത്രം തരുന്നത്. മരിച്ചുവെന്നതിനു എന്തെങ്കിലും ഒരു തെളിവ്...എന്നും ഞങ്ങളെയെന്തിനാണ് നീ തീ തീറ്റുന്നത്.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മെയ് മാസത്തില്‍ - അന്ന് ഞാനും സിനിയുമെല്ലാം കാത്തിരിപ്പിലായിരുന്നു. ഇന്ന് അച്ഛന്‍ വരും. ഞങ്ങള്‍ കാണുന്നവരോടൊക്കെ പറഞ്ഞു. അമ്മയാണെങ്കില്‍ അടുക്കളയില്‍ നിന്ന് ഇറങ്ങാറില്ല. അച്ഛന് ഇഷ്ടമുള്ള ചക്കടയും ഇഞ്ചംപുളിയുമെല്ലാം നേരത്തെ കൂട്ടി ഉണ്ടാക്കി വെക്കുകയാണ്. ഒന്‍പതു മണീടെ ട്രെയിനിനാണ് അച്ഛന്‍ വരിക. ഇനിയചഛനോട് പോകണ്ടാന്നു പറയണം. ഇത്ര നാളും കാണാന്‍ കാത്തിരിക്കേണ്ടി വരുന്ന ജോലി സ്ഥലത്തേക്ക് വിടണ്ട ഇനിയചഛനെ. നാട്ടിലെന്തൊക്കെ ജോലി കിട്ടും? സിനിടെയടുത്തും പറഞ്ഞു വെച്ചു അച്ഛന്ടെ അടുത്ത് ഇതൊക്കെ പറയാന്‍. മില്ലില്‍ ഒന്‍പതു മണീടെ സൈറന്‍ കേട്ടു. ഇപ്പോഴചഛനെത്തിയിട്ടുണ്ടാവും. സിനിയേം വിളിച്ചു മുറ്റത്ത് തന്നെ വന്നു നിന്നു. ദൂരേന്നു ഒരോട്ടോ വരുന്നത് കണ്ടു അല്‍പസമയം കഴിഞ്ഞപ്പോള്‍ - ചെറിയച്ഛന്‍ അച്ഛനെയും കൂട്ടി വരുന്നതായിരിക്കും.
"അമ്മേ....അച്ഛനെത്തി....ഞങ്ങള്‍ വിളിച്ചു കൂവി..എല്ലാം മറന്നു ഞങ്ങള്‍ പടിക്കലേക്ക് ഓടി. അച്ഛന്‍ വരുന്ന ദിവസമായത് കൊണ്ട് കുഴപ്പമില്ല. ഇല്ലെങ്കില്‍ ചീത്ത കെട്ടേനെ അമ്മേടെ കയ്യില്‍ നിന്ന്. വല്യ കുട്ടികള്‍ ഇങ്ങനെയോടാനുംചാടാനുമൊന്നും പാടില്ല്യാന്നാ അമ്മ പറയുക. പിന്നെ ഇപ്പോള്‍ പത്തിലുമാണല്ലോ. ഓട്ടോ വന്നു നിന്നപ്പോള്‍ ചെറിയചഛന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"അച്ഛനെവിടെ?" ഞങ്ങള്‍ ഒരേ സ്വരത്തില്‍ ചോദിച്ചു. ട്രെയിന്‍ എത്തിയില്ല. എന്താന്നവര്‍ക്കറിയില്ലത്രേ. എവിടെയോ ഒരാക്സിടെന്റ്റ് ഉണ്ടെന്നു കേട്ടു. എന്തായാലും അതീ വണ്ടിക്കാവില്ല. ഞങ്ങളുടെ പിന്നിലുണ്ടായിരുന്ന അമ്മേടടുത്ത് അവര്‍ പറഞ്ഞു. അതു കേട്ടതോടു കൂടി എല്ലാവരുടെയും മുഖം മാറി. അമ്മ പിന്നെയും ചെറിയച്ഛന്‍ടടുത്തു സംസാരിക്കുന്നതു കണ്ടു. ഞങ്ങള്‍ അകത്തേക്ക് പോയി. ഞാനും സിനിയുമൊന്നും മിണ്ടിയില്ല. ഒരു അജ്ഞാതഭയവും മൌനവും ഞങ്ങളുടെ വീട്ടിലേക്കു കയറി വന്നത് തികച്ചും അവിചാരിതമായാണ് അന്ന്. വിവരം കേട്ട് ആരൊക്കെയോ വീടിലേക്ക് വന്നു കൊണ്ടിരുന്നു. അമ്മ വയ്യാന്നു പറഞ്ഞു അകത്തു പോയി കിടന്നു. ചെറിയച്ഛന്റെ വീട്ടില്‍ നിന്ന് വന്ന അച്ഛമ്മ കണ്ണുനീരോടെ രാമനാമം ജപിച്ചു കൊണ്ടിരുന്നു. അന്നുച്ചയ്ക്ക് ഞങ്ങള്‍ ആരും ഒന്നും കഴിച്ചില്ല. പക്ഷെ വൈകുന്നേരമായപ്പോള്‍ ഞങ്ങളെ എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് ഒരാള്‍ വന്നു. ഞങ്ങളുടെ പോസ്റ്റ് മാനായ സുരേഷേട്ടന്‍. എഴുത്തുണ്ടായിരുന്നു കയ്യില്‍ - അച്ഛന്റെ!!
അത് വായിച്ചപ്പോള്‍ അമ്മേടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. അമ്മ എന്നിട്ടുറക്കെ പറഞ്ഞു ഞങ്ങള്‍ടെ അടുത്ത്. "അച്ഛന് ലീവ് കിട്ടിയില്ലത്രേ...."
അതിനെന്താ അമ്മയിത്ര സന്തോഷിക്കുന്നതെന്ന് സിനി ചോദിച്ചു. ഞാനവളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. അമ്മ പറഞ്ഞു "പോകാനിരുന്നത് കയ്യിലുണ്ടെന്ന് കേള്‍ക്കുമ്പോഴുള്ള സന്തോഷാ ഈശ്വരാ.....കുറെ കഴിഞ്ഞു വന്നാലും സാരമില്ലാ....അപകടമൊന്നും പറ്റിയില്ലല്ലോ"
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചിറ്റൂരുള്ള അമ്മാവനും അമ്മായിയും വന്നു. അവരുടെ കയ്യിലൊരു പത്രമുണ്ടായിരുന്നു. ചെറിയച്ഛന്‍ടടുത്തു പത്രം കാണിച്ചു അവരെന്തോ കാര്യമായി സംസാരിക്കുന്നതു കണ്ടു. അന്നൊന്നും മനസ്സിലായില്ല. പിന്നീടാണ് ചെറിയച്ഛനെല്ലാം പറഞ്ഞത്. അച്ഛന്ടെ ഐഡന്റിറ്റി കാര്‍ഡ് അന്ന് ട്രെയിന്‍ ആക്സിടെന്റ്റ് നടന്ന സ്ഥലത്തൂന്ന് കിട്ടിയെന്ന്. ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോ പത്രത്തിലുണ്ട്. ബോഡി ഇത് വരെ തിരിച്ചറിയാത്തത് കൊണ്ട് പൊതു ശ്മശാനത്തില്‍ മറവു ചെയ്തെന്ന്. അമ്മ ചെറിയച്ഛനോട് തര്‍ക്കിച്ചു. "ഏട്ടന്ടെ കത്ത് വന്നതാ...പിന്നെങ്ങനെയാ....ഞാനിതു വിശ്വസിക്കില്ല..."
ചെറിയച്ഛന്‍ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് പക്ഷെ ചെറിയച്ഛന്‍ വന്നത് വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയായിട്ടായിരുന്നു. ആ ട്രെയിനില്‍ അച്ഛനുണ്ടായിരുന്നത്രേ. ആ കത്ത് അച്ഛന്‍ ലീവ് ശെരിയാകാതിരുന്നത് കൊണ്ട് അയച്ചതാണ്. ചെറിയച്ഛന്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരമായിരുന്നു അത്. പക്ഷെ അച്ഛന് വിചാരിച്ച പോലെ തന്നെ ലീവ് ശെരിയായപ്പോള്‍ അച്ഛന്‍ പുറപ്പെടുകയും ചെയ്തു. എന്തായാലും അച്ഛന്‍ ആ ട്രെയിനില്‍ പുറപ്പെട്ടിടുന്ടെന്നു ഉറപ്പായി.
അമ്മയിതറിഞ്ഞതും അലമുറയിട്ടു കരഞ്ഞു. എനിക്കാദ്യം ഒരു തരം മരവിപ്പായിരുന്നു. പിന്നെ എനിക്ക് തോന്നി അത് സത്യമല്ലെന്ന്. ഞങ്ങളെത്ര കാത്തിരുന്നതാ....എന്നിട്ട് ഞങ്ങളെ കാണാതച്ചനെങ്ങനെയാ പോകാന്‍ പറ്റ്വാ? ഒക്കെ വെറുതെയാവും പറയണത്. ആ ദിവസത്തിന് ശേഷം ഈ കഴിഞ്ഞ മൂന്നു വര്‍ഷവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു. ഇല്ല....ഇപ്പോഴുമെന്റെ പ്രതീക്ഷ പോയിട്ടില്ലാ..എന്റെ അച്ഛന്‍ വരും. ആ ട്രെയിന്‍ ആക്സിടെന്റില്‍ നിന്ന് എന്റെ അച്ഛന്‍ രക്ഷപ്പെട്ടിട്ടുണ്ടാവും - ആരെങ്കിലും രക്ഷപ്പെടുത്തിയിട്ടുണ്ടാവും. രക്ഷപ്പെടുന്ന ശ്രമത്തില്‍ ആ ഐഡന്റിറ്റി കാര്‍ഡ് വീണു പോയതായിരിക്കും. അതെ....എന്ടച്ഛന്‍ എന്തായാലും വരും. അച്ഛന്‍ വരുമ്പോള്‍ എനിക്ക് പറയണം - ഞാന്‍ മാത്രമേ അച്ഛന്‍ വരാനായി കാത്തിരുന്നുള്ളൂവെന്ന്.
അച്ഛനപ്പോള്‍ പറയും " എന്റെ മോള്‍ക്ക് മാത്രമേ അച്ഛനെ അറിയൂ" എന്ന്. എന്നാണാവോ അച്ഛന്‍ വരിക? ചെറിയ കുട്ടിയായിരുന്നെങ്കില്‍ ഒരു സമാധാനത്തിനു വേണ്ടി ചോദിക്കാമായിരുന്നു അമ്മയോട്...കഥകളിലൊക്കെ കേള്‍ക്കുന്നത് പോലെ അമ്മയപ്പോള്‍ എന്തെങ്കിലും നുണയും പറഞ്ഞേനെ....പക്ഷെ എല്ലാവരുടെയും കണ്ണില്‍ ഞാന്‍ വല്യ കുട്ടിയാണ്. പക്വമതിയായ വല്യ കുട്ടി! ആ ഞാനെങ്ങനെയാ ചോദിക്കുക....വേണ്ട...ആരോടുമൊന്നും ചോദിക്കണ്ടാ....അച്ഛന് വേണ്ടി ഈ മോള്‍ കാത്തിരിക്കുന്നത് ദൈവം കാണുന്നുണ്ടാവില്ലേ? ദൈവം അച്ഛനോട് പറയുമായിരിക്കും മോള്ടടുത്തേക്ക് വേഗം ചെല്ലാന്‍...

Comments
Post a Comment