കുന്നോളം തരാം നിനക്കുമ്മകള്‍...


എന്ന് നിന്നെ എനിക്ക് കാണാന്‍ കഴിയുമെന്ന് അറിയില്ല. നീ പിറന്നു വീണത്‌ എന്റെ കൈകളിലെക്കാണെങ്കിലും എന്റെ കുഞ്ഞേ നിന്നെ മതി വരുവോളം ഉമ്മ വെക്കുവാനോ കയ്യിലെടുത്തോമനിക്കാനോ എനിക്ക് കഴിഞ്ഞില്ല...ഈ മുത്തശ്ശിയോട് നിനക്ക് ഇഷ്ടം കുറവ് തോന്നല്ലേ വാവേ...നീ പിറന്നു നാല് ദിവസം കഴിഞ്ഞപ്പോഴാണ് നാട്ടില്‍ നിന്ന് നിന്ടെ വല്യമ്മാവന്‍ എന്നോട് വേഗം തിരിച്ചെത്താന്‍ പറഞ്ഞു വിളിച്ചത്. ആദ്യം ദേഷ്യമാണ് തോന്നിയത്...എത്ര നാള്‍ കാത്തിരുന്നിട്ടാണ് എന്റെ കുഞ്ഞിനെ എനിക്ക് കിട്ടുന്നത്. മാറോടടുക്കി പിടിച്ചു വളര്‍ത്തണമെന്ന് ഈ മുത്തശ്ശി സ്വപ്നം കണ്ടിരുന്നതായിരുന്നു. എന്നിട്ടും ഭാഗ്യമില്ലാതെ പോയി കുഞ്ഞേ എനിക്ക്...നീ നിന്റെ അമ്മയുടെ ഉദരത്തില്‍ വരുന്നതിനു മുന്‍പേ വന്ന ഒരു കാലു വേദന....കാണാത്ത ഡോക്ടര്മാരില്ലാ...ചെയ്യാത്ത ചികിത്സകളില്ല...ഒരിക്കലും ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല എന്റെ കാലു വേദനയുടെ കാരണങ്ങള്‍...പ്രായത്തിന്റെ അസുഖങ്ങളായെ ഞാനും കരുതിയുള്ളു...ഒരു പക്ഷെ ദൈവം എന്നോട് കനിഞ്ഞതാവാം....നിന്ടെ മുഖം കാണുന്നത് വരെ ഞാന്‍ ഒന്നും അറിയരുതെന്ന് കരുതിയതാവാം....ഇന്നിവിടെ എന്റെ മുന്നില്‍ ഒരു ജനല്‍ ഉണ്ട്....അതിനപ്പുറത്ത് നിന്ന് ഞാന്‍ ഒരു പാട് കരച്ചില്‍ കേള്‍ക്കുന്നു....ആ വേദന എനിക്ക് അസഹ്യമാകുന്നു.....എങ്ങും വേദനയും വിതുമ്പലും മാത്രം...എത്ര പെട്ടെന്നാണ് എന്റെ ജീവിതവും മാറി മറിഞ്ഞത്...ഇന്ന് നിന്നെ എടുത്തു നിന്നോട് കിന്നാരം പറഞ്ഞിരിക്കേണ്ട എനിക്ക് ഏത്ര വിചിത്രമായാണ് ഇങ്ങനെ ഇവിടെ വരേണ്ടി വന്നത്...ഇത് തന്നെയാണ് മോനെ ജീവിതവും...ഡോക്ടര്‍മാര്‍ വന്നു ഇടയ്ക്ക് വേദന കുറയ്ക്കാനുള്ള മരുന്ന് തരുന്നു....രോഗം മാറുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ലെന്നു തോന്നുന്നു...ഉണ്ടെങ്കില്‍ എന്നെ സമാധാനിപ്പിക്കാന്‍ അവര്‍ അങ്ങനെ പറയുമായിരുന്നില്ലേ...ഇല്ല...ആര്‍ക്കും അങ്ങനെ പറയാന്‍ കഴിയുന്നില്ല....അത് കൊണ്ട് തന്നെ എനിക്ക് മനസ്സിലാവുന്നു എന്റെ രോഗം എത്ര വലുതാണെന്ന്....എങ്കിലും ഞാന്‍ കൊതിച്ചു പോകുന്നു നിന്നെ വന്നൊന്നു കാണാന്‍...നിന്നെ കോരിയെടുക്കാന്‍...കാലു വേദന മാറാതെ ഡോക്ടര്‍മാരില്‍ നിന്ന് ഡോക്ടര്മാരിലേക്ക് പോയ എന്നെ അവസാനം നിന്റെ മേമയുടെ ഡോക്ടര്‍ ആണ് MRI സ്കാന്‍ എന്ന് പറഞ്ഞു അയച്ചത്....കഴിഞ്ഞ വര്ഷം ചെയ്തതാണെന്ന് ഞാന്‍ തര്‍ക്കിച്ച്ചെങ്കിലും ഞാന്‍ പിന്നെയും വഴങ്ങേണ്ടി വന്നു MRI സ്കാന്‍ ചെയ്യാന്‍...MRI സ്കാന്‍ ഒരു വഴിത്തിരിവായി....കാണാന്‍ പാടില്ലാത്ത എന്തോ ഒന്ന് വളര്‍ന്നു വരുന്നു എന്റെ തുടയ്ക്കുള്ളില്‍....പല പല പരിശോധനകള്‍ക്കും വിധേയയാവേണ്ടി വന്നു എനിക്ക്. അങ്ങനെയിരിക്കെയാണ് നീ വരാനുള്ള സമയം അടുത്തത്. നിന്ടെ അമ്മ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. നീ ഞങ്ങളുടെ  ജീവിതത്തിലേക്ക് വരുമ്പോള്‍ ഞാനും അവിടെ വേണമെന്ന് നിന്ടെ അമ്മ കുറെ ആഗ്രഹിച്ചിരുന്നു...കൂടെ ഞാനും!!
അവിടെ വന്നു നിന്റെ അമ്മയെ കണ്ടപ്പോള്‍....നിറവയറുമായിരിക്കുന്ന നിന്റെ അമ്മയെ ഞാന്‍ കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ ഉണ്ണികുംബയില്‍ നീ കുഞ്ഞിക്കാലുകള്‍ കൊണ്ട് പതുക്കെ തട്ടുന്നത്....നിന്റെ കുഞ്ഞിക്കൈകള്‍ നിന്റെ അമ്മയുടെ ഉദരത്തില്‍ വന്നു തൊടുന്നത് ഞാന്‍ കണ്ടു....കൊതിയായി എനിക്കത് കണ്ടപ്പോള്‍.....ദിവസങ്ങള്‍ എണ്ണി കൊണ്ടിരുന്നു ഞാന്‍...നീ വരുന്നതും കാത്ത്...കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത് പോലെ ഞാന്‍ കാത്തിരുന്നു ഒരുന്ണിയെ..പക്ഷെ, ഞങ്ങള്‍ക്ക് ഭാഗ്യം ഉണ്ടായില്ല ആ ഉണ്ണിയെ കയ്യിലെടുക്കാന്‍....ഞങ്ങള്‍ക്ക് വിധിച്ചിട്ടില്ലായിരുന്നു ആ കുഞ്ഞ്....വാവേ.....നിന്റെ അമ്മ ഒരു പാട് കാത്തിരുന്നു കിട്ടിയതാണ് നിന്നെ...ഞങ്ങളുടെയെല്ലാം ഒരു പാട് പ്രാര്‍തഥനകള്‍....എല്ലാറ്റിനും ഉത്തരമാണ് നീ..
എന്നിട്ടും യോഗമില്ലാതെ വന്നു എനിക്ക് എന്റെ പൊന്നോമനയെ കയ്യിലെടുക്കാന്‍....മതിയാവും വരെ ഉമ്മ വെക്കാന്‍....
നീ ജനിച്ചപ്പോള്‍ നിന്റെ ഇടതൂര്‍ന്ന തലമുടി കണ്ടു ആശുപത്രിയില്‍ വന്ന എല്ലാരും പറഞ്ഞു എന്റെ മുടിയാണ് നിനക്ക് കിട്ടിയതെന്ന്....പക്ഷെ നീയറിഞ്ഞില്ലല്ലോ....ഇന്നെനിക്കു ആ തലമുടിയില്ലാ...കീമോതെറാപ്പി ചെയ്ത എന്റെ ശരീരം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു....സ്തനങ്ങളില്‍ തുടങ്ങിയ അര്‍ബുദം എന്റെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നുവത്രേ....എനിക്ക് വിഷമമില്ലാ....ഞാന്‍ പറഞ്ഞില്ലേ ഞാന്‍ കാണുന്ന ജനലിന്റെ അപ്പുറത്ത് ഒരുപാട് വേദനകള്‍ നിറഞ്ഞ കരച്ചിലുകള്‍ ഞാന്‍ കേള്‍ക്കുന്നു....അതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്കറിയാം എന്നെ പോലെ ഒരു പാട് സ്വപ്‌നങ്ങള്‍ കണ്ട കുറെ പേര്‍ ആണ് അവരും...അര്‍ബുദം എന്നാ മഹാവ്യാധി അവരെയും കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു...ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദന - ഇതിന്നിടയില്‍  നിന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ മാത്രം എനിക്കിനിയും ജീവിക്കണം എന്നാ മോഹം തരുന്നു....ഈ വേദനയെല്ലാം ഞാന്‍ സഹിക്കാം....ഒരു പത്തു ദിവസം കൂടി കഴിഞ്ഞാല്‍ നീയെത്തും അമ്മയോടൊത്ത് എന്ന് ഇന്നലെ നിന്റെ വല്യമ്മാവന്‍ വന്നപ്പോള്‍ പറഞ്ഞു.....ആ പത്തു നാള്‍ കൂടി എന്റെ വേദനകള്‍ സഹിക്കാന്‍ എനിക്ക് കഴിയണം...എന്റെ കുഞ്ഞിനെ ഉമ്മകള്‍ കൊണ്ട് മൂടണം....ജീവിക്കാന്‍ ഒരുപാട് ആഗ്രഹിച്ചു പോകുന്നു ഇപ്പോള്‍ ഞാന്‍.....ഈ മടുപ്പിക്കുന്ന വേദനയിലും ഞാന്‍ കാത്തിരിക്കുന്നു എന്റെ പൊന്നോമനയെ ..നിന്നെയും കൊണ്ട് നമ്മുടെ വീടിന്റെ തെക്കേ ഭാഗത്ത്‌ ഉറങ്ങുന്ന നിന്റെ മുത്തശ്ശനെ കാണാന്‍ പോകണം...നമ്മുടെ വീടിന്റെ തൊട്ടടുത്തുള്ള കാവില്‍ ഞാന്‍ ഒരുപാട് വഴിപാടുകള്‍ നേര്ന്നിട്ടുണ്ട് നിനക്ക് വേണ്ടി....പിന്നെ നിനക്ക് തരാന്‍ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട് - ഒരു കുന്നോളം ഉമ്മകള്‍........ഞാന്‍ കാത്തിരിക്കുന്നു....ആ പത്തു ദിനങ്ങള്‍ കടന്നു പോകാന്‍....

Comments

  1. മുത്തശ്ശിയുടെ പഞ്ചാര കുട്ടി

    ReplyDelete

Post a Comment

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ