ബസ്നി

ഇന്ന് തികച്ചും അവിചാരിതമായാണ് പഴയ ആ ഫോട്ടോ കണ്ണില്‍ പെട്ടത്....പഴയ കോളേജ് കാലത്തെ ആല്‍ബത്തിലൂടെ വെറുതെ കണ്ണോടിക്കുകയായിരുന്നു. മനസ്സിനൊരു കുളിര്‍മ്മയാണ് എന്നും ആ പഴയ കാലഓര്‍മ്മകള്‍. തിയതി നോക്കി ഒരു പ്രത്യേക രീതിയില്‍ വെച്ചിരിക്കുന്നതു കൊണ്ട് ആ പഴയ ഫോട്ടോസ് ഒരു കാലഘട്ടത്തിലൂടെയാണ് എന്നെ കൊണ്ട് പോകാറ്. അങ്ങനെ കണ്ണുടക്കിയത് എനിക്ക് വളരെ പ്രിയപ്പെട്ട ആ മുഖത്താണ്...ബസ്നി!!! - അധികമാരും കേട്ടിട്ടുണ്ടാവില്ല ഈ പേര്. ഞാനും എന്റെ പ്രിയ കൂട്ടുകാരിക്ക് മാത്രമേ ഈ പേര് കേട്ടിട്ടുള്ളൂ...എവ്ടെയോ വെച്ചു ഞാന്‍ പണ്ടൊരിക്കല്‍ മറന്നു പോയ മുഖം. ..ബസ്നിയെ ഞങ്ങള്‍ അടുപ്പമുള്ളവര്‍ ബച്ചു എന്നാണ് വിളിച്ചിരുന്നത്. ബസ്നി ഇന്നീ ലോകത്തില്‍ ഇല്ലെന്ന സത്യം അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ അവളെ ഓര്‍ക്കാത്ത ദിവസങ്ങള്‍ ചുരുക്കം...ഇന്നെന്റെ മനസ്സിലെ ഒരു വിങ്ങലാണ് ബസ്നി. ചിലപ്പോള്‍ തോന്നും വര്‍ഷങ്ങള്‍ക്കു പുറകോട്ട് സഞ്ചരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന്....എങ്കില്‍ എന്റെ St.ജോസെഫ്സ് കോളേജില്‍ വീണ്ടും എനിക്ക് ആ കാലഘട്ടം തിരിച്ചു കിട്ടുമായിരുന്നു...അവിടെ ഞാന്‍ പണ്ട് അറിയാതെ വിട്ടു പോയ ചില വരികള്‍ പൂരിപ്പ്പിക്കാന്‍ എനിക്ക് കഴിയുമായിരുന്നു.
ഫസ്റ്റ് ഈയെര്‍ ഞങ്ങള്‍ അഞ്ചു പേരടങ്ങിയ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു - ബസ്നി, കവി എന്ന് വിളിക്കുന്ന കവിത, TV എന്ന് വിളിക്കുന്ന സ്മിത TV, ഹോസ്ടെലിലെ അത്താഴം കഴിഞ്ഞുള്ള നടുമുറ്റത്തെ നടത്തത്തില്‍ ഞങ്ങളോട് കൂടാറുള്ള പ്രീഡിഗ്രീക്ക് പഠിച്ചിരുന്ന ഷിന്സി പിന്നീ ഞാനും. ഒരിക്കലും കൂട്ടുകാരാണെന്ന് തോന്നിയിട്ടില്ല ഞങ്ങള്‍ക്ക്. ഒരു വീട്ടിലെ അംഗങ്ങള്‍. അത് പോലെയായിരുന്നു ഞങ്ങളുടെ ബന്ധം. ഞങ്ങള്‍ക്ക് എല്ലാര്ക്കും കൂട്ടുകാരെന്നു പറയാന്‍ വേറെ പലരുമുണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ ഉണ്ടാക്കിയ ബന്ധം അതൊരു ആത്മബന്ധം തന്നെയായിരുന്നു. കോളേജിലെ ആദ്യ വര്ഷം ആയതു കൊണ്ട് ഞങ്ങള്‍ക്ക് എന്നും പറയാനുള്ള വിശേഷങ്ങള്‍ വീട്ടുകാര്യങ്ങളായിരുന്നു. അത് കൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ഞങ്ങള്‍ക്ക് സംസാരിക്കുമ്പോള്‍ ചോദിക്കാനുള്ളത് ഞങ്ങളുടെ വീട്ടിലെ ഓരോരുത്തരെയും പറ്റിയാണ്.
ആദ്യമേ എനിക്ക് തോന്നിയിരുന്നു ബസ്നിക്ക് എന്നെ ഒരുപാടിഷ്ടമാണെന്ന്....ബീനുണ്ണി...ബീനുണ്ണി...എന്ന് വിളിച്ചു എന്നും വളരെ സൌമ്യമായി സംസാരിച്ചിരുന്ന ബസ്നി. ഞങ്ങളുടെ ബാച്ചിലെ എല്ലാവരില്‍ നിന്നും അവള്‍ അധികവും ഒഴിഞ്ഞു നിന്നിരുന്നു. ബസ്നിക്ക് സുഖമുള്ള ദിവസങ്ങള്‍ വളരെ കുറവായിരുന്നു. ക്ലാസ്സില്‍ പോകുന്ന ദിവസങ്ങളും വളരെ കുറവ്. ശ്വാസം മുട്ടായിരുന്നു പ്രധാന കാരണം. എന്നും ഒരു രോഗി - അതായിരുന്നു അവള്‍ ഹോസ്റ്ലില്‍. പലപ്പോഴും അവള്‍ക്കു മുറിയില്‍ അടച്ചിരിക്കുന്നതായിരുന്നു ഇഷ്ടം. അവളുടെ രോഗം കൊണ്ടായിരിക്കാം. നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്ന ആ പ്രായത്തില്‍ ബസ്നിക്ക് പലപ്പോഴും പ്രായം ചെന്ന ഒരാളുടെ പെരുമാറ്റമായിരുന്നു. എന്നോട് സംസാരിക്കാന്‍ വളരെ താല്‍പ്പര്യമാണ് ബസ്നിക്കെന്ന്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ ഒരിക്കലും അതിനനുസരിച്ച് അവളുടെ ഒപ്പം സമയം ചിലവാക്കാന്‍ അന്ന് ഞാന്‍ ശ്രമിച്ചിട്ടില്ല...കോളേജ് കാലങ്ങളില്‍ എന്നും മറ്റാരും സംസാരിക്കാനില്ലാത്ത സമയത്ത് സംസാരിക്കാനുള്ള ഒരാള്‍ മാത്രമായി ബസ്നി ഒതുങ്ങി. അതെ, ബസ്നി എന്നും ഉണ്ടായിരുന്നു ഒന്നിനും വയ്യാതെ ഹോസ്റ്റലിന്റെ ഒരു മൂലയില്‍ അവള്‍ ഒതുങ്ങി കൂടി. മൂന്നു വര്‍ഷത്തെ ഡിഗ്രി കാലത്ത് അത് മാത്രമായിരുന്നു ബസ്നി എനിക്ക്. പക്ഷെ എനിക്കറിയാമായിരുന്നു ബസ്നി അതില്‍ കൂടുതല്‍ സമയം എന്നില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു എന്ന്. എന്നിട്ടും ഒരു പൂമ്പാറ്റയായി കോളേജ് ജീവിതത്തില്‍ പറക്കുന്നതിന്നിടയില്‍ ബസ്നിയോടോത്ത് അധികം സമയം ചിലവഴിക്കാന്‍ എനിക്ക് കഴിഞ്ഞില്ല...ഞാന്‍ ശ്രമിച്ചുമില്ല..... ഇന്നിവിടെ ബസ്നിയെ കുറിച്ച് കുത്തികുറിക്കുമ്പോള്‍ എന്റെ മനസ്സ് നിറയെ കുറ്റബോധമാണ്. കാരണം ഇന്ന് എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഈ ലോകത്തിലില്ല. എന്നും അവളുടെ ശത്രുവായിരുന്ന അസ്തമ അവളുടെ മരണകാരണമായി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ ബസ്നി പത്രങ്ങളുടെ ചരമകോളത്തില്‍ മാത്രമായി ഒതുങ്ങി. അതിനു ശേഷം ഇന്ന് വരെ ഒരു ദിവസം പോലും കഴിഞ്ഞിട്ടില്ല എന്റെ പ്രിയ കൂട്ടുകാരിയെ കുറിച്ച് ഓര്‍ക്കാതെ. എന്റെ പ്രിയപ്പെട്ട ബച്ചു.....ഹോസ്റ്റല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയെന്നു തോന്നിയ സമയത്ത് എനിക്ക് കൂട്ടായി വന്ന് പലപ്പോഴും നമ്മള്‍ ഒരുമിച്ചു പഠിച്ചിരുന്നു. പിന്നീട് ഞാന്‍ അകന്നു പോയപ്പോഴും ഒരു വിഷമമോ അനിഷ്ടമോ കാണിക്കാതെ ഒരു പുഞ്ചിരി കൊണ്ട് എന്നും ഒരു വിളിപ്പാടകലെ നീയുണ്ടായിരുന്നു. ഇന്ന് ഞാന്‍ തിരിച്ചറിയുന്നു നിഷ്കളങ്കയായ എന്റെ പ്രിയ കൂട്ടുകാരിയെ. ഈ ജന്മത്തില്‍ മുഴുമിക്കാന്‍ കഴിയാത്ത നമ്മുടെ സൗഹൃതം അതിന്റെ പൂര്‍ണതയിലെത്താന്‍ - നിന്നോടുള്ള കടം വീട്ടാന്‍ എനിക്കിനിയൊരു ജന്മം വേണം.... എന്റെ കയ്യിലുള്ള ഫോട്ടോയിലിരുന്നു ബസ്നി എന്റെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു ഒരു ചെറുപുഞ്ചിരി. ഏതോ ഒരു ലോകത്തിരുന്ന് ഒരുപക്ഷെ ഇന്നും ബച്ചു പുഞ്ചിരിക്കുന്നുണ്ടാവും....ബീനുണ്ണി....എന്ന് വിളിക്കുന്നുണ്ടാവും...
തന്റെ പുതിയ പുതിയ ചിത്രങ്ങൾ fb യിൽ കാണാറുണ്ടെങ്കിലും എനിക്കിന്നും സ്കൂൾ കാലത്തെ ആ കുഞ്ഞു ബീന ആണ് മനസിൽ
ReplyDeleteആ സൗമ്യമായി പുഞ്ചിരിക്കുന്ന ബീന