പിൻഗാമിയില്ലാത്ത എഴുത്തുകാരി
'ആമി ' എന്ന ചിത്രം കാണാൻ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് അതിനു കഴിഞ്ഞത്. പ്രിയപ്പെട്ട എഴുത്തുകാരിയെ കുറിച്ചുള്ള സിനിമ - പ്രിയപ്പെട്ട നടി അഭിനയിക്കുന്നതും......എല്ലാം കൊണ്ടും ഞാൻ കാത്തിരുന്ന ചലച്ചിത്രം.
ഒരു പാട് വിവാദങ്ങൾക്ക് തിരി കൊളുത്തിയ ചിത്രമായിരുന്നല്ലോ. അതെ, എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയും വിവാദങ്ങൾക്ക് അതീതയല്ലായിരുന്നല്ലോ? മരണം വരെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന എഴുത്തുകാരി....മരണാനന്തരം സ്വന്തം പേരിൽ വന്ന ചലച്ചിത്രം അതേ പാത തന്നെ പിന്തുടർന്നു.
ഈ സിനിമ കാണാൻ തന്നെ ഒരു പാട് തടസ്സങ്ങൾ.....ഏതു സിനിമക്കും കൂട്ട് വരുന്ന ഏട്ടൻ പോലും കൂട്ട് വരാൻ സമ്മതിച്ചില്ല....വിഷമം തോന്നി... പലകാരണങ്ങളാൽ എഴുത്തുകാരിയോടും സംവിധായകനോടും ഉള്ള വിദ്വേഷം! പക്ഷെ എതിർപ്പുകൾ കൂടും തോറും ചിത്രം കാണണമെന്ന ആഗ്രഹം എനിക്ക് കൂടിയേയുള്ളു. കുട്ടിക്കാലത്തേ എന്നെ മലയാള സാഹിത്യ വായനാലോകത്തേക്ക് കൊണ്ട് പോകാൻ ഏറ്റവും സഹായിച്ച എന്റെ മലയാളം അദ്ധ്യാപിക ആയിഷ ടീച്ചർ...എന്നും ഞാൻ ഓർക്കുന്ന എന്റെ പ്രിയപ്പെട്ട അദ്ധ്യാപിക! എട്ടു വർഷത്തെ നീണ്ട ഗുരുശിഷ്യബന്ധമാണ് ആയിഷ ടീച്ചറോട്....മലയാളം എന്ന ഭാഷയോടുള്ള എന്റെ ആകര്ഷണത്തിനു ഒരു പ്രധാന കാരണം ആയിഷ ടീച്ചർ തന്നെയാണ്...മാധവിക്കുട്ടിയുടെ കഥകൾ ഞാൻ വായിക്കാൻ പ്രധാന കാരണക്കാരി എന്റെ ആയിഷ ടീച്ചറാണ്. നാലപ്പാട്ട് ബാലാമണിയമ്മയുടെ കവിതകൾ പഠിപ്പിക്കുമ്പോഴാണ് ആയിഷ ടീച്ചർ നാലപ്പാട് തറവാടിന്റെ കുറിച്ചും നീര്മാതളത്തെ കുറിച്ചുമൊക്കെ പറഞ്ഞു തന്നത്...വളരെ ഗൃഹാതുരത്വം ഉണർത്തുന്നതായിരുന്നു ആ കഥകളും ടീച്ചറുടെ ഓരോ ക്ലാസും.
പറഞ്ഞു വന്നത് അതല്ലല്ലോ - 'ആമി'....അങ്ങനെ 'ആമി' എന്ന ചിത്രം ഞാൻ കണ്ടു....ഇനി അഭിപ്രായം ഒറ്റവാക്കിൽ പറഞ്ഞാൽ.....എനിക്കിഷ്ടപ്പെട്ടു....അവതരണ ശൈലി മനോഹരമായി തോന്നി....മഞ്ജു വാരിയർ എന്ന പ്രിയനടിയെ ഞാനീ ചിത്രത്തിൽ കണ്ടില്ല....ആമി അഥവാ മാധവികുട്ടിയും മറ്റു കഥാപാത്രങ്ങളും മാത്രമേ ഞാനീ ചിത്രത്തിൽ കണ്ടുള്ളു..'ഞാൻ' എന്ന വ്യക്തിയായി ഒരു പാട് സാമ്യത കണ്ടു.
സ്വപ്നലോകത്തു
ജീവിച്ചിരുന്ന എന്റെ ബാല്യം. നാട്ടിൽ പഠിച്ച നാളുകളിൽ, അമ്മയുടെ വീട്ടിൽ നിന്ന് പന്ത്രണ്ടു കിലോമീറ്റെർ ദൂരം ബസ്‌യാത്ര ചെയ്യണമായിരുന്നു ഞാൻ പഠിച്ച സ്കൂളിൽ എത്താൻ. സ്കൂൾ ബസിലായിരുന്നു യാത്ര...സ്കൂൾ ബസ് വന്നിരുന്ന സ്റ്റോപ്പ് വരെ രണ്ടു കിലോമീറ്റർ നടക്കണം.....സ്വപ്നജീവിയാകാൻ എന്നെ ഏറ്റവും അധികം സഹായിച്ചത് ആ രണ്ടു കിലോമീറ്റര് ദൂരമുള്ള എന്റെ ഒറ്റയ്ക്കുള്ള കാൽയാത്രയാണ്..രണ്ടു കിലോമീറ്റര് രാവിലെയും വൈകീട്ടുമുള്ള നടത്തത്തിൽ ഞാനെന്നും എന്റെ സ്വന്തം ലോകത്തായിരുന്നു...മനസ്സിലൂടെ പല കഥാപാത്രങ്ങളായി ഞാൻ സ്വപ്നലോകത്തിലൂടെ നടന്നു കൊണ്ടിരുന്നു....രണ്ടു കിലോമീറ്റര് എനിക്ക് ഒരു ദൂരമേയായിരുന്നില്ല..
സ്കൂൾ വിട്ടു വന്നാൽ എനിക്ക് കൂട്ടെന്നു പറയാൻ 'രാജി' മാത്രമേയുണ്ടായിരുന്നുള്ളൂ....അധികവും ഒറ്റക്കിരുന്നു കളിക്കുമായിരുന്നു...കല്ലുകളിൽ സാങ്കൽപ്പിക വ്യക്തികളെ കണ്ടു ഞാൻ മനസ്സ് കൊണ്ട് ഒരായിരം കാര്യങ്ങൾ പറഞ്ഞിരുന്നു.....പൂച്ചെടികൾ എന്റെ ക്ലാസ് മുറിയായിരുന്നു....പഠിക്കാതിരിക്കുന്ന കുട്ടികളെ തല്ലി പഠിപ്പിച്ചു...വല്ലപ്പോഴും കൂട്ടിനായി അനുജനെ കൂട്ടും....പക്ഷെ എന്റെ മാനസിക വ്യാപാരങ്ങൾ തീരെ കുഞ്ഞായ അനുജന് മനസ്സിലാവാത്തതിനാൽ പലപ്പോഴും കളി ഒറ്റയ്ക്ക് തന്നെയായിരുന്നു ....അങ്ങനെ സ്വയം ഉൾവലിഞ്ഞുള്ളൊരു ബാല്യം ഞാൻ തീർത്തു....ആരോടും അധികം അടുക്കാത്ത പ്രകൃതമായിരുന്നു എന്റെ....മനസ്സ് നിറയെ സ്നേഹമുണ്ടായിട്ടും അത് പുറത്തു കാണിക്കാത്ത അമ്മ. ചെറിയമ്മയായിരുന്നു എനിക്ക് പ്രിയം....അമ്മുമ്മയും സ്നേഹം അങ്ങനെ പ്രകടിപ്പിക്കാനറിയാത്ത വ്യക്തിയായിരുന്നിട്ടും എന്നും എന്റെ ബലഹീനത അമ്മുമ്മയാണ്..അമ്മൂമ്മേടെ അടുത്ത് പോയി വെറുതെ ഇരിക്കുന്നത് പോലും മനസ്സിന് വല്ലാത്തൊരു കുളിര്മയാണ് എനിക്ക്..
സ്നേഹിക്കാൻ ചുറ്റും നിറയെ ആളുകൾ ഉണ്ടായിരുന്നിട്ടും അവരാരും സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തവർ ആയിരുന്നു.അത് കൊണ്ട് തന്നെ ആമിയെന്ന കഥാപാത്രത്തെ മനസ്സിലാക്കാൻ എനിക്ക് പ്രയാസമുണ്ടായില്ല. ആമി കൃഷ്ണനോട് സംവദിക്കുന്നത് പോലെ ഞാനും എന്നും സംവദിക്കുമായിരുന്നു. അതിന്ന് ഗുരുവായൂരിലേക്കുള്ള എന്റെ യാത്രകളായി മാറിയിരിക്കുന്നു...ഒരു പക്ഷെ ഒറ്റപ്പെട്ട മനസ്സിനുടമകളിൽ ഇത്തരം പ്രതിഭാസങ്ങൾ തികച്ചും യാദൃശ്ചികം ആയിരിക്കാം.
തീരെ പ്രതീക്ഷിക്കാതെ ആമിയിൽ വള്ളത്തോളിനെയും ചങ്ങമ്പുഴയെയും കണ്ടപ്പോൾ എന്തോ മനസ്സിൽ ഒരുപാടു സന്തോഷം തോന്നി...ഒരൂ കാലഘട്ടത്തെയും ചില വ്യക്തികളിലൂടെ വരച്ചു കാണിച്ചത് ഭംഗിയായി. സ്നേഹസമ്പന്നനായ ഭർത്താവ് ഒപ്പമുണ്ടായിരുന്നിട്ടും ആമി പലപ്പോഴും ഒറ്റപ്പെട്ടത് കണ്ടപ്പോൾ എന്റെ ജീവിതവുമായി എനിക്കൊരു പാട് ബന്ധം തോന്നി. സ്വപ്നങ്ങളും സങ്കൽപ്പങ്ങളും അപ്പാടെ തുറന്നെഴുതാനുള്ള പ്രിയ എഴുത്തുകാരിയുടെ കഴിവിനു മുന്നിൽ ഞാൻ സാഷ്ടാംഗം തൊഴുന്നു. അവിടെയാണ് നമ്മളിൽ പലരും തോറ്റു പോകുന്നത്. നമ്മളുടെ മനസ്സിനേക്കാൾ നമ്മൾ ചുറ്റിലും ഉള്ള ലോകത്തെ തൃപ്തിപ്പെടുത്താനായി ജീവിക്കുന്നു. അവരുടെ ഇഷ്ടങ്ങളൊത്തു മാത്രം ജീവിതം മുന്നോട്ടു നീക്കുന്നു.
ഹിന്ദുവായിരുന്ന ആമിയിൽ നിന്ന് സുരയ്യയിലേക്കുള്ള ദൂരം അധികമുണ്ടായതായി തോന്നിയില്ല. പലപ്പോഴും മാനസിക വിഭ്രാന്തിയുടെ വക്കിലായിരുന്നു അവർ ജീവിച്ചിരുന്നതെന്നു തോന്നിപ്പിച്ചു. ഒരു ചെറിയ തീപ്പൊരി മതിയായിരുന്നു അവരുടെ മാനസികനില കൈമോശം വരാൻ. അത് വളരെ വ്യക്തമായിരുന്നു. പ്രിയപ്പെട്ട ഭർത്താവിന്റെ മൃതശരീരത്തിനരികെ ഈ ഒരു രാത്രി കൂടിയേ എനിക്കദ്ദേഹത്തിനടുത്തുള്ളൂ എന്ന് പറഞ്ഞു അവർ അദ്ദേഹത്തിന്റെ മൃതശരീരത്തെ പുണർന്നു കിടന്നുറങ്ങുന്നു...ഒരുപക്ഷെ മനസ്സിലേറ്റവും പതിഞ്ഞ രംഗം ഇതായിരുന്നു ..സ്നേഹം അവരുടെ ബലഹീനതയുമായിരുന്നു...അത് കൊണ്ട് തന്നെ സ്നേഹമുള്ളിടത്തേക്ക് അവരെ വലിച്ചടുപ്പിക്കാൻ എളുപ്പവുമായിരുന്നു..
മാധവിക്കുട്ടിയുടെ ഒട്ടുമിക്ക കഥകളിലും നമുക്ക് കാണാൻ കഴിയുന്ന ഒന്ന് പ്രണയം തേടിയുള്ള യാത്രയാണ്. അശ്ലീലത തോന്നിപ്പിച്ചിരുന്നു അവരുടെ എഴുത്തുകൾ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്കും തോന്നിയിട്ടുണ്ട്..പക്ഷെ അതേ അശ്ലീലതയിൽ എഴുതിയ പ്രശസ്തമായ മറ്റനേകം കഥകൾ വായിച്ചിട്ടുണ്ട് - പ്രശസ്തരായ മറ്റു എഴുത്തുകാരുടെ..അവർക്കൊന്നും പക്ഷെ മാധവികുട്ടി എന്ന എഴുത്തുകാരി അനുഭവിച്ച യാതനകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല...ഒരു തരത്തിൽ പറഞ്ഞാൽ പെണ്ണെഴുത്തിന്റെ വിധിയാണ് അവർ അനുഭവിച്ചത്..ഇന്നാണെങ്കിൽ ഒരുപക്ഷെ അവർക്കത്ര അനുഭവിക്കേണ്ടി വരില്ലായിരുന്നു..അവർ എഴുതിയ കാലഘട്ടം സ്ത്രീയ്ക്ക് അത്രയങ്ങു തുറന്നെഴുതാനുള്ള പീഠമൊരുക്കിയിരുന്നില്ലല്ലോ. അവിടെയാണ് ചങ്കൂറ്റത്തോടെ ഈ എഴുത്തുകാരി എല്ലാം തുറന്നെഴുതിയത്. എന്റെ ഒരു അടുത്ത കൂട്ടുകാരി പറഞ്ഞത് ഞാനോർക്കുന്നു - മലയാളത്തിൽ മാധവികുട്ടി എഴുതിയത് ഒരു പക്ഷെ ആംഗലേയ ഭാഷയിൽ ആയിരുന്നെങ്കിൽ അവർക്കെതിരെ വീശിയ കാറ്റിന്റെ ഗതി പോലും മാറുമായിരുന്നു. പക്ഷെ അത് മലയാള ഭാഷയ്ക്കു വല്ലാത്തൊരു നഷ്ട്ടവുമായേനെ എന്നത് മറ്റൊരു
സത്യം.
മാധവികുട്ടിയെന്ന എഴുത്തുകാരിയെ ഇഷ്ടപ്പെട്ടിരുന്നവർ പോലും അവർ ഇസ്ലാം മതം സ്വീകരിച്ചതോടെ അവരെ വെറുത്തു..അതിലെ യുക്തി എനിക്കൊട്ടും മനസ്സിലായില്ല..ഒരു എഴുത്തുകാരിയെ അവരുടെ കൃതികളിലൂടെയാണ് ലോകം ഇഷ്ടപ്പെടുന്നത്...അവർ ഏതു മതം സ്വീകരിച്ചു എന്നതിലല്ല...അവർ ഏതു മതത്തിലും ആയിക്കോട്ടെ - നമ്മൾ സ്നേഹിച്ചിരുന്നത് ആ എഴുത്തുകാരിയെയല്ലേ? പിന്നെന്തിനു മതം നമുക്കവരോടുള്ള സ്നേഹത്തിനു ഇടയിൽ വരണം. പ്രായപൂർത്തിയാകും വരെ ലാളിച്ചു വളർത്തിയ മക്കൾ സ്വന്തം മതം വിട്ടു വേറൊരു മതത്തിലേക്ക് ചേക്കേറുന്നത് നാം കാണുന്നതല്ലേ?....സഹിക്കാൻ പറ്റില്ലെങ്കിലും മാതാപിതാക്കൾ അത് മറന്നു സ്വീകരിക്കുന്നില്ലേ? അതിലും വലുതല്ലലോ മാധവിക്കുട്ടിയുടെ മതംമാറ്റം...പിന്നെന്തിനു നാം വ്യഥാ?
പലരും വേണ്ട എന്ന് വെക്കുകയും, ധൈരപ്പെടാതിരിക്കുകയും, ഒളിക്കാൻ ശ്രമിക്കുന്നതും, പറയാന്‍ മടിക്കുന്നതുമായ സകല സത്യങ്ങളെയും അവര്‍ ലജ്ജയില്ലാതെ അവതരിപ്പിച്ചു...അതാണ് ആ എഴുത്തുകാരിയെ വ്യത്യസ്തയാക്കുന്നത്. അത് മാത്രം മതി അവരെ എന്നും ഓര്‍മിക്കാന്‍... പിന്‍ഗാമികള്‍ ആര്‍ക്കും ഉണ്ടാവാറില്ല.. മാധവിക്കുട്ടിക്ക് ഒരിക്കലുമുണ്ടാകുമെന്നു തോന്നുന്നുമില്ല ...!

Comments
Post a Comment