ഡോക്ടർ അങ്കിളിന് പ്രണാമം....


ഈ ആഴ്ചയിൽ തന്നെ രണ്ടാമത്തെ മരണവാർത്തയാണ് ഇന്നറിഞ്ഞത് .

ഡോക്ടർ അങ്കിൾ എന്ന് ഞാൻ വിളിക്കുന്ന  Dr വി .എസ് . വിശ്വനാഥൻ!

ഡോക്ടർ അങ്കിളിനെ  കുറിച്ചുള്ള എന്റെ ഓർമകൾക്ക് മരണമില്ലെന്നു അറിയാം. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഒരു മഹത്വ്യക്തിയാണ്  അദ്ദേഹം. കുട്ടിക്കാലം മുതലുള്ള ഓർമകളിൽ എന്നും ഡോക്ടർ അങ്കിളുമുണ്ട് .
ശാന്തനെ കണ്ടാൽ മതി എനിക്ക് അസുഖം  മാറാൻ എന്ന് 'അമ്മ എപ്പോഴും പറയാറുണ്ട്. അതെ, അത് സത്യമായിരുന്നു. എപ്പോഴും അങ്ങനെയാണ് ഉണ്ടാവാറ് . അതിന്റെ കാരണം മാത്രം ഇന്നും എനിക്കറിയില്ല. ബന്ധുക്കളാണെങ്കിൽ കൂടി അതിലും അപ്പുറം ആയിരുന്നു എനിക്ക് ഡോക്ടർ അങ്കിളിനോടുള്ള  ആതമബന്ധം . ഡാഡിക്കും വലിയച്ഛനും അതങ്ങനെയായിരുന്നതായിരിക്കാം ഒരു പക്ഷെ എനിക്കും അങ്ങനെ തന്നെയാവാൻ കാരണം. എപ്പോഴും കാണുമ്പോൾ (വലിയച്ഛൻ) രാജേട്ടന്റെ കാര്യങ്ങൾ ഡാഡിയോടു ചോദിക്കുന്ന ഡോക്ടർ അങ്കിളിനെയാണ് ഓര്മ. രാജേട്ടനെ ഞാൻ വിളിച്ചു, രാജേട്ടൻ എന്നെ വിളിച്ചു തുടങ്ങി ഒരുപാടു ഞാൻ എന്റെ വലിയച്ഛനെ കുറിച്ച് കേട്ടത് ഡോക്ടർ അങ്കിളിൽ  നിന്നാണ് എന്റെ കുട്ടിക്കാലത്ത്.
എനിക്ക് മക്കൾ ഉണ്ടായപ്പോഴും കുട്ടികളെ കുറിച്ച് എന്ത് ആവലാതി തോന്നുമ്പോഴും അത് മാറ്റാൻ അദ്ദേഹത്തെ വിളിക്കുക എന്റെ പതിവായിരുന്നു. അദ്ദേഹം 'അത് സാരമില്ല മോളേ' എന്നൊരു വാക്ക്  പറഞ്ഞാൽ മതി പിന്നെയെനിക്ക് ദൈവത്തിന്റെ വാക്ക് കേട്ട പ്രതീതിയാണ് തോന്നാറ്.
എന്റെ വിവാഹം കഴിഞ്ഞ സമയത്ത് ഒരു ഫങ്ക്ഷന്  കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന മറ്റു ഡോക്ടർമാർക്ക് എന്നെ പരിചയപ്പെടുത്തിയത് 'ഇത് എന്റെ മറ്റൊരു മകൾ ' എന്ന് പറഞ്ഞാണ്. അത് വിലമതിക്കാനാവാത്ത ഒരോർമ്മയായി എന്നും എന്നിലുണ്ടാവും.
കുറച്ചു വര്ഷങ്ങളായി ഒരു ഡോക്ടറെ കാണാൻ പോകുന്ന പതിവിൽ നിന്നും ഡോക്ടർ അങ്കിളിനെ  കണ്ടു കുറച്ചു സമയം സംസാരിക്കാൻ പോകുന്ന പതിവിലേക്കു ഞാൻ മാറിയിരുന്നു. പല കാര്യങ്ങളെയും കുറിച്ച് വാചാലനായി അന്നമ്മ സിസ്റ്റർ ആൾക്കാർ പുറത്തു വേറെ കാത്തിരിക്കുന്നു എന്ന മുന്നറിയിപ്പിൽ എനിക്ക് പോകേണ്ട സമയം ആയെന്നു പറഞ്ഞു ഞാൻ അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമായിരുന്നു.
രണ്ടു വര്ഷം മുൻപ് ഏകത നവരാത്രി സംഗീതോത്സവത്തിൽ ഒരു അവതാരകയുടെ വേഷത്തിൽ ഞാൻ നിന്നപ്പോൾ സംഗീതിയോത്സവത്തിലെ പേട്രൺ  Dr വി .എസ് . വിശ്വനാഥനെ കുറിച്ച് ഞാൻ ഒരുപാട് എഴുതിയുണ്ടാക്കിയെങ്കിലും അപ്പോഴാണ് അറിഞ്ഞത് അനാരോഗ്യം കാരണം അദ്ദേഹം നാട്ടിലാണെന്നും പങ്കെടുക്കാൻ കഴിയില്ലെന്നും. അന്ന് പറയാൻ ഞാൻ എഴുതിയ വാക്കുകൾ ഇന്നും എന്റെ പുസ്തകത്തിൽ മാത്രം ഒതുങ്ങി പോയി.
കഴിഞ്ഞ വര്ഷം സംഗീതോത്സവത്തിന് അനാരോഗ്യം വകവെക്കാതെ അദ്ദേഹം വന്നിരുന്നു. ആയിടയ്ക്ക് ഡാഡിയെയും കൊണ്ട് വീട്ടിൽ കാണാൻ പോയപ്പോൾ കയ്യിലുണ്ടായിരുന്ന നല്ല ജോലി വേണ്ടാന്നു വെച്ചു  എന്ന് പറഞ്ഞു എന്നെ ഒരുപാട് വഴക്കു പറഞ്ഞു. അതിനുള്ള കാരണങ്ങൾ അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്താൻ കുറച്ചൊന്നുമല്ല ഞാൻ കഷ്ടപ്പെട്ടത് . അവിടെ വന്നിരുന്ന മറ്റു അതിഥികളുടെ മുന്നിൽ  'ഒരുപാട് കഴിവുകളുണ്ട് ഇവൾക്ക്...ഇവൾ നന്നായി എഴുതും, ഒരുപാട് കാര്യങ്ങളിൽ ഇവൾ ഭാഗമാണ്' എന്നും പറഞ്ഞു അവസാനം ' എന്റെ മറ്റൊരു മകളും ആണ് ഇവളെന്നും' പറയാനും അദ്ദേഹം മറന്നില്ല.
ജന്മാന്തരങ്ങളുടെ ബന്ധമായിരിക്കാം ഒരുപക്ഷെ അദ്ദേഹമായിട്ടു എനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ അനാരോഗ്യാവസ്ഥ  അത് കൊണ്ട് തന്നെ പലപ്പോഴും ഒരു വിങ്ങലായി മനസ്സിൽ നിന്നിരുന്നു. ഒരിക്കലും സംഭവിക്കരുതേയെന്നു കരുതിയതാണ് ഇന്ന് കേട്ട വാർത്ത. കാണുമ്പോഴൊക്കെ എന്റെ തലയിൽ കൈവെച്ചാണ് അദ്ദേഹം സംസാരിക്കാറ്. അതെന്റെ ഭാഗ്യമായി ഞാൻ കാണുന്നു.
ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയൊരു മനുഷ്യസ്‌നേഹി. ഡോക്ടർ അങ്കിൾ ഇന്ന് നമ്മളോടൊപ്പമില്ല എന്ന യാഥാർത്യത്തെക്കാളും എവിടെയോ അദ്ദേഹം ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
അദ്ദേഹം തുടങ്ങി വെച്ച അനേകം സംരംഭങ്ങൾ, അനേകം കാരുണ്യ പ്രവർത്തനങ്ങൾ...ഒരുപാട് പേരുടെ പ്രാർത്ഥനയായി ...ഓർമ്മകളായി..അദ്ദേഹം അനശ്വരനായി ഈ ലോകത്തു നിലനിൽക്കും..ഒരുപാട് നന്മകൾ ചെയ്തു ജീവിക്കാനുള്ള ശക്തിയായി എന്റെയുള്ളിൽ  എന്നുമുണ്ടാകും ഡോക്ടർ അങ്കിൾ!
ഞാൻ അങ്ങേയറ്റം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത എന്റെ ഡോക്ടർ അങ്കിളിന് എന്റെ ഹൃദയം വിങ്ങും പ്രണാമം!

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ