ഗുരുവായൂരപ്പാ... രഹസ്യം...

ഒരുപാട് നാളുകളായി എന്തെങ്കിലും കുറിച്ചിട്ട്...കുറച്ചു ദിവസമായി ഒരു testimony - സാക്ഷ്യം എഴുതണമെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു.. അല്ലെങ്കിലും എന്തെങ്കിലും കാരണവശാൽ മനസ്സ് കലുഷിതമാവുമ്പോൾ എന്നുമെന്റെ കൂടെയുണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്ന ആ ശക്തി ഞാനില്ലേ കൂടെ... പിന്നെന്തിന്? എന്ന് പുഞ്ചിരിയോടെ മനസ്സിൽ മന്ത്രിക്കാറുണ്ട്.. അത് പല പ്രവർത്തികളിലൂടെ ആവും അല്ലെങ്കിൽ വ്യക്തികളിലൂടെയാവും... എന്തായാലും അത് തന്നെ സംഭവിക്കും😃
ഇത്തവണയും പലവിധ കർമപ്രഹരങ്ങളാൽ തളരുന്നുന്നു തോന്നിയ സമയം ആയിരുന്നു ഒരാഴ്ച മുൻപ്... എന്ത് ചെയ്യണമെന്ന് അറിയാതെ പതറിപോകുന്ന ചില നിമിഷങ്ങൾ..ഒരുഭാഗത്തു ഡാഡിയുടെ റേഡിയേഷൻ തയ്യാറെടുപ്പുകൾ, അങ്ങനെയിരിക്കെ ഏട്ടന്റെ കണ്ണിനു സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞത്...
അതിനു മുൻപേ തന്നെ പറഞ്ഞു കൊള്ളട്ടെ കുറച്ചു നാളുകളായി നന്ദഗോവിന്ദം ഭജൻസ് എന്ന ഭജനസംഘത്തിന്റെ വലിയ ആരാധികയാണ് ഞാൻ... എന്റെ  ദിവസങ്ങൾ മറ്റു പലരേയും പോലെ നന്ദഗോവിന്ദം ഭജനകളായി ഇന്ന് ബന്ധപ്പെട്ടിരിക്കുന്നു - മനസ്സിന് ഒരു പാട് സമാധാനം ആ ഭജനകളിലൂടെ എനിക്ക് ലഭിക്കാറുണ്ട്...സമിതിയുടെ അയ്യപ്പ പൂജക്ക്‌ കൊറേ വർഷമായി ഇവരുടെ ഭജനകൾ കേൾക്കുന്നതാണെങ്കിലും ഇത്തവണ പ്രശസ്തിയിലേക്കുയർന്ന നന്ദഗോവിന്ദം ഭജൻസിന്റെ uae connect നടക്കുന്നത് അറിഞ്ഞപ്പോൾ പോകണമെന്ന് മനസ്സ് ഒരുപാട് ആഗ്രഹിച്ചു...ടിക്കറ്റ് എടുക്കാൻ വിചാരിച്ചപ്പോഴേക്കും ആകെ vip മാത്രമേ ബാക്കിയുണ്ടായുള്ളൂ... അത്രയും ആഗ്രഹം ഉള്ളത് കൊണ്ടും 'അമ്മ ആഗ്രഹം പോലെ ചെയ്യൂ' എന്ന മോളുടെ സപ്പോർട്ട് കൊണ്ടും,  ഏട്ടന്റെ പിന്തുണ കൊണ്ടും അങ്ങനെ vip ടിക്കറ്റ് എടുത്തു... 
ദിവസങ്ങൾ കഴിഞ്ഞു, പലവിധ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിച്ചു... പരിപാടിക്ക് പോകാൻ ഉള്ള മാനസികാവസ്ഥയിൽ അല്ലാ ജീവിതത്തിന്റെ പോക്കെന്നു മനസ്സ് മന്ത്രിച്ചു...അങ്ങനെ  പ്രോഗ്രാമിന്റെ തലേന്ന്  കുറവ് പൈസക്ക് ടിക്കറ്റ് വിറ്റു... നാട്ടിലെത്തിയാൽ ഗുരുവായൂർക്കുള്ള യാത്രയും സ്വപ്നം കണ്ടിരുന്ന എനിക്ക് അതും നടക്കുമോ എന്നോർത്ത്  മനസ്സ് തളരുന്ന പോലെ തോന്നി... അപ്രതീക്ഷിതമായി വരുന്ന കാര്യങ്ങളിൽ ചെറുതായി പതറുന്ന പോലെ...ഗുരുവായൂരപ്പാ.. കൂടെയുണ്ടാവണേ... എന്ന് മാത്രം പ്രാർത്ഥിച്ചു... 

നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടിയുടെ അന്നായിരുന്നു ഏട്ടന് തികച്ചും ആകസ്മികമായി നാട്ടിൽ പോകേണ്ടി വന്നത്.. ഏട്ടന് ധൈര്യം കൊടുക്കുമ്പോഴും മനസ്സ് തളരുകയായിരുന്നു..കൂടെ പോകാൻ കഴിയാത്തതിന്റെ വിഷമം...      പല  കാര്യങ്ങളിലും തടസ്സം... മനസ്സ് തളർന്നു ഭജൻസിന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്തു കഴിഞ്ഞപ്പോൾ ആണ് ക്യാൻസൽ ചെയ്യേണ്ടിയിരുന്നില്ല, ഈ അവസരത്തിൽ ഭജനകൾ കേൾക്കുമ്പോൾ മനസിന്‌ സുഖം കിട്ടും എന്നൊക്കെ അടുത്തവർ പറഞ്ഞത്...വേണ്ടിയിരുന്നില്ല എന്ന്  അപ്പോൾ എനിക്കും തോന്നി... പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു.. Platinum ടിക്കറ്റ് സയിൽ സെക്കണ്ടുകൾ കൊണ്ട് പുതിയ അവകാശികൾ ടിക്കറ്റ് വാങ്ങി..അപ്പോൾ ആകെ സങ്കടം തോന്നി കാരണം ഒരുപാട് ആഗ്രഹിച്ചിരുന്നു... പിന്നെ സമാധാനിച്ചു, ജീവിതം ഇങ്ങനെയൊക്കെയല്ലേ - Man proposes, God  disposes എന്ന് പറഞ്ഞു  ഏട്ടൻ സമാധാനിപ്പിച്ചു....ഒന്നും പറയാനില്ലാതെ    ആകെ സങ്കടപ്പെട്ട മനസ്സുമായി അന്ന് ഉറങ്ങാൻ കിടന്നു... ഉറങ്ങുന്നതിനു മുൻപ് പ്രിയക്കൂട്ടുകാരി മഞ്ജുവിനോട് സങ്കടം പറഞ്ഞു മെസ്സേജ് അയച്ചു..."നിനക്ക് എങ്ങനെയെങ്കിലും എനിക്കൊരു ടിക്കറ്റ് സംഘടിപ്പിച്ചു തരാൻ പറ്റുമോ"... ഹൌസ് ഫുൾ ആയി നടക്കുന്ന ഒരു പ്രോഗ്രാമിൽ അത് അസാധ്യമായിരുന്നു എന്ന് നല്ല പോലെ അറിയാമായിരുന്നു... ഒരു വിഷമവും എന്റെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടില്ല ഇന്നേ വരെ... അന്ന് ജീവിതത്തിൽ ആദ്യമായി പക്ഷെ വലിയ ഒരു നഷ്ടബോധം കാരണം മനസ്സ് വിഷമിച്ചു ഉറക്കം പോലും വന്നില്ല... കൂടെ ജീവിതത്തിൽ തരണം ചെയ്യേണ്ട വിഷമഘട്ടങ്ങൾ ഓർത്തുള്ള തളർച്ചയും... ഈശ്വര കൂടെ ഉണ്ടാവണേ എന്ന് എപ്പോഴും പ്രാർത്ഥിക്കുന്ന പതിവ് പ്രാർത്ഥന മാത്രം മനസ്സിൽ... രാത്രി മുഴുവൻ നന്ദഗോവിന്ദവും ഏട്ടന്റെ യാത്രയും, കൂടെ പോകാൻ കഴിയാത്ത എന്റെ അവസ്ഥയും എല്ലാം ആയി മനസ്സ് കലുഷിതം.. 
രാവിലെ എണീറ്റു ഏട്ടനെ എയർപോർട്ടിലാക്കി - പോകുന്നതിനു മുൻപ് ഏട്ടൻ പറഞ്ഞു വിഷമിക്കാതെ ടിക്കറ്റ് കിട്ടുമോയെന്നു ഒന്നുകൂടെ ശ്രമിച്ചു നോക്കു എന്ന്... എങ്ങനെ കിട്ടാനാണ്... തിരിച്ചു വീട്ടിൽ എത്തി പതിവ് ജോലികളിൽ ഏർപ്പെട്ടു.. 

പിന്നീട് എന്റെ ജീവിതത്തിൽ  നടന്നത്  ഗുരുവായൂരപ്പൻ സാക്ഷി...  ഉച്ചയായപ്പോൾ മഞ്ജുവിന്റെ ഒരു ഫോൺ കാൾ... 
"ബീ..ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിയ ലക്കി ഡ്രായിൽ 5 പേർക്ക് ഫ്രീ ടിക്കറ്റ് ഓഫർ ഉണ്ടാരുന്നു... അതിൽ ഒരു വിജയി ഞാൻ ആണ്.. നീ വിഷമിക്കേണ്ട... നിനക്കുള്ള ടിക്കറ്റ് ഞാൻ തരാമെന്നു..." 
കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല... നടക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത കാര്യം... എന്റെ സങ്കടങ്ങൾ പറഞ്ഞിരുന്ന മഞ്ജുവിലൂടെ തന്നെ എന്റെ സങ്കടം തീർക്കാനുള്ള വഴി തുറക്കാൻ കഴിഞ്ഞത് എന്റെ ഗുരുവായൂരപ്പന് അല്ലാതെ മറ്റാർക്കാണ് കഴിയുക..
മഞ്ജുവിനെയും എന്നെയും കോർത്തിണക്കാൻ ഗുരുവായൂരപ്പൻ എന്നും ഒരു നിമിത്തമാവാറുണ്ട്.. മഞ്ജുവിന്റെ കൂടെ തന്നെ പണ്ട് ഗുരുവായൂരമ്പലത്തിൽ ഭജിക്കാൻ പണ്ട് ഇരുന്നതും അപ്പോൾ ഞാൻ ഓർത്തു... 
അന്ന് വൈകുന്നേരം മഞ്ജുവിന്റെ കൂടെ ഭജനകൾ കേൾക്കാൻ പോയി ഓരോ ഭജനകൾ പാടുമ്പോഴും കണ്ണീർ ഒഴുകിയൊഴുകി കാഴ്ച മങ്ങിയിരുന്നു.. എന്റെ ഗുരുവായൂരപ്പാ... നിന്റെ മായകൾ.. അതെനിക്കെന്നും കാണിച്ചു തരുന്നുണ്ടല്ലോ... മനസ്സ് തളരുമ്പോൾ ഒക്കെ - ഞാൻ ഉള്ളപ്പോൾ അസാധ്യമായതൊന്നും ഇല്ല നിനക്ക് എന്ന് കൂടെ നിന്ന് നീ മന്ത്രിക്കുന്നുണ്ടല്ലോ...

ഇതെന്റെ സാക്ഷ്യമാണ്.. അറിവുള്ളവർ പറയുന്ന പോലെ തനിക്കു പ്രിയപ്പെട്ടവരെ എന്നും പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ആ ഭഗവാൻ, പക്ഷെ ഒരിക്കലും പ്രിയപ്പെട്ടവരെ കൈ വിടില്ല... അന്ന് അവിടെ നിന്ന് ഭജന കേട്ടിറങ്ങുമ്പോൾ മനസ്സ് ശാന്തമായിരുന്നു... പഴയ ധൈര്യം വീണ്ടു കിട്ടി....കർമബന്ധം കൊണ്ട് നീ നേരിടുന്നതിനു നീ വിഷമിക്കേണ്ട സഖീ... കൂടെ ഞാൻ ഉണ്ടല്ലോ നിനക്ക്   താങ്ങായി. അവിടുന്നിറങ്ങുമ്പോഴേക്കും മനസ്സ്  വീണ്ടും വിശ്വസിച്ചു കഴിഞ്ഞിരുന്നു...അസാധ്യമെന്നു കരുതുന്നത് സാധ്യമാക്കുന്ന എന്റെ ഗുരുവായൂരപ്പൻ കൂടെയുള്ളപ്പോൾ ഞാനെന്തിന് ഭയക്കണം..എന്ത് നേരിടാനും ശക്തിയായി എന്റെ കൂടെ തന്നെ. 🥰 
ഭഗവാന് അസാധ്യമായതൊന്നും ഇല്ല.. നമുക്കുറച്ചു വിശ്വസിക്കാം - കർമഫലം അനുഭവിക്കേണ്ടി വരുമെന്ന സത്യമിരിക്കെ തന്നെ, 'കൃഷ്ണാ' എന്ന് മാത്രം ഒന്ന് വിളിച്ചാൽ മതി, കൂടെ തന്നെ ഉണ്ടാവും.. ❤️🙏🏻

Beena Vinod

Comments

  1. ❤️👌🏻👌🏻👌🏻

    ReplyDelete
  2. Guruvayurappan rakshikyatte 🙏🏽😇

    ReplyDelete

Post a Comment

Popular posts from this blog

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ