കർക്കിടക വാവ്
ഒരുരുള ചോറിനായി അന്ന് നീ വന്നപ്പോള് ഞാന് ഓടിച്ചല്ലോ.....
എങ്കിലും കാക്കേ... ഇന്നൊരുരുള ചോറ് കഴിക്കാന് എന്തെ നീ വരാത്തൂ.....
കുട്ടിക്കാലത്ത് ഒരുരുള ചോറ് കിട്ടാനായി വരുന്ന കാക്കയെ നമ്മൾ ഓടിച്ചു വിടാറുണ്ട്...എന്നാൽ ബലിയിടുന്ന വേളയിൽ അതേ കാക്കയെ നമ്മൾ കൈ കൊട്ടി ചോറ് കഴിക്കാൻ വിളിക്കുന്നു. കാക്ക വരാതെയിരുന്നാൽ നമ്മൾക്കു സഹിക്കുന്നില്ല,...വിരോധാഭാസം എന്ന് തന്നെ പറയാം...
പക്ഷികളില് വെറുക്കപ്പെടാന് വിധിച്ച ഒരു പക്ഷി....നികൃഷ്ട ജീവി....ഇതൊക്കെയാണ് നമുക്ക് കാക്ക. കുട്ടികാലത്ത് അമ്മമാര് കുട്ടികളെ പേടിപ്പെടുത്താന് വിളിക്കുന്നത് കാക്കയെയാണ്...കുഞ്ഞു ഭക്ഷണം കഴിച്ചില്ലെങ്കില് അത് തട്ടി കൊണ്ട് പോകാന് വരുന്ന കാക്ക..കളിപ്പാട്ടങ്ങള് എല്ലാം കട്ട് കൊണ്ട് പോകുന്ന കാക്ക...വിരുന്നുകാര് വരുമ്പോള് അതറിയിക്കാനായി നേരത്തെ തന്നെയെത്തി അടുക്കളപുറത്തിരുന്നു കരഞ്ഞു നമ്മളെ അറിയിക്കുന്ന കാക്ക....
ദിവസവും കുളിക്കുന്ന പക്ഷികളാണ് കാക്കകൾ. ദിവസവും വൈകുന്നേരങ്ങളിൽ കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം പലപ്രാവശ്യം തെറിപ്പിച്ചാണ് ഇവ കുളിക്കാറുള്ളത്..ഇത്രയും വൃത്തിയുള്ള പക്ഷിയായിടു കൂടി മനുഷ്യന് കാക്കയെ കാണുന്നത് വെറുപ്പോടെയാണ്.
കാക്ക നമ്മള് മനുഷ്യരുടെ തന്നെ ഒരു പ്രതിബിംബമല്ലേ? അതിസാമര്ത്ഥ്യം കാട്ടി കാക്കയുടെ കൂട്ടില് കയറി മുട്ടയിടുന്ന കുയില് - ആ കുയിലിന്റെ മുട്ടയെ സ്വന്തം മുട്ടയോടൊപ്പം അടയിരുന്നു കാക്കുന്ന കാക്ക....നമ്മള് ചില മനുഷ്യരില് കാണാതെ പോകുന്ന നന്മയെയാണ് ഇവിടെ കാക്ക നമുക്ക് കാണിച്ചു തരുന്നത്. മുറ്റത്ത് വന്നിരുന്ന് നമ്മുടെ വീട്ടിലേക്ക് എത്തി നോക്കുന്ന കാക്ക - അന്യരുടെ കാര്യങ്ങള് അറിയാനുള്ള മനുഷ്യന്റെ താല്പ്പര്യമല്ലേ അത്
എനിക്കു വളരെ പ്രിയപ്പെട്ട വയലാറിന്റെ 'ഏകാദശി നോറ്റ കാക്ക' എന്ന കവിതയില് കാണുന്ന രണ്ടു കാക്കകളും നമ്മള് തന്നെയാണെന്ന് തോന്നി പോകാറുണ്ട്. നന്മയിലൂടെ നടന്നു പോകുന്ന മനുഷ്യനെയും തിന്മയുടെ പ്രതീകമായി മാറുന്ന മനുഷ്യനെയും വയലാര് ആ കവിതയിലൂടെ വരച്ചു കാട്ടുകയല്ലേ . തിന്മ കാവടിക്കാക്കയെ നാശത്തില് കൊണ്ടെത്തിച്ചു. അങ്ങനെ നിസ്സാരമെന്നു നമ്മള് കാണുന്ന കാക്ക മനുഷ്യനോടു ഏറെ സാമ്യതയുള്ള ഒരു പക്ഷിയാണെന്ന് നമ്മള്ക്ക് പല കാര്യങ്ങളും നോക്കിയാല് മനസ്സിലാവും.
ഒരുരുള ചോറിനായി അന്ന് നീ വന്നപ്പോള് ഞാന് ഓടിച്ചല്ലോ.....
എങ്കിലും കാക്കേ... ഇന്നൊരുരുള ചോറ് കഴിക്കാന് എന്തെ നീ വരാത്തൂ.....
ഇന്നു പിതൃതർപ്പണം
പിതൃക്കൾക്കായി അർപ്പിക്കുന്ന ബലിച്ചോറ് ഉണ്ണാന് പിതൃക്കള് എത്തുന്നത് കാക്കയുടെ രൂപത്തിലാണ് എന്ന് വിശ്വസിക്കുന്നു. ഒരിക്കല് നമ്മള് ആട്ടിപായിക്കുന്ന കാക്കയെ ഇന്ന് നമ്മള് കൈ കൊട്ടി ഹൃദയം കൊണ്ട് വിളിക്കുന്നു. കാക്ക വരാന് മടിച്ചാല് നമ്മുടെ മനസ്സ് പിടയുന്നു. അങ്ങനെ ഞാനും കാത്തിരുന്നു ഇന്ന് ബലി കാക്കയെ... എന്റെ അമ്മൂമ്മ കാക്കയെ...
Comments
Post a Comment