മഹാശിവരാത്രി പിന്നെ വനിതാദിനവും

 ഇന്ന് മഹാശിവരാത്രി പിന്നെ വനിതാദിനവും...എന്താ ഒന്നും എഴുതുന്നില്ലേയെന്നു അടുപ്പമുള്ള ചിലർ ചോദിച്ചു...എഴുതാനാണേൽ ഒരുപാടുണ്ട് സത്യത്തിൽ.

വനിതാദിനത്തെ കുറിച്ചെഴുതുകയാണെങ്കിൽ, എന്റെ ജീവിതത്തിൽ, സ്ത്രീകൾ ഇങ്ങനെ ആവണം എന്ന് അവരുടെ ജീവിതം കൊണ്ട് കാണിച്ചു തന്ന ഒരു പാട് പേരെ ഓർക്കാനുണ്ട്. ഒരു പക്ഷെ അവരെന്റെ ജീവിതത്തിന്റെ ഭാഗമായതാവണം ഇന്ന് എന്തും നേരിടാൻ ഉള്ള കരുത്തു എനിക്ക് ലഭിക്കാൻ കാരണം. ഒറ്റയ്ക്ക് പൊരുതി ഒരു വലിയ കുടുംബത്തെ പടുത്തുയർത്തിയ ആദ്യ role model വനിത എന്റെ അമ്മുമ്മ തന്നെ. ജീവിതത്തിന്റെ പാതി വഴിയിൽ ഒരു ഭാഗത്തു തന്റെ മറുപാതി രോഗാവസ്ഥ മൂർച്ഛിച്ച അവസ്ഥയിൽ മറുഭാഗത്തു തന്റെ അമ്മ നഷ്ടപ്പെട്ട ദുഃഖം - ഇതെല്ലാം കടിച്ചമർത്തി എല്ലാ പ്രതിസന്ധിയെയും തരണം ചെയ്തു മുന്നോട്ടു നീങ്ങിയ എന്റെ സ്വന്തം അമ്മ - അമ്മയോടുള്ള എന്റെ മതിപ്പു ദിവസങ്ങൾ പോകുന്തോറും എനിക്ക് കൂടി കൂടി വരുന്നേയുള്ളൂ. സ്വന്തം അമ്മയായി തന്നെ മാറിയ എന്റെ മറ്റൊരമ്മ - ഏട്ടന്റെ അമ്മ - സഹനത്തിന്റെ പര്യായമായി ജീവിതം പടുത്തുയർത്തിയ ഞാൻ കണ്ട ഒരു മുഖവും ജീവിതവും ആയിരുന്നു അത്. പിന്നെ പറയാനാണെങ്കിൽ ഒരു പാട് വനിതകൾ ഉണ്ട് - പല കാലങ്ങളിൽ എന്നെ സ്വാധീനിച്ചവർ - എനിക്കേറെ പ്രിയപ്പെട്ട എന്റെ അമ്മായിമാർ, ചെറിയമ്മമാർ, കുഞ്ഞമ്മമാർ, സുഹൃത്തുക്കളിൽ പെട്ട എൽസിച്ചേച്ചി, ഗീതേച്ചി, ഗിരിജ ടീച്ചർ, ജ്യോതി, ശ്രീദേവി, രാജശ്രീ അങ്ങനെ ഞാൻ കണ്ടിട്ടുള്ള സൂപ്പർ വനിതകളിൽ ചിലർ മാത്രമാണ് ഇവർ.
ഇങ്ങനെ കുറച്ചു പേരുടെ ജീവിതം മാത്രം ഓർത്താൽ മതി എന്തും നല്ല ധൈര്യത്തോടെ നേരിടാൻ എനിക്ക്. ഇനിയും എഴുതാത്ത ഒരു പാട് പേരുണ്ട്, അവരെയെല്ലാം ഞാൻ ഈ അവസരത്തിൽ വണങ്ങുന്നു. മനക്കരുത്തു കൊണ്ട് പുരുഷനെക്കാളും ഒരു പടി മുന്നിൽ തന്നെയാണ് ഞാൻ കണ്ടിട്ടുള്ള ഒട്ടു മിക്ക സ്ത്രീകളും. അവരെ അങ്ങനെ ആക്കിയെടുത്തതാവാം ജീവിതം. അത്തരം iron ladies നു മനസ്സ് കൊണ്ട് സാഷ്ടാംഗ പ്രണാമം.
അത് പോലെ എന്റെ ജീവിതത്തിലുള്ള മറ്റെല്ലാ വനിതകൾക്കും ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകൾ.
ഇന്ന് മഹാശിവരാത്രി - മഹാശിവരാത്രിയുടെ അന്ന് തന്നെ ഇന്റർനാഷണൽ വുമൺസ് ഡേ യും വന്നത് യാദിർശ്ചികമെങ്കിലും, ഞാൻ രണ്ടും ഒന്ന് കൂട്ടിച്ചേർക്കാൻ നോക്കുകയാണ് - ക്ഷണനിമിഷം കൊണ്ട് ലോകം നശിക്കും അല്ലെങ്കിൽ തന്റെ പ്രാണനാഥൻ നശിക്കുമെന്ന അവസ്ഥയിൽ, ലോകരക്ഷയും തന്റെ ഭർത്താവിന്റെ ജീവനും വളരെ കൃത്യമായി രക്ഷിച്ചു ശ്രീപാർവ്വതിദേവി തന്റെ ശക്തി തെളിയിച്ച ദിവസം. നമ്മുടെ ഓരോരുത്തരുടേയും ജീവിതങ്ങളിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ കൃത്യമായി - ക്ഷിപ്രമായി എടുക്കാൻ ശക്തിയുടെ പര്യായമായ നമുക്കേവർക്കും അത് പോലെ തന്നെ കഴിയട്ടെയെന്നു പ്രാർത്ഥിച്ചു കൊണ്ട് എല്ലാവർക്കും വനിതാ ദിനാശംസകളോടൊപ്പം മഹാശിവരാത്രി ആശംസകളും.

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ