എന്റെ ലൈല

 'ലൈല' എന്ന് ഞാൻ അവൾക്കു പേരിടട്ടെ? എന്റെ ജീവിതത്തിലെ ഒരു അധ്യായം ആയതു കൊണ്ടും ആ കുഞ്ഞിന്റെ പ്രൈവസി കാത്തു സൂക്ഷിക്കുന്നതിനാലും ഞാൻ എന്റെ കുഞ്ഞ് കഥാപാത്രത്തെ 'ലൈല' എന്ന് വിളിക്കട്ടെ?

ഇന്നാ കുഞ്ഞു എന്റെ മനസ്സിനെ ഒരുപാട് സ്പർശിച്ചു...മനസ്സിൽ അറിയാതെ എന്തോ നൊമ്പരം... എന്റെ ക്ലാസ്സിലെ കുഞ്ഞാണ് ലൈല... ക്ലാസിൽ ആദ്യമായി വന്നപ്പോൾ മുതലേ ഈ കുഞ്ഞ് സാധാരണ കുട്ടികൾ കാണിക്കുന്നതിലും കൂടുതൽ അടുപ്പം എന്നോട് കാണിച്ചിരുന്നു. എന്റെ അടുത്ത് തന്നെ ഇരിക്കണം, ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അവളുടെ അടുത്തിരിക്കണം, ക്ലാസ്സിൽ നിന്നു പുറത്ത് ഞാൻ പോയാൽ എന്നെ അന്വേഷിച്ചു നടക്കുക, പിന്നീടെന്നെ കാണുമ്പോൾ ഇനി ഒരിടത്തും പോകരുതെന്ന് പറയുക, ക്ലാസ്സിൽ ഞാൻ അവളെ ഇതു നിമിഷവും നോക്കിയാലും അവളുടെ കുഞ്ഞി കണ്ണുകൾ എന്നിലാവും.. എപ്പോഴും എന്റെയും അവളുടെയും കണ്ണുകൾ കോർത്തിരിക്കും...
സ്കൂൾ ടൂർ പോയപ്പോഴും അവൾ ആ കുഞ്ഞ് ആഗ്രഹം പറഞ്ഞു.. ബസിൽ അവളുടെ അടുത്ത് ഇരിക്കുമോയെന്ന്... മറ്റു കുട്ടികൾ കരച്ചിൽ മാറ്റി തുടങ്ങിയിട്ടില്ലാത്ത ആദ്യത്തെ ആഴ്ച തന്നെ ഈ കുഞ്ഞ് എന്നോട് പറഞ്ഞു - എന്നെ ബീന മാമിന്റെ വീട്ടിൽ കൊണ്ട് പോകുമോന്നു...
അങ്ങനെയാണ് ഞാൻ കുഞ്ഞിനോട് ചോദിച്ചത് മോൾക്ക്‌ വീട്ടിൽ ആരൊക്കെ ഉണ്ടെന്നു.. അമ്മയും അച്ഛനും ഉണ്ടെന്ന മറുപടി.. അമ്മയെ എത്രയിഷ്ടമാണെന്ന് ചോദിച്ചപ്പോൾ ഒരുപാടിഷ്ടമാണെന്നും, അമ്മ വീട്ടിൽ തന്നെയുണ്ട് ജോലിക്ക് പോകുന്നില്ലെന്നും അവൾ പറഞ്ഞു...പക്ഷെ ബീന മാമിനെ എപ്പോഴും കാണണം എന്നും പറഞ്ഞപ്പോൾ ഞാനോർത്തു കുഞ്ഞ് എന്നെ കളിപ്പിക്കുകയാവുമെന്ന്... കുഞ്ഞുമക്കൾക്ക് അവരുടെ പ്രിയപ്പെട്ട ടീച്ചറോട് അവർക്കു ടീച്ചറെയാണ് കൂടുതൽ ഇഷ്ടം എന്ന് പറയാൻ ഉള്ളൊരു സൈക്കോളജി മാത്രമായെ ഞാൻ കണ്ടുള്ളു...
മറ്റു കുട്ടികളോടൊന്നും അവൾ അടുപ്പം കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല... എന്നും എന്നിലേക്ക്‌ കുഞ്ഞിക്കണ്ണുകളും നട്ടിരിക്കുന്ന ലൈല എന്റെ വീട്ടിലും ഞങ്ങളുടെ ഒരു കഥാപാത്രമായി മാറി...
ഇന്ന് പക്ഷെ മനസ്സിനെ ഒരു പാട് സ്പർശിച്ച ഒരു കാര്യം ഉണ്ടായി..രണ്ടു മാസത്തെ വേനലവധിക്ക് ഇന്ന് സ്കൂൾ അടയ്ക്കുന്നു... എല്ലാവരും നാട്ടിൽ പോകുന്ന സന്തോഷത്തിലും മറ്റുമാണ്... അങ്ങനെയിരിക്കെയാണ് ഇന്ന് രാവിലെ കുഞ്ഞി ലൈല നിറഞ്ഞ കണ്ണുമായി ക്ലാസ്സിലേക്ക് കയറി വന്നത്... ക്ലാസ്സ്‌ പാർട്ടി കൂടിയായതു കൊണ്ട് എന്ത് പറ്റി എന്നോർത്ത് ഭയന്നാണ് ഞാൻ അടുത്തേക്ക് ചെന്നത്... അപ്പോൾ പറഞ്ഞു, സ്കൂൾ അടച്ചാൽ എനിക്ക് ബീന മാമിനെ കാണാൻ പറ്റില്ലല്ലോന്ന്.. പറഞ്ഞു കഴിഞ്ഞതും കുട്ടി ഒരുപാട് എന്നെ കെട്ടി പിടിച്ചു കരഞ്ഞു... ഞാൻ അപ്പോൾ ചിരി നിർത്താൻ പാട് പെട്ടു... പിന്നീട് സാധാരണ ദിവസം പോലെ തന്നെ ക്ലാസ്സ്‌ പാർട്ടിയ്ക്ക് നടത്തിയ കളികളിലൊന്നും അവൾക്കു താൽപ്പര്യം ഉണ്ടായിരുന്നില്ല.. അവളുടെ തിളക്കമാർന്ന കുഞ്ഞി കണ്ണുകൾ എന്നെ പിന്തുടർന്ന് കൊണ്ടേയിരുന്നു... അവസാനം ബസ് നാനി വിളിക്കാൻ വന്നപ്പോൾ കുട്ടിയുടെ കരച്ചിൽ ഉറക്കെയായി... തനിക്കു ബീന മാമിനെ വിട്ടു പോകേണ്ടന്നും 2 മാസം വെക്കേഷന് 2 ദിവസം കഴിഞ്ഞാൽ കഴിയുമോയെന്നുമുള്ള അവളുടെ ചോദ്യങ്ങൾ കേട്ടപ്പോൾ സത്യത്തിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി... ഇത്രയേറെ എന്നെ ഇഷ്ടപ്പെടുന്നൊരു കുട്ടിയോയെന്നു ഞാൻ അത്ഭുതപ്പെട്ടു- സന്തോഷിച്ചു... അടുത്ത് കണ്ട ടീച്ചര്മാരോടൊക്കെ അഭിമാനത്തോടെ പറഞ്ഞു.. ഇത് കണ്ടോ..എന്നെ കാണണം സ്കൂൾ അവധിയ്ക്കും എന്ന് പറഞ്ഞു കരയുന്നൊരു കുട്ടി!!! എല്ലാവരും ചിരിച്ചു...
പക്ഷെ ഇപ്പൊ മനസ്സ് സ്വസ്ഥമായപ്പോൾ ഞാൻ ചിന്തിച്ചു പോകുന്നു... എന്തായിരിക്കും എനിക്കാ കുരുന്നുമായുള്ള മുന്ജന്മ ബന്ധം? കണ്ട ആദ്യ കാഴ്ചയിൽ തന്നെ ആ കുരുന്നു അവളുടെ തിളക്കമാർന്ന കണ്ണുകൾ കൊണ്ട് എന്നെ കണ്ണിമ വെട്ടാതെ നോക്കുന്നതെന്താണ്? ഇതേതോ മുന്ജന്മ ബന്ധം തന്നെയാണെന്ന് മനസ്സ് പറയുന്നു...
ഇപ്പോൾ കണ്ണടയ്ക്കുമ്പോൾ എനിക്ക് കാണാം എന്നെ മാത്രം നോക്കിയിരിക്കുന്ന ആ കുഞ്ഞി കണ്ണുകളെ...ഇന്നലെ വരെ ഒരു തമാശ പോലെ തോന്നിയിരുന്ന കാര്യങ്ങൾ ഇന്ന് മനസ്സിൽ എവിടെയോ ഒരു ചെറു നൊമ്പരമായി മാറുന്നു...പാവം കുട്ടി... അവളുടെ തിളക്കമാർന്ന കുഞ്ഞിക്കണ്ണുകൾ മനസ്സിൽ അങ്ങനെ നിറഞ്ഞു നില്കുന്നു...

Comments

Popular posts from this blog

ഗുരുവായൂരപ്പാ... രഹസ്യം...

അയ്യപ്പചിന്തുകൾ

ഈശ്വരനെ കണ്ട നിമിഷങ്ങൾ